അയൽരാജ്യമായ ശ്രീലങ്കയിൽ മാർക്സിസ്റ്റ് നേതാവ് അനുര കുമാര ഡിസനായകെ (എ കെ ഡി) പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. അഴിമതിയും സ്വജന പക്ഷപാതവും ഏകാധിപത്യ രീതികളും കൊണ്ട് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയ ഭരണകൂടങ്ങൾക്ക് ശ്രീലങ്കൻ ജനതയുടെ ശക്തമായ മറുപടിയായി വോട്ടെടുപ്പ്. ശ്രീലങ്കയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയായ ‘ജനതാ വിമുക്തി പെരമുന’ ഇടതു മുന്നണിയായ ‘നാഷണൽ പീപ്പിൾസ് പവറി’ൻ്റെ ഭാഗമായി നിന്നാണ് മത്സരിച്ചത്.
ചരിത്രത്തിലാദ്യമായി രണ്ടാംഘട്ട വോട്ടെണ്ണലും നടന്നു. ആദ്യഘട്ടത്തിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം കിട്ടാതെ വന്നതാണ് കാരണം. ഈ ഘട്ടത്തിൽ 17 ശതമാനം വോട്ട് മാത്രം നേടി പുറത്തായ റനിൽ വിക്രമ സിംഗെയുടെ പിന്തുണക്കാർ രണ്ടാമതായി ‘പ്രിഫറൻഷ്യൽ വോട്ട്’ നൽകിയിരുന്നത് അനുരക്കായിരുന്നു. ഇതുകൂടി ചേർത്താണ് വിജയിയെ പ്രഖ്യാപിച്ചത്. വോട്ടർമാർക്ക് ബാലറ്റുപേപ്പറിൽ മൂന്ന് സ്ഥാനാർത്ഥികൾക്ക് മുൻഗണനാ വോട്ടു നൽകാം.
നൂറ്റാണ്ടുകളായുള്ള ശ്രീലങ്കൻ ജനതയുടെ സ്വപ്നമാണ് പൂർത്തീകരിക്കുന്നതെന്നായിരുന്നു നിയുക്ത പ്രസിഡണ്ടിന്റെ പ്രതികരണം. നേപ്പാളിന് ശേഷം ദക്ഷിണേഷ്യയിൽ തിരഞ്ഞെടുപ്പിലൂടെ ദേശീയാധികാരത്തിൽ വരുന്ന കമ്മ്യൂണിസ്റ്റ് ഭരണമാണ് ലങ്കയിലേത്.