” എനിക്ക് രക്തം തരൂ, ഞാന്‍ സ്വാതന്ത്ര്യം തരാം ” ഇന്ത്യന്‍ പൗരന് ഒരിക്കലും മറക്കാനാവില്ല ഈ വാക്കുകള്‍. ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനായി പടപൊരുതിയ വീര നായകന്‍, ജനഹൃദയങ്ങളെ കോരിത്തരിപ്പിച്ച വിപ്ലവകാരി, ബ്രിട്ടീഷുകാരെ ഇന്ത്യയില്‍ നിന്ന് തുടച്ചു നീക്കാന്‍ മുന്നില്‍ നിന്ന ധീര ദേശാഭിമാനി, നേതാജി സുഭാഷ് ചന്ദ്ര ബോസിന് വിശേഷണങ്ങള്‍ അനവധിയാണ്. ബ്രിട്ടീഷുകാരുടെ കാല്‍ക്കല്‍ കിടന്ന് ജീവിക്കുന്ന സ്വാതന്ത്ര്യമല്ല ഭാരതത്തിന് വേണ്ടത്, പൂര്‍ണ സ്വരാജ്യ സ്വാതന്ത്ര്യമാണ് വേണ്ടതെന്ന് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്ന നേതാജി സുഭാഷ് ചന്ദ്ര ബോസ് ഇന്ത്യന്‍ മണ്ണില്‍ പിറന്നിട്ട് 125 വര്‍ഷം തികയുന്നു.
1897 ജനുവരി 23 നു ഒഡീഷയിലെ കട്ടക്കില്‍ വക്കീലായ ജാനകിനാഥ് ബോസിന്റെയും പ്രഭാവതിയുടെയും ആറാമത്തെ മകനായി ജനിച്ച സുഭാഷ് വിദ്യാഭ്യാസ കാലം മുതല്‍ തന്നെ ബ്രീട്ടീഷ്ഭരണത്തില്‍ അസംതൃപ്തനായിരുന്നു. കോളേജ് വിദ്യാഭ്യാസത്തിനോടൊപ്പം പുറത്തുള്ള വിപ്ലവപ്രവര്‍ത്തനങ്ങളേയും സുഭാഷ് കൗതുകപൂര്‍വം വീക്ഷിച്ചിരുന്നു. കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ പഠനമാരംഭിച്ച അദ്ദേഹം 1920ല്‍ ഇന്ത്യന്‍ സിവില്‍ സര്‍വീസ് പ്രവേശന പരീക്ഷ എഴുതുകയും ഉയര്‍ന്ന മാര്‍ക്കോട് വിജയിക്കുകയും ചെയ്തു. പക്ഷെ സ്വാതന്ത്ര്യസമരത്തില്‍ പ്രവര്‍ത്തിക്കുവാന്‍ വേണ്ടി അദ്ദേഹം സിവില്‍ സര്‍വീസ് ഉപേക്ഷിച്ചു. തുടര്‍ന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. രണ്ടു തവണ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായി.
1921ല്‍ വെയില്‍സ് രാജകുമാരന്റെ ഇന്ത്യ സന്ദര്‍ശിക്കുന്നതിനോടനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ബോസ് ജനങ്ങളോട് ആഹ്വാനം ചെയ്യുകയും ഇതേ തുടര്‍ന്ന് അറസ്റ്റിലാവുകയും ചെയ്തു. 1939ല്‍ കോണ്‍ഗ്രസ് നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞ് ഓള്‍ ഇന്ത്യാ ഫോര്‍വേഡ് ബ്ലോക്ക് എന്ന പേരില്‍ രാഷ്ട്രീയപാര്‍ട്ടി രൂപീകരിച്ചു. രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ട സമയത്ത് അദ്ദേഹം ജര്‍മനിയില്‍ എത്തുകയും അച്ചുതണ്ടു ശക്തികളുടെ സഹായത്തോടെ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ യുദ്ധം ചെയ്യുകയും ചെയ്തു. 1943ല്‍ റാഷ് ബിഹാരി ബോസില്‍ നിന്ന് ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ലീഗിന്റെ നേതൃത്വം ഏറ്റെടുത്ത നേതാജി ഇന്ത്യന്‍ നാഷണല്‍ ആര്‍മി രൂപവത്കരിച്ചു. ബ്രിട്ടീഷ് സാമ്രാജ്യം ഒഴിഞ്ഞു പോകാനുള്ള പ്രധാന കാരണങ്ങളിലൊന്ന് നേതാജിയുടെ സൈനിക മുന്നേറ്റം കൂടിയായിരുന്നെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലമന്റ് ആറ്റ്‌ലി അഭിപ്രായപ്പെട്ടിട്ടുണ്ട്.
മരണത്തിലെ മായാത്ത സസ്‌പെന്‍സ്
”എന്റെ മരണം ഏതുവിധത്തിലായാല്‍കൊള്ളാമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്ന് നിങ്ങള്‍ക്കറിയാമോ ? ഞാന്‍ വളരെ ഉയരത്തില്‍ പറക്കുകയായിരിക്കണം; പിന്നെ പെട്ടെന്ന് വിമാനം തകര്‍ന്ന് ഭൂമിയില്‍ വീഴണം; അങ്ങനെ ഞാന്‍ മരിക്കണം. അത് അത്യധികം അത്ഭുതകരമായിരിക്കും അല്ലെ? ” 1939ലെ ഒരു രാത്രിയില്‍ ബോംബെയില്‍ വെച്ച് സുഹൃത്തായ നാഥലാല്‍ പരീഖിനോട് നേതാജി പറഞ്ഞ വാക്കുകളാണിത്. അദ്ദേഹത്തിന്റെ ആഗ്രഹം ആറുവര്‍ഷത്തിനുശേഷം തായ്വാനിലെ തയ്ഹോക്കു വിമാനത്താവളത്തില്‍വെച്ച് സഫലമായി എന്ന് വേണം കരുതാന്‍. നിരവധി ഊഹാപോഹങ്ങള്‍ക്ക് ഇടയാക്കിയിട്ടുള്ള നേതാജിയുടെ മരണം.
1945 ഓഗസ്റ്റ് 18 ന് 48മത്തെ വയസില്‍ തായ്വാനില്‍ വെച്ച് നടന്ന വിമാനപകടത്തില്‍ മരിച്ചതായാണ് ജപ്പാന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക രേഖകള്‍ പറയുന്നത്. 16ന് നടന്ന വിമാനപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സുഭാഷ് രണ്ടു ദിവസത്തെ ചികിത്സയ്ക്കു ശേഷം 18 ന് മരണമടഞ്ഞു. ജപ്പാന്റെ കീഴിലായിരുന്ന ഇന്നത്തെ തായ്വാനിലെ സായ്ഗോണ്‍ വിമാനത്താവളത്തിലാണ് അപകടമുണ്ടായത്. പറന്നുയര്‍ന്ന് ഉടന്‍തന്നെ വിമാനം തകര്‍ന്നു വീഴുകയും തീപിടിക്കുകയും ചെയ്തു. അപകടത്തില്‍ നേതാജിക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് തായ്പേയ് സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം വൈകുന്നേരം ഏഴ് മണിയോടെ മരിച്ചു. ആഗസ്ത് 22ന് തായ്പേയ് മുനിസിപ്പല്‍ ശ്മശാനത്തില്‍ നേതാജിയുടെ മൃതദേഹം സംസ്‌കരിച്ചു. സുഭാഷ് ചന്ദ്ര ബോസിന്റെ മരണം സംബന്ധിച്ച് അക്കാലത്തുതന്നെ നിരവധി അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നു. മരണത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നായിരുന്നു പ്രധാന ആരോപണം. എന്നാല്‍ നേതാജി വിമാനാപകടത്തില്‍ മരണപ്പെട്ടില്ലെന്നും പിന്നീട് വളരെ കാലം ജീവിച്ചിരുന്നതായും ചിലര്‍ കരുതുന്നു. നേതാജിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷിക്കാന്‍ നെഹ്രുവിന്റെ ഭരണകാലത്ത് ഷാനവാസ് കമ്മിഷന്‍, ഇന്ദിരാ ഗാന്ധിയുടെ കാലത്ത് ഖോസ്ലാ കമ്മിഷന്‍ എന്നിവയെ നിയോഗിച്ചിരുന്നു. ഈ രണ്ടു കമ്മിഷനുകളും ബോസ് വിമാനാപകടത്തില്‍ മരണപ്പെട്ടു എന്നാണ് സ്ഥിരീകരിച്ചത്. എന്നാല്‍ പാര്‍ലമെന്റ് അംഗങ്ങളുടേയും പൊതുജനങ്ങളുടേയും പ്രതിഷേധം കാരണം ഈ രണ്ടു റിപ്പോര്‍ട്ടുകളും മൊറാര്‍ജി ദേശായി ഗവണ്മെന്റ് തള്ളിക്കളഞ്ഞു. 1999ല്‍ വാജ്പേയിയുടെ കാലത്ത് മുഖര്‍ജി കമ്മീഷന്‍ നിലവില്‍ വന്നെങ്കിലും അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ദുരൂഹമായി തന്നെ അവശേഷിക്കുന്നു. 1991ല്‍ മരണാനന്തര ബഹുമതിയായി നേതാജിയ്ക്ക് ഭാരതരത്‌നം ലഭിച്ചു. സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ ജനുവരി 23 പരാക്രം ദിവസായി ആഘോഷിക്കുന്നു.