സർഗ്ഗാത്മകത അഥവാ ക്രിയേറ്റിവിറ്റി കലാമേഖലയിലുള്ളവരുടെയും കലാസ്വാദനം നടത്തുന്നവരുടെയും മാത്രം കാര്യമായി ചുരുക്കിക്കാണുന്ന ഒരു പൊതുബോധം നമുക്കിടയിലുണ്ട്. അമേരിക്കൻ തത്വചിന്തകനായ റിച്ചാർഡ് ടേയ്ലറുടെ നിരീക്ഷണത്തിൽ ഒരാളെ സന്തോഷമുള്ളയാളും സംതൃപ്തിയുള്ളയാളുമാക്കി തീർക്കുന്നത് അയാളിലെ സർഗ്ഗാത്മകതയാണ്. ടേയ്ലറുടെ അഭിപ്രായത്തിൽ ഒരാൾ തന്റെ സർഗ്ഗാത്മകത ഉപയോഗപ്പെടുത്തുന്നില്ല എന്നതിന്റെ അർത്ഥം അയാൾ അയാളുടെ ജീവിതം വെറുതെ ജീവിച്ചു നഷ്ടമാക്കുന്നുവെന്നാണ്. മനുഷ്യജീവിതത്തിന്റെ ലക്ഷ്യംതന്നെ സർഗ്ഗാത്മകമാകുക എന്നാണ്. അരിസ്റ്റോട്ടിലിനെ ഉദ്ധരിച്ചുകൊണ്ട് പറഞ്ഞാൽ, മൗലികമായ ഒരു ജീവിതം വെല്ലുവിളികളെ നേരിട്ടുകൊണ്ട് ജീവിക്കാൻ ഒരാൾ തന്റെ എല്ലാ കരുത്തും കഴിവും ഉപയോഗിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം പരമമായ ആനന്ദം ജീവിതത്തിൽ കണ്ടെത്താനുള്ള മാർഗ്ഗമാണ് അവർ വേണ്ടെന്നുവെക്കുന്നത്.
ഇക്കാര്യം കൂടുതൽ വ്യക്തതയോടെ അവതരിപ്പിക്കാൻ റിച്ചാർഡ് ടേയ്ലർ രണ്ട് കർഷകരുടെ കഥയെ കൂട്ടുപിടിക്കുന്നു. ആദ്യത്തെ കർഷകന് കൃഷിയെപ്പറ്റി യാതൊരു ധാരണയുമില്ല. എന്നാൽ, കാർഷികവൃത്തിയിൽ ഏർപ്പെടുമ്പോൾ ഉണ്ടാകാൻ ഇടയുള്ള പ്രശ്നങ്ങളെ അതിജീവിക്കാനുള്ള മാർഗ്ഗങ്ങൾ രേഖപ്പെടുത്തിയ ഒരു പുസ്തകം അയാളുടെ പക്കലുണ്ട്. എപ്പൊഴൊക്കെ ഒരു പ്രശ്നത്തെ അഭിമുഖീകരിക്കേണ്ടി വരുന്നുവോ അപ്പൊഴൊക്കെയും അയാൾ പുസ്തകം നോക്കി അതിനൊരു പോംവഴി കണ്ടെത്തുന്നു. അയാൾ ഒരിക്കലും തന്റെ ചിന്താശേഷി ഉപയോഗിക്കുന്നില്ല. എന്നുമാത്രമല്ല പുസ്തകത്തിൽ എഴുതിയതിനെപ്പോലും വിമർശനാത്മകമായി സമീപിക്കുന്നില്ല. അതിന്റെ ആവശ്യവും അയാൾക്ക് വരുന്നില്ല. പുസ്തകത്തിൽ എല്ലാമുണ്ട്. അതിലുപരി വിളവെടുപ്പ് കാലത്ത് കൃത്യമായ നേട്ടവും കൃഷിയിൽ ലഭിക്കുന്നുണ്ട്. സ്വാഭാവികമായും അയാൾ ഉള്ളതിൽ സംതൃപ്തനാണ്.
അതേസമയം രണ്ടാമത്തെ കർഷകന്റെ കൈവശം അങ്ങനെയൊരു സഹായകഗ്രന്ഥമില്ല. അയാൾ തന്റെ കൈവശമുള്ള പണിയായുധങ്ങളും വിദ്യകളും ഉപയോഗിച്ച് ഓരോ പ്രശ്നം വരുമ്പോഴും അതിനെ അതിജീവിക്കാനുള്ള മാർഗ്ഗം കണ്ടെത്തുന്നു. തുടക്കത്തിൽ കൂടുതൽ പ്രയാസം നേരിടേണ്ടി വരുന്നുവെങ്കിലും ക്രമേണ അയാൾക്ക് കൃഷിയെപ്പറ്റി കൃത്യമായ ധാരണ കൈവരുന്നു. എന്ത് പ്രശ്നത്തെയും നേരിടാനുള്ള ശേഷി ആർജ്ജിക്കുന്നു. പുതിയതായൊരു പ്രശ്നം ഉണ്ടാകുമ്പോൾ പോലും അതിനായി പലവിധ മാർഗ്ഗങ്ങൾ അവലംബിക്കുകയും ഏറ്റവും ഫലപ്രദമായ ഒരു മാർഗ്ഗം അയാൾ കണ്ടെത്തുകയും ചെയ്യുന്നു. ചിലപ്പോൾ കൃഷിയിൽ തിരിച്ചടികൾ ഉണ്ടായേക്കും, എങ്കിലും അയാൾ എല്ലാത്തിനും പോംവഴി കാണും. കുറേക്കാലത്തിനു ശേഷം ഈ രണ്ട് കർഷകരും ഏറെക്കുറേ സമാനമായ സമ്പത്തും വരുമാനവും ഉള്ളവരായിത്തീരും.
ഇനിയാണ് ചോദ്യം, ഈ രണ്ട് പേരിൽ ആരായിരിക്കും ഏറ്റവും സന്തോഷം അനുഭവിച്ചിട്ടുണ്ടാകുക? അല്ലെങ്കിൽ മറ്റൊരു തരത്തിൽ ചോദിച്ചാൽ ഇതിൽ ഏത് കർഷകൻ ആകാനാകും നിങ്ങൾ ആഗ്രഹിക്കുക?
കൂടുതൽ ആളുകളും രണ്ടാമത്തെ കർഷകനെയാകും തിരഞ്ഞെടുക്കുക. പ്രത്യേകിച്ച് ആദ്യത്തെ ആളുടെ പോലൊരു വിജയകരമായ ജീവിതം ഇയാൾക്കും ലഭിച്ചിരിക്കുന്നു എന്നിരിക്കെ. പരീക്ഷണങ്ങളിൽ ഏർപ്പെടുന്നതിൽ, പോംവഴികൾ സ്വയം കണ്ടെത്തുന്നതിൽ, കാര്യങ്ങൾ സ്വയം പഠിച്ചെടുക്കുന്നതിൽ ഇതിലെല്ലാം ഉപരി സ്വപ്രയത്നത്താൽ വിജയം കൈവരിക്കുന്നതിൽ നിന്നും ലഭിക്കുന്ന സന്തോഷവും സംതൃപ്തിയും നമ്മുടെ ജീവിതത്തെ താല്പര്യജനകവും മൗലികവും ആക്കിത്തീർക്കും. എന്നാൽ എല്ലാം പുസ്തകം നോക്കി ചെയ്യുന്ന കർഷകനെ സംബന്ധിച്ചിടത്തോളം എന്നും ഒരേമട്ടിൽ ആവർത്തിക്കുന്ന, പുതിയതായി ഒന്നും കണ്ടെത്താനില്ലാതെപോയ വിരസമായ ഒരു ജീവിതം ആയിരിക്കും. കൃഷിയിൽ നിന്നും നേട്ടം ഉണ്ടാക്കാൻ ആയെങ്കിൽ കൂടിയും രണ്ടാമത്തെ കർഷകനു ലഭിക്കാനിടയായത് പോലൊരു സന്തോഷവും സംതൃപ്തിയും അയാളുടെ ജീവിതത്തിൽ ഉണ്ടാകാനിടയില്ല.
എന്തുകൊണ്ടായിരിക്കും സഹായകഗ്രന്ഥം ഇല്ലാതിരുന്ന കർഷകനാണ് കൂടുതൽ സന്തോഷവാനെന്ന് നമ്മൾ കരുതുന്നത്? അയാളുടെ സന്തോഷത്തിന്റെ കാരണം എന്തായിരിക്കും?
എന്താണ് സർഗ്ഗാത്മക ജീവിതം?
ജീവിതത്തിൽ മനുഷ്യനെ സംതൃപ്തനും സന്തോഷവാനുമാക്കി തീർക്കുന്നതിനെയാണ് റിച്ചാർഡ് ടേയ്ലർ (1919–2003) സർഗ്ഗാത്മകത എന്ന് വിളിക്കുന്നത്. മനുഷ്യർ സർഗ്ഗാത്മക ജീവികളാണ്, അതിനാൽ അവർക്ക് പൂർണ്ണാർത്ഥത്തിൽ മനുഷ്യരായി നിൽക്കാൻ അവരുടെ സർഗ്ഗാത്മകത ഉപയോഗിക്കാനുള്ള അവസരം ജീവിതത്തിൽ ഉണ്ടായിരിക്കണം. എന്നാൽ സർഗ്ഗാത്മകമായി ജീവിക്കാൻ ഒരാൾ കലാകാരൻ ആയിരിക്കേണ്ട ആവശ്യമേയില്ലെന്ന് ടേയ്ലർ പറയുന്നു. നമ്മുടെ ദൈനംദിന ജീവിതത്തിലെ പ്രവൃത്തികളിലും തീരുമാനങ്ങളിലും ഉൾക്കൊള്ളുന്ന കാര്യമാണ് അത്. ഒരു കാര്യം ചെയ്യേണ്ടതായി വരുമ്പോൾ അതിനെ താല്പര്യജനകമായ, ഭാവനാപൂർണ്ണമായ, വെല്ലുവിളിയുണർത്തുന്ന തരത്തിലും നമുക്ക് ചെയ്യാം അതല്ലാതെ എല്ലാവരും ചെയ്യുന്ന മട്ടിലും നമുക്ക് ചെയ്യാം. ഇതിൽ ഏത് രീതിയിൽ ചെയ്യാനാണോ നിങ്ങളെ ഇഷ്ടപ്പെടുന്നത് അതിന്റെ അടിസ്ഥാനത്തിലാണ് ആ പ്രവൃത്തി വിജയകരമായി പൂർത്തിയാക്കുമ്പോൾ ലഭിക്കുന്ന സന്തോഷവും സംതൃപ്തിയിൽ എത്രത്തോളമുണ്ടാകുമെന്ന് നിർണ്ണയിക്കപ്പെടുന്നത്.
പാചകം അറിയാത്ത ഒരാൾ പാചകം ചെയ്തു ശീലിക്കുന്നതും പാചകം ചെയ്യുന്ന ഘട്ടത്തിൽ പുതിയ വിഭവങ്ങൾ ഓരോന്നായി പാചകം ചെയ്യുന്നതും. ഈ ഘട്ടത്തിനു ശേഷംഅയാളുടേതായ രീതിയിൽ പുതിയ വിഭവങ്ങൾ കണ്ടെത്തുന്നതും അയാളുടെ ജീവിതത്തെ സർഗ്ഗാത്മകമാക്കി തീർക്കുന്ന പ്രവൃത്തിയ്ക്ക് ഒരു ഉദാഹരണമാണ്. കലാകാരന്മാരും തത്വചിന്തകരും നമുക്ക് പരിചിതമായ ഒരു ലോകത്തെ മറ്റൊരു രീതിയിൽ നോക്കിക്കണ്ടുകൊണ്ട് അപരിചിതവത്കരിച്ച് നവീനത പകരുന്നത് പോലെ ഒരേ രീതിയിൽ തുടരുന്ന നമ്മുടെ ദൈനംദിന ജീവിതത്തിലും നമുക്ക് പുതുമ കണ്ടെത്താനാകും. നമ്മുടെ പ്രവൃത്തികളും തീരുമാനങ്ങളും എത്രത്തോളും ക്രിയേറ്റീവ് ആയ ഊർജ്ജം നമ്മളിൽ നിന്നും ആവശ്യപ്പെടുന്നുണ്ട് എന്നതിനെ അനുസരിച്ചാണു ജീവിതത്തിന്റെ സന്തോഷവും സംതൃപ്തിയും.
ഇന്നലെ എങ്ങനെയായിരുന്നോ അതേമട്ടിൽ ഇന്നും ജീവിക്കുന്ന മനുഷ്യർ ഉണ്ട്. സ്വന്തമെന്ന് പറയാൻ മൗലികമായ ഒരു ആത്മകഥ പോലുമില്ലാത്ത, കാലത്തിനൊപ്പം നീങ്ങുന്ന ജീവികൾ മാത്രമാകും അവർ. മുമ്പ് എങ്ങനെ ആളുകൾ ജീവിച്ചോ അതേമട്ടിൽ അവർ ജീവിക്കും. സവിശേഷമായി ഒന്നുമില്ല. ഇങ്ങനെയല്ലാതെ ജീവിക്കലിലാണ് ജീവിതമിരിക്കുന്നത്. അതിനുള്ള സാധ്യതയും അവസരവും തുറന്നിടാനാണു നമുക്ക് സർഗ്ഗാത്മകതയുള്ളത്. അവ ഉപയോഗിക്കാതിരിക്കണോ ഉപയോഗിക്കണോ എന്നത് നാം ഓരോരുത്തരുടെയും തെരഞ്ഞെടുപ്പാണ്.