വല്ലപ്പോഴുമെത്തുന്ന വിനോദസഞ്ചാരികളെ സ്വീകരിക്കാനും യാത്രയാക്കാനും രാജ്യത്തെ മുഴുവന്‍ ജനങ്ങളും ബോട്ടുജെട്ടിയില്‍ എത്തുന്നത് പിറ്റ്കാന്‍ ദ്വീപില്‍ മാത്രം കാണാവുന്ന അപൂര്‍വ കാഴ്ചയാണ്. ദക്ഷിണ പസഫിക് സമുദ്രത്തിലെ അധികമാരും അറിയാത്ത ദ്വീപുകളിലൊന്നാണ് പിറ്റ്കാന്‍. ന്യൂസിലന്‍ഡിനും സൗത്ത് അമേരിക്കയ്ക്കും ഇടയിലുള്ള അഞ്ച് ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള ഈ ബ്രിട്ടീഷ് ഓവര്‍സീസ് ഭരണപ്രദേശത്തെ ജനസംഖ്യ വെറും അമ്പതില്‍ താഴെ മാത്രമാണ്. ജനസംഖ്യയില്‍ ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം. ജനവാസമില്ലാതിരുന്ന ഈ ദ്വീപ് ചരിത്രത്തില്‍ ഇടം നേടിയത് ഒരു കപ്പല്‍ കലാപത്തെ തുടര്‍ന്നാണ്. പിറ്റ്കാന്‍ ദ്വീപില്‍ മനുഷ്യവാസം തുടങ്ങിയതും ഈ കലാപത്തിന് ശേഷമാണ്. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ വക്താക്കളായ ബ്രിട്ടീഷുകാര്‍ക്ക് പിറ്റ്കാന്‍ എന്ന ദ്വീപിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ‘ ദ മ്യൂട്ടിനി ഇന്‍ ദ ബൗണ്ടി ‘ കലാപമാണ് ഓര്‍മ വരിക. ലോകമെമ്പാടും ബ്രിട്ടീഷുകാര്‍ക്കെതിരെയാണ് സാധാരണ കലാപങ്ങളുണ്ടാകുന്നതെങ്കില്‍ ഇവിടെ മറിച്ച് സ്വന്തം പാളയത്തിലുള്ളവര്‍ പരസ്പരം പോരാടുകയായിരുന്നു. ഹോളിവുഡ് സിനിമകളിലെ സസ്‌പെന്‍സിലെ വെല്ലുന്നതായിരുന്നു പതിനെട്ടാം നൂറ്റാണ്ട് സാക്ഷ്യം വഹിച്ച ” ദ മ്യൂട്ടിനി ഇന്‍ ദ ബൗണ്ടി ” കലാപം.
താഹിതി ദ്വീപില്‍ നിന്നും നിന്നും കടപ്ലാവിന്റെ തൈകള്‍ ശേഖരിച്ച് വെസ്റ്റിന്‍ഡീസിലെ കോളനികളില്‍ എത്തിക്കാനായി ഇംഗ്ലണ്ടില്‍ നിന്നും പുറപ്പെട്ടതായിരുന്നു ബ്രിട്ടീഷ് നാവികസേനയുടെ ബൗണ്ടി എന്ന കപ്പല്‍. 1787 ഡിസംബറില്‍ യാത്ര പുറപ്പെട്ട കപ്പലില്‍ ആകെ 43 പേരാണ് ഉണ്ടായിരുന്നത്. വളരെ കര്‍ക്കശക്കാരനായ വില്യം ബ്ലീഗന്‍ എന്ന മുപ്പത്തിമൂന്നുകാരനായിരുന്നു കപ്പലിന്റെ ക്യാപ്ടന്‍. 10 മാസത്തെ യാത്രയ്ക്ക് ശേഷം ബൗണ്ടി 1788 ഒക്ടോബറില്‍ താഹിതിയില്‍ എത്തി. വെസ്റ്റിന്‍ഡീസിലെ പ്ലാന്റേഷനുകളില്‍ ജോലിചെയ്യുന്ന അടിമകള്‍ക്കു ചെലവുകുറഞ്ഞ ഭക്ഷണമായി അവരുടെ യജമാനന്മാര്‍ കണ്ടെത്തിയ ഭക്ഷണമായിരുന്നു കടച്ചക്ക. അഞ്ച് മാസത്തോളം താഹിതിയില്‍ താമസിച്ചാണ് കപ്പലിലെ സംഘം തൈകള്‍ ശേഖരിച്ചത്. ഇതിനിടെ ചില കപ്പല്‍ ജീവനക്കാര്‍ താഹിതിയിലെ നാട്ടുകാരായ പോളിനേഷ്യക്കാരായ സ്ത്രീകളുമായി ബന്ധം പുലര്‍ത്തിയതിന് ക്യാപ്ടന്‍ വില്യം അവര്‍ക്ക് കടുത്ത ശിക്ഷ തന്നെ കൊടുത്തു. ഏറ്റവുമധികം പീഡനം ഏല്‍ക്കേണ്ടിവന്നത് കപ്പലിലെ സെക്കന്‍ഡ് ഓഫീസറായിരുന്ന ഫ്ളെയര്‍ ക്രിസ്റ്റ്യന് ആയിരുന്നു. ഇത് ക്യാപ്ടനും സഹപ്രവര്‍ത്തകരും തമ്മിലുള്ള ബന്ധം വഷളാകാന്‍ കാരണമായി. വൈകാതെ കടപ്ലാവ് തൈകള്‍ കപ്പലില്‍ ശേഖരിച്ച് സംഘം വെസ്റ്റിന്‍ഡീസിലേക്ക് യാത്രതിരിച്ചു. യാത്രയില്‍ ക്യാപ്ടനെതിരായ പ്രതിഷേധങ്ങള്‍ അണപ്പൊട്ടി പുറത്തുവരാന്‍ തുടങ്ങി. താഹിതിയില്‍ നിന്ന് കപ്പല്‍ യാത്ര പുറപ്പെട്ട് മൂന്നാഴ്ച പിന്നിട്ടപ്പോഴേയ്ക്കും ക്യാപ്റ്റനെതിരായ കരുനീക്കങ്ങള്‍ ആരംഭിച്ചിരുന്നു. 1789 ഏപ്രില്‍ 28 ന് രാത്രിയില്‍ അസംതൃപ്തരായ 18 കപ്പല്‍ ജോലിക്കാര്‍ ഫ്ളെയര്‍ ക്രിസ്റ്റ്യന്റെ നേതൃത്വത്തില്‍ കപ്പലിലെ ആയുധപ്പുര പിടിച്ചെടുത്തു. ഉറങ്ങിക്കിടന്നിരുന്ന ക്യാപ്റ്റന്‍ വില്യം ബ്ലീഗനെ തട്ടിയുണര്‍ത്തി കൈകള്‍ ബന്ധിച്ച് കപ്പലിന്റെ ഡക്കിലേക്ക് കൊണ്ടുവന്നു. തങ്ങള്‍ക്കൊപ്പം ചേരാന്‍ വിസമ്മതിച്ച 19 ജോലിക്കാരെയും ക്യാപ്റ്റന്‍ ബ്ലീഗനെയും പ്രഭാതത്തില്‍ വള്ളത്തില്‍ കയറ്റി ഏതാനും ദിവസത്തേക്കുള്ള ഭക്ഷണവും വെള്ളവും കൊടുത്ത് പസഫിക്ക് സമുദ്രത്തില്‍ ഒഴുക്കിവിട്ടു. ക്രിസ്റ്റ്യനും കൂട്ടരും ചേര്‍ന്ന് ക്യാപ്ടന്റെ കൂട്ടാളികളെയും ഒരു ബോട്ടില്‍ കയറ്റി കടലില്‍ ഉപേക്ഷിച്ചു. ബോട്ടില്‍ കയറാന്‍ ഇടമില്ലാത്തതുകൊണ്ടും തങ്ങളുടെ ഇഷ്ടത്തിനു വിപരീതമായും കപ്പലില്‍ പിന്നീട് 25 പേരാണ് അവശേഷിച്ചത്.
എന്നാല്‍ ക്യാപ്റ്റന്‍ ബ്ലീഗന്‍ പതറിയില്ല. അദ്ദേഹം 3500 മൈലുകള്‍ അകലെയുള്ള ഡച്ച് തിമോറിനെ ലക്ഷ്യമാക്കി വഞ്ചി തുഴയാന്‍ തീരുമാനിച്ചു. അവിടെ എത്തിച്ചേരാനുള്ള സാധ്യത വിരളമാണെന്നു അദ്ദേഹത്തിന് അറിയാമായിരുന്നു. വഞ്ചി മറിഞ്ഞോ ഭക്ഷണം തീര്‍ന്നോ ഏതു നിമിഷവും മരിക്കാം. എങ്കിലും അവര്‍ മുന്നോട്ടു നീങ്ങി. യാത്രയ്ക്കിടയില്‍ ടൗഷാ എന്ന ചെറു ദ്വീപില്‍ അവര്‍ വെള്ളം ശേഖരിക്കാന്‍ ഇറങ്ങിയെങ്കിലും ദ്വീപുവാസികള്‍ ശത്രുതയോടെയാണ് അവരെ കണ്ടത്. മഴയും വെയിലും കൊടുങ്കാറ്റും മരണഭീതിയും കൊണ്ട് നിറഞ്ഞ ദിനങ്ങളായിരുന്നു അതെല്ലാം. ഒരു ബിസ്‌കറ്റും ഒരു കവിള്‍ വെള്ളവും മാത്രം ഒരു ദിവസത്തെ ഭക്ഷണം. ഒടുവില്‍ നാല്‍പ്പത്തിയഞ്ചു ദിവസത്തിനു ശേഷം 1789 ജൂണ്‍ 14 ന് അവര്‍ ഡച്ച് തിമോറില്‍ എത്തിച്ചേര്‍ന്നു.മനുഷ്യവാസമില്ലാത്ത ഏതെങ്കിലും ദ്വീപ് കണ്ടുപിടിച്ച് അവിടെ താമസിക്കാം എന്ന തീരുമാനത്തില്‍ ഫ്ളെയര്‍ ക്രിസ്റ്റ്യനും കൂടെയുള്ള കലാപകാരികളും യാത്ര തുടങ്ങി. കന്നുകാലികളെയും വെള്ളവും സംഭരിക്കാനായി വീണ്ടും താഹിതിയിലെത്തി. അപ്പോള്‍ എട്ടുപേരൊഴികെയുള്ളവര്‍ അവിടെത്തന്നെ താമസിക്കാന്‍ തീരുമാനിച്ചു. ഏതാനും താഹിതീയ സ്ത്രീകളെയും പുരുഷന്മാരെയും തട്ടിയെടുത്തുകൊണ്ട് ഫ്ളെയറും സംഘവും യാത്ര തുടര്‍ന്നു. ആയിരക്കണക്കിനു മൈലുകള്‍ അലഞ്ഞതിനുശേഷം അവര്‍ പിറ്റ്കാന്‍ ദ്വീപ് കണ്ടെത്തി. പിറ്റ്കാന്‍ ദ്വീപില്‍ താമസം തുടങ്ങിയ പോളിനേഷ്യന്‍ വംശജരും വെള്ളക്കാരും പരസ്പരം പോരാടി നശിച്ചു. 18 വര്‍ഷങ്ങള്‍ക്കുശേഷം 1808 ഫ്രെബ്രുവരിയില്‍ സ്രാവ് വേട്ടയ്ക്കിടയില്‍ ടോപാസ് എന്ന അമേരിക്കന്‍ നാവികന്‍ യാദൃച്ഛികമായി പിറ്റ്കാന്‍ ദ്വീപിലെത്തി. അപ്പോള്‍ അവിടെ കലാപകാരികളില്‍ ജോണ്‍ ആദം എന്ന വ്യക്തി മാത്രമേ അവശേഷിക്കുന്നുണ്ടായിരുന്നുള്ളൂ. ഒമ്പത് പോളിനേഷ്യന്‍ സ്ത്രീകളും 19 കുട്ടികളും അടങ്ങുന്ന ആ കോളനിയുടെ പിതാവായി പിന്നീട് ജോണ്‍ ആദം അറിയപ്പെട്ടു.
വില്യം ബ്ലീഗന്‍ 1790ല്‍ ഇംഗ്ലണ്ടില്‍ തിരിച്ചെത്തുകയും കലാപകാരികളെ പിടിക്കാനായി പണ്ടോര എന്ന കപ്പല്‍ അയയ്ക്കുകയും ചെയ്തു. താഹിതിയില്‍ നിന്നും പിടിയിലായ 14 കലാപകാരികളെ പണ്ടോരയില്‍ തടവിലാക്കുകയും പിറ്റ്കാന്‍ ദ്വീപുകളില്‍ ഒളിവില്‍ താമസിക്കുകയായിരുന്ന ക്രിസ്റ്റ്യനെയും മറ്റുള്ളവരെയും കണ്ടുപിടിക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്തു. ഇംഗ്ലണ്ടിലേക്കു മടങ്ങുന്നവഴി പണ്ടോര കപ്പല്‍ മണലില്‍ അടിയുകയും 31 കപ്പല്‍ ജോലിക്കാരും തടവുകാരായി പിടിച്ചവരില്‍ നാലുപേരും കൊല്ലപ്പെട്ടു. 1792 ജൂണില്‍ ബാക്കിയുള്ള 10 തടവുകാര്‍ ഇംഗ്ലണ്ടില്‍ എത്തുകയും സൈനിക വിചാരണ നേരിടേണ്ടിവരികയും ചെയ്തു. നാലുപേരെ വെറുതെവിട്ടു. മൂന്നുപേര്‍ക്കു മാപ്പുനല്‍കിയപ്പോള്‍ മൂന്നുപേരെ തൂക്കിക്കൊന്നു. ആദംമിനെതിരെ നടപടിയൊന്നും എടുത്തില്ല. പില്‍ക്കാലത്ത് വില്യം ബ്ലീഗന്‍ ആസ്േ്രടലിയയിലെ ന്യൂ സൗത്ത് വെയില്‍സിന്റെ ഗവര്‍ണറായി. ദ മ്യൂട്ടിനി ഇന്‍ ദ ബൗണ്ടി കലാപകാരികളുടെയും അവരുടെ താഹിതി പങ്കാളികളുടെയും പിന്മുറക്കാരാണ് ഇന്നും പിറ്റ്കാന്‍ ദ്വീപില്‍ വസിക്കുന്നത്. കലാപത്തെ അധികരിച്ച് നിരവധി സിനിമകള്‍ ഉണ്ടായിട്ടുണ്ട്. 1935ല്‍ ഫ്രാങ്ക് ലോയ്ഡ് സംവിധാനം ചെയ്ത മ്യൂട്ടിനി ഓണ്‍ ദി ബൗണ്ടി അക്കാലത്തെ വലിയ ഹിറ്റുകളിലൊന്നായിരുന്നു. ചിത്രത്തിന് ഓസ്‌കാര്‍ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ചാള്‍സ് ഷാവേലിന്റെ ആസ്ട്രേലിയന്‍ ചിത്രം ഇന്‍ ദി വേക്ക് ഓഫ് ദി ബൗണ്ടി, ലൂയിസ് മൈല്‍ സ്റ്റോണിന്റെ 1962ല്‍ പുറത്തിറങ്ങിയ മ്യൂട്ടിനി ഓണ്‍ ദി ബൗണ്ടി, റോജര്‍ ഡൊണാള്‍ഡ് സണിന്റെ 1984ല്‍ പുറത്തിറങ്ങിയ ദി ബൗണ്ടി തുടങ്ങിയവയുടെയൊക്കെ പ്രമേയം ഈ കലാപമായിരുന്നു. മ്യൂട്ടിനി ഓണ്‍ ദി ബൗണ്ടി എന്ന പേരില്‍ അമേരിക്കന്‍ എഴുത്തുകാരായ ചാള്‍സ് നോര്‍ഡോഫും ജെയിംസ് നോര്‍മന്‍ ഹാളും ചേര്‍ന്ന് നോവല്‍ രചിച്ചിട്ടുണ്ട്.