കൊച്ചി: വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് നടത്തിയ സമരങ്ങൾക്ക് നേതൃത്വം നൽകിയവരെ വേട്ടയാടാനുള്ള സർക്കാരിന്റെ നിലപാട് അപലപനീയമാണെന്ന് കേരള ഡെമോക്രാറ്റിക് പാർട്ടി. വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ മനുഷ്യജീവൻ പൊലിയുന്നത് തുടർക്കഥകളാവുമ്പോൾ ജനങ്ങൾ പ്രതിഷേധിക്കുന്നതും ജനനേതാക്കൾ അത്തരം പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്നതും സർവ്വസാധാരണമാണ്. ജനാധിപത്യ സംവിധാനം പുലരുന്ന നാട്ടിൽ അത്തരം പ്രതിഷേധസമരങ്ങൾക്ക് നേതൃത്വം നൽകുന്നവരെ പോലീസ് വളരെ മൃഗീയമായി കൈകാര്യം ചെയ്യുന്നതും ജാമ്യമില്ലാ വകുപ്പുകളുപയോഗിച്ച് കേസെടുക്കുന്നതും അംഗീകരിക്കാനാവില്ല. ഇത് തീക്കൊള്ളി കൊണ്ട് തലചൊറിയുന്നതിന് സമാനമാണെന്ന് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് വേലായുധൻ, ട്രഷറർ സിബി തോമസ് എന്നിവർ മുന്നറിയിപ്പ് നൽകി.
എറണാകുളത്ത് ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ്, മാത്യു കുഴൽനാടൻ എംഎൽഎ എന്നിവരെയും കോഴിക്കോട് ഡിസിസി പ്രസിഡണ്ട് കെ.പ്രവീൺ കുമാർ ഉൾപ്പടെയുള്ള നേതാക്കളെയും പോലീസ് നേരിട്ട രീതി തികച്ചും അപലപനീയമാണ്. ഇത് തുടരാനാണ് ഭാവമെങ്കിൽ കേരളം സമാനതകളില്ലാത്ത സമരങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടിവരുമെന്ന് കെഡിപി നേതാക്കൾ പറഞ്ഞു.