കൊച്ചി: ലോകമാകെ യുദ്ധഭീതിയിൽ അമ്പരന്നുനിൽക്കുമ്പോൾ കൊച്ചിയിൽ ഒരുകൂട്ടം കുട്ടികൾ യുദ്ധത്തിനെതിരെ നാടകത്തിലൂടെ ശബ്ദമുയർത്തുന്നു. പ്രശസ്ത ഇറാനിയൻ എഴുത്തുകാരൻ ബഹാറൂസ് ഖാരിബ് പൂരിന്റെ ‘Evrything in its Proper time’ എന്ന യുദ്ധവിരുദ്ധ നാടകത്തിന്റെ മലയാള പരിഭാഷയാണ് വേദികളിലെത്തുന്നത് . കൊച്ചിയിലെ വിവിധ സ്കൂളുകളിലെ കൂട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള നാടകത്തിന്റെ അരങ്ങേറ്റം ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടന്നു. ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രത്തിനു കീഴിലെ നാടക പഠന വിഭാഗമായ നാം ചിൽഡ്രൻസ് തീയേറ്ററാണ് നാടകം ഒരുക്കുന്നത്. മലയാളത്തിൽ “എല്ലാത്തിനും അതിന്റേതായ സമയമുണ്ട്” എന്ന പേരിൽ പരിഭാഷയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് ഷേർളി സോമസുന്ദരമാണ്.
നാടകത്തിന്റെ ആദ്യ അവതരണത്തിനു മുന്നോടിയായി നടന്ന ചടങ്ങിൽ അഡ്വ. ബിന്ദു മോഹൻ ( പ്രസിഡന്റ്, റോട്ടറി ക്ലബ്, തൃപ്പൂണിത്തുറ) മുഖ്യാതിഥിയായി. ഡോ. പ്രകാശ് ചന്ദ്രൻ (റോട്ടറി മുൻ ഡിസ്ട്രിക്ട് ഗവർണർ) പി പ്രകാശ് ( പ്രസിഡന്റ്, ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രം), ഷേർളി സോമസുന്ദരം എന്നിവർ സംസാരിച്ചു. യുദ്ധവിരുദ്ധരായ ലോകനേതാക്കളുടെ ചിത്രങ്ങൾക്ക് മുന്നിൽ സമാധാനത്തിന്റെ പ്രതീകമായി ദീപം തെളിയിച്ച ശേഷമാണ് നാടകം ആരംഭിച്ചത്. പ്രൊഫ. എ ചന്ദ്രദാസൻ ആദ്യ ദീപം തെളിയിച്ചു.
ഉത്തര വിനോദ്, എ ആർ മാളവിക, ഹൈസം ബിനാസ്, ഗൗരി പ്രവീൺ, അവിനാശ് രവി, മാധവ് ആർ തമ്പി, ആതിഷ് ഗോപാൽ, ദിയ കാതറിൻ ഷിനു, ബി ആർ ഹേമന്ത്, തന്മയി, അർച്ചന രാജേഷ്, നന്ദന കൃഷ്ണകുമാർ, അലോക ഫ്ലോറിയ, ആത്മീയ ഫ്ലോറിയ, ലേഖ്‌ന സി ഷെട്ടി, അശ്വിൽ ഡെന്നി , മാളവിക മുരളി, ഗോവിന്ദ് വിനോദ് എന്നിവരാണ് അരങ്ങിലെത്തിയത്.
കോട്ടയത്തുനടക്കുന്ന കുട്ടികളുടെ നാടക ഫെസ്റ്റിവലിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഈ നാടകം ഡിസംബർ 30 ന് പാലക്കാട് നവരംഗ് ചിൽഡ്രൻസ് നാടക ഫെസ്റ്റിവലിലും അവതരിപ്പിക്കുന്നുണ്ട്.