അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്ത ‘എന്നു സ്വന്തം പുണ്യാളൻ’ തീയേറ്ററുകളിലെത്തുന്നു.
പേര് കേട്ട ഒരു ക്രിസ്തീയ തറവാടിന്റെ ഏക അനന്തരാവകാശിയായിട്ടു കൂടി, അമ്മയുടെ നേർച്ച നിറവേറ്റാൻ വേണ്ടി സ്വന്തം പ്രണയം പോലും ത്യജിച്ചു വൈദികനായ, തോമസ് (ബാലു വർഗീസ് ) ജീവരക്ഷക്കായി അഭയം തേടിയെത്തിയ യുവതിയെ (അനശ്വര രാജൻ) പള്ളി മന്ദിരത്തിൽ ഒളിക്കുവാൻ സമ്മതിച്ചതോടു കൂടി കഥ തുടങ്ങുന്നു , കൂടെ തോമസിന്റെ കഷ്ടപ്പാടുകളും.
അപ്രതീക്ഷിതമായ വഴിത്തിരിവ് നിറഞ്ഞ സാഹചര്യത്തിലും മുറിയിലൊളിച്ച പെൺകുട്ടിയെ ആരുടെയും കണ്ണിൽ പെടാതെ കാക്കുന്നതിനിടയിൽ തോമസിന്റെ ഹൃദയമിടിപ്പ് കൂട്ടിക്കൊണ്ട് ഒരു കുസൃതി കള്ളനും (അർജുൻ അശോകൻ) അതേ മന്ദിരത്തിൽ ഒളിച്ചുകടക്കുന്നു. ഒരു കുരുക്കഴിക്കുമ്പോൾ മറ്റൊന്ന് എന്ന നിലയിൽ പെട്ട് പോയ തോമസിനെ രക്ഷിയ്ക്കുവാൻ ആരെങ്കിലും എത്തുമോ ? പള്ളിമേടയിലെ പെൺകുട്ടിയും തോമസും തമ്മിലുള്ള ബന്ധം എന്താണ് ? കള്ളൻ യഥാർത്ഥത്തിൽ ആരാണ് ? അവൻ പള്ളിയിൽ യാദൃശ്ചികമായി എത്തിച്ചേർന്നതാണോ അതോ ആരെങ്കിലും അയച്ചതാണോ ?
തോമസിന്റെ ഹൃദയമിടിപ്പിനോടൊപ്പം പ്രേക്ഷകരുടെ ആകാംഷയും ഉയർത്തിക്കൊണ്ടു ചില അപ്രതീക്ഷിത സംഭവ വികാസങ്ങൾ കഥാഗതിയെ മറ്റൊരു തലത്തിലേക്ക് നയിക്കുന്നു. വിശ്വാസവും സൗഹൃദവും അൽപ്പം കുസൃതികളും ഒത്തു ചേർന്ന് എല്ലാത്തരം പ്രേക്ഷകർക്കും ഒരു പോലെ ആസ്വദിക്കുവാൻ കഴിയുന്ന ഒരു മനോഹര ചിത്രമാണ് ‘എന്ന് സ്വന്തം പുണ്യാളനി’ലൂടെ ഡയറക്ടർ മഹേഷ് മധുവും കൂട്ടരും കാഴ്ച വെക്കുന്നത്
ഈ പുതുവർഷത്തിൽ കുടുംബസമേതം ആസ്വദിക്കുവാൻ കോമെഡിയും സസ്‌പെൻസും നിറഞ്ഞ ഒരു ഫാന്റസി സിനിമയാണ് ‘എന്നു സ്വന്തം പുണ്യാളൻ’.
കഥ, തിരക്കഥ സാംജി ആൻ്റണി, ഡി ഓ പി : രണദേവ്, ഗാനരചന : വിനായക് ശശികുമാർ, ജിൻസി സെറ ലിഗോ, സമീർ ബിൻസി, സംഗീതം സാം സി എസ്. ദി ട്രൂത്ത് സീക്കേഴ്സിന്റെ ബാനറിൽ ലിഗോ ജോൺ നിർമ്മിച്ച ചിത്രം മാജിക് ഫ്രെയിം റിലീസ് വിതരണത്തിനെത്തിക്കുന്നു.
Bookerman Entertainment Desk