മാറഞ്ചേരി: സാമ്പത്തിക സുരക്ഷിതത്വം ലഭിക്കുന്നതിന് യുവാക്കൾ സർക്കാർ സർവ്വീസിലേക്ക് കടന്ന് വരണമെന്ന് മുൻ പി.എസ്.സി. ചെയർമാനും വഖഫ് ബോർഡ് ചെയർമാനുമായ അഡ്വ. എം.കെ. സക്കീർ. സ്ത്രീകളുടെ കുടുംബഭദ്രത ഉറപ്പു വരുത്തുവാനും സാമ്പത്തിക സുരക്ഷിതത്വം അനിവാര്യമാണ്. പെൺകുട്ടികൾ ഈ രംഗത്ത് കൂടുതൽ പരിശീലനം നേടി നല്ല ഉദ്യോഗങ്ങൾ നേടിയെടുക്കാൻ ശ്രമിക്കണം. വളരെ ചെറുപ്പത്തിൽ തന്നെ ഇതിന് വേണ്ട പരിശീലനം വിദ്യാർത്ഥികൾക്ക് നൽകുന്നതിന് സന്നദ്ധ സംഘടനകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും രംഗത്ത് വരണമെന്നും അഡ്വ. എം.കെ.സക്കീർ ആവശ്യപ്പെട്ടു. ഇത്തരം പരിശീലന ക്ലാസ്സുകൾ ഉപയോഗപ്പെടുത്തുവാൻ ഉദ്യോഗാർഥികൾ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
പീപ്പിൾസ് ഫൗണ്ടേഷനും ഒരുമ മാറഞ്ചേരിയും തണൽ അക്കാദമിയും സംയുക്തമായി മാറഞ്ചേരി തണൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യുവശാക്തീകരണ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തണൽ പ്രസിഡൻ്റ് റിട്ട. ഗവ. അഡീഷണൽ സെക്രട്ടറി എ.അബ്ദുൾ ലത്തീഫ് അധ്യക്ഷത വഹിച്ചു.
പി.എസ്.സി, യു.പി.എസ്.സി, എസ്.എസ്.സി പരീക്ഷകൾക്ക് എങ്ങിനെ തയ്യാറെടുക്കാം എന്ന വിഷയത്തിൽ കെ.എ. അബ്ദുൾ മജീദ് ക്ലാസ്സെടുത്തു. സ്വയം തൊഴിൽ മേഖലയിൽ ആരംഭിക്കാവുന്ന സ്റ്റാർട്ടപ്പുകൾ ഏതൊക്കെ എന്ന വിഷയത്തിൽ ജഅഫറലി ആലിച്ചെത്തും ക്ലാസ്സെടുത്തു.
ക്യാമ്പിൽ സൗജന്യമായി പി.എസ്.സി. വൺ ടൈം രജിസ്ട്രേഷന് സൗകര്യമൊരുക്കിയിരുന്നു.
എം.ടി. നജീബ് സ്വാഗതവും പി. അബ്ദുസ്സമദ് നന്ദിയും പറഞ്ഞു.