മരങ്ങാട്ടുപിള്ളി: ജീവിതശൈലിയും ആഹാരക്രമവും മാറ്റി രോഗങ്ങളെ പ്രതിരോധിക്കാൻ മുന്നിട്ടിറങ്ങി ഗ്രാമീണജനത. പഞ്ചായത്തിന്റേയും സ്വരുമ പാലിയേറ്റീവ് കെയറിന്റേയും നേതൃത്വത്തിൽ നടക്കുന്ന ജീവിതശൈലി രോഗ ബോധവൽക്കരണമാണ് പുത്തൻ ആഹാരസംസ്‌കാരത്തിനും വ്യായാമമുള്ള ജീവിതത്തിനും വഴിതുറക്കുന്നത്.
രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ, രക്തത്തിലെ പഞ്ചസാരയുടെ അളവ് , യൂറിയ, ക്രിയാറ്റിൻ തുടങ്ങിയവ പരിശോധിച്ച് ബോധ്യപ്പെട്ട് ആവശ്യമെങ്കിൽ ചികിത്സകളും വ്യായാമുറകളും സ്വീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പഞ്ചായത്തിലെ ഗ്രാമസഭകളോട് ചേർന്നാണ് ബോധവൽക്കരണപരിപാടികൾ നടത്തുന്നത്.
പഞ്ചായത്ത് ഒന്നാംവാർഡിലാണ് സെമിനാറുകൾക്ക് തുടക്കമിട്ടത്. പഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ ഉദ്ഘാടനം ചെയ്തു. സ്വരുമ പാലിയേറ്റീവ് കെയർ പാലിയേറ്റീവ് നഴ്‌സ് ദീപ്തി കെ. ഗോപാലൻ ക്ലാസിന് നേതൃത്വം നൽകി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ രാജു, പഞ്ചായത്തംഗങ്ങളായ ജാൻസി ടോജോ, ലിസി ജോർജ്, സലിമോൾ ബെന്നി, സ്വരുമ കോർഡിനേറ്റർ ബെന്നി കോച്ചേരി, കമ്മറ്റിയംഗം മോളിക്കുട്ടി സൈമൺ, ഗ്രാമസഭാ കോർഡിനേറ്റർമാർ, കെ.ഡി മാത്യു
എന്നിവർ വിവിധ യോഗങ്ങളിൽ പ്രസംഗിച്ചു.
ഇന്ന് 10.30ന് കുര്യനാട് പാവയ്ക്കൽ എൽപി സ്‌കൂളിലും രണ്ടിന് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലും മൂന്നിന് പൈക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി ഹാളിലും ഗ്രാമസഭയും സെമിനാറും നടക്കും.
ബക്കർമാൻ ന്യൂസ്, കുറവിലങ്ങാട്