കോൺഗ്രസ് ഒരുവിധിയെഴുത്തിനു മുന്നിലെത്തി നിൽക്കുന്നു. ഇവിടെ വഴി രണ്ടായി പിരിയുകയാണ്. ഒന്ന് ഇതുവരെ പോയിരുന്ന വഴിയുടെ തുടർച്ചയെന്നു പറയാവുന്നത്. ശോഷിച്ചു ശോഷിച്ച് ഒരിടവഴിയായി താനേ ഇല്ലാതാവുന്ന ഒന്ന്. രണ്ടാമത്തേത് പ്രവർത്തകർ അഥവാ ഈ വണ്ടിയിലെ യാത്രക്കാരിൽ നല്ലൊരു വിഭാഗം ആഗ്രഹിക്കുന്ന പുതുവഴി. കൃത്യമായ അരികും ചെരിവുമൊക്കെയുള്ള വിശാലമായ പുതിയൊരു പാത. തനിക്കു ശേഷം പ്രളയം എന്നാഗ്രഹിക്കുന്ന നേതാക്കളെന്തായാലും ഒന്നാമത്തെ ‘വിശാലമായ’ ഇടവഴിതന്നെ മതി എന്നുറപ്പിച്ചുകഴിഞ്ഞു. അതാവുമ്പം പണിയെടുക്കേണ്ട. ഇതുവരെയുള്ള സമ്പാദ്യം കൊണ്ട് കാലം കഴിച്ചാൽ മതി. ഇടക്കൊക്കെ ഒരു ഡൽഹി യാത്ര, ഒരു പ്രസ്താവന -നിലനിൽപ്പിന് ഇതൊക്കെ ധാരാളം. പുതുവഴിക്കു പോയാൽ മേലനങ്ങി പണിയെടുക്കേണ്ടിവരും. ചത്തുകിടക്കുന്ന ഘടകങ്ങളെയൊക്കെ പുനരുജ്ജീവിപ്പിക്കണം. സാധാരണ ജനവിഭാഗങ്ങളുമായി ഇടപെഴകണം. അതൊക്കെ വലിയ റിസ്കാണ്. പെട്ടിപിടിച്ച് ശീലിച്ച കൈകൾക്ക് അതൊന്നും വഴങ്ങില്ല. തന്നെയുമല്ല കഴിവുള്ളവരെ അങ്ങനങ്ങ് ഉയർത്തിവിടാമോ. പിന്നെ നമ്മളെപ്പോലുള്ളവർ എങ്ങനെ ജീവിക്കും. അതുകൊണ്ട് ശിഷ്ടകാലം ഇങ്ങനെതന്നെ പോകട്ടെ.
എറിയാനറിയാവുന്നവന്റെ കൈയിൽ കല്ലില്ലാത്ത അവസ്ഥയാണ് പ്രവർത്തകർക്ക്. പാർട്ടിയുടെ നിലനിൽപ്പിനു നല്ലതു പുതുവഴിയാണെന്നു അവർക്ക് നല്ല നിശ്ചയമുണ്ട്. കിം ഫലം? വോട്ടവകാശമില്ല. ജി കാർത്തികേയന് പാർട്ടിയോടുണ്ടായിരുന്ന കൂറ് എല്ലാവർക്കുമറിയാവുന്നതാണ്. മകൻ ശബരിനാഥും ആ വഴിയേതന്നെ. അത്ര തന്റേടത്തോടെ തുറന്നുപറയാൻ തയ്യാറായവർതന്നെ ചുരുക്കം.
പി സി സി അധ്യക്ഷന്മാർ വഴിയുള്ള ഓപ്പറേഷനാണ് ഖാർഗെ നടത്തുന്നത്. അവരുടെ തിരഞ്ഞെടുപ്പ് ചട്ടപ്രകാരം അങ്ങനെ പാടില്ല എന്നുണ്ടെങ്കിലും. ചെയ്യാൻ പാടില്ലാത്ത വഴിയിലൂടെ എളുപ്പത്തിൽ ചെയ്യുന്നതാണല്ലോ ഇന്നത്തെ രാഷ്ട്രീയം. സംസ്ഥാന നേതാക്കൾ കൃത്യമായി താഴേക്ക് പാസ് ചെയ്യുന്നുമുണ്ട്.
തരൂരിന്റേത് കീ ഹോൾ സർജറിയാണ്. അതുകൊണ്ടുതന്നെ ഏതു ഭാഗമൊക്കെയാണ് കീറിപ്പോയതെന്ന് പുറമെനിന്ന് മറ്റുള്ളവർക്ക് അറിയാൻ കഴിയുന്നില്ല. മനസ്സുകൊണ്ട് രാഹുൽഗാന്ധി പോലും തരൂരിനൊപ്പമാണോയെന്നു തോന്നിപ്പോകും ചിലപ്പോൾ. ഐക്യ രാഷ്ട്ര സംഘടനയുടെ തലപ്പത്തേക്കുപോലും പരിഗണിച്ചിരുന്ന ശശി തരൂർ വന്നാൽ കോൺഗ്രസ് രക്ഷപെടുമെന്ന ഭയം ആസ്ഥാനനേതാക്കൾക്കുണ്ട്. ഇനിയൊരവസരം വന്നാൽ നിർബന്ധിച്ചില്ലെങ്കിലും പ്രധാനമന്ത്രിയാകാൻ തയ്യാറുള്ള രാഹുൽജിക്ക് പക്ഷേ അത് ഭയമല്ലല്ലോ, നേരിയ പ്രതീക്ഷയല്ലേ. അല്ലെങ്കിൽ പിന്നെന്തിന് ഈ ജോഡോ യാത്ര?
പാർട്ടി തിരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ പ്രസിഡന്റ് നടത്തേണ്ട പണിയല്ലേ അത്. നായകനായിരിക്കണം എന്നാൽ നയിക്കില്ല. അതാണ് രാഹുൽജി നയം. പാർട്ടി തിരഞ്ഞെടുപ്പിൽ നേതാക്കളും തഥൈവ- നേതൃത്വം വരണം പക്ഷേ നേതാവ് വേണ്ട !!