1933ലാണ് ഇന്ത്യന്‍ സിനിമയിലെ വിശ്വവിഖ്യാതമായ ചുംബനം പിറന്നത്. ജെ.എല്‍ ഫ്രീര്‍ ഹണ്ട് സംവിധാനം ചെയ്ത കര്‍മ്മ എന്ന ചിത്രത്തില്‍ ദേവികാ റാണിയായിരുന്നു ആ സാഹസത്തിന് മുതിര്‍ന്നത്. ഹിമാന്‍ഷു റായ് നിര്‍മ്മിച്ച ചിത്രത്തില്‍ നായകനും അദ്ദേഹം തന്നെയായിരുന്നു. അരങ്ങേറ്റ ചിത്രത്തിനെത്തിയ ദേവികയ്ക്കു മുന്നില്‍ ഹിമാന്‍ഷു വെച്ച നിബന്ധന ഒരു ചുംബന സീനില്‍ അഭിനയിക്കുക എന്നതായിരുന്നു. ഇന്ത്യന്‍ സിനിമയുടെ സ്വപ്‌ന സുന്ദരി, ദാദ സാഹിബ് ഫാല്‍ക്കെ അവാര്‍ഡിന് അര്‍ഹയായ ആദ്യ വനിത തുടങ്ങി നിരവധി വിശേഷണങ്ങള്‍ക്ക് അര്‍ഹയാണ് ദേവിക റാണി. ഇന്ത്യന്‍ സിനിമയിലെ നായിക സങ്കല്പങ്ങള്‍ മാറ്റിയെഴുതിയ ദേവിക ഓര്‍മ്മയായിട്ട് മാര്‍ച്ച് 9ന് ഇരുപത്തിയേഴു വര്‍ഷം തികയുന്നു.
വിശാഖപട്ടണത്തിനടുത്ത് ഇന്നത്തെ ആന്ധ്രാപ്രദേശിലെ വാള്‍ട്ടയറില്‍ സമ്പന്നവും പുരോഗമനപരവുമായ ബംഗാളി കുടുംബത്തിലാണ് ദേവിക ജനിച്ചത്. മദ്രാസ് പ്രസിഡന്‍സിയുടെ ആദ്യ ഇന്ത്യന്‍ സര്‍ജന്‍ ജനറലും രബീന്ദ്രനാഥ് ടാഗോറിന്റെ അനന്തരവനും ആയിരുന്നു പിതാവ് കേണല്‍ മന്‍മഥാ നാഥ് ചൗധരി. അമ്മ ലീലാ ദേവി ചൗധരി. ദേവികയുടെ അച്ഛന്റെ സഹോദരങ്ങള്‍ കൊല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് അശുതോഷ് ചൗധരി, കൊല്‍ക്കത്തയിലെ പ്രമുഖ വക്കീല്‍ ജോഗേഷ് ചന്ദ്ര ചൗധരി, പ്രസിദ്ധ ബംഗാളി എഴുത്തുകാരനായ പ്രമത ചൗധരി എന്നിവരായിരുന്നു. വിദ്യാഭ്യാസത്തിനായി ഒന്‍പതാം വയസില്‍ ഇംഗ്ലണ്ടിലെ ബോര്‍ഡിംഗ് സ്‌കൂളില്‍ എത്തിയ ദേവിക പിന്നീട് അവിടെയാണ് വളര്‍ന്നത്. ഇന്ത്യന്‍ ചലച്ചിത്ര നിര്‍മ്മാതാവായ ഹിമാന്‍ഷു റായിയെ 1928 ല്‍ കണ്ടുമുട്ടുകയും അടുത്ത വര്‍ഷം അദ്ദേഹത്തെ വിവാഹം കഴിക്കുകയും ചെയ്തു.
റായിയുടെ എ ത്രോ ഓഫ് ഡൈസ് (1929) എന്ന പരീക്ഷണാത്മക നിശബ്ദ സിനിമയായുടെ വസ്ത്രാലങ്കാരത്തിലും കലാസംവിധാനത്തിലും ദേവിക പങ്കാളിയായി. തുടര്‍ന്ന് അവര്‍ ഇരുവരും ജര്‍മ്മനിയിലെ ബര്‍ലിനില്‍ യു.എഫ്. സ്റ്റുഡിയോസില്‍ ചലച്ചിത്രനിര്‍മ്മാണരംഗത്ത് പരിശീലനം നേടി. 1933ല്‍ ഹിമാന്‍ഷു റായി നായകനായി ഇംഗ്ലീഷിലും ഹിന്ദിയിലും ഒരേ സമയം നിര്‍മ്മിച്ച കര്‍മ എന്ന സിനിമയിലൂടെ ചലച്ചിത്ര മേഖലയില്‍ അരങ്ങേറ്റം കുറിച്ചു. ഇംഗ്ലീഷില്‍ സംസാരിച്ച ആദ്യ ഇന്ത്യന്‍ സിനിമയായിരുന്നു കര്‍മ്മ. ഒരു രാജ്യത്തെ മഹാറാണി അയല്‍ രാജ്യത്തെ രാജകുമാരനുമായി പ്രണയത്തിലാകുന്നതായിരുന്നു കര്‍മ്മയുടെ കഥ. ആധുനിക അമേരിക്കന്‍ മോഡല്‍ പ്രണയ കഥ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ എന്നാണ് ചിത്രം വിശേഷിപ്പിക്കപ്പെട്ടത്. ഈ സിനിമയിലാണ് ഇന്ത്യയില്‍ ആദ്യമായി മുഴുനീള ചുംബനരംഗം ചിത്രീകരിക്കപ്പെട്ടത്. ദേവികയും ഹിമാന്‍ഷു റായിയും അഭിനയിച്ച ചുംബനരംഗത്തിന് നാലു മിനിറ്റ് ദൈര്‍ഘ്യമുണ്ടായിരുന്നു. ചിത്രത്തിലെ ഈ രംഗം ഇന്ത്യയില്‍ വലിയ കോളിളക്കം സൃഷ്ടിച്ചു. വിവാദ രംഗവുമായി മേയില്‍ റിലീസിനെത്തിയ കര്‍മ്മയെ പക്ഷേ അന്നത്തെ സദാചാര വാദികള്‍ വറുതേ വിട്ടില്ല. ചിത്രം ഇന്ത്യയില്‍ നിരോധിച്ചു. പക്ഷേ അവിടം കൊണ്ടും തീര്‍ന്നില്ല. ഒരു നായകനെ പരസ്യമായി ചുംബിക്കാന്‍ സാഹസം കാണിച്ച നായികയെ കുപ്രസിദ്ധരുടെ പട്ടികയിലേക്കുയര്‍ത്തി ഇന്ത്യന്‍ സമൂഹം.
കാലം മായ്ക്കാത്ത മുറിവുകളില്ലായെന്ന് പറയുന്നത് വെറുതെയാണെന്നു കരുതേണ്ടിയിരിക്കുന്നു. ഇന്ത്യന്‍ സിനിമ വിപ്ലവകരമായ പലമാറ്റങ്ങള്‍ക്കും വേദിയായി, നായക-നായികാ സങ്കല്‍പ്പങ്ങള്‍ മാറി. ദേവിക ബാക്കി വെച്ചു പോയ താരറാണി പട്ടം മധുബാലയിലേക്കും ഹേമമാലിനിയിലേക്കും മറ്റു പലരിലേക്കും കൈമാറിയെത്തി. പക്ഷേ നേട്ടങ്ങളും അംഗീകാരങ്ങളും പലരെയും തേടിയെത്തിയെങ്കിലും ആദ്യ ചുംബന നായികയെന്ന വിളിപ്പേരും അവിടെത്തുടങ്ങിയ വിവാദ വിപ്ലവങ്ങളും കാലങ്ങളോളം ദേവികയുടെ കൂടെയുണ്ടായിരുന്നു. 1945 ല്‍ സിനിമകളില്‍ നിന്ന് വിരമിച്ച് റഷ്യന്‍ ചിത്രകാരനായ സ്വെറ്റോസ്ലാവ് റോറിക്യെ വിവാഹം ദേവിക ബാംഗ്ലൂരിന്റെ പ്രാന്തപ്രദേശത്ത് തന്റെ എസ്റ്റേറ്റിലേക്ക് താമസം മാറി. പത്മശ്രീ (1958), ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം (1970), സോവിയറ്റ് ലാന്‍ഡ് നെഹ്രു അവാര്‍ഡ് (1990) തുടങ്ങിയ പുരസ്‌കാരങ്ങള്‍ ഈ കാലാകാരിയെ തേടിയെത്തി.
ബോംബെ ടാക്കീസിന്റെ അമരക്കാരി
ഇന്ത്യന്‍ സിനിമാചരിത്രത്തില്‍ വിസ്മരിക്കാനാവാത്തൊരു അദ്ധ്യായമാണ് ബോംബെ ടാക്കീസിന്റേത്. 1934 മുതല്‍ 1954 വരെ രണ്ട് പതിറ്റാണ്ടോളം ഹിന്ദി സിനിമയുടെ നെടും തൂണായിരുന്നു ബോംബെ ടാക്കിസെന്ന സ്റ്റുഡിയോയും നിര്‍മ്മാണ കമ്പനിയും. അശോക് കുമാര്‍, ദിലീപ് കുമാര്‍ തുടങ്ങി പില്‍ക്കാലത്ത് പ്രശസ്തിയുടെ കൊടുമുടി കയറിയ പല അഭിനേതാക്കളുടെയും ആദ്യക്കളരി കൂടിയായിരുന്നു ബോംബെ ടാക്കീസ്. ബോംബെ ബോറിവ്ലിക്ക് സമീപമുള്ള മലാഡ് എന്ന പ്രദേശത്താണ് 1934ല്‍ ദേവിക റാണിയും ഹിമാന്‍ഷു റായും ചേര്‍ന്ന് ബോംബെ ടാക്കീസിന് തുടക്കം കുറിക്കുന്നത്. 1930 കളിലെയും 40 കളിലെയും മിക്ക ക്ലാസിക് സിനിമകളും നിര്‍മ്മിച്ചത് ബോംബെ ടാക്കീസ് ആയിരുന്നു. അച്യുത് കനയ്യ (1936), കിസ്മത് (1943), തുടങ്ങി വന്‍ ഹിറ്റ് സിനിമകള്‍ ബോംബെ ടാക്കിസിന്റെതായി വെള്ളിത്തിരയിലെത്തി. ബോംബെ ടാക്കീസ് എന്ന് നാമകരണം ചെയ്ത സ്റ്റുഡിയോയില്‍ സ്വപ്‌നതുല്ല്യമായ സാങ്കേതിക സൗകര്യവും ഏറ്റവും മികച്ച സാങ്കേതിക വിദഗ്ദരുടെ സേവനവും ഉണ്ടാകണമെന്ന് ദേവികയ്ക്കും റായ്ക്കും നിര്‍ബന്ധമായിരുന്നു. അതുകൊണ്ട് തന്നെ വിദേശത്തെ സാങ്കേതിക വിദഗ്ദരെ സ്റ്റുഡിയോയില്‍ എത്തിക്കാന്‍ ശ്രമിച്ചു. അക്കാലത്തെ പ്രശസ്ത ഛായാഗ്രഹകന്‍ ജോസെഫ് വിര്‍ഷിംഗ്, കാള്‍ വോണ്‍ സ്‌പെറ്റി, സംവിധായകന്‍ ഫ്രാന്‍സ് ഓസ്റ്റന്‍ തുടങ്ങി ജര്‍മനിയിലെയും ബ്രിട്ടനിലെയും മികച്ച കലാകാരന്മരെ രംഗത്തിറക്കി.
1935ല്‍ ഇറങ്ങിയ ‘ജവാനി കി ഹവാ’ ആയിരുന്നു ബോംബെ ടാക്കീസ് നിര്‍മ്മിച്ച ആദ്യ ചലച്ചിത്രം. ആദ്യകാല സിനിമകളില്‍ ദേവികാ റാണിയായിരുന്നു നായിക. അവരുടെ അഭിനയ മികവ് സ്റ്റുഡിയോടെ വളര്‍ച്ചയ്ക്കും തിരിച്ചും സഹായകമായി. കാവ്യാത്മകമായ പല സിനിമകളും പിറവി കൊണ്ട ടാക്കീസ് അക്കാലത്ത് പലരും ചെയ്യാന്‍ ധൈര്യപ്പെടാത്ത വിഷയങ്ങളും കൈകാര്യം ചെയ്തു. 1940 ഹിമാന്‍ഷു റായുടെ ആകസ്മിക മരണം സ്റ്റുഡിയോ പ്രവര്‍ത്തനത്തെ ഉലച്ചുവെങ്കിലും പബ്ലിക് ഷെയറുകള്‍ സമാഹരിച്ച് ദേവികാ റാണി ബോംബെ ടാക്കീസിനെ മുന്നോട്ട് നയിച്ചു. ഇതിനിടെ രണ്ടാം ലോക മഹായുദ്ധവും സ്റ്റുഡിയോ പ്രവര്‍ത്തനത്തെ ബാധിച്ചു. ദേവികാ റാണിയുമായി ബോംബെ ടാക്കീസില്‍ സഹകരിച്ച് വരികയായിരുന്ന അശോക് കുമാര്‍ തര്‍ക്കത്തിന്റെ പേരില്‍ പിരിഞ്ഞ് ഷഷാദര്‍ മുഖര്‍ജിയുടെ കൂടെ ചേര്‍ന്ന് ‘ഫില്‍മിസ്ഥാന്‍ എന്ന സ്റ്റൂഡിയോ സ്ഥാപ്പിക്കുകയുണ്ടായി. സിനിമാ ലോകത്ത് നിന്ന് ദേവികാ വിരമിച്ചപ്പോള്‍ അശോക് കുമാര്‍ വീണ്ടും ബോംബെ ടാക്കീസിന്റെ ചുക്കാനേറ്റെടുത്തു. പ്രതിസന്ധിയെ തുടര്‍ന്ന് തോലറാം ജലന്‍ എന്ന ബിസിനസുകാരന്‍ സ്റ്റുഡിയോ വിലക്ക് വാങ്ങുകയും സിനിമാ നിര്‍മ്മാണത്തിന്ന് എന്നെന്നേക്കുമായി തിരശീല താഴ്ത്തുകയും ചെയ്തു.