ബോസ്നിയന്‍ യുദ്ധവെറി ചരിത്രത്തിലെ ഏറ്റവും ക്രൂരമായ അദ്ധ്യായങ്ങളിലൊന്നാണ്. 1995 കാലഘട്ടത്തില്‍ ജനറല്‍ റാറ്റ്കോ മലാഡിക്കിന്റെ നേതൃത്വത്തില്‍ ബോസ്നിയന്‍ സെര്‍ബ് സൈന്യം കൊന്നു തള്ളിയത് എണ്ണായിരത്തിലധികം നിരപരാധികളെയായിരുന്നു. വംശഹത്യയുടെ പിന്നാമ്പുറങ്ങള്‍ പുതിയ കാഴ്ചപ്പാടിലൂടെ ആവിഷ്‌കരിക്കുന്ന ചിത്രമാണ് ജാസ്മില സബാനിക് സംവിധാനം ചെയ്ത ക്വോ വാഡിസ് ഐഡ. ചിത്രം അന്താരാഷ്ട്ര സംഘര്‍ഷങ്ങളുടെ ഉത്ഭവവും യുദ്ധത്തിന്റെ അര്‍ത്ഥരാഹിത്യവും അനാവരണം ചെയ്യുന്നു. സെര്‍ബിയന്‍ സൈന്യം നഗരം ഏറ്റെടുക്കുമ്പോള്‍ യു.എന്‍ ക്യാമ്പില്‍ അഭയം തേടുന്ന ആയിരക്കണക്കിന് പൗരന്മാരില്‍ ഐഡയുടെ കുടുംബവും ഉള്‍പ്പെടുന്നു. തന്റെ കുടുംബം മരണത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നത് നിസഹായതയോടെ കാണുന്ന ഐഡയുടെ പരിഭ്രാന്തമായ കണ്ണുകളിലൂടെ സെബനിക്കയിലെ ജനത നേരിട്ട ക്രൂരത ചിത്രം തുറന്നു കാട്ടുന്നു. ക്വോ വാഡിസ് ഐഡ ഇത്തവണത്തെ ഓസ്‌കാര്‍ നോമിനേഷന്‍ നേടിയിരുന്നു.
കാല്‍പ്പതിറ്റാണ്ട് പിന്നിടുന്ന മലയാളമണ്ണിലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് (ഐ.എഫ്.എഫ്.കെ) അരങ്ങുണര്‍ന്നത് ഏറെ സാമൂഹിക രാഷ്ട്രീയ പ്രാധാന്യമുള്ള ഈ ബോസ്‌നിയന്‍ ചിത്രത്തിലൂടെയായിരുന്നു. കൊവിഡ് 19 മഹാമാരിക്കാലത്ത് പതിവിന് വിപരീതമായി തിരുവനന്തപുരം, കൊച്ചി, തലശേരി, പാലക്കാട് തുടങ്ങി നാല് സ്ഥലങ്ങളിലാണ് നടത്തുന്നത്. തിരുവനന്തപുരമെന്ന സ്ഥിരം വേദിയില്‍ ഇത്തവണ മാറ്റമുണ്ടായെങ്കിലും ചലച്ചിത്രപ്രേമികള്‍ക്ക് വിസ്മയക്കാഴ്ച ഒരുക്കാന്‍ മേളയില്‍ ഇത്തവണ മുപ്പതിലേറെ രാജ്യങ്ങളില്‍ നിന്നുള്ള 80 ചിത്രങ്ങളാണ് എത്തിയത്. അന്തരിച്ച ചലച്ചിത്ര പ്രതിഭകളായ കിം കി ഡുക്ക്, ഫെര്‍ണാണ്ടോ സോളനാസ്, ഇര്‍ഫാന്‍ ഖാന്‍, രാമചന്ദ്രബാബു, ഷാനവാസ് നരണിപ്പുഴ, സൗമിത്ര ചാറ്റര്‍ജി, ഭാനു അത്തയ്യ, സച്ചി, അനില്‍ നെടുമങ്ങാട്, ഋഷികപൂര്‍ എന്നിവരുടെ ചിത്രങ്ങളും മേളയുടെ ഭാഗമായി. കലൈഡോസ്‌കോപ്പ് വിഭാഗത്തില്‍ സംസ്ഥാന പുരസ്‌കാരത്തിന് അര്‍ഹമായ വാസന്തി, ബിരിയാണി എന്നി ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു. ലോകസിനിമ വിഭാഗത്തിലാണ് ഏറ്റവുമധികം ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. തോമസ് വിന്റര്‍ബെര്‍ഗിന്റെ അനതര്‍ റൗണ്ട്, കിയോഷി കുറസോവയുടെ വൈഫ് ഓഫ് എ സ്‌പൈ, അഹമ്മദ് ബഹ്‌റാമിയുടെ ദി വേസ്റ്റ് ലാന്‍ഡ് തുടങ്ങിയ വിഖ്യാത ചിത്രങ്ങള്‍ ഈ വിഭാഗത്തില്‍ പ്രദര്‍ശനത്തിന് എത്തി.
കൊവിഡ് മഹാമാരി ലോകമെമ്പാടുമുള്ള മനുഷ്യരെ വീട്ടിലടച്ചത് സാമൂഹ്യ അകലം കൊണ്ടുമാത്രമായിരുന്നില്ല സാംസ്‌കാരിക അകലംകൂടി സൃഷ്ടിച്ചുകൊണ്ടായിരുന്നു. തിയേറ്ററുകള്‍ ദീര്‍ഘനാള്‍ അടഞ്ഞു കിടന്നത് സിനിമാ വ്യവസായത്തെ മത്രമല്ല ആസ്വാദകരുടെ മനോവ്യാപാരത്തിലും സ്വാധീനിച്ചു. ലോകമെമ്പാടുമുള്ള പല ചലച്ചിത്ര മേളകളകളുടെ കാര്യത്തിലും മഹാമാരി ബാക്കിയാക്കിയത് നിരാശയുടെ വര്‍ഷമായിരുന്നു. കാന്‍, വെനീസ്, ബോസ്‌നിയ, ഹോങ്കോംഗ്, ടൊറന്റോ തുടങ്ങിയ മേളകള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചും ആളുകളുടെ എണ്ണം കുറച്ചും ഓണ്‍ലൈനുമായിട്ടാണ് നടത്തിയത്. ഇരുപത്തഞ്ചാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന് ലോക സിനിമ ഇന്നോളം കണ്ടതില്‍ ഏറ്റവും മഹാനായ ചലച്ചിത്രകാരന്‍ ജീന്‍ ലുക് ഗൊദാര്‍ദിന് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നല്‍കിയെന്നതാണ്. ഓണ്‍ലൈനില്‍ വന്ന് പുരസ്‌കാരം സ്വീകരിച്ച് തന്റെ ചുരുട്ടിന് തീ കൊളുത്തുന്ന ഗൊദാര്‍ദിന്റെ ചിത്രം ഇതിനകംതന്നെ ചലച്ചിത്രപ്രേമികള്‍ ആവേശത്തോടെ ഏറ്റെടുത്തുകഴിഞ്ഞു. ബ്രത്ത്ലെസും കണ്ടംപ്റ്റും ഇമേജ്ബുക്കും അടക്കമുള്ള അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു.
ചുരുളിയും ഹാസ്യവും
ബ്രസീല്‍, ഫ്രാന്‍സ്, ഇറാന്‍ തുടങ്ങിയ പത്തു രാജ്യങ്ങളില്‍ നിന്നുള്ള 14 ചിത്രങ്ങളാണ് രാജ്യാന്തര ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തില്‍ മാറ്റുരയ്ക്കുന്നത്. മോഹിത് പ്രിയദര്‍ശിയുടെ ആദ്യ ചിത്രമായ കൊസ, അക്ഷയ് ഇന്‍ഡിഗറിന്റെ ക്രോണിക്കിള്‍ ഓഫ് സ്‌പേസ് എന്നി ഇന്ത്യന്‍ ചിത്രങ്ങളും ഇത്തവണ മത്സര വിഭാഗത്തിലുണ്ട്. ലിജോ ജോസ് പെല്ലിശേരിയുടെ ചുരുളി, ജയരാജ് സംവിധാനം ചെയ്ത ഹാസ്യം എന്നിവയാണ് മത്സരവിഭാഗത്തിലെ മലയാള ചിത്രങ്ങള്‍. ചുരുളിയുടെ ലോകത്തിലെ തന്നെ ആദ്യ പ്രദര്‍ശനമാണ് മേളയിലേത്. ഹാസ്യം വിവിധ അന്താരാഷ്ട്രമേളകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പ്രബുദ്ധതയിലെത്തിയെന്ന് അവകാശപ്പെടുന്ന മനുഷ്യന്‍ കാട്ടില്‍ വേട്ടയാടിയിരുന്ന കാലത്തുനിന്ന് അത്രയൊന്നും മുന്നോട്ടു പോന്നിട്ടില്ലെന്ന് ജല്ലിക്കെട്ടിലൂടെ ലിജോ ജോസ് പെല്ലിശേരി വിശദീകരിക്കാന്‍ ശ്രമിച്ചിരുന്നു. ഏതാണ്ട് അതേ വഴിയില്‍ തന്നെയാണ് ചുരുളിയും ക്യാമറ ചലിപ്പിക്കുന്നത്. ആന്തരിക ചോദനകളിലൂടെ സഞ്ചരിക്കുമ്പോള്‍ പരിണാമങ്ങളൊന്നും ബാധിച്ചിട്ടില്ലാത്തൊരു മനുഷ്യനെ ചുരുളിയില്‍ കാണാം.
ഇറാനിയന്‍ സംവിധായകന്‍ മുഹമ്മദ് റസോള്‍ഫ്ന്റെ ദെയ്ര്‍ ഈസ് നോ ഈവിള്‍ എന്ന ചിത്രവും മത്സര വിഭാഗത്തിലുണ്ട്. ഈ ചിത്രം 2019 ലെ ബെര്‍ലിന്‍ ചലച്ചിത്രോത്സവത്തില്‍ ഗോള്‍ഡന്‍ ബെയര്‍ പുരസ്‌കാരം നേടിയിട്ടുണ്ട്. ആഫ്രിക്കന്‍ സംവിധായകനായ ലെമോഹെങ് ജെറമിയ മോസസെയുടെ ദിസ് ഈസ് നോട്ട് എ ബെറിയല്‍ ബട്ട് എ റെക്സ്റേഷന്‍ എന്ന ഇറ്റാലിയന്‍ സിനിമയും മത്സരത്തിനുണ്ട്. ബഹ്‌മെന്‍ തവോസി സംവിധാനം ചെയ്ത ദ് നെയിംസ് ഓഫ് ദ് ഫ്ളവേഴ്സ്, ഹിലാല്‍ ബൈഡ്രോവിന്റെ ഇന്‍ ബിറ്റ്വീന്‍ ഡൈയിങ് , ബ്രസീലിയന്‍ സംവിധായകന്‍ ജോന്‍ പൗലോ മിറാന്‍ഡ മരിയയുടെ മെമ്മറി ഹൗസ്, ബ്രസീലിയന്‍ ചിത്രം ഡസ്റ്ററോ, ഫ്രഞ്ച് ചിത്രം ബൈലീസവാര്‍, ബേര്‍ഡ് വാച്ചിങ്, റോം, പിദ്ര സൊല എന്നിവയാണ് മത്സരവിഭാഗത്തിലുള്ള മറ്റു ചിത്രങ്ങള്‍. ദക്ഷിണ കൊറിയന്‍ സംവിധായകന്‍ ലീ ചാങ് ഡോങ്ങിന്റെ മൂന്ന് വിസ്മയ ചിത്രങ്ങളുടെ പ്രദര്‍ശനത്തിന് രാജ്യാന്തര ചലച്ചിത്രോത്സവം വേദിയായി. മികച്ച ചിത്രത്തിനുള്ള ഓസ്‌കാര്‍ നോമിനേഷന്‍ നേടിയ ബേണിങ്, വെനീസ് ചലച്ചിത്രമേളയില്‍ സില്‍വര്‍ ലയണ്‍ നേടിയ ഒയാസിസ്, പോയട്രി എന്നി ചിത്രങ്ങളാണ് റെട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചത്.
നാല് മേഖലകളായി നടത്തുന്ന ചലച്ചിത്രമേളയുടെ രണ്ടാംഘട്ടമാണ് കൊച്ചിയില്‍ നടക്കുന്നത്. തിരുവനന്തപുരത്തു സമാപിച്ച മേളയില്‍ പ്രദര്‍ശിപ്പിച്ച 80 സിനിമകള്‍ തന്നെയാണ് കൊച്ചിയിലും പ്രദര്‍ശിപ്പിക്കുക. സരിത, സവിത, സംഗീത, ശ്രീധര്‍, കവിത, പത്മ എന്നിവിടങ്ങളിലാണ് പ്രദര്‍ശനം. ഇന്ത്യന്‍ സിനിമ, മലയാള സിനിമ, ലോക സിനിമ എന്നിങ്ങനെ എട്ടു വിഭാഗങ്ങളിലായാണ് പ്രദര്‍ശനം. 22 സിനിമകള്‍ ഉള്‍പ്പെടുന്ന ലോക സിനിമയാണ് മേളയിലെ മുഖ്യ ആകര്‍ഷണം. തോമസ് വിന്റര്‍ബര്‍ഗിന്റെ ‘അനദര്‍ റൗണ്ട്’കിയോഷി കുറോസാവയുടെ ‘വൈഫ് ഓഫ് എ സ്‌പൈ’, അഹമ്മദ് ബഹ്റാമിയുടെ ‘ദ വേസ്റ്റ്ലാന്‍ഡ്’, കൗദര്‍ ബെന്‍ ഹാനിയയുടെ ‘ദ മാന്‍ ഹൂ സോള്‍ഡ് ഹിസ് സ്‌കിന്‍’ തുടങ്ങിയവയാണ് ശ്രദ്ധേയ സിനിമകള്‍. കലൈഡോസ്‌കോപ്പില്‍ പ്രദര്‍ശിപ്പിക്കുന്ന ഡോണ്‍ പാലത്തറയുടെ 1956, മധ്യതിരുവിതാംകൂര്‍ എന്ന ചിത്രം സമീപകാലത്തെ മലയാള സിനിമയുടെ മികച്ച ദൃശ്യാനുഭവമാണ്. ഡോണിന്റെ തന്നെ സന്തോഷത്തിന്റെ ഒന്നാം രഹസ്യം എന്ന ചിത്രവും മലയാള സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചു. സനല്‍കുമാര്‍ ശശിധരന്റെ കയറ്റം, ജിതിന്‍ ഐസകിന്റെ അറ്റന്‍ഷന്‍ പ്ലീസ്, സെന്ന ഹെഗ്‌ഡേയുടെ തിങ്കളാഴ്ച നിശ്ചയം, സംവിധായകനായ കെ.പി കുമാരന്റെ ഗ്രാമവൃക്ഷത്തിലെ കുയില്‍ തുടങ്ങിയവയും പ്രദര്‍ശിപ്പിച്ചു. അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ മികച്ച അഭിപ്രായം നേടിയ അരുണ്‍ കാര്‍ത്തിക്കിന്റെ ‘നസീര്‍’ ഇന്ത്യന്‍ സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചു. പാവം ചെയ്യാത്തവര്‍ കല്ലേറിയട്ടേ, സീ യു സൂണ്‍, അറ്റന്‍ഷന്‍ പ്ലീസ്, വാങ്ക്, ഗ്രാമ വൃക്ഷത്തിലെ കുയില്‍, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25, ലവ്, കപ്പേള, തുടങ്ങിയ മലയാള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. സംവിധായകരെയും ചലച്ചിത്രപ്രവര്‍ത്തകരേയും ഉള്‍പ്പെടുത്തിക്കൊണ്ട് ഓണ്‍ലൈന്‍ ഓപ്പണ്‍ ഫോറങ്ങളും മീറ്റ് ദ ഡയറക്ടര്‍ ചര്‍ച്ചകളും മേളയിലെ നവ്യാനുഭങ്ങളായിരുന്നു.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും വര്‍ണവെറിക്കും വിവേചനങ്ങള്‍ക്കും ദേശാന്തരഭേദമില്ലെന്ന് തെളിയിച്ച ബ്രസീലിയന്‍ സംവിധായകനായ ജോ പൗലോ മിരാന്റ മരിയയുടെ മെമ്മറി ഹൗസ് മേളയില്‍ ഏറെ പ്രശംസ പിടിച്ചു പറ്റിയ ചലച്ചിത്രമായിരുന്നു. അടിച്ചമര്‍ത്തലിന്റെ വികാരവും ഏകാന്തതയുടെ വികാരവും മെമ്മറി ഹൗസ് പകര്‍ത്തുന്നു. പ്രകൃതിയെയും മനുഷ്യനെയും ഒന്നിച്ച് സിനിമയിലേക്ക് കൊണ്ടുവരികയാണ് സംവിധായകന്‍ ഇവിടെ ബ്രസീലിലെ ഒരു പാല്‍ ഫാക്ടറിയില്‍ ജോലി ചെയ്യുന്ന ക്രിസ്റ്റോവം ആണ് കേന്ദ്ര കഥാപാത്രം. തദ്ദേശീയരായ കറുത്ത മനുഷ്യരെ പ്രതിനിധാനം ചെയ്യുന്നയാളാണ് ക്രിസ്റ്റോവമെങ്കിലും ഒരു ഓസ്ട്രിയന്‍ കമ്മ്യൂണിറ്റിയിലാണ് താമസിക്കുന്നത്. ബ്രസീലിലെ മുന്‍ ഓസ്ട്രിയന്‍ കോളനിയിലാണ് ഇയാള്‍ ജോലി ചെയുന്ന പാല്‍ ഫാക്ടറി. എന്നാല്‍ ഓസ്ട്രിയന്‍ കമ്മ്യൂണിറ്റിക്കിടയില്‍ ഇയാള്‍ വളരെ ഏകാന്തത അനുഭവപ്പെടുന്നു. മാത്രമല്ല വിവേചനവും വര്‍ണവെറിയും കുട്ടികളില്‍ നിന്നുപോലും നേരിടേണ്ടിവരുന്ന വാര്‍ധക്യത്തോടടുത്ത ക്രിസ്റ്റോവത്തിന്റെ മനസില്‍ ഏകാന്തത അനുഭവപ്പെടുന്നു. കൊളോണിയസത്തിന്റെ കഷ്ടപ്പാടുകളെ വളരെ കൃത്യമായി മിരാന്റ മരിയ എടുത്തുകാണിക്കുന്നു. യാഥാര്‍ഥ്യവും സ്വപ്നവും ഇടകലര്‍ന്നതാണ് സിനിമ.