ചലച്ചിത്രകാരനായ ശ്യാം ബനഗലിൻറെ മരണത്തോടെ ഇന്ത്യൻ സിനിമയിലെ ഒരു യുഗം അസ്തമിക്കുകയായിരുന്നു. സമ്പന്നമായ ഒരു സാംസ്കാരിക പശ്ചാത്തലത്തിൽ പിറന്ന
ബെനഗൽ കുട്ടിക്കാലത്ത് തന്നെ തൻറെ പ്രതിഭ തെളിയിച്ചിരുന്നു. അദ്ദേഹത്തിൻറെ പിതാവ് ഛായാഗ്രഹണ കലയിൽ നിഷ്ണാതനായിരുന്നു. ഗുരുദത്തിനെപ്പോലെയുള്ള ഒരു വിഖ്യാത ചലച്ചിത്രകാരൻ അദ്ദേഹത്തിൻറെ ബന്ധുവുമായിരുന്നു. തൻറെ നിയോഗം ഒരു ചലച്ചിത്രകാരനായിത്തീരുക എന്നുള്ളതാണെന്ന് കുട്ടിക്കാലത്തെ അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു.
അദ്ദേഹത്തിൻറെ കുടുംബത്തിൽ ഏതാണ്ട് 12 ഓളം അംഗങ്ങളുഉണ്ടായിരുന്നു. 6 പെൺകുട്ടികളും 4 ആൺകുട്ടികളും അടങ്ങുന്നതായിരുന്നു ആ കുടുംബം. 1934 ഡിസംബർ 14നാണ് ജനനം. ആറാമത്തെ വയസ്സിൽ ഒരു മാജിക് ലാന്റേൺ ബെനഗലിനു സമ്മാനമായി ലഭിക്കുകയുണ്ടായി. പിതാവിൻറെ ശേഖരത്തിൽ ധാരാളം വിദേശ സിനിമകൾ ഉണ്ടായിരുന്നു. 5 മിനിറ്റ് ദൈർഘ്യം വരുന്ന നിശബ്ദ സിനിമകൾ.
തൻറെ ഒരു അമ്മാവനായ ദിനകലിൽ നിന്നാണ് സാഹിത്യ ഗ്രന്ഥങ്ങളും ശാസ്ത്ര പുസ്തകങ്ങളും ശ്യാമിന് വായിക്കാൻ കിട്ടിക്കൊണ്ടിരുന്നത്. സിനിമകൾ കാണുവാനും അദ്ദേഹം ശ്യാമിനെ കൂട്ടിക്കൊണ്ടു പോയിരുന്നു. ക്ലാസിക് നോവലുകളിലെ ശ്യാമിന് മനസ്സിലാക്കാത്ത ഭാഗങ്ങൾ അമ്മാവൻ ശ്യാമിന് വിശദമാക്കി കൊടുക്കുകയുണ്ടായി. പിന്നീട് ചലച്ചിത്ര സംബന്ധമായ ഗ്രന്ഥങ്ങളിലേക്ക് ശ്യാമിന്റെ ശ്രദ്ധ തിരിഞ്ഞു. സിനിമയുടെ വിവിധ സാങ്കേതിക വശങ്ങളെക്കുറിച്ച് അദ്ദേഹം പര്യാലോചനയിൽ ഏർപ്പെട്ടു.
നിരവധി സിനിമകളുടെ തിരക്കഥകൾ അദ്ദേഹം വായിച്ചു. സിനിമയുടെ രൂപം എങ്ങനെ സൃഷ്ടിക്കപ്പെടുന്നു എന്ന ബോധ്യം ശ്യാമിന് ഉണ്ടായത് ലോകസിനിമയെക്കുറിച്ചുള്ള പുസ്തകങ്ങൾ വായിച്ചപ്പോഴാണ്. അമേരിക്കൻ സംവിധായകനായ ഏലിയാകാസാന്റെ ‘വാട്ടർ ഫ്രണ്ട്’ എന്ന ചിത്രം അദ്ദേഹത്തിന് വലിയ ലഹരിയാകുകയുണ്ടായി.
ജോൺ ഫോഡിന്റെ ‘ഹൗ ഗ്രീൻ വാസ് മൈ വാലി’ എന്ന ക്ലാസിക്കും ശ്യാമിനെ ആകർഷിച്ചു.
കുട്ടിക്കാലത്ത് തന്നെ ശ്യാം സുഭാഷ് ചന്ദ്ര ബോസിനെക്കുറിച്ച് ആരാധനയുണ്ടായിരുന്നു. പിൽക്കാലത്ത് സുഭാഷ് ചന്ദ്രബോസിനെ കുറിച്ച് ഒരു ചിത്രം ‘ദി ഫോർഗോട്ടെൻ ഹീറോ’ എന്ന പേരിൽ അദ്ദേഹം നിർമ്മിക്കുകയും ചെയ്തു.
ഗൗരവമായ ചർച്ചകൾ സുഹൃത്തുക്കളുമായി സിനിമയെക്കുറിച്ച് നടത്തിക്കൊണ്ടിരുന്ന ശ്യാമിന് ഇറ്റാലിയൻ സംവിധായകനായ വിക്ടോറിയ ഡിസക്കയുടെയും സത്യ ജിത് റേയുടെയും ചിത്രങ്ങളോട് അടങ്ങാത്ത അഭിനിവേശവും ആദരവും അനുഭവപ്പെട്ടു. ‘ബൈസിക്കിൾ തീവ്‌സ്’ ‘അശ്വിനി സങ്കേത്’ എന്നീ ചിത്രങ്ങൾ ശ്യാമിന്റെ ഭാവനയെ ഉത്തേജിപ്പിച്ചു.
കോളേജ് പഠനകാലത്ത് തന്നെ അദ്ദേഹം ചെറുകഥകൾ എഴുതിത്തുടങ്ങിയിരുന്നു. 14 വർഷങ്ങൾക്ക് ശേഷമാണ് അത്തരം പരിശ്രമങ്ങൾക്ക് ഒരു സാഫല്യമുണ്ടായത്. 50 കളിൽ സംവിധാനം ചെയ്ത ‘വ്യാസ കാക’, ‘മിസ്റ്റർ ആൻഡ് മിസ്സിസ്’ എന്ന ചിത്രങ്ങൾ ആയിരുന്നു വലിയ പ്രചോദനമായി തീർന്നതെങ്കിലും അനുകരിക്കുവാൻ ഒരിക്കലും ശ്രമിച്ചിട്ടില്ല.
1956 -ൽ ഹൈദരാബാദിൽ ഒരു ഫിലിം സൊസൈറ്റി ബനഗൽ ആരംഭിച്ചു. ഞായറാഴ്ചകളിലായിരുന്നു ചിത്രപ്രദർശനം. അതോടൊപ്പം സാഹിത്യ സമ്മേളനങ്ങളും സംഘടിപ്പിക്കുവാൻ മുൻകൈയെടുത്തു. ബിരുദാനന്തരം അദ്ദേഹം അല്പം പണമുണ്ടാക്കാനായി ഒരു പാരലൽ കോളേജിൽ ജോലി ചെയ്തിരുന്നു. ബോംബെയിൽ എന്തെങ്കിലും ഒരു തൊഴിൽ കണ്ടെത്തുവാനും അദ്ദേഹം ശ്രമിച്ചുകൊണ്ടിരുന്നു. അങ്ങനെയിരിക്കെയാണ് ഗുരുദത്ത് തന്റെ സംവിധാന സഹായി ആയിക്കൊള്ളുവാൻ ശ്യാമിനെ ക്ഷണിക്കുന്നത്.
കുറേക്കാലം അനേകം പരസ്യ ചിത്രങ്ങൾ നിർമ്മിച്ചും നാടക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടും ജീവിച്ച ശ്യാം ബനഗൽ 70കളുടെ ആദ്യപാദത്തിലാണ് ഗൗരവമായി സിനിമ നിർമ്മിക്കുന്നതിനെപ്പറ്റി ആലോചിച്ചു തുടങ്ങിയത്. 75ൽ ബെനഗൽ കുട്ടികൾക്ക് വേണ്ടി ‘ചരൺ ദാസ് ചോർ’ എന്ന ചിത്രം സംവിധാനം ചെയ്യുകയുണ്ടായി. ഒരു നാടോടിക്കഥയെ അടിസ്ഥാനമാക്കി ഹബീബ് തയ്യാറാക്കിയ രൂപരേഖയായിരുന്നു ഈ ചിത്രത്തിൻറെ അടിസ്ഥാനം. നിരവധി നാടക പ്രവർത്തകരെയും സ്മിതാ പാട്ടീലിനെയും ബെനഗൽ ഈ ചിത്രത്തിൽ അവതരിപ്പിച്ചു. തൻറെ ജൈത്രയാത്ര ഇന്ത്യൻ സിനിമ ചരിത്രത്തിൽ തന്റെ മുദ്രകൾ അവശേഷിപ്പിക്കുന്നിടത്തോളം എത്തിച്ചേർന്നു.
പിന്നീടാണ് ‘അങ്കുർ’ എന്ന ചിത്രത്തിൻറെ ആരംഭം. അനന്തനാഗും ഈ ചിത്രത്തിലൂടെയാണ് സിനിമയിൽ തുടക്കം കുറിക്കുന്നത്. വഹിതാ റഹ്മാൻ നിഷേധിച്ച കഥാപാത്രത്തെയാണ് ശബ്‌ന ആസ്മി അവതരിപ്പിച്ചത്. ബെനഗൽ ചിത്രങ്ങളിലെ പ്രകടനം. വിശ്വപ്രശസ്തയാക്കുകയും ഹിന്ദി സിനിമയിൽ പിന്നീട് അവർ അനിവാര്യരായി തീരുകയും ചെയ്തു. ‘സിറ്റി ഓഫ് ജോയ്’ എന്ന ചിത്രത്തിൽ അഭിനയിക്കാൻ ബെനഗലിന്റെ ചിത്രങ്ങൾ സഹായികമായി. ബെനഗലിന്റെ ഛായാഗ്രാഹകൻ ആയിരുന്ന ഗോവിന്ദ് നിഹലാനി പിന്നീട് സംവിധായകനായി പ്രത്യക്ഷപ്പെടുകയുണ്ടായി. അനേകം ചിത്രങ്ങൾ അദ്ദേഹം നിർമ്മിച്ചു. ചിത്രങ്ങൾ മിക്കവാറും നിർമ്മാണ ചെലവ് കുറഞ്ഞവയായിരുന്നു.
ആദ്യ ചിത്രത്തിന് തന്നെ ശബന ആസ്മിക്ക് ദേശീയ അവാർഡ് നേടുവാൻ സാധിച്ചു. ‘അങ്കൂറി’ന് മൂന്നോളം ദേശീയ അവാർഡുകൾ ലഭിക്കുകയുണ്ടായി. ബെർലിൻ, , ലണ്ടൻ ഫിലിം ഫെസ്റ്റിവലിലും ഈ ചിത്രം അവതരിപ്പിക്കപ്പെട്ടു. 74 -ൽ ഓസ്കാറിനുള്ള ഇന്ത്യൻ ചിത്രമായി തിരഞ്ഞെടുക്കപെടുകയും ചെയ്തു.
അങ്കുറിന് ലഭിച്ച വ്യാപകമായ അംഗീകാരം 75-ൽ തന്നെ ഒരു പുതിയ സിനിമ ആരംഭിക്കുവാൻ ശ്യാമിനെ പ്രാപ്തനാക്കി. ‘നിഷാന്ത്’ ആയിരുന്നു ആ സിനിമ
ഒരുപക്ഷേ രാഷ്ട്രീയ വിഷയങ്ങൾ ആയിരുന്നു ശ്യാം അവതരിപ്പിച്ചിരുന്നത് എന്ന് പറയാം. സാമൂഹ്യമായ തിന്മകൾക്കെതിരെ ആയിരുന്നു അദ്ദേഹത്തിൻറെ ചൂണ്ടുവിരൽ. ഗിരീഷ് കർണാട്, ശബന ആസ്മി, സ്മിതാ പാട്ടീൽ, അമരീഷ് പുരി, നസ്രുദീൻ ഷാ, അനന്തു നാഗ്, സാധൂ മഹർ എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചത്. നസറുദ്ദീൻ ഷാ ആദ്യമായി അഭിനയിക്കുന്നത് ഈ ചിത്രത്തിലാണ്. ഏറ്റവും മികച്ച ഹിന്ദിചിത്രത്തിനുള്ള പുരസ്കാരം 77 -ൽ ഈ ചിത്രം നേടി. 76 -ൽ കാനിൽ പ്രദർശിപ്പിക്കപ്പെടുകയും ചെയ്തു.
അടുത്ത ചിത്രം ‘മന്ധനാ’ണ് സാമൂഹ്യരാഷ്ട്രീയ പരിണാമങ്ങളുടെ സർവ്വധസ്പർശിയായ ഒരു ചിത്രമാണ് ‘മന്ധൻ’ വരച്ചിട്ടത്. ക്ഷീരകർഷകരെക്കുറിച്ചുള്ള ഒരു ചിത്രമായിരുന്നു ‘മന്ധൻ’. 10 ലക്ഷം രൂപയാണ് അതിനുള്ള നിർമ്മാണ ചിലവായി വന്നത്. ആ പണം മുഴുവൻ ക്ഷീരകർഷകരിൽ നിന്ന് സമാഹരിക്കുവാൻ ആയിരുന്നു അദ്ദേഹം ഉദ്ദേശിച്ചത്. അത് അനായാസം സംഭരിക്കുവാനും കഴിഞ്ഞു. ഈ ചിത്രം നിർമ്മിക്കുന്ന കാലഘട്ടത്തിൽ ഇന്ത്യയിൽ അടിയന്തരാവസ്ഥ ആയിരുന്നു. ഗിരീഷ് കർണാട് ഈ ചിത്രത്തിൽ അഭിനയിക്കുകയും തിരക്കഥാരചനയിൽ സഹായിക്കുകയും ചെയ്തു കുൽഭൂഷൻ ഹെർബന്ദ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഇന്ത്യയിൽ എല്ലായിടത്തും ഈ ചിത്രം പ്രദർശനം വിജയം നേടി. ബെനഗൽ ചിത്രങ്ങളുടെ അവസാനം അരങ്ങേറുന്ന അക്രമങ്ങളുടെ തേർവാഴ്ച ഈ ചിത്രത്തിൽ ഇല്ല. ‘മന്ധനു’ശേഷം ‘ഓപ്പറേഷൻ’ എന്ന പേരിൽ ഒരു ഡോക്യുമെൻററി നിർമ്മിച്ചു. ‘മന്ധൻ’ ഒരു വിജയമായി തീർന്നതിനുശേഷം അടുത്ത ചിത്രത്തിലേക്ക് കടന്നു. ‘കോണ്ടൂര്’ എന്ന പേരിൽ ഹിന്ദിയിലും ‘അനുഗ്രഹം’ എന്ന പേരിൽ തെലുങ്കിലും ആണ് ആ ചിത്രം നിർമ്മിച്ചത്. ഗിരീഷ് കർണാടും ശ്യാം ബെനഗലും ചേർന്ന് ചിത്രത്തിന് തിരക്കഥ എഴുതി. സത്യജിത് റായിയുടെ ‘ദേവി’ എന്ന ചിത്രം ഈ സിനിമയ്ക്ക് പ്രചോദനമായി ഭവിച്ചു. അടുത്ത സിനിമ 71ൽ അന്തരിച്ച പ്രശസ്ത മറാഠി സിനിമാതാരം ഹൻസാ വാട് കറുടെ ആത്മകഥയെ ആശ്രയിച്ചായിരുന്നു.
22 വയസ്സ് മാത്രം പ്രായമുള്ള സമയത്താണ് സ്മിതാ പാട്ടീൽ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് പാട്ടീലിന് ദേശീയ പുരസ്കാരം ലഭിച്ചു. ഈ ചിത്രം കളറിലും ബ്ലാക്ക് ആൻഡ് വൈറ്റിലുമായിട്ടാണ് ശ്യാം ചിത്രീകരിച്ചത്.
ആദ്യം ചിത്രം പ്രദർശന വിജയം നേടിയില്ലെങ്കിലും പിന്നീട് റിലീസ് ചെയ്തപ്പോൾ വലിയ സാമ്പത്തിക വിജയമായി. ആ ചിത്രത്തിലെ ഗാനങ്ങൾ വലിയ ജനപ്രീതി നേടിയും ചെയ്തു.
ഗണികാവൃത്തിയെ ഇതിവൃത്തമാക്കി കൊണ്ടുള്ളതായിരുന്നു അടുത്ത ചിത്രമായ ‘മൻഡി ‘.
78-ൽ ജൂനൂൺ, 80- കലിയുഗ്, 82- ആരോഹൺ എന്നീ ചിത്രങ്ങൾ;
ദി മേക്കിംഗ് ഓഫ് മഹാത്മ – 95-ൽ, സർദാരി ബീഗം 96-ൽ, 98 -ൽ സമർ,
2000-ൽ ഹരി ബാരി, സുബൈദ; 2004-ൽ ‘സുഭാഷ് ചന്ദ്ര ബോസ് – ദി ഫോർഗോട്ടൺ ഹീറോ’
2008- ൽ വെൽക്കം ടു സജൻപൂർ.. ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ സംഭാവനകൾ.
2009 ൽ ‘വെൽഡൺ അബ്ബാ’ എന്ന ചിത്രത്തോടെ അദ്ദേഹം തിരശ്ശീലയിലെ രചനാജീവിതത്തിൽ നിന്ന് പിൻവാങ്ങി’
7 പതിറ്റാണ്ടുകൾക്ക് അപ്പുറം നീണ്ടുനിന്ന ഒരു സർഗ്ഗജീവിതം ആയിരുന്നു ബെനഗലിന്റേത്. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ അദ്ദേഹത്തിൻറെ നാമധേയം എന്നന്നേക്കും ജ്വലിച്ചു നിൽക്കും
ബുക്കർമാൻ ന്യൂസ്