കടുത്തുരുത്തി: കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയിലെ നവീകരിച്ച ലൂര്‍ദ് ഗ്രോട്ടോയുടെ വെഞ്ചരിപ്പ് നടന്നു. പാലാ രൂപത വികാരി ജനറാള്‍ ഡോ. ജോസഫ് കണിയോടിക്കല്‍ ഗ്രോട്ടോയുടെ വെഞ്ചരിപ്പ് നിര്‍വഹിച്ചു.
ക്രിസ്തുവിനോടൊപ്പമായിരിക്കുകയെന്നതാണ് ക്രിസ്തുമസിന്റെ സന്ദേശമെന്ന് അദേഹം പറഞ്ഞു. ജീവതകാലം മുഴുവന്‍ ക്രിസ്തുവിനോടൊപ്പമായിരുന്ന ഏക വ്യക്തിയാണ് പരിശുദ്ധ ദൈവമാതാവ്. അമ്മയോടുള്ള ഭക്തിയും പ്രാര്‍ത്ഥനയുമാണ് ക്രിസ്തുവിനോടൊപ്പമായിരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമെന്നും ഡോ. ജോസഫ് കണിയോടിക്കല്‍ പറഞ്ഞു. വെഞ്ചരിപ്പിന് മുമ്പ് അദേഹം വിശുദ്ധ കുര്‍ബാനയര്‍പിച്ച് സന്ദേശം നല്‍കി.
ഫൊറോനാ വികാരി ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, സഹവികാരിമാരായ ഫാ. മാത്യു തയ്യില്‍, ഫാ. ജോസഫ് ചീനോത്തുപ്പറമ്പില്‍ തുടങ്ങിയവര്‍ തിരുകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കി. ക്രിസ്തുമസിനും പള്ളിയിലെ പ്രധാന തിരുനാളിനോടും അനുബന്ധിച്ചാണ് ഗ്രോട്ടോയുടെ നവീകരണം പൂര്‍ത്തിയാക്കിയത്. പള്ളിയുടെ പ്രവേശന കവാടത്തിന് സമീപത്താണ് നവീകരിച്ച ലൂര്‍ദ് ഗ്രോട്ടോ സ്ഥിതി ചെയ്യുന്നത്. വിശ്വാസികള്‍ക്ക് ഗ്രോട്ടോയ്ക്കു മുമ്പില്‍ തിരികള്‍ കത്തിച്ചു പ്രാര്‍ത്ഥിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. മോന്‍സ് ജോസഫ് എംഎല്‍എ, കൈക്കാരന്മാര്‍, ഇടവകാംഗങ്ങള്‍ തുടങ്ങി നൂറുകണക്കിനാളുകള്‍ വെഞ്ചരിപ്പിലും തിരുകര്‍മങ്ങളിലും പങ്കെടുത്തു.
ബുക്കർമാൻ ന്യൂസ്, കടുത്തുരുത്തി