കറുപ്പും വെളുപ്പും കളങ്ങള്‍ നിറഞ്ഞ ചെസ്് ബോര്‍ഡിലെ വേട്ടക്കാരനാണ് ഗാരി കിമോവിച്ച് കാസ്പറോവ്. ഇരുപത് വര്‍ഷം തുടച്ചയായി ലോക ചെസിന്റെ ചക്രവര്‍ത്തിയായി ഈ അസാമാന്യപ്രതിഭ നിറഞ്ഞാടി ! അസാമാന്യ കായികക്ഷമതയുടെ ഉടമ, മികച്ച ഫുട്ബോളര്‍, ഒന്നാംതരം വാഗ്മി,ഗ്രന്ഥകര്‍ത്താവ്, പല ഭാഷകളിലും പ്രവീണന്‍, പൊതുപ്രവര്‍ത്തകന്‍ രാഷ്ട്രീയനേതാവ്- ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ വിശേഷണങ്ങള്‍. റഷ്യന്‍ ചെസ് ഇതിഹാസത്തിന് ഏപ്രിലില്‍ അമ്പത്തിയേഴുവയസ് തികയുകയാണ്. സമുദ്രനിരപ്പില്‍ നിന്ന് 92 അടി താഴെ സ്ഥിതി പഴയ സോവിയറ്റ് യൂണിയനിലെ അസര്‍ബൈജാനില്‍ ബാകുവു നഗരത്തില്‍ 1963 ഏപ്രില്‍ 13 ന് ആണ് കാസ്പറോവ് ജനിച്ചത്. ഗാരിയുടെ പിതാവ് കിം ജൂതനും അമ്മ ക്ലാര അര്‍മേനിയന്‍ വംശജയുമായിരുന്നു. അഞ്ചാം വയസില്‍ പിതാവില്‍ നിന്നും ആദ്യ കരുനീക്കങ്ങള്‍ പഠിച്ച ഗാരി ആറാം വയസില്‍ കുടുംബാംഗങ്ങള്‍ക്ക് കണ്ടുപിടിക്കാന്‍ സാധിക്കാതിരുന്ന ഒരു ചെസ് പ്രശ്നത്തിന്റെ ഉത്തരം കണ്ടുപിടിച്ചുകൊണ്ട് എല്ലാവരെയും ഞെട്ടിച്ചുകളഞ്ഞു. ഗാരിയുടെ ഏഴാം വയസില്‍ പിതാവ് ലൂക്കീമിയ രോഗം ബാധിച്ച് മരണമടഞ്ഞു.
മകന്റെ മനസില്‍ ആരോഗ്യത്തോടെയുള്ള പിതാവിന്റെ രൂപം നിലനില്‍ക്കട്ടെ എന്നാശിച്ച കിം ഗാരിയെ തന്റെ മരണശയ്യക്കരികിലേക്ക് കൊണ്ടുവരുന്നതില്‍ നിന്നും ക്ലാരയെ വിലക്കിയിരുന്നു. മകന്റെ ചെസിിലെ പ്രാഗല്‍ഭ്യം മനസിലാക്കിയ ക്ലാര അതിനുള്ള സാഹചര്യങ്ങള്‍ ഗാരിക്കായി ഒരുക്കി. കരുത്തുറ്റ ആ മാതാവിന്റെ ദൃഢനിശ്ചയവും ആത്മാര്‍പ്പണവുമാണ് ഗാരി കാസ്പറോവിനെ ലോകത്തിന്റെ കൊടുമുടിയിലേക്കെത്തിച്ചത്. ഏഴാം വയസില്‍ ചെസ് പരിശീലനം തുടങ്ങിയ ഗാരി പത്താം വയസില്‍ മുന്‍ ലോക ചെസ് ചാമ്പ്യനും ആധുനിക സോവിയറ്റ് ചെസ്സിന്റെ പിതാവുമായ മിഖായേല്‍ ബോട്വിനിക്കിന്റെ ചെസ്് സ്‌കൂളില്‍ വിദ്യാര്‍ത്ഥിയായി. വ്ളാദിമിര്‍ മകാഗ്‌നോവ് എന്ന പരിശീലകനാണ് ഗാരിയെ വളര്‍ച്ചയുടെ പടവുകളില്‍ മാര്‍ഗദര്‍ശിത്വം നല്‍കിയത്. അലക്സാണ്ടര്‍ ഷക്കാറോവ് ആയിരുന്നു അടുത്ത ഗുരുനാഥന്‍. 1976 ലും 1977 ലും സോവിയറ്റ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് വിജയിച്ചത് ഒരു പുത്തന്‍ താരോദയത്തിന്റെ വിളംബരമായി. 1978 ല്‍ ബെലാറുസിന്റെ തലസ്ഥാന നഗരിയായ മിന്‍സ്‌കില്‍ നടന്ന സോക്കോള്‍സ്‌കി മെമ്മോറിയല്‍ ടൂര്‍ണമെന്റില്‍ ഈ പ്രതിഭ പ്രത്യേകക്ഷണിതാവായി. പരിചയസമ്പന്നനും ഉയര്‍ന്ന റേറ്റിങ്ങുമുള്ള എതിരാളികളെ വീഴ്ത്തി പതിനഞ്ചുകാരനായ ഗാരി കിരീടം ചൂടി. തന്റെ ജീവിതത്തിലെ നിര്‍ണായക വഴിത്തിരിവായി കാസ്പറോവ് ഈ വിജയത്തെ സ്വയം വിലയിരുത്തുന്നു.
അന്ന് മുതല്‍ ലോകചാമ്പ്യനാവുക എന്നതായിരുന്നു ഗാരി കാസ്പറോവിന്റെ സ്വപ്‌നം. 64 കരുത്തന്മാര്‍ മാറ്റുരച്ച യോഗ്യതാ ടൂര്‍ണമെന്റില്‍ ഒന്നാം സ്ഥാനം നേടിയ ഗാരി സോവിയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുവാന്‍ അര്‍ഹത നേടുന്ന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായി. അടുത്ത വര്‍ഷം യൂഗോസ്ലാവിയയില്‍ നടന്ന ഗ്രാന്‍ഡ് മാസ്റ്റര്‍ ടൂര്‍ണമെന്റ് വിജയിച്ചതോടെ ലോക റാങ്കിങ്ങില്‍ പതിനഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. പതിനേഴാം വയസില്‍ ലോക ജൂനിയര്‍ കിരീടവും സോവിയറ്റ് ഒളിമ്പ്യാഡ് സീനിയര്‍ ടീമില്‍ അംഗത്വവും കൈക്കലാക്കിയ കാസ്പറോവില്‍ അതോടെ ഒരു ഭാവിലോകചാമ്പ്യനെ ചെസ് ലോകം ദര്‍ശിക്കാന്‍ തുടങ്ങി. 1982 മോസ്‌കോ ഇന്റര്‍സോണല്‍ ടൂര്‍ണമെന്റ് ജയിച്ച കാസ്പറോവ് ലോക രണ്ടാം നമ്പര്‍ താരമായി. കാന്‍ഡിഡേറ്റ്സ് മല്‍സരങ്ങളില്‍ പ്രഗല്‍ഭരായ അലക്സാണ്ടര്‍ ബെല്ല്യാവ്സ്‌കിയെ ക്വാര്‍ട്ടര്‍ ഫൈനലിലും സെമിഫൈനലില്‍ വിക്ടര്‍ കോര്‍ച്നോയിയേയും മുട്ടുകുത്തിച്ച് ലോകചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ നിലവിലെ ലോകചാമ്പ്യന്‍ അനത്തോളി കാര്‍പ്പോവിന്റെ ചാലഞ്ചര്‍ ആയിമാറി കാസ്പറോവ്. ഈ വിജയങ്ങള്‍ ഫിഡെ റേറ്റിങ്ങില്‍ കാര്‍പ്പോവിനെ രണ്ടാം സ്ഥനത്തേക്ക് പിന്തള്ളി കാസ്പാറോവിനെ ലോക ഒന്നാം നമ്പര്‍ താരമാക്കി മാറ്റി.
1985 ല്‍ മോസ്‌കോയില്‍ പുതിയ വ്യവസ്ഥകളോടെ ഇതേ പ്രതിയോഗികള്‍ ലോകകിരീടത്തിനായി വീണ്ടും ഏറ്റുമുട്ടി. തീപാറുന്ന പോരാട്ടത്തില്‍
കാര്‍പ്പോവിനെ കീഴടക്കി കാസ്പറോവ് തന്റെ ഇരുപത്തിരണ്ടാം വയസില്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാമ്പ്യന്‍ എന്ന
അപൂര്‍വ ബഹുമതിക്കര്‍ഹനായി.1986 മുതല്‍ 2005 വരെയുള്ള കാലയളവിലെ 228 മാസങ്ങളില്‍ 225 ലും ലോക ഒന്നാം നമ്പര്‍ സ്ഥാനം നിലനിര്‍ത്തി കാസ്പറോവ്.ജീവിതത്തിലുടനീളം ചെസ് ബോര്‍ഡിന് പുറത്തും തീവ്രപോരാട്ടങ്ങള്‍ നടത്തിയ കാസ്പറോവ് ലോകചെസ് സംഘടനയുടെ തെറ്റായ
നടപടികള്‍ക്കെതിരെ ധീരമായി പ്രതികരിച്ചു. ഫിഡെക്ക് ബദലായി ജി.എം.എ (ഗ്രാന്‍ഡ് മാസ്റ്റേഴ്സ് അസോസിയേഷന്‍), പി.സി.എ (പ്രൊഫഷണല്‍ ചെസ് അസോസിയേഷന്‍) എന്നി സമാന്തര സംഘടനകള്‍ രൂപീകരിച്ച് സമാന്തര ലോകചെസ് ചാമ്പ്യന്‍ഷിപ്പുകള്‍ കാസ്പറോവ് വിജയകരമായി സംഘടിപ്പിച്ചു. അജയ്യനെന്ന് തോന്നിച്ചിരുന്ന ചാമ്പ്യന്റെ ഞെട്ടിപ്പിക്കുന്ന പതനമാണ് പുതിയ സഹസ്രാബ്ദത്തിന്റെ പിറവി കണ്ടത്. തന്റെ മുന്‍ശിഷ്യനും കൂട്ടാളിയുമായി നടന്ന 25 കാരന്‍ റഷ്യന്‍ ചെസ് ്പ്രതിഭ വ്ളാദിമിര്‍ ക്രാംനിക്ക് കാസ്പറോവിനെ വീഴ്ത്തി.
2000 ല്‍ വിശ്വകിരീടജേതാവായി. അപ്രതീക്ഷിതായ ഈ തോല്‍വി കാസ്പറോവിന്റെ ചിറകരിഞ്ഞില്ല. ലോകറാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കവേ ലിനാറസ് ടൂര്‍ണമെന്റില്‍ ജേതാവായ ശേഷം 2005ല്‍ ചെസ്സില്‍ നിന്നും വിരമിച്ചു. 1984 ല്‍ സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി മാറിയ അദ്ദേഹം 1987 ല്‍ കമ്യൂണിസ്റ്റ് യൂണിയന്‍ ഓഫ് യൂത്തിന്റെ കേന്ദ്ര കമ്മിറ്റി അംഗമായി ഉയര്‍ന്നു. 1990 ല്‍ അസര്‍ബൈജാനില്‍ ആര്‍മീനിയന്‍ വംശജര്‍ക്കെതിരെ ആസൂത്രിത വേട്ട നടന്നപ്പോള്‍ വാടകവിമാനത്തില്‍ മോസ്‌കോയില്‍ കടുംബസമേതം അഭയം തേടിയ കാസ്പറോവ് പ്രതിഷേധസൂചകമായി പാര്‍ട്ടി അംഗത്വം ഉപേക്ഷിച്ചു. 1990 ല്‍ റഷ്യയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് റഷ്യ എന്ന കമ്യൂണിസ്റ്റ് വിരുദ്ധപാര്‍ട്ടി രൂപീകരിക്കുന്നതില്‍ കാസ്പറോവ് പ്രധാന പങ്ക് വഹിക്കുകയുണ്ടായി. 1991 ല്‍ ജനാധിപത്യത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനും വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങളെ ആദരിച്ച് അമേരിക്കന്‍ സംഘടനയായ സെന്റര്‍ ഫോര്‍ സെക്യൂരിറ്റി പോളിസി അദ്ദേഹത്തിന് ‘ദി കീപ്പര്‍ ഓഫ് ദി ഫ്ളെയിം” അവാര്‍ഡ് സമ്മാനിച്ചു.