വിശാലും ആര്‍ജനും മുഖ്യകഥാപാത്രങ്ങളായി എത്തിയ തമിഴ്ചിത്രമായിരുന്നു ഇരുമ്പുതിറൈ. പി.എസ് മിത്രന്‍ സംവിധാനം ചെയ്ത ചിത്രം സൈബര്‍ ക്രൈമിനെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. ആളുകളുടെ സ്വകാര്യ വിവരങ്ങളടക്കം ശേഖരിക്കുന്ന ഡേറ്റയുടെ പ്രധാന്യം എത്രമാത്രമെന്ന് സിനിമ കാണിച്ചു തരുന്നു. ഡേറ്റയാണ് ഇനിയുള്ള ലോകവ്യാപാര വിപണിയെ നിയന്ത്രിക്കുക എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഫേസ്ബുക്കുമായി ബന്ധപ്പെട്ട കേംബ്രിഡ്ജ് അനലറ്റിക, ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട സ്വകാര്യത, സ്പ്രിംഗ്ലര്‍ വിവാദം തുടങ്ങി ഡാറ്റയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നിരവധിയാണ്. ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സ് ആപ്പ് അതിന്റെ പ്രൈവസി പോളിസി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പുറത്തുവിട്ട പുതിയ വ്യവസ്ഥകള്‍ ടെക്ക് ലോകത്ത് ഡേറ്റാ കൈമാറ്റവുമായി ബന്ധപ്പെട്ട് വീണ്ടും ചൂടുള്ള ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി. ഫെബ്രുവരി എട്ട് മുതല്‍ വാട്സ് ആപ്പ് അതിന്റെ സ്വകാര്യ നയം അപ്ഡാറ്റ് ചെയ്യുന്നതായി പ്രഖ്യാപിച്ചിരുന്നെങ്കിലും വിഷയം കൂടുതല്‍ ചര്‍ച്ചയായതിന് പിന്നാലെ മേയ് വരെ പുതിയ നയം നടപ്പാക്കില്ലെന്നാണ് വാട്സ് ആപ്പ് വ്യക്തമാക്കുന്നത്. പുതിയ വ്യവസ്ഥ ഒരാളുടെ സ്വകാര്യ ചാറ്റ് വിവരങ്ങളെ ബാധിക്കില്ലെന്ന് ഉറപ്പുനല്‍കുമ്പോഴും ചില സുപ്രധാന ഡാറ്റകള്‍ മാതൃ കമ്പനിയായ ഫേസ്ബുക്കിന് നല്‍കുമെന്ന് വാട്സ് ആപ്പ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
2004ല്‍ ആരംഭിച്ച ഫേസ്ബുക്ക് ജനകീയമായിരിക്കേയാണ് 2009 ല്‍ വലിയ സ്വീകാര്യതയോടെ വാട്സ് ആപ്പിന്റെ രംഗപ്രവേശനം. പിന്നീട് നേരിട്ട് പരസ്യ വിപണനത്തിന് സാധ്യതയില്ലാത്ത വാട്സ് ആപ്പിനെ 28,000 കോടി രൂപ എന്ന വലിയ തുകക്ക് വാങ്ങിയത് സംബന്ധിച്ച് പല ചര്‍ച്ചകളും ടെക്ക് ലോകത്ത് ഉടലെടുത്തിരുന്നു. എന്നാല്‍ ഇന്ന് ആഗോള തലത്തില്‍ 200 കോടിയും ഇന്ത്യയില്‍ 40 കോടിയോളവും ഉപഭോക്താക്കള്‍ വാട്സ് ആപ്പിനുണ്ട്. ഈ ഉപഭോക്താക്കളുടെ ചില സുപ്രധാന ഡാറ്റയാണ് വാട്സ് ആപ്പ് പുതിയ സ്വകാര്യതാ നയത്തിലൂടെ ഫേസ്ബുക്കിന് നല്‍കുന്നത്. നവമാധ്യമലോകത്ത് ചെറുപ്പക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ സജീവമായ ഇന്‍സ്റ്റഗ്രാമും ഫേസ്ബുക്കിന്റെ ഉടമസ്ഥതയില്‍ ആയതോടെ സാമൂഹിക മാധ്യമ ഉപഭോക്താക്കളുടെ കുത്തകയായി ഇതിനകം ഫേസ്ബുക്ക് മാറി.
പുതിയ സ്വകാര്യതാ നയം ഇന്ത്യയില്‍ നടപ്പാക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ വാട്സ് ആപ്പിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇക്കാര്യം ഉന്നയിച്ച് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം വാട്സ് ആപ്പിന് കത്തെഴുതിയിട്ടുണ്ട്. 130 കോടിയിലധികം ജനസംഖ്യയുള്ള ഇന്ത്യയെ ഏറ്റവും വലിയ വിപണിയായാണ് ഫേസ്ബുക്ക് കാണുന്നത്. അതിന്റെ ഭാഗമായാണ് വാട്സ് ആപ്പ് പേ, വാട്‌സ് ആപ്പില്‍ ഷോപ്പിംഗ് ഓപ്ഷന്‍ തുടങ്ങിയ സംവിധാനങ്ങള്‍ അവതരിപ്പിച്ചത്.ഇതുവഴി വലിയൊരു വിഭാഗത്തിന്റെ ബാങ്ക് സംബന്ധമായ വിവരങ്ങളും ഫേസ്ബുക്കിന് ലഭിക്കും. പ്രൈവസി പോളിസിയിലും നയപരമായ മറ്റ് പല കാര്യങ്ങളിലും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് വിഭിന്നമായാണ് ഇന്ത്യയില്‍ വാട്സ് ആപ്പ് പ്രവര്‍ത്തിക്കുന്നത്. യൂറോപ്യന്‍ പാര്‍ലമെന്റ് ഇത്തരം സ്വകാര്യതാ നയങ്ങളില്‍ കണിശമായ നിലപാടുകള്‍ എടുക്കുമ്പോള്‍ ഇന്ത്യയില്‍ അത് വളരെ ഉദാരമാണ്.
നിത്യജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞ സമൂഹമാധ്യമങ്ങള്‍ വിട്ടുനില്‍ക്കുക എന്നത് സാധ്യമായ കാര്യമല്ല. അതുകൊണ്ടുതന്നെ മുഴുവനായി ഡിജിറ്റല്‍ വത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കാലത്ത് പൂര്‍ണ സ്വകാര്യത സംബന്ധിച്ച് ആശങ്കപ്പെടുന്നതില്‍ അര്‍ഥമില്ല. അതേസമയം ഭരണകൂടങ്ങളുടെ കൃത്യമായ ഇടപെടല്‍ മൂലം ഒരു പരിധി വരെ ഇത്തരം കമ്പനികളെ ഓഡിറ്റ് ചെയ്യാനും അനാവശ്യ കടന്നുകയറ്റം നിയന്ത്രിക്കാനും സാധിക്കും. അല്ലെങ്കില്‍ തുടക്കത്തില്‍ ഉപ്പ് വ്യാപാരത്തിന് ഇന്ത്യയിലേക്ക് വന്ന ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യയുടെ ഭരണം തന്നെ കൈയാളിയതിന് സമാനമായ രീതിയിലേക്ക് ഈ കുത്തക കമ്പനികളും എത്തിച്ചേരുന്ന നാളുകള്‍ വിദൂരമല്ല. ആസ്േ്രടലിയന്‍ പാര്‍ലമെന്റ് പാസാക്കിയ നിയമവുമായി ബന്ധപ്പെട്ട് ആ രാജ്യത്ത് നിന്ന് പിന്മാറുമെന്ന് ഭീഷണിപ്പെടുത്തുകയാണ് ഗൂഗിളും ഫേസ്ബുക്കും. സാമൂഹ്യമാധ്യമങ്ങളിലൂടെ ഉപയോക്താക്കളില്‍ എത്തുന്ന വാര്‍ത്തകള്‍ക്ക് മാധ്യമ സ്ഥാപനങ്ങള്‍ക്ക് പണം നല്‍കണം എന്നാണ് ആസ്േ്രടലിയന്‍ പാര്‍ലമെന്റ് പാസാക്കിയ പുതിയ നിയമത്തിലെ വ്യവസ്ഥ. ഇന്റര്‍നെറ്റ് അതിപ്രസരം കൊണ്ട് രാജ്യത്തെ മാധ്യമ സ്ഥാപനങ്ങള്‍ നേരിടുന്ന പ്രതിസന്ധി മറികടക്കുക എന്നതാണ് പുതിയ നിയമം വഴി ലക്ഷ്യമിടുന്നത്. പരസ്യ വരുമാനം കുത്തനെ കുറഞ്ഞ മാധ്യമങ്ങള്‍ക്ക് അവരുടെ അധ്വാനവും റോയല്‍റ്റിയും വച്ച് സാമൂഹിക മാധ്യമങ്ങള്‍ പണം നല്‍കണമെന്നാണ് വ്യവസ്ഥ. മാധ്യമ സ്ഥാപനങ്ങള്‍ക്ക് അവരുടെ കണ്ടന്റ് ചെലവഴിക്കപ്പെടുന്ന സ്ഥലങ്ങളില്‍ നിന്ന് പണം നല്‍കണമെന്ന ആവശ്യം മുമ്പും ചര്‍ച്ചയായിരുന്നു. ഭാവിയില്‍ ഇന്ത്യയടക്കമുള്ള സ്ഥലങ്ങളില്‍ ഇത്തരത്തിലുള്ള നിയമങ്ങള്‍ ഉണ്ടാകുമോ എന്ന ഭയമാണ് ഗൂഗിളിന്റെ ഭീഷണിക്ക് പിന്നില്‍. വാട്സ് ആപ്പ് അതിന്റെ പോളിസി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ പുറത്തുവന്നത് മുതല്‍ സിഗ്നല്‍, ടെലഗ്രാം പോലുള്ള ബദല്‍ മാര്‍ഗങ്ങളിലേക്ക് ആളുകള്‍ മാറുന്നതും ടെക്ക് ലോകത്ത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഈ കാലഘട്ടത്തില്‍ ഡേറ്റയാണ് ബിസിനസിലെ ഏറ്റവും വലിയ മൂലധനം എന്നതിലേക്ക് കാര്യങ്ങള്‍ അതിവേഗം എത്തിക്കൊണ്ടിരിക്കുകയാണ്. ഓരോ രാജ്യത്തെയും പൗരന്‍മാരുടെ സ്വകാര്യതയിലേക്കുള്ള അമിതമായ കടന്നുകയറ്റം ചെറുക്കേണ്ടത് ഭരണകൂടങ്ങളില്‍ നിക്ഷിപ്തമാണ്.