ബഹിരാകാശ സഞ്ചാരി, റേസിംഗ് കാര്‍ഡ്രൈവര്‍, പൈലറ്റ്, ഫുട്‌ബോള്‍ താരം… ഏതൊരു പെണ്‍കുട്ടിയും സ്വപ്‌നം കാണുന്ന ജീവിതം കഴിഞ്ഞ അറുപത്തിരണ്ട് വര്‍ഷമായി ജീവിക്കുകയാണ് അവള്‍ ! ലോകകളിപ്പാട്ട വിപണിയിലെ സൂപ്പര്‍ താരമായ ബാര്‍ബി പാവയ്ക്ക് മാര്‍ച്ച് 9ന് പിറന്നാള്‍. 1959 മാര്‍ച്ച് ഒമ്പതിന് ന്യൂയോര്‍ക്ക് നഗരത്തില്‍ നടന്ന അമേരിക്കന്‍ ടോയ് ഫെയറില്‍ വച്ചാണ് ആദ്യത്തെ ബാര്‍ബി പാവ പ്രദര്‍ശിപ്പിച്ചത്. പതിനൊന്ന് ഇഞ്ച് പൊക്കവും ഒഴുകുന്ന നീണ്ട മുടിയുമുള്ളതായിരുന്നു ബാര്‍ബി പാവ. ബാര്‍ബറ മില്ലിസെന്റ് റോബര്‍ട്‌സ് എന്നാണ് ബാര്‍ബിയുടെ യഥാര്‍ത്ഥ പേര്. അമേരിക്കന്‍ പാവനിര്‍മ്മാണക്കമ്പനി മാറ്റലിന്റെ സ്ഥാപകന്‍ എലിയറ്റ് ഹാന്‍ഡലറുടെ ഭാര്യ റൂത്ത് ആണ് ബാര്‍ബിയുടെ സ്രഷ്ടാവ്. പേപ്പര്‍ പാവകളുമായി മകള്‍ ബാര്‍ബറ കളിക്കുന്നത് റൂത്ത് ഹാന്‍ഡ്ലറുടെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഉരുത്തിരിഞ്ഞ ആശയത്തില്‍ നിന്നാണ് ബാര്‍ബിയുടെ പിറവി. മകള്‍ പലപ്പോഴും മുതിര്‍ന്ന വേഷങ്ങള്‍ ആസ്വദിക്കുന്നതും ശ്രദ്ധിച്ചു. അക്കാലത്ത് മിക്ക കുട്ടികളുടെ പാവകളും ശിശുക്കളുടെ പ്രതിനിധികളായിരുന്നു. വിപണിയില്‍ ഒരു വിടവ് ഉണ്ടെന്നു മനസിലാക്കിയ ഹാന്‍ഡ്ലര്‍ മുതിര്‍ന്ന ശരീരമുള്ള ഒരു പാവയെക്കുറിച്ചുള്ള ആശയം ഭര്‍ത്താവ് എലിയറ്റിന് നിര്‍ദേശിച്ചു.
ബാര്‍ബറയും അവളുടെ കൂട്ടുകാരും അവയെ മുതിര്‍ന്നവരും കൗമാരക്കാരുമായി സങ്കല്‍പിച്ചു. കോളേജ് വിദ്യാര്‍ത്ഥികളായും ആര്‍പ്പുവിളിക്കാരായും ജോലി ചെയ്യുന്നമുതിര്‍ന്നവരായും അവര്‍ അവയെ സങ്കല്‍പിച്ചു. സാങ്കല്‍പിക കളികളിലൂടെ ഒരു സുരക്ഷിത അകലം പാലിച്ചുകൊണ്ട് ഭാവിയെ കുറിച്ച് പരീക്ഷണങ്ങള്‍ നടത്തുന്നത്വളര്‍ച്ചയുടെ ഒരു പ്രധാനഭാഗമാണെന്ന് റൂത്ത് പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞു. ഒരു ഉത്പന്നത്തിന് വളരാനുള്ള സാധ്യത ഇതില്‍ നിന്നും തിരിച്ചറിഞ്ഞ റൂത്ത് ആചെറിയ പെണ്‍കുട്ടിക്ക് ആ പാവയ്ക്ക് അവള്‍ ആഗ്രഹിക്കുന്ന എന്തുമാകാം എന്നതായിരുന്നു ബാര്‍ബിയെ കുറിച്ചുള്ള എന്റെ തത്വശാസ്ത്രമെന്ന് അവര്‍ പറഞ്ഞിട്ടുണ്ട്. സ്ത്രീകള്‍ക്ക് തിരഞ്ഞെടുപ്പിന് അവസരമുണ്ട് എന്ന യാഥാര്‍ത്ഥ്യത്തെയാണ് ബാര്‍ബി എപ്പോഴും പ്രതിനിധീകരിച്ചത്. ബാര്‍ബിയുമായുള്ള ബന്ധത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ഞാന്‍ ബാര്‍ബിയുടെ അമ്മയാണ് എന്നാണ് റൂത്ത് പ്രതികരിച്ചത്. ജര്‍മ്മന്‍ കോമിക് കഥാപാത്രത്തെ അടിസ്ഥാനമാക്കിയുള്ള ലില്ലി എന്ന പാവയുടെ രൂപത്തിലാണ് ബാര്‍ബി പ്രത്യക്ഷപ്പെട്ടത്. ലില്ലിയുടെ അവകാശങ്ങള്‍ മാറ്റല്‍ വാങ്ങുകയും അതിനെ അടിസ്ഥാനമാക്കി സ്വന്തം രൂപം നിര്‍മ്മിക്കുകയും ചെയ്തു.
1955 കുട്ടികള്‍ക്കായി പരസ്യം സംപ്രേക്ഷണം ചെയ്യുന്ന ആദ്യ കമ്പനിയായി മാറ്റല്‍ മാറി. തങ്ങളുടെ പുതിയ പാവയെ പ്രചരിപ്പിക്കാന്‍ ഈ മാധ്യമത്തെ അവര്‍ ഉപയോഗിച്ചു. 1961ല്‍ ഉപഭോക്താക്കാളുടെ ശക്തമായ ആവശ്യത്തെ തുടര്‍ന്ന് ബാര്‍ബിയുടെ ബോയ്ഫ്രണ്ടിനെ ഇറക്കാന്‍ കമ്പനി നിര്‍ബന്ധിതരായി. 1961ല്‍ ബാര്‍ബിയ്ക്ക് കൂട്ടായി കെന്‍ കാഴ്‌സണ്‍ എത്തി.1959ല്‍ മാത്രം മൂന്നരലക്ഷം ബാര്‍ബി പാവകളാണ് വിറ്റുപോയത്. ഇന്ന് ഓരോ വര്‍ഷവും പത്ത് കോടിയ്ക്കടുത്ത് ബാര്‍ബി പാവകള്‍ വില്‍ക്കുന്നുണ്ടെന്നാണ് കണക്ക്. ഇതുവരെ ഇരുനൂറിലധികം വ്യത്യസ്തമായ വേഷങ്ങളിലാണ് ബാര്‍ബി പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.
അമ്പതോളം രാജ്യങ്ങളിലെ പരമ്പരാഗത വേഷങ്ങളില്‍ ബാര്‍ബി അവതരിച്ചിട്ടുണ്ട്. ലോകത്ത് ഓരോ മൂന്ന് മിനുട്ടിലും ഒരു ബാര്‍ബി പാവവീതം വിറ്റഴിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ആദ്യ ബാര്‍ബി പാവയുടെ വേഷം കറുപ്പും വെള്ളയും വരകളുള്ള നീന്തല്‍ വസ്ത്രം ആയിരുന്നു. മൂന്ന് ഡോളര്‍ ആയിരുന്നു പാവയുടെ വില. ബാര്‍ബിക്ക് സ്വീകാര്യത ഏറിയതോടെ അവളുടെ വേഷവിധാനങ്ങള്‍, സുഹൃത്തുക്കള്‍ എന്നിവയൊക്കെ കമ്പനി നിര്‍മ്മിച്ചു തുടങ്ങി. 2017ല്‍ ഹിജാബ് ധരിച്ച ബാര്‍ബി വിപണിയില്‍ എത്തിയിരുന്നു. അമേരിക്ക അടക്കമുള്ള രാജ്യങ്ങളുടെ തപാല്‍ സ്റ്റാമ്പിലും ബാര്‍ബി ഇടംപിടിച്ചിട്ടുണ്ട്.