രാജ്യത്തിന്റെ നിലനിൽപ്പിനാധാരം പൂർവ്വനിശ്ചിതമായ ചിന്താധാരയോ പ്രമാണങ്ങളോ ആണെന്ന സങ്കൽപം തന്നെ തെറ്റാണെന്നും പ്രബുദ്ധരായ ഇന്ത്യൻ ജനതയുടെ രാഷ്ട്രീയ ഇച്ഛയാണ് ഈ രാജ്യത്തെ നിലനിർത്തുന്നതെന്നും ഡോ. സുനിൽ പി ഇളയിടം. പുരോഗമന കലാസാഹിത്യ സംഘം തൃക്കാക്കര മേഖലാ സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കിയ പ്രഭാഷണ പരിപാടിയിൽ ‘ഏകീകൃത സിവിൽ കോഡ്’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈവിധ്യത്തെ ഏകോപിപ്പിക്കാനാണ് അംബേദ്‌കർ ശ്രമിച്ചത്. വിഭാഗീയതയുടെ എല്ലാ സാധ്യതകളും ഇല്ലാതാക്കുകയായിരുന്നു ഭരണഘടനാ ശില്പികളുടെ ലക്‌ഷ്യം. ഏകീകൃതം എന്ന വാക്കുകൊണ്ട് അവർ അന്നുദ്ദേശിച്ചത് സകല ജനവിഭാഗങ്ങളെയും കോർത്തിണക്കിക്കൊണ്ടുള്ളതായിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
എസ് രമേശൻ നഗറിൽ (ചങ്ങമ്പുഴ പാർക്ക്) ഒരുക്കിയ ചടങ്ങിൽ പു ക സ ഇടപ്പള്ളി യൂണിറ്റ് പ്രസിഡന്റ് സുബ്രഹ്മണ്യൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു.എം ആർ മാർട്ടിൻ എഴുതിയ ‘കനവും നിനവും’ കഥാസമാഹാരം ഡോ. സുനിൽ പി ഇളയിടം പ്രകാശനം ചെയ്തു. എഴുത്തുകാരൻ സുസ്മേഷ് ചന്ത്രോത്ത് പുസ്തകം ഏറ്റുവാങ്ങി. സുനിൽ ഞാളിയത്ത് പുസ്തകപരിചയം നടത്തി
.എസ് കലേഷ്, ഡോ. സുമി ജോയി ഓലിയപ്പുറം, പട്ടണം റഷീദ്, പു ക സ ജില്ലാ വൈസ് പ്രസിഡന്റ് വി കെ പ്രസാദ്, സെക്രട്ടറി ജോഷി ഡോൺ ബോസ്‌കോ, കെ എൻ ലെനിൻ, മനോജ് എം കെ, എൻ ബി സോമൻ, ഷാജി ജോർജ് പ്രണത, എം ആർ മാർട്ടിൻ തുടങ്ങിയവർ സംസാരിച്ചു.
സെപ്റ്റംബർ 17 നു നടക്കുന്ന മേഖലാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടികളാണ് വിവിധ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
ബുക്കർമാൻ ന്യൂസ്, കൊച്ചി