മെലഡിയുടെ മനോഹാരിതയില്‍ മലയാളിയുടെ മനസില്‍ ഇടം പിടിച്ച സംഗീത സംവിധായകന്‍. മലയാളിയുടെ എണ്‍പതുകളും തൊണ്ണൂറുകളും സംഗീത സാന്ദ്രമാക്കിയ ജോണ്‍സണ്‍ മാഷ് എന്ന നിത്യവസന്തം അനശ്വരമാക്കിയ ഗാനങ്ങള്‍ക്കിന്നും നവയൗവ്വനം. അന്തിപ്പൂമാനം, അനുരാഗിണി, അഴകേ നിന്‍, ആകാശമാകെ, ആടിവാകാറ്റേ, ആദ്യമായി കണ്ട നാള്‍, എത്രനേരമായി ഞാന്‍, രാജഹംസമേ, എന്തേ കണ്ണനു കറുപ്പു നിറം, ഒന്നു തൊടാനുള്ളില്‍, സ്വര്‍ണമുകിലേ, സ്വപ്നം വെറുമൊരു സ്വപ്നം തുടങ്ങി മലയാളിയുടെ ഗൃഹാതുരുത്വത്തില്‍ ജോണ്‍സണ്‍ അവശേഷിപ്പിച്ചുപോയ എത്രയോ സംഗീത ശേഷിപ്പുകള്‍. മലയാളത്തിന്റെ പാട്ടോര്‍മ്മകളില്‍ ആര്‍ദ്രരാഗങ്ങളുടെ തമ്പുരാനായ ജോണ്‍സണ്‍ മാഷിന് പിറന്നാള്‍ മധുരം. ദക്ഷിണാമൂര്‍ത്തി സ്വാമികള്‍ക്കും ദേവരാജന്‍ മാസ്റ്റര്‍ക്കും പിന്നാലെ മലയാളത്തിന്റെ മണമുള്ള, മണ്ണിന്റെ മണമുള്ള ഈണങ്ങള്‍ സമ്മാനിച്ച് ആസ്വാദകഹൃദയങ്ങള്‍ കീഴടക്കാന്‍ ആ പ്രതിഭയ്ക്കായി.
തൃശൂരിലെ നെല്ലിക്കുന്നില്‍ 1953 മാര്‍ച്ച് 26 ന് ജോണ്‍സണ്‍ ജനിച്ചത്. നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ചില്‍ ഗായകനായിരുന്ന അദ്ദേഹം. ചെറുപ്പകാലത്തു തന്നെ ഗിത്താറിലും ഹാര്‍മോണിയത്തിലും പ്രതിഭ തെളിയിച്ചു. 1968ല്‍ ജോണ്‍സണും ചില സുഹൃത്തുക്കളും രൂപീകരിച്ച വോയ്‌സ് ഓഫ് തൃശൂര്‍ എന്ന ട്രൂപ്പിലെ കണ്ടക്ടറായിരുന്നു അദ്ദേഹം. വിദ്യാഭ്യാസത്തിന് ശേഷം മദ്രാസില്‍ എത്തിയ ജോണ്‍സന്‍ ദേവരാജന്‍ മാസ്റ്ററുടെ അസിസ്റ്റന്റായി. സംഗീതം ശാസ്ത്രീയമായി അഭ്യസിക്കാതിരുന്ന ജോണ്‍സണ്‍ ദേവരാജന്‍ മാസ്റ്ററുടെ നിര്‍ദ്ദേശപ്രകാരമാണ് സംഗീതപഠനം തുടങ്ങിയത്. 1978ല്‍ ആരവം എന്ന ചിത്രത്തിലൂടെ സിനിമാസംഗീത ലോകത്തെത്തി. ആന്റണി ഈസ്റ്റ്മാന്‍ സംവിധാനം ചെയ്ത് 1981ല്‍ ഇണയെത്തേടി എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംഗീതസംവിധായകനായി. ആദ്യ ചിത്രത്തിലെ ഗാനങ്ങള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പുറത്തിറങ്ങിയ ജയില്‍, പാര്‍വതി, പ്രേമഗീതങ്ങള്‍ എന്നീ ചിത്രങ്ങളിലൂടെ ജോണ്‍സണ്‍ മാസ്റ്ററുടെപ്രതിഭയെ മലയാള ചലച്ചിത്ര ലോകം തിരിച്ചറിഞ്ഞു. പിന്നീട് മലയാളി കേട്ടതൊക്കെ ആ മാന്ത്രികതയുടെ സ്പര്‍ശമുള്ള ഈണങ്ങളായിരുന്നു. നാടന്‍മണമുള്ള ശീലുകള്‍ പകരാന്‍ ജോണ്‍സണ്‍ മാഷോളം കഴിവ് മറ്റാര്‍ക്കുമില്ലെന്ന് അടിവരയിട്ട എത്രയോ ഗാനങ്ങള്‍. സിനിമയ്ക്ക് പാട്ടുകള്‍ അത്ര അവിഭാജ്യമൊന്നുമല്ല. എന്നാല്‍ ജോണ്‍സണ്‍ മാഷിന്റെ ഈണങ്ങളില്ലാതെ ചമയമോ, ചാമരമോ, പൊന്‍മുട്ടയിടുന്ന താറാവോ, ഞാന്‍ ഗന്ധര്‍വ്വനോ, കാതോട് കാതോരമോ സങ്കല്പ്പിക്കാന്‍ സാധിക്കില്ല.
പശ്ചാത്തല സംഗീതത്തെ പാട്ടുകളേക്കാള്‍ മികച്ചതാക്കി മാറ്റിയ അതുല്യപ്രതിഭയും അദ്ദേഹത്തിനു മാത്രം സ്വന്തം. മണിച്ചിത്രത്താഴ് തന്നെ ഉദാഹരണം. സ്വരമണ്ഡല്‍, വീണ, മൃദംഗം, വയലിന്‍ എന്നിവ മാത്രമുപയോഗിച്ച് മാസ്മരിക സംഗീതം പകര്‍ന്നു തരാന്‍ അദ്ദേഹത്തിനായി. കര്‍ണാടക സംഗീതത്തിലോ ഹിന്ദുസ്ഥാനിയിലോ നീണ്ട വര്‍ഷങ്ങളുടെ പഠനമികവൊന്നും ജോണ്‍സണ്‍ മാഷിനുണ്ടായിരുന്നില്ല. എന്നിട്ടും സംവിധായകനും തിരക്കഥാകൃത്തും ആഗ്രഹിച്ചതിനുമെത്രയോ അപ്പുറം ഇത്തരം സങ്കേതങ്ങളെ പാട്ടിലൂടെ ആവിഷ്‌കരിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
പാശ്ചാത്യ സംഗീതത്തില്‍ അപാരമായ അവഗാഹമായിരുന്നു അദ്ദേഹത്തിന്. എന്നിട്ടും മണ്ണിന്റെ മണമുള്ള പാട്ടുകളില്‍ ആംഗലേയച്ചുവ കടന്നുവന്നില്ല. ട്രെന്റ് സംഗീതം ചെയ്യാന്‍ തനിക്കാവുകയില്ല എന്നല്ല തനിക്ക് സൗകര്യമില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവട്ടം, വടക്കുനോക്കിയന്ത്രം, ഞാന്‍ ഗന്ധര്‍വന്‍, കിരീടം, ചമയം തുടങ്ങിയ ചിത്രങ്ങളെ അക്കാലത്തെ സൂപ്പര്‍ഹിറ്റുകളാക്കി മാറ്റിയതില്‍ ജോണ്‍സണ്‍ മാസ്റ്ററുടെ പങ്ക് വിസ്മരിക്കാനാവില്ല. പത്മരാജന്‍, ഭരതന്‍, സത്യന്‍ അന്തിക്കാട്, കമല്‍, ലോഹിതദാസ്, ബാലചന്ദ്രമേനോന്‍ തുടങ്ങിയ മുന്‍നിര സംവിധായകരുടെ കൂട്ടുകെട്ടില്‍ മലയാള സിനിമയ്ക്ക് ലഭിച്ചത് എന്നെന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാവുന്ന ഒരു പിടി നല്ല ഗാനങ്ങളായിരുന്നു. കൂടെവിടെ എന്ന ചിത്രം മുതല്‍ പത്മരാജന്‍ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്ന ജോണ്‍സണ്‍ 17 പത്മരാജന്‍ ചിത്രങ്ങള്‍ക്കാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. മുന്നൂറില്‍ അധികം മലയാള ചിത്രങ്ങള്‍ക്ക് സംഗീതം ഒരുക്കിയിട്ടുള്ള അദ്ദേഹത്തെ തേടി നിരവധി പുരസ്‌കാരങ്ങള്‍ എത്തിയിട്ടുണ്ട്. പശ്ചാത്തല സംഗീതം ഒരുക്കിയതിന് രണ്ട് തവണ ദേശീയ പുരസ്‌കാരം നേടുന്ന മലയാളിയാണ് ജോണ്‍സണ്‍. കൂടാതെ കേരള സര്‍ക്കാരിന്റെ മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം മൂന്ന് തവണയും, മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരം രണ്ട് തവണയും നേടി.ജോണ്‍സണ്‍ മാഷ് ഈണമിട്ട ഗാനങ്ങള്‍ ഓരോ മലയാളിക്കും സമ്മാനിക്കുന്നത് ഒരായിരം ഓര്‍മ്മകളുടെ പ്രപഞ്ചം കൂടിയാണ്. സംഗീതത്തിന്റെ ദേവാങ്കണം വിട്ട് ആ താരകം 2011 ഓഗസ്ത് 18ന് പറന്നകന്നു. ആ വിയോഗം മലയാളികള്‍ അറിഞ്ഞത് വലിയ ഞെട്ടലോടെയായിരുന്നു. പിന്നീടങ്ങോട്ട് ആ ഞെട്ടലില്‍ നിന്ന് പൂര്‍ണമായും മുക്തരാവാന്‍ മലയാളികള്‍ക്കായതുമില്ല. അച്ഛനും പിന്നാലെ മകന്‍ റെന്‍ ജോണ്‍സണും 2012 ഫെബ്രുവരി 15ന് ഈ ലോകത്തോട് വിട പറഞ്ഞു. ഗായകനായിരുന്നു റെന്‍. ബൈക്കപകടത്തില്‍ പൊലിഞ്ഞു പോയ സഹോദരനെ ഓര്‍ത്ത് ജോണ്‍സണ്‍ മാഷിന്റെ മകള്‍ ഷാന്‍ മനസ്സിന്‍ മടിയിലെ മാന്തളിരില്‍ എന്ന പപ്പയുടെ ഈണം ആല്‍ബമാക്കുമ്പോള്‍ ആരും അറിഞ്ഞില്ല ഷാനിനു വേണ്ടിയും ദുരന്തം പതിയിരിക്കുന്നുണ്ടെന്ന്. ഫെബ്രുവരി 5 ന് ചെന്നൈയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുമ്പോള്‍ ഷാന്‍ പാടിയ വരികള്‍ വേട്ട എന്ന സിനിമയിലൂടെ പ്രേക്ഷകരിലേക്ക് എത്താനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു. ദുരന്തങ്ങള്‍ വേട്ടയാടിയ ആ കുടുംബചിത്രം ഇന്ന് ഏതൊരു മലയാളിക്കും നൊമ്പരമാണ്.