സൈഗാള്‍… ചരിത്രത്തില്‍ ഈ നാമം കേള്‍ക്കാത്ത തലമുറകള്‍ ഉണ്ടാവില്ല ! ആ വിഷാദമുഖഭാവം, അലസമായ തലമുടി, നിരാശ പ്രതിധ്വനിക്കുന്ന അനുരണനശബ്ദം എന്നിവയൊക്കെ നമ്മേ ഉന്മാദത്തിലേക്കു നയിച്ചു. പാട്ടുകാരുടെ പെരുന്തച്ചനായ ഗായകനും അഭിനേതാവുമായിരുന്ന സൈഗാല്‍ ഹൃദയഹാരിയായ വരികളിലൂടെ ഇന്ത്യന്‍ സംഗീത സരണികളില്‍ ഇന്നും ജീവിച്ചിരിക്കുന്നു. ഇദ്ദേഹത്തെ ഹിന്ദിചലച്ചിത്ര വ്യവസായത്തിന്റെ ആദ്യ സൂപ്പര്‍സ്റ്റാറായി കണക്കാക്കപ്പെടുന്നു. സൈഗാള്‍ ആലപിച്ച 188 ഗാനങ്ങളില്‍ 145 എണ്ണം സിനിമാഗാനങ്ങളും 43 എണ്ണം സിനിമേതര ഗാനങ്ങളുമായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിലെ ഇന്ത്യന്‍ പിന്നണി ഗായകരുടെ സ്വപ്‌നങ്ങളായിരുന്നു സൈഗാളിനെ പോലെ പാടുകയെന്നത്. മുഹമ്മദ് റാഫിയെന്ന മഹാഗായകന്റെ പിറവിയും സൈഗാളിന്റെ അനുഗ്രഹാശിസുകളോടെ ആയിരുന്നു. സൈഗാളിന്റെ നാമത്തില്‍ ‘സോജാ രാത് കുമാരി ‘ എന്ന ഗാന ശീര്‍ഷകങ്ങളിലൂടെ രാജ്യത്ത് നിരവധി വേദികളില്‍ ഇപ്പോഴും അദ്ദേഹം അനുസ്മരിക്കപ്പെടുന്നു. 1935ല്‍ പുറത്തിറങ്ങിയ ദേവദാസില്‍ പ്രധാന കഥാപാത്രമായ ദേവദാസിനെ അവതരിപ്പിച്ചതോടെ ഒരു നടന്‍ എന്ന നിലയില്‍ അദ്ദേഹം ഇന്ത്യന്‍ പ്രേക്ഷകരുടെ ഇടയില്‍ സ്ഥാനം നേടി. തെരുവു ഗായകന്‍ എന്ന ഹിന്ദി സിനിമയില്‍ അദ്ദേഹം പാടി അഭിനയിച്ച ‘ബാബുല്‍ മോറ’ എന്ന ഗാനം ഒരേസമയം നടനെന്ന നിലയിലും ഗായകനെന്ന നിലയിലും അദ്ദേഹത്തെ പ്രശസ്തനാക്കി. 15 വര്‍ഷം മാത്രം നീണ്ടുനിന്ന സിനിമാജീവിതത്തില്‍ 36 സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു. ഇതില്‍ 28 എണ്ണം ഹിന്ദി, ഉറുദു ഭാഷകളിലായിരുന്നു. എഴ് ബംഗാളി സിനിമകളിലും ഒരു തമിഴ് ചിത്രത്തിലും അദ്ദേഹം അഭിനയിച്ചു.
1904 ഏപ്രില്‍ 11ന് ജമ്മുവിലാണ് കുന്ദന്‍ ലാല്‍ സൈഗാല്‍ എന്ന സൈഗാള്‍ ജനിച്ചത്. അച്ഛന്‍ രാംചന്ദ് സൈഗാള്‍ മഹാരാജാ പ്രതാപ്സിങ്ങിന്റെ കോടതിയിലായിരുന്നു ജോലി. 12 വയസുള്ളപ്പോള്‍ കുന്ദന്‍ കോടതിയില്‍ ഒരു മീരാഭജന്‍പാടി മഹാരാജാവിനെ അത്ഭുതപ്പെടുത്തി. ബാലന് ഗായകനെന്ന നിലയില്‍ ശോഭനമായ ഭാവിയുണ്ടെന്ന് മഹാരാജാവ് പ്രവചിക്കുകയും ചെയ്തിരുന്നു. കുട്ടിക്കാലത്ത് ജമ്മുവിലെ രാംലീലയില്‍ സീതയുടെ വേഷം കുന്ദന്‍ അവതരിപ്പിച്ചിട്ടുണ്ട്. എന്നിരുന്നാലും യുവ കുന്ദന്റെ കലാപരമായ ഭാവിയില്‍ അച്ഛന് തീര്‍ത്തും ആശങ്കയയായിരുന്നു. അവന് തീരെ ഇഷ്ടമല്ലാത്തപഠനം പിന്തുടരാനായിരുന്നു അച്ഛന്‍ ആഗ്രഹിച്ചിരുന്നത്. കുന്ദന്റെ അമ്മ അവനെ ഭജനകള്‍ കേള്‍ക്കാന്‍ കൊണ്ടുപോകുമായിരുന്നു. ഒരിക്കല്‍ അവര്‍ അവനെ സൂഫി-പിര്‍ സല്‍മാന്‍ യൂസഫിന്റെ അടുത്തേക്ക് കൊണ്ടുപോയി. അദ്ദേഹം അവനെ ശോഭയുള്ള സംഗീതജീവിതത്തിനായി അനുഗ്രഹിച്ചു. കോടതിയില്‍ നിന്ന് വിരമിച്ചശേഷം അമര്‍ചന്ദ് കുടുംബത്തോടൊപ്പം താമസമാക്കിയ ജല്ലുന്ദറില്‍ വെച്ച്, കുന്ദന്‍ പഞ്ചാബി ഗാനങ്ങള്‍ ആലപിക്കാന്‍ പഠിച്ചു. ഉസ്താദ് ഫയാസ്ഖാന്റെ ശിഷ്യനാകാനായി ആഗ്രഹിച്ചിരുന്നു. സൈഗാളിന്റെ ഗാനാലാപനം ശ്രവിച്ച ഖാന്‍ സാഹിബ് പിന്നീട് പറഞ്ഞു ‘നിങ്ങളെ, നിങ്ങളെക്കാള്‍ മികച്ച ഗായകനാക്കാനുള്ള ജ്ഞാനമൊന്നും എന്റെ കൈവശമില്ല’ വീട്ടിലെ കര്‍ശനമായ അന്തരീക്ഷം കുന്ദനെ ആരെയും അറിയിക്കാതെ വീട് വിടാന്‍ പ്രേരിപ്പിച്ചു. പിന്നീടു ജീവിക്കാനായി റെയില്‍വേ ടൈംകീപ്പര്‍, ഹോട്ടല്‍മാനേജര്‍, സെയില്‍സ് മാന്‍ എന്നി നിലകളിലെല്ലാം ജോലി ചെയ്തു.
ഈ ദിനങ്ങളില്‍ കുന്ദന്‍ സൗഹൃദവലയങ്ങളില്‍ പാടുമായിരുന്നു. അത്തരമൊരു കച്ചേരിയില്‍, അവിടെയുണ്ടായിരുന്ന ഹിന്ദുസ്ഥാന്‍ റെക്കോര്‍ഡ്സ് കമ്പനിയുടെ വില്പന പ്രതിനിധികള്‍ അദ്ദേഹത്തെ അന്നത്തെ ഇന്ത്യന്‍ സിനിമയുടെ കേന്ദ്രമായ കൊല്‍ക്കത്തയിലേക്ക് പോകാന്‍ പ്രേരിപ്പിച്ചു. ആര്‍.സി ബോറല്‍, പങ്കജ് മുള്ളിക്, തിമിര്‍ ബാരന്‍ എന്നിവര്‍ ചേര്‍ന്ന് സൈഗലിന്റെ ശൈലിയെ മറ്റൊരുതലത്തിലേക്ക് രൂപാന്തരപ്പെടുത്തിയത്. ”മൊഹബത്ത് കെ ആസൂ” (1932) ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യകാല വിജയം.
സൈഗാള്‍ ആദ്യ മൂന്ന് ചിത്രങ്ങള്‍ക്ക് സൈഗാള്‍ കശ്മീരി എന്ന പേര് ഉപയോഗിക്കുകയും ‘യഹൂദി കി ലഡ്കിയിലൂടെ (1933) കുന്ദന്‍ ലാല്‍ സൈഗാള്‍ എന്ന സ്വന്തം പേര് ഉപയോഗിച്ച് തുടങ്ങുകയും ചെയ്തു. മുപ്പതുകളിലും നാല്‍പ്പതുകളിലും സംഗീതാത്മക മെലോഡ്രമറ്റിക് അഭിനയത്തിന് സ്വരം നല്‍കിയ ഇന്ത്യന്‍ സിനിമയിലെ ആദ്യ പുരുഷനടനും ഗായകനുമായിരുന്നു അദ്ദേഹം. ദൈവാനുഗ്രഹമായി ലഭിച്ച ശബ്ദവും അതുല്യമായ ശൈലിയും അക്കാലത്തെ സംഗീതത്തിന് തികച്ചും പുതിയമാനം നല്‍കി. ആ മാനം തന്നെയാണ് അദ്ദേഹത്തിന്റെ സംഗീതത്തെ ഇത്രകണ്ട് ജനങ്ങളിലേക്കെത്തിച്ചതും തലമുറകള്‍ കൈമാറി ഇന്നും അവ അമൂല്യമായി നിലകൊള്ളുന്നതും.
1934 ല്‍ ചന്തുദാസിന്റെ വിജയം അദ്ദേഹത്തെ ഒറ്റ രാത്രി കൊണ്ട് ഒരു താരമാക്കി. അധികം വൈകാതെ 1935ല്‍ ‘ദേവദാസ്’ അദ്ദേഹത്തെ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് നയിച്ചു. ബാലം ആന്‍ ബസോ മോണ്‍ മാന്‍ മെന്‍, ദുഖ് കെ ആബ്ദിന്‍ ബീറ്റാറ്റ് നഹി’ എന്നീ ചിത്രങ്ങള്‍ ഇന്നും സമാനതകളില്ലാത്ത പ്രവണത സൃഷ്ടിച്ചവയാണ്. ചിത്രത്തിലെ അദ്ദേഹത്തിന്റെ അഭിനയവും റെന്‍ഡറിംഗുമാണ് അതിന്റെ പ്രധാന കാരണം. നാല്‍പ്പതുകളുടെ തുടക്കത്തില്‍ രഞ്ജിത് മൂവിറ്റോണിനുവേണ്ടി ജോലി ചെയ്യുന്നതിനായി സൈഗാള്‍ മുംബൈയിലേക്ക് താമസം മാറി. ‘ഭക്ത് സുര്‍ദാസ്’ (1942), ‘ടാന്‍സെന്‍’ (1943) എന്നിവ മികച്ച വിജയമായിരുന്നു. ഇവയെല്ലാം വിജയങ്ങള്‍ ബോളിവുഡിലും സൈഗാളിന്റെ ജനപ്രീതി ഉറപ്പിച്ചു.