വെളിയന്നൂർ: ഭരണ വികസന ക്ഷേമ പ്രവർത്തനങ്ങൾ വിലയിരുത്തി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് നൽകുന്ന സ്വരാജ് ട്രോഫി പുരസ്‌കാരത്തിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി വെളിയന്നൂർ ഗ്രാമപഞ്ചായത്ത്. അമ്പത് ലക്ഷം രൂപയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവുമാണ് പുരസ്‌കാരം. ബുധനാഴ്ച ഗുരുവായൂരിൽ നടക്കുന്ന പഞ്ചായത്ത് ദിനാഘോഷ ചടങ്ങിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരം സമ്മാനിക്കും.
സംസ്ഥാന സർക്കാർ അനുവദിച്ച പദ്ധതി വിഹിതത്തിന്റെ വിനിയോഗത്തിന് പുറമേ, അതിദാരിദ്ര്യ നിർമാർജനത്തിലെ പുരോഗതി, കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പുരോഗതി, മാലിന്യ സംസ്‌കരണം രംഗത്ത് സ്വീകരിച്ച പുതുമാതൃകകൾ. ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്ന വാർഷിക പദ്ധതിയിലെ പ്രവർത്തനങ്ങളുടെ മികവ്, സംരംഭങ്ങൾ ആരംഭിക്കുന്നതിൽ കാണിച്ച വേറിട്ട ഇടപെടലുകൾ, ആരോഗ്യ-വിദ്യഭ്യാസ മേഖലയിലെ നേട്ടങ്ങൾ, ഭിന്നശേഷി സൗഹൃദ സമീപനം പഞ്ചായത്ത് ആഫീസിൽ നിന്നും ലഭിക്കുന്ന സേവനങ്ങളിലേ കൃത്യത തുടങ്ങിയവ വെളിയന്നൂരിനെ മുന്നിലെത്തിച്ചു.
വാർഷിക പദ്ധതി പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിച്ച് നൂറു ശതമാനം പദ്ധതി പ്രവർത്തനം പൂർത്തിയാക്കിയ ഗ്രാമപഞ്ചായത്താണ് വെളിയന്നൂർ. കെട്ടിട നികുതി സമാഹരിക്കുന്ന രംഗത്തും സംസ്ഥാനത്ത് മികച്ച പ്രവർത്തനമാണ് ഗ്രാമപഞ്ചായത്ത് കാഴ്ചവയ്ക്കുന്നത്. പഞ്ചായത്ത് പരിധിയിലെ ജലസ്രോതസുകൾ എല്ലാം നവീകരിച്ചു . മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുന്നതിന്റെ ഭാഗമായി വെളിയന്നൂരിലെ ബഡ്‌സ് സ്‌കൂൾ അനുകരണീയ മാതൃകയാണ്. ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളെ നോക്കുന്ന തിരക്കിൽ ജോലിയും വരുമാനവും ഇല്ലാതാകുന്ന മാതാപിതാക്കൾക്കായി സ്കൂളിനോട് തൊട്ടുചേർന്ന് ജോലി ചെയ്ത് വരുമാനം ഉണ്ടാക്കുന്നതിന് സംരംഭങ്ങൾ ആരംഭിച്ച മാതൃക കേരളത്തിന് ആകെ പ്രചോദനമാണ്.
കനിവ് പേപ്പർ പ്രോഡക്ട്സ് എന്ന സ്ഥാപനത്തിലൂടെ പേപ്പർ പേന, നോട്ട് പാഡ്, ഫയലുകൾ തുടങ്ങി ഏറ്റവും ഒടുവിൽ ഇതൾ എന്ന ബ്രാൻഡിൽ പുതിയ നോട്ട് ബുക്കുകളും ഇവിടെ ഉൽപാദിപ്പിക്കുന്നു. ഈ സുരക്ഷിതത്വ ബോധത്തിൽ വളരുന്ന കുഞ്ഞുങ്ങൾ മിടുക്കരാകുന്ന അനുഭവമാണ് മാതാപിതാക്കൾ പങ്കുവയ്ക്കുന്നത്.
വെളിയന്നൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് നാഷനൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് അംഗീകാരം തുർച്ചയായി രണ്ടു തവണ ലഭിച്ചു. കുടുംബാരോഗ്യകേന്ദ്രത്തിന് കീഴിലെ നാല് സബ് സെന്ററുകളെയും ജനകീയ ആരോഗ്യ കേന്ദ്രമായി ഉയർത്തി.
തരിശുകിടന്ന വെളിയന്നൂർ പാടശേഖരം തുർച്ചയായ എട്ട് വർഷവും കൃഷി ചെയ്ത് മാതൃകയായി. 26 ഏക്കർ പാടമായിരുന്നു വെളിയന്നൂരിൽ തരിശായി കിടന്നിരുന്നത്. വിളനാശം, ഉൽപ്പന്നങ്ങളുടെ വിലക്കുറവ് ,തൊഴിലാളികളുടെ ക്ഷാമം, എന്നിവയൊക്കെ ആയിരുന്നു പഞ്ചായത്തിലെ കാർഷിക മേഖലയെ പിന്നിലാക്കിയിരുന്നത്. കൂട്ടായ പരിശ്രമത്തിലൂടെ വിഷ രഹിതമായ അന്നം നാട്ടുകാർക്ക് എത്തിക്കാൻ വെളിയന്നൂരിലെ കർഷകർക്കായി. ജൈവവൈവിധ്യ സംരക്ഷണവും സുസ്ഥിര വികസനവും” എന്ന ലക്ഷ്യത്തിൽ ഊന്നി ജില്ലയിൽ ജൈവ വൈവിധ്യ ആക്ഷൻ പ്ലാനും , ബയോഡൈവേഴ്സിറ്റി രജീസ്ട്രർ രണ്ട് വാല്യങ്ങളും തയ്യാറാക്കിയ ഏക ഗ്രാമ പഞ്ചായത്ത് വെളിയന്നൂർ ആണ്.
എല്ലാവർക്കും സ്പോർട്സ് എല്ലാവർക്കും ആരോഗ്യം എന്ന ലക്ഷ്യവുമായി പുതുവേലിയിൽ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയവും ഓപ്പൺ ജിം ഉം സ്ഥാപിച്ചു. ലൈഫ് മിഷൻ രണ്ട് ഘട്ടങ്ങളിലായി, പദ്ധതിയിൽ ഉൾപ്പെട്ട മുഴുവൻ കുടുംബങ്ങൾക്കും വീട് നിർമ്മാണം ഗ്രാമ പഞ്ചായത്തിൽ ആരംഭിച്ചു. മൂന്നാം ഘട്ടത്തിൽ മനസോടിത്തിരി മണ്ണ് പദ്ധതിയിൽ ലഭിച്ച ഭൂമിയിൽ വീടു നിർമ്മാണം കൂടി പൂർത്തിയാവുന്നതോടെ വെളിയന്നൂർ ലൈഫ് പദ്ധതി പൂർത്തിയാവുന്ന ഗ്രാമ പഞ്ചായത്ത് ആവും.
മാലിന്യം, ഊർജ്ജം, വ്യവസായം, കൃഷി തുടങ്ങിയ മേഖലകളിൽ പുറന്തള്ളുന്ന കാർബണിന്റെ അളവ് കണക്കാക്കി ലഘൂകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്ന നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ ക്യാമ്പയിൻ ജില്ലയിൽ ആദ്യഘട്ടത്തിൽ ഏറ്റെടുത്ത പഞ്ചായത്താണ് വെളിയന്നൂർ.

സജേഷ് ശശി പ്രസിഡൻ്റും ജിനി സിജു വൈസ് പ്രസിഡൻ്റുമായ ഭരണസമിതിയും സെക്രട്ടറി ജിജി റ്റി യുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരുടെ കൂട്ടായ പ്രവർത്തനങ്ങളുമാണ് വെളിയന്നൂർ ഗ്രാമപഞ്ചായത്തിനെ പുരസ്‌കാര നേട്ടത്തിൽ എത്തിച്ചത്.
ബുക്കർമാൻ ന്യൂസ്, കുറവിലങ്ങാട്