സൃഷ്ടിക്കപ്പെടുന്നത് 6 ലക്ഷം തൊഴിലവസരങ്ങൾ
ചെറുകിട -ഇടത്തരം സംരഭങ്ങളായിരിക്കും (എം എസ് എം ഇ) കേരളത്തിന്റെ വ്യവസായ വികസനത്തിൽ പ്രധാന പങ്കു വഹിക്കുകയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. 2026 ആകുമ്പോഴേക്കും മൂന്ന് ലക്ഷം ചെറുകിട സംരംഭങ്ങളാണ് കേരളം ലക്ഷ്യമിടുന്നത്. ഇത് വഴി ഏകദേശം ആറു ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. പുതിയ വികസനമേഖലകളും വ്യവസായ സ്റ്റേറ്റുകളും സ്ഥാപിക്കും. നിലവിലുള്ളവയുടെ പശ്ചാത്തല സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും ശ്രദ്ധിക്കും. 2016 -ൽ 82000 ചെറുകിട ഇടത്തരം സംരംഭങ്ങളാണ് ഉണ്ടായിരുന്നത്. നിലവിൽ ഒന്നര ലക്ഷത്തിലധികമായി. തൊഴിലാളികളുടെ എണ്ണം നാലു ലക്ഷത്തിൽനിന്നു ഏഴുലക്ഷമായി. 2022 സാമ്പത്തിക വർഷത്തിൽ ഇതുവരെ കൂട്ടിച്ചേർക്കാനായത് 58306 സംരംഭങ്ങളും 128919 തൊഴിലവസരങ്ങളും 3536 കോടി രൂപയുടെ നിക്ഷേപവുമാണ്. തുടർച്ചയായ മൂന്നാം വർഷവും സ്റ്റാർട്ടപ്പക്കുകൾക്ക് അനുകൂല അന്തരീക്ഷത്തിൽ മുന്നിൽ എന്ന പദവി ലഭിച്ചതും വ്യവസായാനുകൂല സാഹചര്യത്തിന് തെളിവാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരള സ്റ്റേറ്റ് സ്മാൾ ഇൻഡസ്ട്രീസ് അസോസിയേഷൻ ( കെ എസ് എസ് ഐ എ ) കൊച്ചിയിൽ സംഘടിപ്പിച്ച വ്യവസായി സംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കെ എസ് എസ് ഐ എ സംസ്ഥാന പ്രസിഡന്റ് എം ഖാലിദ് അധ്യക്ഷനായി. വ്യവസായ മന്ത്രി പി രാജീവ്, തദ്ദേശ മന്ത്രി എം ബി രാജേഷ്, എം എസ് എം ഇ ഡെവലപ്‌മെന്റ് ഓഫീസ് ജോയിന്റ് ഡയറക്ടർ ജി എസ് പ്രകാശ്, എസ് എൽ ബി സി കൺവീനർ എസ് പ്രേംകുമാർ, കെ പി രാമചന്ദ്രൻ നായർ, വി കെ സി മമ്മദ് കോയ, എ നിസാറുദ്ദീൻ തുടങ്ങിയവരും പങ്കെടുത്തു.