“നവകേരളം എൻ. ഡി. എ സർക്കാറിലൂടെ ” രാഷ്ട്രീയ ക്യാമ്പയിന് തുടക്കം കുറിച്ച് ആർ. പി. ഐ കേരള ഘടകം. 2026 കേരള നിയമസഭാ ഇലക്ഷൻ ലക്ഷ്യം കണ്ട് എൻ. ഡി. എ ഘടക കക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ കേരള ഘടകം പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നു. കേരളമാകെ പ്രചാരണം നടത്തിക്കൊണ്ടുള്ള രാഷ്ട്രീയ ക്യാമ്പയിൻ നടത്തുവാൻ സംസ്ഥാന ഘടകം തീരുമാനിച്ചു. 2014 ന് ശേഷം എൻ. ഡി. എ അനുകൂല നിലപാട് ശക്തമായി രൂപംകൊണ്ടിട്ടുപോലും കേരളത്തിൽ സീറ്റുകൾ നേടാൻ കഴിയാതെപോയ സാഹചര്യം എറണാകുളത്ത് നടന്ന സംസ്ഥാന സമിതി യോഗം ചർച്ച ചെയ്തു. പാർട്ടി സംസ്ഥാന കൺവീനർ പി. ആർ. സോംദേവിന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. പാർട്ടി ദേശീയ വൈസ് പ്രസിഡന്റ് നുസ്രത്ത് ജഹാൻ ക്യാമ്പയിൻ നയിക്കുമെന്ന് സോംദേവ് അറിയിച്ചു. പാർട്ടി ശക്തിപെടുത്തുന്നതിനോടോപ്പം വിവിധ സാംസ്കാരിക, അർദ്ധ രാഷ്ട്രീയ സംഘടനകളെയും ഉൾപ്പെടുത്തി പൊതുപരിപാടികൾ സജ്ജീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എസ്. എൻ. ഡി. പി, എൻ. എസ്. എസ്, കെ. പി. എം. എസ് എന്നീ സംഘടനകളുമായി തുറന്ന ചർച്ചക്ക് പാർട്ടി വേദിയൊരുക്കും. യൂത്ത് ഫെഡറേഷൻ്റെ നേതൃത്വത്തിൽ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും “ഭീകരവാദവിമുക്തകേരളം ” എന്ന വിഷയത്തെ കേന്ദ്രീകരിച്ച് പ്രത്യേക പഠന ശിബിരങ്ങൾ സംഘടിപ്പിക്കും. ഹിന്ദു-ക്രിസ്ത്യൻ – മുസ്ലിം ഐക്യ കേരളം അടിസ്ഥാനമാക്കി ശ്രീനാരായണ ഗുരുദേവൻ്റെ നാമത്തിൽ പൊതു വേദികൾക്കും സാംസ്കാരിക സമ്മേളനങ്ങൾക്കും പാർട്ടി വഴിയൊരുക്കും. വിമൻ ഫെഡറേഷന്റെ നേതൃത്വത്തിൽ ” കേരള നാരീശക്തി” എന്ന പേരിൽ വിമൻ – എംപവർമെന്റ് പ്രോഗ്രാമുകളും, ഭാരതത്തിലെ എല്ലാ പെൺകുട്ടികൾക്കും വിദ്യാഭ്യാസം എന്ന കാഴ്ചപ്പാടോടുകൂടി നരേന്ദ്ര മോദി തുടങ്ങിവച്ച ” ബേട്ടി ബചാവോ ബേട്ടി പഠാവോ ” എന്ന മദ്രാവാക്യം ഏറ്റെടുത്തുകൊണ്ട് വിവിധ എൻ. ജി. ഒ, സി. എസ്. ആർ വ്യവസ്ഥകളുമായി ചേർന്ന് കേരളത്തിലെ എല്ലാപെൺകുട്ടികൾക്കും സൗജന്യവിദ്യാഭ്യാസം ഉറപ്പുവരുത്തും.
എസ്. സി/ എസ്. എസ്. ടി, ഒ. ബി. സി വിഭാഗത്തിൽപ്പെടുന്നവർ നേരിടുന്ന ചൂഷണങ്ങൾക്കെതിരെ വിവിധ സമരപരിപാടികൾക്ക് വേദിയൊരുക്കും. ഇസ്ലാമിക്ക് ട്രെഡീഷനിലെ പ്രത്യേക വിഭാഗമായ സൂഫികൾക്ക് വേണ്ടി പ്രത്യേക സംഘടനാ സംവിധാനവും സാമ്പത്തിക സംവരണത്തിന് അർഹരായ ബ്രാഹ്മണ സമുദായത്തിൽപ്പെട്ടവർക്ക് പ്രത്യേക വെൽഫെയർ സ്കീമുകളും രൂപീകരിക്കും. പാർട്ടിയുടെ ബൗദ്ധിക തലത്തിലുള്ള പ്രവർത്തനങ്ങളെ ഏകോപിക്കുന്നതിനായി സംസ്ഥാന- ജില്ലാ – മണ്ഡലം അടിസ്ഥാനത്തിൽ ശാസ്ത്ര സാഹിത്യ സെൽ, വ്യവസായികളുടെയും, ചെറുകിടകച്ചവടകാരുടെയും ഉന്നമനത്തിനുവേണ്ടി വ്യവസായി സെൽ, മെഡിക്കൽ വിഭാഗവുമായി ബന്ധപ്പെട്ടുപ്രവർത്തിക്കുന്നവരുടെ ക്ഷേമത്തിനായി മെഡിക്കൽ സെൽ, ന്യൂനപക്ഷ വിഭാഗത്തിനുവേണ്ടിയുള്ള സേവന പ്രവർത്തങ്ങൾ ഉറപ്പുവരുത്തുനത്തിനായി മൈനോരിറ്റി സെൽ എന്നീ വിഭാഗങ്ങൾക്ക് പാർട്ടി അടിയന്തിരമായി തുടക്കം കുറിക്കും
.
കൊച്ചി കേന്ദ്രീകരിച്ച് കേന്ദ്ര സർക്കാറിന്റെ സഹായത്തോടെ ഇൻറ്റർനാഷണൽ സമിറ്റുകൾ ആസൂത്രണം ചെയ്യും. കൊച്ചി മെട്രോ നഗരത്തെ ഭാരതത്തിന്റ ഫാഷൻ ക്യാപിറ്റൽ ആക്കി തീർക്കുന്നതിനു വേണ്ടിയുള്ള പ്രത്യേക പദ്ധതികളും, കൊച്ചിൻ ഫാഷൻ ഇൻഡസ്ട്രിയുടെ വികസനതിനുവേണ്ടി വിവിധ ഇവെന്റുകളും ഏകോപിക്കും. പാർട്ടിയുടെ കേരളത്തിലെ തുടർപ്രവവർത്തനങ്ങൾക്കുവേണ്ടിയുള്ള കേരളത്തിന്റെ പ്രത്യേക ചുമതല പാർട്ടി ദേശീയ ജനറൽ സെക്രട്ടറി രാജീവ് മേനോനാണ് . പാർട്ടി മുന്നോട്ട് വച്ച ക്യാമ്പയിൻ നുസ്രത്ത് ജഹാൻ്റെ നേതൃത്വത്തിൽ വിജയകരമായി പൂർത്തിയാക്കുമെന്നും സോംദേവ് പറഞ്ഞു.