കാല്‍പ്പന്തിനെ പ്രണയിക്കുമ്പോള്‍ തലനരയ്ക്കാത്തവരുടെ നാട്ടിലല്ലാതെ ഇവിടെയാണ് ഫുട്‌ബോളിലെ ഏറ്റവും വലിയ സമസ്യയുണ്ടാകുക ? പെലെ ഇനിയും ഉത്തരം കണ്ടെത്താന്‍ പ്രയാസമുള്ള സമസ്യ. ഭൂമിയുടെ ഹൃദയതാളങ്ങളെ ഒരു പന്തിലേക്ക് ചേര്‍ത്തുനിര്‍ത്തിയ മാന്ത്രികനാണ് എഡിസണ്‍ അരാന്റസ് ഡൊ നാസിമെന്റോ എന്ന പെലെ. ബ്രസീലിലെ ട്രെസ് കൊറാക്കോസില്‍ ദരിദ്രനായി ജനിച്ച് വര്‍ണവിവേചനത്തിന്റെ ചുറ്റുപാടുകളില്‍ പരിഹാസങ്ങള്‍ കേട്ടു വളര്‍ന്നു. സോക്‌സില്‍ തുണിയും കടലാസുകളും നിറച്ചുണ്ടാക്കിയ പന്തുതട്ടി കളിച്ചു. കുട്ടിത്തം മാറും മുമ്പേ അസാമാന്യ പ്രതിഭ തെളിയിച്ചു. കൗമാരത്തില്‍ ആദ്യ ലോക കിരീടം സ്വന്തമാക്കി. ലോകത്തിന്റെ അതിര്‍ത്തികള്‍ ഭേദിച്ച് മുന്നേറി. ഭൂമിയിലെ ഏറ്റവും പ്രസിദ്ധനായ മനുഷ്യനായി ! മൂന്ന് ലോകകപ്പുകള്‍ നേടിയ ഏകതാരമായ പെലെ ഒന്നരപ്പതിറ്റാണ്ടിലേറെ നീണ്ട കരിയറിലുടനീളം ഗോളുകളടിക്കുന്നത് ലഹരിയാക്കി മാറ്റി. ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോറര്‍. 92 മത്സരങ്ങളില്‍ 77 ഗോളുകള്‍. ക്ലബ്ബ് കരിയറില്‍ ബ്രസീലിലെ സാന്റോസ്, ന്യൂയോര്‍ക്ക് കോസ്‌മോസ് ടീമുകള്‍ക്കുവേണ്ടി 1363 മത്സരങ്ങളില്‍ നിന്ന് 1281 ഗോളുകള്‍. മറ്റൊരു താരത്തിനും എത്തിപ്പിടിക്കാനാവാത്ത നേട്ടം ! ഫ്ളുമിനെന്‍സ് ക്ലബ്ബിന്റെ ഫുട്‌ബോള്‍ താരമായിരുന്ന ഡോണ്‍ഡീന്യോയുടെയും സെലസ്റ്റി അരാന്റസിന്റെയും മകന്‍ പില്‍ക്കാലത്ത് ലോകത്തിനു മുഴുവന്‍ പ്രകാശം പരത്തി.
1956 സെപ്തംബര്‍ ഏഴിന് പതിനഞ്ചാമത്തെ വയസിലാണ് പെലെ സാന്റോസിനായി കളത്തിലിറങ്ങിയത്. കൊറിന്ത്യന്‍സിനെതിരെ നാലു ഗോള്‍ നേടിയ അവന്‍ ഫുട്‌ബോളില്‍ തന്റെ വരവറിയിച്ചു. ഇരുപത്തിരണ്ടു വര്‍ഷത്തെ കരിയറില്‍ മുപ്പത്തിയേഴാം വയസില്‍ ബൂട്ടഴിക്കുന്നതുവരെ 1283 ഗോളുകള്‍അടിച്ചു കൂട്ടി ! ഇതേ വരെയും മറ്റൊരു താരത്തിനും എത്തിപ്പിടിക്കാന്‍ സാധിക്കാത്ത നേട്ടം. 1958-ല്‍ സ്വീഡനിലാണ് പെലെയുടെ ലോകകപ്പ് അരങ്ങേറ്റം. അന്നുവരെയുള്ള ലോകകപ്പ് കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്‍. സോവിയറ്റ് യൂണിയനുമായി ആയിരുന്നു പെലെയുടെ ആദ്യ മത്സരം. വാവയുടെ രണ്ടാം ഗോളിന് വഴിയൊരുക്കിക്കൊണ്ട് ഗംഭീരമായ തുടക്കം. വെയില്‍സിനെതിരെയുള്ള മത്സരത്തില്‍ പെലെയുടെ ആദ്യ ലോകകപ്പ് ഗോള്‍ പിറന്നു. സെമി ഫൈനലില്‍ ജസ്റ്റ് ഫോണ്ടയിനിന്റെ ഫ്രാന്‍സിനെതിരെ ഹാട്രിക് ! ഫൈനലില്‍ സ്വീഡനെ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് ബ്രസീല്‍ ആദ്യമായി ലോകകപ്പില്‍ മുത്തം ചാര്‍ത്തി. പെലെ എന്ന കൗമാരക്കാനും ബ്രസീലും വിസ്മയമായി.’ നമ്മള്‍ എല്ലാവരേയും പോലെ ചോരയും നീരുമുള്ള ഒരു മനുഷ്യന്‍ മാത്രമാണ് പെലെ എന്ന് കളി തുടങ്ങും മുമ്പ് ഞാന്‍ സ്വയം സമാധാനിച്ചിരുന്നു. പക്ഷേ എനിക്കു തെറ്റി ” 1970 ലോകകപ്പിലെ ഇറ്റാലിയന്‍ താരമായ ബുര്‍ഗ്‌നിക് പെലെയെക്കുറിച്ച് പറഞ്ഞ അഭിപ്രായമാണിത്. കാറ്റുനിറച്ച പന്തിനുപുറകെ കോടിക്കണക്കിന് ജനഹൃദയങ്ങളെ പായിച്ച പെലെ എന്ന ഇതിഹാസം ഒക്ടോബറില്‍ 80 വയസിന്റെ നിറവിലെത്തി. ചരിത്രകാരനായ ആന്‍ഡി വാര്‍ഹോള്‍ പറഞ്ഞത് പ്രശസ്തി എന്നത് 15 മിനിട്ട് മാത്രമാണ് എന്നാണ് ഞാന്‍ വിശ്വസിച്ചിരുന്നത്. പക്ഷേ പെലയുടെ കാര്യത്തില്‍ അത് പതിനഞ്ച് നൂറ്റാണ്ടുകള്‍ നീണ്ടു നില്‍ക്കും. ആ അതുല്യപ്രതിഭയുടെ കരിയറിലെ ചില അവിസ്മരണീയ മൂഹൂര്‍ത്തങ്ങളിലേക്കൊരു കിക്കോഫ്.
പകരക്കാരന്റെ പ്രതിഭാവിലാസം
1957 ജൂലായില്‍ ബ്രസീലും അര്‍ജന്റീനയും തമ്മില്‍ നടത്തിയ സൗഹൃദ ഫുട്‌ബോള്‍ മത്സരമായിരുന്നു കോപ്പ റോക്ക ടൂര്‍ണമെന്റ്. ആദ്യമത്സരത്തിന്റെ മുപ്പത്തിരണ്ടാമത്തെ മിനിട്ടില്‍ ബ്രസീല്‍ ഇമ്മാനുവേലെ വെച്ചിയോ എന്ന താരത്തെ പിന്‍വലിച്ച് മീശപോലും മുളയ്ക്കാത്ത ഒരു പതിനാറുകാരനെ കളത്തിലിറക്കി. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബ്രസീല്‍ തോറ്റെങ്കിലും ആ കൗമാരക്കാരന്‍ എതിര്‍വല ചലിപ്പിച്ചു. മൂന്ന് ദിവസത്തിനും ശേഷം നടന്ന പോരാട്ടത്തില്‍ അര്‍ജന്റീനയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കാനറികള്‍ തോല്‍പ്പിച്ചു. അവിടെയും പെലെ എന്ന പതിനാറുകാരന്‍ ഗോള്‍ കണ്ടെത്തി. ” എന്നെ തിരഞ്ഞെടുത്തത് മനോഹരമായിരുന്നു, ഒരു സ്വപ്‌നം പോലെ ‘ പെലെ അതേക്കുറിച്ച് പിന്നീട് പറഞ്ഞത് ഇങ്ങനെയാണ്. അന്താഷ്ട്ര ഫുട്‌ബോളില്‍ പെലെ അരങ്ങേറ്റം കുറിച്ച ടൂര്‍ണമെന്റായിരുന്നു അത്.
1958ല്‍ സ്വീഡന്‍ അതിഥ്യം വഹിച്ച ലോകകപ്പ് ഫുട്‌ബോള്‍ ബ്രസീല്‍ ജനതയ്ക്കും പെലെയ്ക്കും മറക്കാന്‍ സാധിക്കില്ല. ഫ്രാങ്ക് പുഷ്‌കാസ്, ആല്‍ഫ്രെഡോ ഡി സ്‌റ്റെഫാനോ, കുബാല തുടങ്ങിയ പ്രതിഭകള്‍ വാഴുന്ന ഫുട്‌ബോള്‍ മൈതാനത്ത് പതിനേഴ് വയസുമാത്രം പ്രായമുള്ള പെലെ മാന്ത്രികനായി അവതരിച്ചു. ” ഞങ്ങള്‍ സ്വീഡനില്‍ എത്തിയപ്പോള്‍ ബ്രസീല്‍ എന്താണെന്ന് ആര്‍ക്കും അറിയില്ല. അവര്‍ക്ക് അര്‍ജന്റീനയെക്കുറിച്ച് അറിയാം ഉറുഗ്വേ അറിയാം. ഇത് ഞങ്ങളെ അതിശയിപ്പിച്ചു. ലോകമെമ്പാടും ബ്രസീലിനെക്കുറിച്ച് അറിയാമെന്ന് ഞാന്‍ കരുതി, പക്ഷേ സ്വീഡനില്‍ ഒന്നുമില്ല ” പെലെ ഓര്‍ക്കുന്നു.
ഞങ്ങള്‍ ലോകകപ്പ് നേടിയപ്പോള്‍ എല്ലാവര്‍ക്കും ബ്രസീലിനെക്കുറിച്ച് അറിയാമായിരുന്നു. എന്റെ രാജ്യത്തിന് നല്‍കിയ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണിതെന്ന് ഞാന്‍ കരുതുന്നു. പെലെ സാക്ഷ്യപ്പെടുത്തുന്നു. നാല് മത്സരങ്ങളില്‍ നിന്ന് പെലെ ആറ് ഗോളുകള്‍ നേടി. ഫൈനലില്‍ സ്വീഡിഷ് ഡിഫെന്‍ഡറുടെ മുകളിലൂടെ ഹെഡ് ചെയ്ത് നേടിയ ഗോള്‍ ലോകകപ്പ് ചരിത്രത്തിലെ തന്നെ മികച്ച ഗോളുകളിലൊന്നായി വിലയിരുത്തപ്പെടുന്നു. 1962 ലെ ചിലി ലോകകപ്പില്‍ ഇറങ്ങുമ്പോള്‍ പെലെയായിരുന്നു ലോകത്ത് ഏറ്റവും അറിയപ്പെടുന്ന വിലപിടിപ്പുള്ള ഫുട്‌ബോള്‍ താരം. പെലെയെ അനങ്ങാന്‍ വിടാതിരിക്കുക എന്നതായി എതിരാളികളുടെ ലക്ഷ്യം.
ഒരു മെക്‌സിക്കന്‍ അപാരത
ഇരട്ട കപ്പുകളുടെ തിളക്കവുമായി എത്തിയ ടീമുകള്‍ ഏറ്റുമുട്ടിയ 1970ലെ മെക്‌സിക്കോ ലോകകപ്പ് ഫൈനലില്‍ ബ്രസീലിനും ഇറ്റലിയ്ക്കും നടുവിലെ ഏറ്റവും വലിയ വ്യത്യാസം പെലെയായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ പെലെയുടെ ലോകകപ്പായിരുന്നു അത്. ഒരു ലക്ഷത്തിലധികം കാണികളെ സാക്ഷിയാക്കി ബ്രസീല്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ഇറ്റലിയെ കടപ്പുഴക്കിയപ്പോള്‍ ഗോള്‍ വെടിക്കെട്ടിന് തിരിക്കൊളുത്തിയത് പെലെയല്ലാതെ മറ്റാര് ! മുപ്പതുവയസിനിടെ പെലെ ഫുട്‌ബോളിന്റെ പര്യായമായി മാറിയിരുന്നു. ഫുട്‌ബോള്‍ എന്തെന്ന് അറിയാത്തവര്‍ക്ക് പോലും പെലെ എന്ന നാമം സുപരിചിതമായി. ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ തുടങ്ങാനിരിക്കെത്തന്നെ കളിക്കാനില്ലെന്ന് ശാഠ്യം പിടിച്ചിരുന്ന അദ്ദേഹത്തെ ്രബ്രസീല്‍ കെഞ്ചിയാണ് മൈതനത്ത് എത്തിച്ചത്. അക്കാലത്തെ ബ്രസീല്‍ നിര ലോകഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മഹത്തായ ടീമായി കണക്കാക്കപ്പെടുന്നു. പെലെ, റിവലിനോ, ജെര്‍സിഞ്ഞോ, ഗെര്‍സന്‍, കാര്‍ലോസ് ആല്‍ബര്‍ട്ടോ, ടൊസ്റ്റാവോ തുടങ്ങി അനവധി പ്രതിഭകള്‍. പെലെ അവസാനമായി ബൂട്ട് കെട്ടിയ ലോകകപ്പ് കൂടിയായിരുന്നു മെക്‌സിക്കോയിലേത്.
സാന്റോസിന്റെ സാന്റ
ലോകത്തിലെ തന്നെ പുരാതനമായ ഫുട്ബോള്‍ ക്ലബ്ബുകളിലൊന്നാണ് ബ്രസീലിലെ സാന്റോസ്. 1956-ലാണ് ശരിക്കും സാന്റോസിന്റെ തലവര മാറുന്നത്. പെലെ ക്ലബ്ബിന്റെ ഭാഗമാകുന്നത് ആ വര്‍ഷമായിരുന്നു. പെലെയുടെ വരവിന് സാന്റോസ് കടപ്പെട്ടിരിക്കുന്നത് വാള്‍ഡെമാര്‍ ഡി ബ്രിട്ടോ എന്ന ബ്രസീലിയന്‍ താരത്തോടാണ്. ബ്രിട്ടോ സാന്റോസ് ക്ലബ്ബ് ഡയറക്ടര്‍ക്ക് പരിചയപ്പെടുത്തിയത് ഇങ്ങനെയായിരുന്നു ” ഇവന്‍ ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോള്‍ താരമാകും. പെലെ എത്തിയതോടെ സാന്റോസിന്റെ രാശിയും തെളിഞ്ഞു. പെലെ കളിച്ച 18 സീസണുകളിലായി 10 ലീഗ് കിരീടങ്ങളാണ് ക്ലബ്ബ് സ്വന്തമാക്കിയത്. റയല്‍ മാഡ്രിഡ്, യുവന്റസ്, മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് തുടങ്ങിയ യൂറോപ്യന്‍ വമ്പന്‍മാരെല്ലാം പെലെയെ സ്വന്തമാക്കാന്‍ ക്യൂ നിന്നെങ്കിലും ആരാധകര്‍ സാന്റോസ് വിട്ടുപോകാന്‍ അനുവദിച്ചില്ല.
ദക്ഷിണ അമേരിക്കന്‍ ഫുട്‌ബോളിന്റെ പ്രീമിയര്‍ ക്ലബ് മത്സരമായ കോപ ഡി കോപ ലിബര്‍ട്ടഡോറസിന്റെ 1962ലെ ഫൈനല്‍ പോരാട്ടം പെലെയുടെ കരിയറിലെ അവിസ്മരണീയ ഒരു ഏടായിരുന്നു. ആദ്യസെമിയില്‍ ഉറുഗ്വേന്‍ ടീമും നിലവിലെ ചാമ്പ്യന്‍മാരുമായ പെനറോളിനോട് ജയിച്ചുകയറിയ സാന്റോസ് രണ്ടാം പാദത്തില്‍ കീഴടങ്ങി. ഇതോടെ ഫൈനല്‍ പോരാട്ടം ഫുട്‌ബോള്‍ പ്രേമികളുടെ ചങ്കിടിപ്പ് വര്‍ദ്ധിപ്പിച്ചു. ഫൈനലില്‍ പെലെയുടെ ഇരട്ടഗോള്‍ മികവില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് സാന്റോസ് പെനറോളിനെ നാണം കെടുത്തിയത്. അക്കൊല്ലത്തെ ലോക ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പും സാന്റോസിന്റെ കൂടാരത്തിലാണ് എത്തിയത്.
മാരക്കാനയിലെ ആയിരാം തമ്പുരാന്‍
ഫുട്‌ബോള്‍ ചരിത്രത്തില്‍ അതുവരെ ആരും എത്തിപ്പിടിക്കാത്ത 1000 ഗോള്‍ എന്ന നേട്ടം 1969 നവംബര്‍ 19ന് പെലെ സ്വന്തമാക്കി. ബ്രസീലിയന്‍ ലീഗില്‍ വാസ്‌കോ ഡ ഗാമ ക്ലബ്ബിനെതിരെ വിഖ്യാതമായ മാരക്കാന സ്‌റ്റേഡിയത്തില്‍ 78ാം മിനിട്ടില്‍ പെനാല്‍റ്റിയിലൂടെയാണ് ഗോള്‍ നേടിയത്. എണ്‍പതിനായിരത്തോളം ആരാധകരുടെ ആഘോഷപ്രകടനവും താരങ്ങളുടെ അഭിനന്ദനപ്രഭാവവും കാരണം 20 മിനിട്ടോളം മത്സരം നിര്‍ത്തി വയ്‌ക്കേണ്ടി വന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം പെലെ പറഞ്ഞു. ” ലക്ഷ്യത്തിന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഞാന്‍ സാന്റോസിലായിരുന്നു, ചില കുട്ടികള്‍ കാറുകള്‍ മോഷ്ടിക്കാന്‍ ശ്രമിക്കുന്നത് ഞാന്‍ കണ്ടു. നിങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന് ഞാന്‍ ചോദിച്ചു. സാവോ പോളോയില്‍ നിന്നുള്ള കാറുകള്‍ മാത്രമാണ് ലക്ഷ്യമിടുന്നതെന്ന് പറഞ്ഞ് അവര്‍ അതിനെ ന്യായീകരിക്കാന്‍ ശ്രമിച്ചു, ആരെയും കൊള്ളയടിക്കരുതെന്ന് ഞാന്‍ അവരോട് പറഞ്ഞു. അതാണ് എന്റെ ആയിരാമത്തെ ഗോളില്‍ നിന്നുള്ള സന്ദേശം ”