ure Desk
നിബിഡ വനങ്ങള്‍ നിറഞ്ഞ ഉത്തരാഖണ്ഡിലെ കുമയൂണ്‍ കുന്നുകള്‍ ഒരു കാലത്ത് നരഭോജികളായ കടുവകളുടെ വിഹാര കേന്ദ്രമായിരുന്നു. അവയുടെ ആക്രമണത്തില്‍ ദിനംപ്രതി നിരവധി ഗ്രാമവാസികളുടെ ജീവനുകള്‍ പൊലിഞ്ഞു വീഴുമ്പോള്‍ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു അധികൃതര്‍. കൃഷിസ്ഥലത്തേയ്ക്കും വിറക് ശേഖരിക്കാന്‍ പോകുമ്പോഴുമാണ് നാട്ടുകാര്‍ കൂടുതലും നരഭോജികളുടെ ആക്രമണത്തിന് ഇരയായിരുന്നത്. വികസനമോ വിദ്യാഭ്യാസമോ ഇല്ലാത്ത സാധാരണക്കാര്‍ അധിവസിക്കുന്ന ഈ പ്രദേശത്തിന് സംരക്ഷണം നല്‍കാനും നരഭോജികളായ കടുവകളെ വകവരുത്താനും സര്‍ക്കാന്‍ നിരവധിയാളുകളെ നിയോഗിച്ചെങ്കിലും അവരെല്ലാം തോറ്റു പിന്മാറുകയായിരുന്നു പതിവ്. കാടിന്റെ ആത്മാവിനെ തൊട്ടറിഞ്ഞ ഒരാള്‍ക്ക് മാത്രമേ അവയെ നേരിടാനാകൂ. ആ അന്വേഷണം എത്തി നിന്നത് ജിം കോര്‍ബറ്റ് എന്ന നായാട്ടുകാരനിലാണ്. വിശാല ആവാസവ്യവസ്ഥയില്‍ ജീവിക്കുന്ന മിന്നല്‍ വേഗതയില്‍ ഇരയെ കീഴടക്കുന്ന കടുവളെ വകവരുത്തുക എന്നത് അത്ര എളുപ്പമായിരുന്നില്ല. 1920 മുതല്‍ പത്ത് വര്‍ഷം മരണത്തിനും ജീവിതത്തിനും ഇടയില്‍ നിന്നു കൊണ്ട് നരഭോജികളായ അദ്ദേഹം കടുവകളോടേറ്റുമുട്ടി. കുമയൂണ്‍ കാടുകള്‍ ജിം കോര്‍ബറ്റിന്റെയും ആവാസ ഭൂമിയായി. നരഭോജികളുടെ വേട്ടയ്ക്കായി സര്‍ക്കാര്‍ സമീപിക്കുമ്പോള്‍ രണ്ട് ഉപാധികളാണ് ജിം മുന്നോട്ട് വച്ചത്. പ്രതിഫല വാഗ്ദാനം പിന്‍വലിക്കുക മേഖലയിലുള്ള മറ്റ് ശിക്കാരികളെ തിരിച്ചു വിളിക്കുക. നരഭോജി കടുവകളുടെ ശല്യം ഏറ്റവും കൂടുതലുള്ള പ്രദേശത്ത് തമ്പടിച്ച് അദ്ദേഹം തന്റെ ദൗത്യം ആരംഭിച്ചു. കടുവ നരഭോജിയാണന്ന് ഉറപ്പ് വരുത്തിയിട്ടേ ജിം അവയെ വകവരുത്തുകയുള്ളു.
നരഭോജികളായ അനേകം വന്യമൃഗങ്ങളെ കൊന്നൊടുക്കുയും കാലാന്തരത്തില്‍ വന്യജീവി സംരക്ഷകപ്രചാരകനുമായിത്തീര്‍ന്ന ലോക പ്രശസ്ത നായാട്ടുകാരനാണ് എഡ്വേര്‍ഡ് ജെയിംസ് കോര്‍ബറ്റ് എന്ന ജിം കോര്‍ബറ്റ്. 1875 ജൂലായ് 25 ന് നൈനിറ്റാളില്‍ ഐറിഷ് ദമ്പതികളായ വില്യം ക്രിസ്റ്റഫറിന്റെയും മേരി ജെയിന്‍ കോര്‍ബറ്റിന്റെയും 16 മക്കളില്‍ എട്ടാമനായി ജിം ജനിക്കുമ്പോള്‍ കടുത്ത ദാരിദ്ര്യത്തിലും കഷ്ടപ്പാടിലുമായിരുന്നു കുടുംബം. പോസ്റ്റ് മാസ്റ്ററായിരുന്ന ജിമ്മിന്റെ പിതാവിന്റെ വരുമാനം ഒന്നിനും തികഞ്ഞിരുന്നില്ല. ജിമ്മിന് നാല് വയസുള്ളപ്പോള്‍ പിതാവ് മരണമടഞ്ഞു. പിന്നീട് ജ്യേഷ്ഠന്റെ സംരക്ഷണയിലാണ് വളര്‍ന്നത്. ചെറുപ്പം മുതലേ ഒറ്റയാനായി ജീവിച്ച ജിം കൂടുതല്‍ സമയം ചെലവഴിച്ചത് നൈനിറ്റാളിലെ വനങ്ങളിലായിരുന്നു. അവിടെ അലഞ്ഞു തിരിഞ്ഞ ജിമ്മിന് വന്യമൃഗങ്ങളെയും പക്ഷികളെയുമെല്ലാം തിരിച്ചറിയാനും അവയുടെ ചലനങ്ങള്‍ മനസിലാക്കാനും അസാധാരണമായൊരു കഴിവുണ്ടായിരുന്നു. മനുഷ്യര്‍ നോക്കാന്‍ പോലും പേടിക്കുന്ന കൊടും കാടുകള്‍ ജിമ്മിന്റെ കളിസ്ഥലങ്ങളായിരുന്നു. ജിം പത്തൊമ്പതാം വയസില്‍ റെയില്‍വേയില്‍ ജോലിക്ക് പ്രവേശിച്ചു. എന്നാല്‍ ജോലിയെക്കാള്‍ കാടിനെയും വന്യമൃഗങ്ങളെയും സ്‌നേഹിച്ച അദ്ദേഹത്തിന് അധികകാലം അവിടെ തുടരാന്‍ സാധിച്ചില്ല. കാട്ടിലേക്ക് തന്നെ തിരിച്ചുപോയ ജിം ചുരുങ്ങിയ കാലം കൊണ്ട് ഒരു വന്യജീവി വിദഗ്ദ്ധനായി മാറി.
കടുവകള്‍ പകല്‍ വെളിച്ചത്തിലേ ആക്രമിക്കൂ. ഇരയോട് അധികം ക്രൂരത കാട്ടാത്ത കടുവയ്ക്ക് ഓരോന്നിനും അതിന്റേതായ രീതികളുണ്ട്. ഈ രീതികളും സ്വഭാവങ്ങളും മനസിലാക്കി വേണം അവയെ നേരിടാന്‍. ജിം സാക്ഷ്യപ്പെടുത്തുന്നു. മണ്ണില്‍ പതിഞ്ഞ കാല്‍പാദങ്ങളുടെ അടയാളത്തില്‍ നിന്ന് കടുവയുടെ പ്രായം, വലിപ്പം, തൂക്കം, ലിംഗം എന്നിവ മനസിലാക്കാം. കൊന്ന ഇരകളുടെ അവശിഷ്ടങ്ങളില്‍ നിന്നും ഇത് നേരിടുന്ന ശാരീരിക ബുദ്ധിമുട്ട് എന്താണെന്നും അറിയാനാകും.
മിക്കവാറും വെടിവെച്ചാല്‍ ഉടന്‍ ഇവ ചാകില്ല. മുറിവുമായി കാട്ടിലേക്ക് മറഞ്ഞാല്‍ അപകട സാധ്യത കൂടുതലാണ്. രക്തപ്പാടുകള്‍ നോക്കിയും കടുവയുടെ മണം പിടിച്ചും കാടിനുള്ളില്‍ പതുങ്ങിയിരിക്കുന്ന കടുവയെ പിന്തുടരുക എന്നത് സാഹസമാണ്. അദ്ദേഹം പറയുന്നു. 64 മണിക്കൂര്‍ വരെ ജിം വെള്ളവും ഭക്ഷണവും ഇല്ലാതെ കഴിഞ്ഞിട്ടുണ്ട്. കടുവയെ വകവരുത്തി ഒരു പ്രതിഫലവും കൈപ്പറ്റാതെ ആ ഗ്രാമം ഉപേക്ഷിച്ച് പോകുമ്പോള്‍ നാട്ടുകാര്‍ അദ്ദേഹത്തിന്റെ കാലില്‍ വീണ് പൊട്ടിക്കരഞ്ഞ സന്ദര്‍ഭങ്ങള്‍ നിരവധിയാണ്. 1800 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ച് കിടക്കുന്ന കുമയൂണ്‍ കുന്നുകളില്‍ 1500 ഓളം സാധാരണക്കാരെ കൊന്ന ഇരുപതോളം കടുവകളെ ജിം വെടിവച്ച് വീഴ്ത്തിയിട്ടുണ്ട്. ചമ്പാവതിയിലെ നരഭോജിയായ കടുവയെക്കൊന്ന് തന്റെ വേട്ടജീവിതം ആരംഭിച്ച ജിം കോര്‍ബറ്റ് തുടര്‍ന്ന് ഒരു ഡസനോളം നരഭോജികളായ കടുവകളെയും പുള്ളിപ്പുലികളെയും വെടിവച്ചു കൊന്നിട്ടുണ്ട്. ഈ മൃഗങ്ങള്‍ വകവരുത്തിയവര്‍ 1500ല്‍ ഏറെ ഉണ്ടായിരുന്നു. 436 മനുഷ്യജീവനുകള്‍ അപഹരിച്ച ചമ്പാവത്തിലെ കടുവ 1907ലാണ് ജിം കോര്‍ബറ്റിന്റെ തോക്കിനിരയാകുന്നത്. 400 പേരെ കൊന്ന പനാറിലെ പുലിയെ വകവരുത്താനും ജിം വേണ്ടി വന്നു. 31 വര്‍ഷത്തെ തന്റെ നായാട്ടുജീവിതത്തിനിടയില്‍ ജിം കോര്‍ബറ്റ് കൊന്നിട്ടുള്ളത് 33 നരഭോജികളെയാണ് അതില്‍ 19 കടുവകളും 14 പുലികളും ഉള്‍പ്പെടുന്നു.
അസാമാന്യ ധൈര്യമുള്ള, വിശാലഹൃദയരായ മാന്യര്‍
അറിയപ്പെടുന്ന വേട്ടക്കാരന്‍ ആയിരുന്നപ്പോള്‍ തന്നെ ജിം കോര്‍ബറ്റ് പ്രകൃതിയുമായുള്ള തന്റെ അടുപ്പം കൊണ്ടും വന്യമൃഗങ്ങളോട് ഇടപെട്ടുള്ള പരിചയം കൊണ്ടും നേടിയ അനുഭവസമ്പത്ത് മനുഷ്യരുടെയും നന്മയ്ക്കായി പ്രയോജനപ്പെടുത്തി. 1920 ലാണ് കോര്‍ബറ്റ് തന്റെ സുഹൃത്തിനാല്‍ പ്രചോദിതമായി ഒരു കാമറ വാങ്ങുന്നത്. വൈകാതെ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫിയില്‍ പേരെടുത്തു. അത്യാധുനിക ക്യാമറകളോ സംവിധനങ്ങളോ ഒന്നും ഇല്ലാതിരുന്ന കാലത്ത് അദ്ദേഹം എടുത്ത ചിത്രങ്ങള്‍ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിയിലെ ക്ലാസിക്കുകളാണ്. 1930 കളോടെ നരഭോജി കടുവകളുടെ വേട്ടയില്‍ നിന്നും പിന്‍വാങ്ങിയ ജിം കോര്‍ബറ്റ് ഭാരതത്തിന്റെ വിശാലമായ വന്യജീവി സമ്പത്ത് സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകി. ഇന്ത്യയിലെ സ്‌കൂളുകള്‍ തോറും പര്യടനങ്ങള്‍ നടത്തി പ്രകൃതിയും കാടുമൊക്കെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യത്തെപ്പറ്റി ക്ലാസുകള്‍ എടുത്തു. കരുത്തും സൗന്ദര്യവും ഒരുപോലെ ഒത്തിണങ്ങിയ ഇന്ത്യന്‍ കടുവകള്‍ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യം അദ്ദേഹത്തിനു നന്നായി അറിയാമായിരുന്നു. അക്കാലത്തെ നാട്ടുരാജാക്കന്മാരുടെ പ്രധാന വിനോദങ്ങളിലൊന്നായിരുന്നു കടുവ വേട്ട. ഇതിനെല്ലാം തടയിടാന്‍ കൂടിയാണ് കുമയൂണ്‍ കുന്നുകള്‍ കേന്ദ്രീകരിച്ച് 1934ല്‍ ഹെയ്‌ലി പാര്‍ക്ക് എന്ന പേരില്‍ ഒരു നാഷണല്‍ പാര്‍ക്ക് തുടങ്ങി വന്യജീവികളെ സംരക്ഷിക്കുന്നതിനെപ്പറ്റി ആദ്യമായി പദ്ധതിയിട്ടത്. അതാണ് പിന്നീട് ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്ക് എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടത്. രണ്ടാം ലോകമഹായുദ്ധം നടക്കുമ്പോള്‍ കാടുകളിലെ അതിജീവനമാര്‍ഗങ്ങളെക്കുറിച്ച് ക്ലാസെടുത്ത് ബ്രിട്ടീഷ് പട്ടാളത്തെ സഹായിച്ചു. 1947ല്‍ സഹോദരിയോടൊപ്പം കെനിയയിലേക്ക് കുടിയേറിയ അദ്ദേഹം തന്റെ ജീവിതാനുഭവങ്ങള്‍ എഴുതാനായാണ് പിന്നീടുള്ള സമയം ചെലവഴിച്ചത്. തന്റെ വന്യജീവി അനുഭവങ്ങളെക്കുറിച്ച് പന്ത്രണ്ട് പുസ്തകങ്ങള്‍ രചിച്ച ജിമ്മിന്റെ കുമയൂണ്‍ കുന്നിലെ നരഭോജികള്‍ എന്ന പുസ്തകം എക്കാലത്തെയും മികച്ച ബെസ്റ്റ് സെല്ലറുകളിലൊന്നാണ്. മനുഷ്യരുടെ ജീവന് ഭീഷണിയായിരുന്ന കടുവകളെ വെടിവെച്ചുകൊന്നിരുന്നുവെങ്കിലും കടുവകളെ കോര്‍ബറ്റിനു ബഹുമാനമായിരുന്നു. ‘അസാമാന്യ ധൈര്യമുള്ള, വിശാലഹൃദയരായ മാന്യര്‍ ‘ എന്നാണ് തന്റെ പുസ്തകത്തില്‍ കടുവകളെ വിശേഷിപ്പിച്ചത്.