ഏറ്റുമാനൂർ: നീണ്ടൂർ പഞ്ചായത്തിലെ കൈപ്പുഴക്കരി പാടശേഖരത്തിലെ 130 തിൽ അധികം ഏക്കർ നിലത്തെ നെൽകൃഷി വെള്ളം കയറി നാശത്തിൻ്റെ വക്കിലായി. അറുപതിലധികം കർഷകർ സ്ഥലം പാട്ടത്തിനെടുത്തുo അല്ലാതെയുമായി ഇറക്കിയ നെൽക്കൃഷിയാണ് പാടശേഖരത്തിലെ വെള്ളക്കെട്ട് മൂലം നശിക്കുന്നത്. രണ്ട് മാസം മുമ്പ് ഇവിടെ വെള്ളം വറ്റിക്കാൻ സാധിക്കാത്തതിനെ തുടർന്ന് നെൽചെടികൾ നശിച്ചിരുന്നു. തുടർന്ന് കർഷകർ അമിത പലിശക്ക് പണം എടുത്താണ് രണ്ടാമത് ക്യഷി ഇറക്കിയത്.
ശരാശരി ഒരു വർഷം ഈ പാടശേഖരത്തിൽ നിന്ന് മാത്രമായി 2600 ക്വിൻ്റൽ നെല്ല് കർഷകർ ഉൽപാദിപ്പിച്ചിരുന്നു ഇതാണ് ഇപ്പോൾ നാശത്തിൻ്റെ വക്കിൽ എത്തി നിൽക്കുന്നത് .
2018 ൽ പ്രധാനമന്ത്രി കിസാൻ പദ്ധതിയിൽ ഉൾപ്പെടുത്തി പാടശേഖരത്തിന് ചുറ്റും ബണ്ട് നിർമ്മിക്കുവാൻ രണ്ടര ക്കോടി രൂപാ അനുവദിച്ചു. നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി കർഷകർ പാടശേഖരത്തിന് ചുറ്റും സ്ഥാപിച്ചിരുന്ന സംരക്ഷണ കവചം പൊളിച്ചുമാറ്റുകയും ചെയ്തു.
എന്നാൽ കൃഷി വകുപ്പിലെ ഉന്നതരുടെ പിടി വാശികൾ മൂലം പദ്ധതി നിന്നുപോയതായി കർഷകർ പറയുന്നു. തുടർന്ന് സർക്കാർ കെ എൽ ഡി സി പദ്ധതി പ്രകാരം പാടത്ത് വെള്ളത്തിൻ്റെ അളവ് നിയന്ത്രിക്കുന്നതിനായി 50 എച്ച് പി യുടെ മോട്ടോർ അനുവദിച്ചു എന്നാൽ മോട്ടോർ സ്ഥാപിച്ച് 15 ദിവസം പിന്നിട്ടപ്പോഴെക്കും മോട്ടോർ പണിമുടക്കി. തുടർന്ന് കർഷകർ മുൻകൈ എടുത്ത് നന്നാക്കിയെങ്കിലും പാടശേഖരത്തിലേക്ക് എത്തിക്കാൻ കഴിയുന്നില്ല. കനാലിൽ പോളയും പുല്ലും നിറഞ്ഞ് വഴി അടഞ്ഞുപോയി. ഒരാഴ്ച കൂടി വെള്ളത്തിൻ്റെ അവസ്ഥ ഇതേപടി തുടർന്നാൽ 130 ഏക്കറിലേയും നെൽകൃഷി വീണ്ടും നശിച്ചേക്കും.
ഇനിയൊരു ലോണിനുപോലും സാധ്യതയില്ലാത്തതിനാൽ തങ്ങൾ ആത്മഹത്യയുടെ വക്കിലാണെന്ന് കർഷകർ പറയുന്നു. നിരവധി പരാതികൾ പറഞ്ഞിട്ടും കൃഷിഭവനിൽ നിന്നും ഒരു ഉദ്യോഗസ്ഥൻ പോലും പാടശേഖരത്ത് എത്തിയില്ലെന്നും കർഷകർ കുറ്റപെടുത്തുന്നു.
ബുക്കർമാൻ ന്യൂസ് ഏറ്റുമാനൂർ