നന്ദാദേവി ബയോസ്ഫിയര്‍ റിസര്‍വിലെ ധൗലി ഗംഗ താഴ്വരയില്‍ സ്ഥിതി ചെയ്യുന്ന മലാരി അത്ഭുതങ്ങള്‍ ഏറെ ഒളിപ്പിച്ചുവെച്ച ഗ്രാമമാണ്. പുരാതനമായ ഹിമാലയന്‍ ഗ്രാമം മഞ്ഞുപൊതിഞ്ഞ പര്‍വതങ്ങളാല്‍ ചുറ്റപ്പെട്ടു കിടക്കുകയാണ്. വിനോദ സഞ്ചാരികള്‍ മലാരിയെ ഉത്തരാഖണ്ഡിലെ ടിബറ്റ് എന്നാണ് വിളിക്കുന്നത്. എത്തിച്ചേരുവാന്‍ വളരെ ബുദ്ധിമുട്ടുള്ള ഗ്രാമം ചമോലി ജില്ലയിലെ ജോഷിമഠില്‍ നിന്നും 60 കിലോമീറ്റര്‍ ഉള്ളിലായാണ് സ്ഥിതി ചെയ്യുന്നത്. ഗ്രാമത്തിന്റെ അങ്ങേയറ്റത്തെ ഒറ്റപ്പെടലും കനത്ത മഞ്ഞുവീഴ്ചയും കണക്കിലെടുക്കുമ്പോള്‍ ശൈത്യകാലത്ത് ഇവിടെ എത്തിച്ചേരുക ദുഷ്‌കരമാണ്. ഗ്രാമവാസികളും ശൈത്യകാലത്തേക്ക് താഴെ പ്രദേശങ്ങളിലേക്ക് താമസം മാറ്റുകയാണ് പതിവ്. സമുദ്രനിരപ്പില്‍ നിന്നും 3040 മീറ്റര്‍ ഉയരത്തില്‍ ഇന്‍ഡോ-ടിബറ്റന്‍ അതിര്‍ത്തിയോട് ചേര്‍ന്നാണ് മലാരിയുടെ സ്ഥാനം. മലാരിയില്‍ നിന്നുള്ള റോഡ് ചൈന-ടിബറ്റ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള നിതി പാസിലേക്ക് പോകുന്നു. ഉത്തരാഖണ്ഡിലെ ഭോട്ടിയ എന്നറിയപ്പെടുന്ന ഇന്തോ-മംഗോളിയന്‍ ഗോത്രക്കാര്‍ ആണ് മലാരി ഗ്രാമത്തില്‍ വസിക്കുന്നവര്‍.
സാധാരണയായി കഠിന ശൈത്യം അനുഭവപ്പെടുന്ന ഇവിടെ മഞ്ഞുകാലത്ത് ജീവിക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. അതിനാല്‍ ഈ സമയത്ത് ഗ്രാമീണര്‍ താഴ്‌വാരങ്ങളിലേക്ക് താമസം മാറ്റുകയും ശൈത്യം അവസാനിക്കുന്ന ഏപ്രില്‍ മാസത്തോടെ ഗ്രാമത്തിലേക്ക് തിരികെ വരുകയും ചെയ്യുന്നു. പിന്നെ അടുത്ത ശൈത്യകാലം വരെ നീളുന്ന താമസത്തിനായുള്ള ഒരുക്കങ്ങളാണ്. ആടുകളെ വളര്‍ത്തലും ധാന്യങ്ങളുടെ കൃഷിയും ആണ് ഇവരുടെ പ്രധാന വരുമാന മാര്‍ഗം. വാലി ഓഫ് പെര്‍ഫ്യും എന്നറിയപ്പെടുന്ന മാലാരിയാണ് സ്ഥിതി ചെയ്യുന്നത്. അതിമനോഹരമായ സുഗന്ധം ഉണ്ടാക്കുന്നവയാണ് ഇവിടുത്തെ പൂക്കള്‍ക്ക്.
പുരാണങ്ങളിലും ചരിത്രത്തിലും ഏറെ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഇടമാണ് പൂക്കളുടെ താഴ്‌വര. ഭാരതീയ ഇതിഹാസങ്ങളില്‍ കദളീവനം എന്നും ബ്രഹ്‌മകമലം പൂക്കുന്ന ഇടമെന്നും അറിയപ്പെടുന്നതും ഇതേ പൂക്കളുടെ താഴ്‌വരയാണ്. കോടമഞ്ഞും കല്ലുപാകിയ വഴികളും കിലോമീറ്ററുകളോളം നീളത്തില്‍ വിരിഞ്ഞു നില്‍ക്കുന്ന പൂക്കളും ചേരുമ്പോള്‍ പൂക്കളുടെ താഴ്‌വരയായി. എത്ര കണ്ടാലും തീരാത്ത കാഴ്ചകളും കണ്ണിനെത്തുവാന്‍ കഴിയുന്നതിലും അകലെയകലെയായുള്ള പൂക്കളും ഈ പ്രദേശത്തിന്റെ മാറ്റ് കൂട്ടുന്നു. 1931 ലാണ് ബ്രിട്ടീഷ് പര്‍വ്വതാരോഹകരായ ഫ്രാങ്ക് എസ് സ്മിത്ത്, എറിക് ഷിപ്റ്റണ്‍, ഹോര്‍ഡ്‌സ്വെര്‍ത്ത് എന്നിവര്‍ വഴിതെറ്റി ഇവിടെ എത്തുന്നത്. ഹിമാലയത്തിലെ കോമറ്റ് കൊടുമുടിയുടെ ഉയരം അളക്കുവാന്‍ പോയ അവര്‍ക്ക് മടക്ക യാത്രയില്‍ വഴിതെറ്റുകയായിരുന്നു. ദിശയറിയാതെ ഏറെ അലഞ്ഞുതിരിഞ്ഞ ശേഷം എത്തിച്ചേര്‍ന്നത് തരാതരം പൂക്കള്‍ വിടര്‍ന്നുലഞ്ഞ് പൂത്തു നില്‍ക്കുന്ന ഈ പൂക്കളുടെ താഴ്‌വരയിലായിരുന്നു.
ഹൈക്കിങ്ങുകള്‍ക്കായി നിരവധി റൂട്ടുകള്‍ ഇവിടെ കാണാന്‍ സാധിക്കും. നന്ദാദേവി പീക്ക് ട്രെക്കിന്റെ ബേസ് ക്യാമ്പ് സ്ഥിതി ചെയ്യുന്നത് മലാരിയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയാണ്. രാമായണത്തില്‍ രാമരാവണ യുദ്ധത്തില്‍ പരുക്കേറ്റ ലക്ഷ്മണനെ സുഖപ്പെടുത്താന്‍ ഹനുമാന്‍ മൃതസഞ്ജിവനിയെ കൊണ്ടുവന്ന സ്ഥലമെന്ന് കരുതപ്പെടുന്ന കരുതുന്ന ദ്രോണഗിരി. മലാരിയില്‍ നിന്ന് 18 കിലോമീറ്റര്‍ അകലെയുള്ള നിതി ടിബറ്റിന്റെ അതിര്‍ത്തിയിലുള്ള ഇന്ത്യയിലെ അവസാന ഗ്രാമമാണ്. 3600 മീറ്റര്‍ ഉയരത്തില്‍ നിതി തെക്കന്‍ ടിബറ്റന്‍ അതിര്‍ത്തിക്കടുത്താണ് സ്ഥിതി ചെയ്യുന്നത്. 5800 മീറ്ററില്‍ സ്ഥിതി ചെയ്യുന്ന നിതി പാസ് ഇന്ത്യയെ ടിബറ്റുമായി ബന്ധിപ്പിക്കുന്നു. നിതി പാസ് ഇന്ത്യയെയും ടിബറ്റിനെയും വ്യാപാര വഴിയില്‍ ബന്ധിപ്പിക്കുന്ന പുരാതനമായ ഒരു പാത ഇവിടെ നിലനിന്നിരുന്നു. മലാരിയിലേക്കുള്ള യാത്രയ്ക്കിടെ ഹിമാലയന്‍ താര്‍സ്, കസ്തൂരിമാന്‍, പര്‍വത ആടുകള്‍, മഞ്ഞു പുള്ളിപ്പുലികള്‍ എന്നിവയുള്‍പ്പെടെ ധാരാളം ഹിമാലയന്‍ വന്യജീവികളെ യാത്രയില്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും.