കൊടുങ്ങല്ലൂർ : കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെൻറ് അതോറിട്ടിയുടെയും , ഇൻകോയിസിന്റെയും സംയുക്താഭിമുഖ്യത്തിലുൽ ‘സുനാമി മോക് ഡ്രിൽ’ എറിയാട് പഞ്ചായത്തിലെ അഴീക്കോട് മുനക്കൽ ബീച്ച് പരിസരത്ത് നടത്തി. ജില്ലാ ദുരന്തനിവാരണ വിഭാഗവും താലൂക്ക് ദുരന്ത നിവാരണ വിഭാഗവും ചേർന്നാണ് പഞ്ചായത്ത് തലത്തിൽ ഇത് നടപ്പിലാക്കുന്നത്. പങ്കെടുത്തവർക്കും കാഴ്ചക്കാർക്കും ആവേശവും അമ്പരപ്പുമുളവാക്കിയ മോക്‌ഡ്രിൽ ഒരു മണിക്കൂർ നീണ്ടുനിന്നു.
രാവിലെ 9 .30 ന് ഡിസ്ട്രിക്ട് എമർജൻസി ഓപ്പറേറ്റിങ് സെൻററിൽ നിന്ന് സുനാമി മുന്നറിയിപ്പ് മെസ്സേജ് ലഭിച്ചതോടുകൂടി മോക്ഡ്രിൽ ആരംഭിച്ചു.10 മണിക്ക് രണ്ടാമത്തെ മുന്നറിയിപ്പ് സന്ദേശം ലഭിച്ചതിനെ തുടർന്ന് താലൂക്ക് എമർജൻസി കൺട്രോൾ റൂമിൽ നിന്ന് പഞ്ചായത്തിലേക്ക് മെസ്സേജ് നൽകുന്നു. പ്രദേശത്ത് അനൗൺസ് ചെയ്യാൻ നിർദേശം. ഐആർഎസ് ടീമിനെയും വിവരം അറിയിക്കുന്നു. തുടർന്ന് ഐആർഎസ് ടീം അംഗങ്ങളുമായി എമർജൻസി മീറ്റിംഗ്. മൂന്നാമത്തെ മുന്നറിയിപ്പ് സന്ദേശം ലഭിച്ച സമയത്ത് താലൂക്ക് എമർജൻസി ഓപ്പറേറ്റീവ് സെൻററായി കേന്ദ്രീകരിച്ച അഴീക്കോട് വില്ലേജ് ഓഫീസിൽ വച്ച് IRS ടീം അംഗങ്ങളുമായി അടിയന്തിര മീറ്റിംഗ് നടത്തുന്നു. റെസ്പോൺസിബിൾ ഓഫീസറായ തൃശൂർ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ കെ ശാന്തകുമാരിയുടെ നേതൃത്വത്തിലായിരുന്നു ഈ മീറ്റിംഗ്.
തഹസിൽദാർ രേവ കെ, ഐബി സി ബി, സജി വർഗീസ്, ജോസഫ്, വേലായുധൻ കെ, ഡോക്ടർ ടോണി, ഹരിദാസ്, സുനിത എ.എസ്, അജിത കെ എസ് എന്നിവർ യഥാക്രമം ഇൻസിഡന്റ് കമാൻഡർ, ഡെപ്യൂട്ടി ഇൻസിഡന്റ് കമാൻഡർ, ഓപ്പറേഷൻ സെക്ഷൻ ചീഫ്, ലോജിസ്റ്റിക് സെക്ഷൻ ചീഫ്, പ്ലാനിങ് സെക്ഷൻ ചീഫ്, സേഫ്റ്റി ഓഫീസർ, മീഡിയ ഓഫീസർ, ലെയ്സൺ ഓഫീസർ, ഇൻഫർമേഷൻ ഓഫീസർ, എന്നീ ചുമതലകളിലായിരുന്നു പങ്കെടുത്തത്.
ഐആർഎസ് ടീം അംഗങ്ങളുടെ മീറ്റിങ്ങിൽ റെസ്പോൺസിബിൾ ഓഫീസറായ ഡെപ്യൂട്ടി കളക്ടറുടെ നിർദ്ദേശാനുസരണം വിവിധ വകുപ്പുകൾ ചെയ്യേണ്ട പ്രവർത്തനങ്ങൾ അവരുടെ ഉത്തരവാദിത്തങ്ങൾ എന്നിവ യുടെ വിശദീകരണം; അതിനാവശ്യമായ തയ്യാറെടുപ്പുകൾ. വിവിധ വകുപ്പുകൾക്ക് സുനാമി വരാൻ പോകുന്ന മേഖലയിൽ ചെയ്യേണ്ട ജോലികൾ വിഭജിച്ചു നൽകുന്നു.
മീറ്റിംഗിനു ശേഷം അടിയന്തിര രക്ഷാപ്രവർത്തനത്തിനായി സുനാമി സാധ്യത പ്രദേശങ്ങളിലേക്ക് വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ എത്തിച്ചേരുന്നു. ജില്ലാ എമർജൻസി ഓപ്പറേറ്റിങ് സെൻററിൽ നിന്നുള്ള നാലാമത്തെ മെസ്സേജ് 10.55 ന് ലഭിച്ചതോടെ ഒഴിപ്പിക്കൽ നടപടികൾ ആരംഭിക്കുന്നു. ഡോ ഭുവനേശ്വരി യുടെ നേതൃത്വത്തിൽ പ്രാഥമിക ശ്രുശ്രൂഷ ടീമും സ്ഥലത്ത് ക്യാമ്പ് ചെയ്യാനായി എത്തുന്നു. 11.30 ഓടു കൂടി ഒഴിപ്പിക്കൽ, രക്ഷാപ്രവർത്തനങ്ങൾ പൂർത്തിയായതായി പ്ലാനിങ് സെക്ഷൻ ചീഫിന്റെ അറിയിപ്പ് വരുന്നു. തുടർന്ന് പ്രവർത്തനങ്ങൾ അവസാനിപ്പിച്ചതായി ഡെപ്യൂട്ടി കളക്ടറുടെ പ്രഖ്യാപനം. ഏകാഗ്രവും അതേസമയം പ്രക്ഷുബ്ധവുമായ ഒരു മണിക്കൂർ അവസാനിക്കുമ്പോൾ ഏവർക്കും ആശ്വാസം.
സുനാമി പ്രോഗ്രാമിൽ പങ്കെടുത്ത വിവിധ ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾ വിശകലനം ചെയ്യുന്നതിനും ന്യൂനതകളും നേട്ടങ്ങളും പരിശോധിക്കുന്നതിനുമായി അഴീക്കോട് കേരളാ മാരിടൈം ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് അവലോകന യോഗം ചേർന്നു. മോക്ഡ്രിൽ വിജയകരമായി പൂർത്തീകരിക്കുവാൻ സാധിച്ചതായി യോഗം വിലയിരുത്തി. സുനാമി മോക്ഡ്രിൽ പ്രോഗ്രാമിന് വിവിധ വകുപ്പുതല ഉദ്യോഗസ്ഥരും അഷ്റഫിൻ്റെ നേതൃത്വത്തിൽ കടലോര ജാഗ്രത സമിതി അംഗങ്ങളും സിവിൽ ഡിഫൻസും ആപതാമിത്ര അംഗങ്ങളും പങ്കെടുത്തു. അഴീക്കോട് മുനക്കൽ ബീച്ച് സമീപമുള്ള സുനാമി ഷെൽട്ടറാണ് ക്യാമ്പായി സജ്ജീകരിച്ചത്. സമീപത്തുള്ള സബ് സെൻറർ ആശുപത്രിയായും പ്രവർത്തിച്ചു. ക്യാമ്പായി പ്രവർത്തിച്ച സുനാമി ഷെൽട്ടറിൽ അഴീക്കോട് വില്ലേജ് ഓഫീസർ ബാലകൃഷ്ണൻ പി വി,എസ് വി ഒ നവനീത് എന്നിവർ ക്യാമ്പ് സജ്ജീകരണങ്ങൾ നടത്തി.
എറിയാട് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ കെ പി രാജൻ, സെക്രട്ടറി സറീന, പതിനേഴാം വാർഡ് മെമ്പർ എന്നിവർ പഞ്ചായത്ത് അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.