കടുത്തുരുത്തി: വൻലാഭം വാഗ്ദാനം ചെയ്ത് ഓൺലൈൻ മൊബൈൽ ട്രേഡിങ് ആപ്ലിക്കേഷനിലൂടെ പണംതട്ടിപ്പ് വീണ്ടും. കോട്ടയം കോതനല്ലൂരിലെ തൂവാനിസ പ്രാർഥനാലയത്തിൽ അസി. ഡയറക്ടറായ ഫാ.ദിനേ ശ് കുര്യന് (37) ഒന്നരക്കോടി രൂപ യാണ് നഷ്ടമായത്. കാസർകോട് സ്വദേശിയായ വൈദികന് ഒരു മാസത്തിനിടെ നടന്ന ഇടപാടിലാണ് ഈ തുക പോയത്.
ഓൺലൈൻ ഷെയർ മാർക്കറ്റിങ് കമ്പനികളുമായി ബന്ധപ്പെ ട്ട് ഇദ്ദേഹം സാമ്പത്തികഇടപാടു കൾ നടത്തിയിരുന്നു. ആ കമ്പനിയുടെ ഭാഗമായുള്ള ഒരു വാട്സാപ്പ് ഗ്രൂപ്പിലേക്ക് വൈദികനെ ചേർത്തു. ഓൺലൈൻ ഷെയർ ട്രേഡിലൂടെ 850 ശതമാനം ലാഭവിഹിതം നൽകാമെന്ന് പറഞ്ഞ് മറ്റൊരു സംഘം വൈദികനെ ബന്ധപ്പെട്ടു. പ്രമുഖ കമ്പനിയുടെ പേരിലുള്ള മൊബൈൽ ആപ്പ് ഉപയോഗിച്ചായിരുന്നു ഇടപാട് എന്നതിനാൽ വൈദി കന് സംശയം തോന്നിയില്ല. ഈ സംഘം വൈദികനെ സഹായിക്കാനെന്ന പേരിൽ രണ്ട് അസി സ്റ്റൻ്റുമാരുടെ സേവനവും വിട്ടുനൽകി. ആദ്യം ചെറിയ തുകകളാണ് നിക്ഷേപിച്ചത്.
ആദ്യമൊക്കെ ലാഭവിഹിതം കൃത്യമായി നൽകി. ഇതോടെ സുഹൃത്തുക്കളോടും ബന്ധുക്കളോടും സഭയിലെ പരിചയക്കാരോടും പണം സ്വരൂപിച്ച് വിവിധ ഘട്ടങ്ങളിലായി ഒന്നരക്കോടി രൂപ ഓൺലൈൻ ട്രേഡിങ് കമ്പനിയിൽ നിക്ഷേപിക്കുകയായിരുന്നു.
രണ്ട് കോടി രൂപ കൂടി നിക്ഷേപിച്ചാൽ 15 കോടി തിരിച്ചുനൽകാമെന്ന് പറഞ്ഞ് തട്ടിപ്പുകാർ വീണ്ടും വൈദികനെ സമീപിച്ചു. ഇതിൻ്റെ നിജസ്ഥിതി അറിയാൻ വൈദികൻ കമ്പനി അധികൃതരുമായി ബന്ധപ്പെടാൻ ശ്രമിച്ചെ ങ്കിലും കഴിഞ്ഞില്ല. ഇതോടെയാണ് തട്ടിപ്പ് മനസ്സിലായത്. തുടർന്ന് വൈദികൻ പോലീസിൽ പരാതി നൽകി.
ട്രേഡിങ്ങിനായി വൈദികൻ തൻ്റെ വിവിധ ബാങ്ക് അക്കൗണ്ടു കളിൽ നിക്ഷേപിച്ച 28 ലക്ഷം രൂപ പോലീസ് ഇടപെട്ട് മരവിപ്പിച്ചിട്ടുണ്ട്. ഈ തുക വൈദികന് തിരികെ ലഭ്യമാക്കാൻ നടപടി സ്വീകരിച്ചതായി കടുത്തുരുത്തി എസ്.എച്ച്.ഒ. ടി.എസ്. റെനീഷ് പറഞ്ഞു. ഉത്തരേന്ത്യൻ സംഘമാകാം തട്ടിപ്പിന് പിന്നിലെന്നാണ് പോലീസ് കരുതുന്നത്.
ബുക്കർമാൻ ന്യൂസ്, കടുത്തുരുത്തി