അന്ധവിശ്വാസങ്ങൾ കുറയുന്നുവെന്നു നമ്മൾ വിചാരിക്കുമ്പോൾ അവ ജാതി അടിസ്ഥാനത്തിൽ പോലും ഉയർന്നുവരുന്ന കാഴ്ചയാണ് മുന്നിലുള്ളതെന്ന് പ്രൊഫ എം കെ സാനു. ഈ വിപത്തിനെതിരെ തുടർച്ചയായ പോരാട്ടം ആവശ്യമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ‘ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ സാംസ്‌കാരിക പ്രതിരോധം ‘ എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാന ലൈബ്രറി കൌൺസിൽ നടത്തുന്ന ദക്ഷിണമേഖലാ ജനചേതന യാത്രക്ക് ഇടപ്പള്ളിയിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വി കെ മധു ക്യാപ്റ്റനായുള്ള ദക്ഷിണമേഖലാ ജാഥയാണ് ഇവിടെയെത്തിയത്. സമ്മേളനത്തിൽ കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എ കെ ദാസ് അധ്യക്ഷനായി. ഉമാ തോമസ് എം എൽ എ, കെ ബാബു എം എൽ എ, ഡോ. എം തോമസ് മാത്യു, ജാഥാ മാനേജർ ഡോ. പി കെ ബോബൻ, ലൈബ്രറി കോൺസിൽ ജില്ലാ പ്രസിഡന്റ് പി കെ സോമൻ, കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി ആർ രാജേഷ്, കൊച്ചി താലൂക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഓ കെ കൃഷ്ണകുമാർ, പ്രസിഡന്റ് എസ് സന്തോഷ് കുമാർ, കൗൺസിലർമാരായ ദീപ വർമ്മ, ശാന്ത വിജയൻ, സജിനി ജയചന്ദ്രൻ, ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രം പ്രസിഡന്റ് പി പ്രകാശ് തുടങ്ങിയവർ സംസാരിച്ചു. പ്രൊഫ എം കെ സാനുവിനെയും ഡോ. തോമസ് മാത്യുവിനേയും ആദരിച്ചു. കൂടാതെ വിവിധ മേഖലകളിലെ എഴുത്തുകാരേയും ലൈബ്രറി പ്രവർത്തകരേയും ചടങ്ങിൽ ആദരിച്ചു.