പഠനം കഴിഞ്ഞുള്ള കുറച്ചുകാലത്തെ എക്സ്പീരിയൻസിനു വേണ്ടി കേരളത്തിൽ തങ്ങുന്നവരാണധികവും.
ഒരു കാലത്ത് അവഗണിക്കപ്പെട്ടു കിടന്നിരുന്ന നഴ്‌സിംഗ് ജോലിക്ക് ഇന്ന് വലിയ ഡിമാന്റാണ്. ആവശ്യത്തിന് ആളെ കിട്ടാനില്ലെന്നതാണ് വാസ്തവം. പ്രധാന ആശുപത്രികളെല്ലാം വലിയ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. പരിചയസമ്പന്നരായ നഴ്‌സുമാരുടെ എണ്ണം വളരെ കുറവാണ്. ഇപ്പോഴുള്ളവരിൽ നല്ലൊരു ശതമാനം പുതുതായി ജോലിക്ക് കയറിയവരാണ്. ഏറ്റവും ബുദ്ധിമുട്ടനുഭവപ്പെടുന്നത് ഓപ്പറേഷൻ തീയേറ്ററിലാണ്. കൂടുതൽ പ്രാക്ടീസും കഴിവുമുള്ളവരെയാണ് ഒ ടി അസിസ്റ്റന്റായി ഡോക്ടർമാർ നിശ്ചയിക്കുക.
കൊച്ചിയിലെ ഒരു പ്രമുഖ ഹോസ്പിറ്റലിൽ നിശ്ചയിച്ച സമയത്തുതന്നെ ഓപ്പറേഷൻ നടത്താനായി ഡൽഹിയിൽ നിന്നും ഫ്ലൈറ്റിലാണ് ഒരു ഒ ടി അസിസ്റ്റന്റിനെ എത്തിച്ചത്. അതും ഭീമമായ തുക നൽകി. പല ആശുപത്രികളിലും രോഗികളോട് സമയക്രമം പാലിക്കാനാകാതെ വരുന്നതും സേവനത്തിലെ അപാകതകളും ഒരു പരിധിവരെ വിദഗ്ദ്ധരായ നഴ്‌സുമാരുടെ ലഭ്യതക്കുറവുമൂലമാണ്. യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റമാണ് ഇതിനു പ്രധാന കാരണമായി പറയുന്നത്. മുൻപ് ഗൾഫ് നാടുകളായിരുന്നു നഴ്സിംഗ് വിദ്യാർത്ഥികളുടെ സ്വപ്നമെങ്കിൽ ഇന്നത് യൂറോപ്പും കാനഡയുമൊക്കെയാണ്.
ഉയർന്ന ശമ്പളവും ജീവിതനിലവാരവും ചെറുപ്പക്കാരെ അത്രമേൽ ആകർഷിക്കുന്നതാണ്. അതോടൊപ്പം ഈ രാജ്യങ്ങൾ വീസ തുടങ്ങിയ കാര്യങ്ങളിൽ വരുത്തിയ ഉദാരവത്ക്കരണവും നമ്മുടെ നാട്ടിൽ നഴ്‌സ് ക്ഷാമത്തിന് കാരണമായി. പഠനം കഴിഞ്ഞുള്ള കുറച്ചുകാലത്തെ എക്സ്പീരിയൻസിനു വേണ്ടി കേരളത്തിൽ തങ്ങുന്നവരാണധികവും. ഉയർന്ന പഠന നിലവാരവും ജോലിയോടുള്ള ആത്മാർത്ഥതയുമാണ് മലയാളികൾക്ക് മറ്റുരാജ്യങ്ങളിൽ സ്വീകാര്യത കൂട്ടുന്നത്.