
കൊച്ചി: മെഡിക്കല്‍ രംഗത്ത് ആവശ്യമായ സേവനത്വരയും മാനുഷിക പരിഗണനയും ഒരുപോലെ പുലര്‍ത്തിയതാണ് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയുടെ വളര്‍ച്ചയ്ക്ക് കാരണമായതെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ അഭിപ്രായപ്പെട്ടു.
മെഡിക്കല്‍ ട്രസ്റ്റ് സ്ഥാപകന്‍ ഡോ. വര്‍ഗീസ് പുളിക്കന്‍ സ്വപ്നം കണ്ട വളര്‍ച്ച ഇന്ന് യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയുടെ സൗത്ത് ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. രാജ്യം സ്വാതന്ത്ര്യം നേടിയിട്ട് എഴുപത്തിയഞ്ച് വര്‍ഷം പിന്നിടുമ്പോഴും ഗ്രാമങ്ങളില്‍ ഇപ്പോഴും മതിയായ മെഡിക്കല്‍ സേവനത്തിന്റെ ലഭ്യതക്കുറവുണ്ട്. സര്‍ക്കാരുകള്‍ക്ക് പരിമിതികള്‍ ഉണ്ട്. ജനവിശ്വാസ്യത ആര്‍ജിച്ച ആശുപത്രികള്‍ ഗ്രാമങ്ങളിലേയ്ക്കും തങ്ങളുടെ സേവനം വിപുലപ്പെടുത്തുന്നതിന് കര്‍മ്മപദ്ധതികള്‍ രൂപീകരിക്കണമെന്നും ഗവര്‍ണര്‍ ആഹ്വാനം ചെയ്തു.
ചടങ്ങില്‍ മെഡിക്കല്‍ ആന്‍ഡ് കൊമേഴ്‌സ്യല്‍ ഡയറക്ടര്‍ ഡോ. പി.വി. തോമസ് സ്വാഗതം പറഞ്ഞു. മന്ത്രി പി.രാജീവ്, ഹൈബി ഈഡന്‍ എം.പി., ടി. ജെ. വിനോദ് എം.എല്‍.എ, മെഡിക്കല്‍ ട്രസ്റ്റ് മാനേജിംഗ് ഡയറക്ടര്‍ ഡോ. പി.വി. ലൂയിസ്, ഫിനാന്‍സ് ഡയറക്ടര്‍ പി.വി. സേവ്യര്‍ എന്നിവര്‍ സംസാരിച്ചു.
ആധുനിക ചികില്‍സാ സംവിധാനങ്ങളായ റോബോട്ടിക് സര്‍ജറി, ട്രാന്‍സ്പ്ലാന്റ് സെന്റര്‍, ബൈ പ്ലെയിന്‍ കാത്ത് ലാബ് ,ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ്, കാര്‍-ടി സെല്‍ തെറാപ്പി തുടങ്ങിയ സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍ക്കും, മെഡിക്കല്‍ ടൂറിസത്തിനും കൂടുതല്‍ ഊന്നല്‍ നല്‍കുന്നതിനാണ് നിലവിലെ ആശുപത്രിക്ക് സമീപം പുതിയ ബഹുനില കെട്ടിടം (സൗത്ത് ബ്ലോക്ക് ) പ്രവര്‍ത്തന സജ്ജമാക്കിയതെന്ന് മാനേജിംഗ് ഡയറക്ടര്‍ പറഞ്ഞു.
ബുക്കർമാൻ ന്യൂസ്, കൊച്ചി