കാണാതിരിക്കല്‍ മാത്രമല്ല, കാണുന്നതും ഒരുതരം അന്ധതയാണ്. ജ്ഞാനേന്ദ്രിയങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് കണ്ണുകളും കാഴ്ച എന്ന അനുഭൂതിയുമാണ്. ഭൗതികമായ അന്ധതയെക്കാള്‍ എത്രയോ ഭീകരമാണ് മനസിലെ അന്ധത എന്നു കാണിച്ചു തരുന്നതാണ് മജീദ് മജീദിയുടെ ദി കളര്‍ ഓഫ് പാരഡൈസ് എന്ന ഇറാനിയന്‍ ചലച്ചിത്രം. എട്ടുവയസുകാരനായ മുഹമ്മദ് എന്ന അന്ധബാലന്റെ കഥപറയുന്ന സിനിമ മനുഷ്യ മനസിലെ അന്ധതയെ തുറന്നു കാട്ടുന്നു. ലളിതവും സുന്ദരവുമായ മജീദ് മജീദി സിനിമകളുടെ പതിവ് ശൈലിയാണ് 1999ല്‍ പുറത്തിറങ്ങിയ ദി കളര്‍ ഓഫ് പാരഡൈസിനുള്ളത്. ടെഹ്‌റാനിലെ അന്ധവിദ്യാര്‍ഥികള്‍ക്കായുള്ള ഒരു സ്പെഷ്യല്‍ സ്‌കൂളില്‍ പഠിക്കുന്ന മുഹമ്മദും സഹപാഠികളും വെക്കേഷന് സ്വന്തം വീടുകളിലേക്ക് മടങ്ങിപോകാന്‍ തയ്യാറെടുക്കുന്നതോടെയാണ് സിനിമ ആരംഭിക്കുന്നത്. മറ്റുള്ള കുട്ടികളുടെ മാതാപിതാക്കള്‍ അവരെ വന്നു കൂട്ടിക്കൊണ്ടു പോയപ്പോള്‍ മുഹമ്മദ് മാത്രം തനിച്ചാകുന്നു. അച്ഛനെ കാത്തിരിക്കുന്നതിനിടയില്‍ കൂട്ടില്‍ നിന്നും താഴെ വീണു പോയ പക്ഷിക്കുഞ്ഞിനെ ഒരു പൂച്ചയില്‍ നിന്നും രക്ഷപ്പെടുത്തി വളരെ ശ്രമപ്പെട്ട് മരത്തിനു മുകളിലെ കൂട്ടിലാക്കുന്നുണ്ട് ആ ബാലന്‍. അന്ധനായ മകന്‍ ഭാരവും അപമാനവുമായി കരുതിയ മുഹമ്മദിന്റെ പിതാവ് ഹാഷീം വളരെ വൈകിയാണ് സ്‌കൂളില്‍ എത്തുന്നത്. മാത്രമല്ല അവനെ മൂന്നുമാസം നീളുന്ന വെക്കേഷന്‍ ദിവസങ്ങളിലും സ്‌കൂളില്‍ തന്നെ നിര്‍ത്താനുള്ള മാര്‍ഗമുണ്ടോ എന്നു അയാള്‍ ആരായുകയാണ്. അവന് അമ്മയില്ലാത്ത അടക്കമുള്ള പ്രായോഗിക ബുദ്ധിമുട്ടുകളാണ് അയാള്‍ പറയുന്നത്. എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ ഇതൊന്നും ചെവിക്കൊള്ളാന്‍ തയ്യാറാകുന്നില്ല. ഒടുവില്‍ സ്വന്തം വീട്ടിലേക്ക് തന്നെ മകനെ കൊണ്ടുപോകുവാന്‍ അയാള്‍ നിര്‍ബന്ധിതനാകുന്നു. തന്റെ ഗ്രാമത്തിന്റെ പരിചിതമായ പ്രകൃതി മുഹമ്മദിനെ ആഹ്ലാദചിത്തനാക്കുന്നു. അവിടെ അവനെ കാത്തിരിക്കുന്ന രണ്ട് സഹോദരിമാരും അവനേറെ പ്രിയപ്പെട്ട മുത്തശിയുമുണ്ട്. നീള ഇടവേളയ്ക്ക് ശേഷമുള്ള മുഹമ്മിന്റെ വരവിനായിട്ട് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് അവര്‍. മുഹമ്മദിന്റെ കണ്ണുകള്‍ സന്തോഷത്തിന്റെ നിറങ്ങള്‍ കാണുന്നത് അവരുടെ അടുത്ത് എത്തുമ്പോഴാണ്.
മുഹമ്മദിന്റെ പിതാവ് മറ്റൊരു വിവാഹത്തിനായി ഒരുങ്ങുന്ന സമയമായതുകൊണ്ടാണ് വെക്കേഷന് അവനെ വീട്ടിലേക്ക് കൊണ്ടുവരാന്‍ മടിച്ചത്. സ്വന്തം നാട്ടുകാരിയായ യുവതിയുടെ മാതാപിതാക്കളെ കണ്ട് സമ്മതം വാങ്ങിക്കഴിഞ്ഞിരുന്ന അയാള്‍. പക്ഷേ അന്ധനായ തന്റെ മകന്റെ വിവരങ്ങള്‍ അവരില്‍നിന്ന് മറച്ചുവച്ചത് വിവാഹത്തില്‍ നിന്ന് വീട്ടുകാര്‍ പിന്‍മാറുമോ എന്ന ആശങ്കയിലാണ് ഹാഷിം.മൂന്നുമാസം നീളുന്ന അവധിക്കാലത്ത് മുഹമ്മദിനെ ദൂരെ ഒരിടത്ത് അന്ധനായ മരപ്പണിക്കാരന്റെ അടുത്ത് കൊണ്ടാക്കുന്നതിനായി അയാള്‍ പദ്ധതി തയ്യാറാക്കി. അതേസമയം മുഹമ്മദ് സഹോദരിമാര്‍ക്കൊപ്പം ഗ്രാമത്തിലെ മനോഹരമായ കുന്നുകളില്‍ സന്തോഷത്തോടെ കറങ്ങുന്നു. അയാള്‍ക്ക് ചുറ്റുമുള്ള പ്രകൃതിയെ സ്പര്‍ശിക്കുകയും അനുഭവിക്കുകയും ചെയ്യുന്നു. മൃഗങ്ങളുടെ ശബ്ദം അനുകരിക്കുകയും ചെയ്യുന്നുണ്ട്. പ്രകൃതിയോടുള്ള അതുല്യമായ മനോഭാവം അദ്ദേഹം പ്രകടിപ്പിക്കുകയും അതിന്റെ ഭാഷയും ഘടനയും ഒരു ഭാഷയായി മനസിലാക്കുകയും ചെയ്യുന്നു. മുഹമ്മദ് സഹോദരിമാര്‍ക്കൊപ്പം പ്രാദേശിക സ്‌കൂളില്‍ പോയി ബ്രെയ്ലിയിലെ പാഠപുസ്തകത്തില്‍ നിന്നുള്ള പാഠങ്ങള്‍ വായിച്ച് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നു.
മുഹമ്മദിനെ തന്റെ അടുക്കല്‍ നിന്ന് മാറ്റിയതില്‍ മകനോട് പിണങ്ങി മുത്തശി വീടുവിട്ടിറങ്ങുകയാണ്. നിര്‍ത്താതെ മഴ പെയ്യുന്ന സന്ധ്യയില്‍ പോകാന്‍ പ്രത്യേകിച്ചൊരിടവുമില്ലാത്ത ആ വൃദ്ധ അലഞ്ഞു തിരിഞ്ഞു നടക്കുകയാണ്. മഴയത്തു വഴിതെറ്റി കരയ്ക്കു കയറി പിടയുന്ന ഒരു മത്സ്യത്തെ വാല്‍സല്യത്തോടെയെടുത്ത് മുത്തശി തോട്ടിലേക്കു വിടുന്നു രംഗം സ്‌നേഹത്തിന്റെയും കരുതലിന്റെയും നന്മയുടെയും ഓര്‍മപ്പെടുത്തലായി പ്രേക്ഷകര്‍ക്ക് അനുഭവപ്പെടും. മീനിനെ വെള്ളത്തില്‍ വിട്ടെഴുന്നേല്‍ക്കുന്നതിനിടെ മുഹമ്മദ് അവധിക്കു നാട്ടില്‍വന്നപ്പോള്‍ നല്‍കിയ കുഞ്ഞുസമ്മാനം വെള്ളത്തില്‍ വീണ് ആണ്ടുപോവുന്നു. ചെളിയില്‍ പൂണ്ടു വീണ്ടെുക്കാനാവാതെ പോവുന്ന ആ സമ്മാനത്തെയും വേണ്ടെന്നുവെച്ച് മുത്തശി മുന്നോട്ടു നടക്കുകയാണ്. പേരക്കുട്ടിയുടെ വിയോഗം താങ്ങാന്‍ കഴിയാതെ മുത്തശിരോഗിയായി തീരുകയും വൈകാതെ മരിക്കുകയും ചെയ്യുന്നു. മുത്തശിയുടെ മരണം മോശം ലക്ഷണമായി കണ്ട് യുവതിയുടെ വീട്ടുകാര്‍ മുഹമ്മദിന്റെ പിതാവുമായുള്ള വിവാഹത്തില്‍ നിന്നും പിന്‍മാറുന്നു. നിരാശയും കുറ്റബോധവും കൊണ്ട് അയാള്‍ തന്നെ തന്നെ കുറ്റപ്പെടുത്തുകയാണ്. വൈകാതെ മുഹമ്മദിനെ തിരികെ കൊണ്ടുവരുവാന്‍ പുറപ്പെടുന്നു. തനിക്ക് സംഭവിച്ച ദുര്‍വിധികള്‍ക്കെല്ലാം അവനും കാരണക്കാരനാണെന്ന ചിന്ത അയാളെ വല്ലാതെ അലട്ടുന്നുണ്ട്.
തിരികെ വീട്ടിലേക്ക് വരുന്നതിനിടെ കുത്തിയൊഴുകുന്ന പുഴയ്ക്ക് കുറുകെയുള്ള പാലത്തില്‍ വച്ച് അപകടമുണ്ടാകുന്നു. പാലം തകര്‍ന്ന് മുഹമ്മദ് വെള്ളത്തിലേക്ക് വീഴുന്നു. ഒരു നിമിഷം നോക്കിനിന്ന ശേഷം മകനെ രക്ഷിക്കാന്‍ അയാള്‍ നദിയിലേക്ക് ചാടി. രണ്ടുപേര്‍ക്കും ജീവന്‍ നഷ്ടമായേക്കാം എന്ന് തോന്നിയേക്കാവുന്ന വിധത്തില്‍ മലവെള്ളപ്പാച്ചിലിലൂടെ ഒഴുകിപ്പോകുന്ന അവരെ പിന്നീട് നാം കാണുന്നത് കാസ്പിയന്‍ കടല്‍ത്തീരത്താണ്. ബോധരഹിതനായിരുന്ന പിതാവ് കണ്ണ് തുറക്കുമ്പോള്‍ ആദ്യം തിരയുന്നത് മകനെയാണ്. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ അല്പം മാറി കരയ്ക്കടിഞ്ഞ മുഹമ്മദിനെ കാണുന്ന അയാള്‍ ഓടിച്ചെന്ന് അവനെ മടിയില്‍ കിടത്തി വിലപിക്കുന്നു. വികാരനിര്‍ഭരമായ നിമിഷങ്ങള്‍ക്കൊടുവില്‍ അവന്റെ കൈ ചെറുതായി ചലിച്ചുതുടങ്ങുന്ന ദൃശ്യത്തോടെ ദി കളര്‍ ഓഫ് പാരഡൈസ് അവസാനിക്കുന്നു. മുഹമ്മദായി വേഷമിട്ട മോഹ്സെന്‍ റമസാനി, പതാവായെത്തിയ മഹ്ജോബ് എന്നിവരൊക്കെ മികച്ച പ്രകടനമാണ് അഭ്രപാളിയില്‍ കാഴ്ചവച്ചിരിക്കുന്നത്. ചില്‍ഡ്രന്‍ ഓഫ് ഹെവന്‍, ഫാദര്‍ തുടങ്ങിയ മനോഹര ചിത്രങ്ങളൊരുക്കിയ മജീദ് മജീദിയുടെ ക്ലാസിക്ക് ചിത്രം തന്നെയാണ് ദി കളര്‍ ഓഫ് പാരഡൈസ്.