ബുക്കർമാൻ മീഡിയ ഗ്രൂപ്പ് നൽകുന്ന മൂന്നാമത് ‘ടാഗോർ സ്മൃതി പുരസ്കാർ’ പ്രഖ്യാപിച്ചു. തമിഴ് സാഹിത്യകാരനും വിവർത്തകനും പ്രസാധകനും വിശാലചിന്താഗതിക്കാരനുമായ കുറിഞ്ചിവേലനാണ് ഈ വർഷത്തെ പുരസ്കാരം. 10001 രൂപയും പ്രശസ്തി പത്രവും സുധി അന്ന ( സംവിധായകൻ, ചിത്രകാരൻ) രൂപകല്പന ചെയ്ത ശില്പവുമാണ് അവാർഡ്.
ഇന്ത്യയിലെയും മറ്റ് രാജ്യങ്ങളിലേയും സാഹിത്യകൃതികൾ തമിഴിലേക്ക് കൊണ്ടുവരാനും യുവ വിവർത്തകരെ സൃഷ്ടിക്കാനും തമിഴിലെ മികച്ച കൃതികൾ മറ്റ് ഭാഷകളിലേക്ക് എത്തിക്കാനും അദ്ദേഹം നിരന്തരം പ്രവർത്തിച്ചു വരുന്നു. വിവിധ രാജ്യങ്ങളിലെ സംസ്കാരവും ജീവിതവും പരസ്പരം പകർന്നു നൽകുക എന്നതായിരുന്നു ഇതിന്റെ ഉദ്ദേശം. വിശാലമായ വായന ഒരുക്കുന്ന വലിയൊരു പബ്ലിക് ലൈബ്രറിയാണ് അദ്ദേഹത്തിന്റെ സ്വപ്നം. കഴിഞ്ഞ ആറു പതിറ്റാണ്ടുകളായി മലയാളത്തിലെ മൂന്ന് തലമുറകളിലെ എഴുത്തുകാരുടെ കൃതികൾ ഇദ്ദേഹം തമിഴിലേക്ക് വിവർത്തനം നടത്തിയിട്ടുണ്ട്. എസ് കെ പൊറ്റക്കാട്, മലയാറ്റൂർ രാമകൃഷ്ണൻ, എം ടി വാസുദേവൻ നായർ, ആനന്ദ്, സേതു, വിലാസിനി, ടി ഡി രാമകൃഷ്ണൻ, സി എസ് ചന്ദ്രിക തുടങ്ങിയവരുടെ കൃതികൾ തമിഴിലേക്ക് ഭാഷാന്തരം നടത്തിയിട്ടുണ്ട്. ‘രണ്ടാമൂഴ’ത്തിന്റെ പരിഭാഷ പ്രത്യേക ശ്രദ്ധ നേടിയിരുന്നു. എൺപത്തിരണ്ടുകാരനായ അദ്ദേഹത്തിന്റെ നാട്ടിലെത്തിയായിരിക്കും പുരസ്കാരസമർപ്പണം നടത്തുക.
ഐക്യത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുന്നതിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച വ്യക്തികളെ ആദരിക്കാനും ആഘോഷിക്കാനും ലക്ഷ്യമിട്ട് ബുക്കർമാൻ നൽകുന്ന പ്രത്യേക പുരസ്‌കാരമാണ് ‘ടാഗോർ സ്മൃതി പുരസ്കാർ ‘. ഷൗക്കത്ത് (കേരളം), പ്രഹ്ലാദ് സിങ് ടിപാനിയ (മധ്യപ്രദേശ്) എന്നിവർക്കായിരുന്നു മുൻവർഷങ്ങളിലെ പുരസ്കാരം.