ശവസംസ്‌കാരവുമായി ബന്ധപ്പെട്ട് ജപ്പാനില്‍ നടക്കുന്ന ചടങ്ങാണ് നൊകാന്‍ഷി. മൃതദേഹം ഒരുക്കല്‍ അല്ലെങ്കില്‍ മൃതദേഹശുശ്രൂഷ എന്നൊക്കെ ഇതിനെ വിശേഷിപ്പിക്കാം. ദുഃഖാര്‍ത്തരായ ബന്ധുക്കളുടെ മുന്നില്‍വച്ചാണ് ഈ കര്‍മം നിര്‍വഹിക്കുന്നത്. മുഖവും കൈകാലുകളുമൊഴികെ മൃതദേഹത്തിന്റെ മറ്റു ഭാഗങ്ങളൊന്നും പുറത്തുകാണിക്കാതെ വളരെ ശ്രദ്ധയോടും കരുണയോടും ആദരവോടും കൂടി മുട്ടുകുത്തിനിന്നുവേണം ഈ കര്‍മം ചെയ്യാന്‍. ആദ്യം ഒരു തുണികൊണ്ട് മൂടി ശരീരത്തിലെ വസ്ത്രങ്ങള്‍ പതുക്കെ ഊരിയെടുക്കുന്നു. അതിനുശേഷം നനഞ്ഞ തുണികൊണ്ട് ദേഹമാകെ തുടയ്ക്കുന്നു. തുടര്‍ന്ന് മേക്കപ്പിട്ട് പുതുവസ്ത്രം ധരിപ്പിക്കുന്നു. പൂക്കള്‍വിതറിയ ശവപ്പെട്ടിയില്‍ കിടത്തുമ്പോള്‍ മരിച്ചവരൊക്കെ സുന്ദരികളും സുന്ദരന്മാരുമായി മാറിയിട്ടുണ്ടാകും. ഓരോ ഫ്രെയിമിലും മരണത്തിന്റെ സംഗീതമുള്ളതാണ് ഡിപ്പാര്‍ച്ചേഴ്സ് എന്ന ജാപ്പനീസ് ചലച്ചിത്രം. യൊജീറോ തകിത സംവിധാനം ചെയ്ത ചിത്രം മൃതദേഹം അണിയിച്ചൊരുക്കുന്ന തൊഴിലില്‍ എത്തിപ്പെടുന്ന ഒരു സംഗീതകാരന്റെ ആത്മസംഘര്‍ഷങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നു. മരണത്തിന്റെ തുടര്‍ച്ചയായ സാന്നിധ്യംകൊണ്ട് നമ്മളെ അലോസരപ്പെടുത്തുന്നില്ല. മറിച്ച്, ജീവിതത്തിന്റെ നിസാരതയെക്കുറിച്ച് ഓര്‍മപ്പെടുത്തുകയാണ് ചിത്രം ചെയ്യുന്നത്. മരണം വിഷയമായിട്ടുള്ള നിരവധി ചലച്ചിത്രങ്ങളുണ്ടെങ്കിലും കാവ്യത്മകമായി ചര്‍ച്ച ചെയ്യുകയും നിര്‍വചിക്കുകയും ചെയ്യുകയാണ് 2008ല്‍ പുറത്തിറങ്ങിയ ഈ സിനിമ.
ടോക്യോവിലെ പ്രശസ്ത ഓര്‍ക്കസ്ട്രയില്‍ അംഗമായിരുന്ന ദെയ്്‌ഗോ കൊബയാഷി എന്ന മുപ്പത്താറുകാരനാണ് ഡിപ്പാര്‍ച്ചേഴ്സിലെ നായകന്‍. ചെല്ലോ (വയലിന്‍) വാദകനാണ് ദെയ്‌ഗോ. കുഞ്ഞുന്നാളില്‍ അച്ഛനാണ് അവന് സംഗീതത്തിന്റെ വഴി കാണിച്ചുകൊടുത്തത്. ആറു വയസുള്ളപ്പോള്‍ അച്ഛന്‍ ഉപേക്ഷിച്ചുപോയതാണ്. അതോടെ അവന് പിതാവിനോട് വെറുപ്പും വിദ്വേഷവുമായി. അമ്മയാണ് പിന്നീട് വളര്‍ത്തിയത്. വേണ്ടത്ര പരിപാടികള്‍ കിട്ടാത്തതിനാല്‍ പെട്ടെന്നൊരു ദിവസം ഉടമ ഓര്‍ക്കസ്ട്ര പിരിച്ചുവിടുന്നു. തൊഴില്‍ നഷ്ടം ജീവിതത്തെ സാരമായി ബാധിക്കുമ്പോള്‍ തിരികെ നാട്ടിലേക്ക് വണ്ടികയറുന്ന ദെയ്‌ഗോയുടെ ജീവിതമാണ് ഡിപ്പാര്‍ച്ചേഴ്‌സ് സംസാരിക്കുന്നത്. ഗ്രാമം അയാള്‍ക്ക് നല്‍കിയ ഓര്‍മ്മകളിലെ മുറിവുകള്‍ ഉണങ്ങിത്തുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ. ഒരിക്കലും ഉണങ്ങില്ലായെന്നുറപ്പിച്ച മുറിവുകളുടെ നീറ്റലും ദെയ്‌ഗോക്കുണ്ട്. തന്റെ പിതാവിനെക്കുറിച്ചുള്ള അസുഖകരമായ ഓര്‍മ്മകളാണവ. ജോലി അന്വേഷിക്കുന്നതിനിടെ പത്രത്തില്‍ കണ്ട പരസ്യം ദെയ്്‌ഗോയുടെ ശ്രദ്ധയില്‍ പെടുന്നു. ഉയര്‍ന്ന ശമ്പളം, പ്രായപരിധിയില്ല, കുറഞ്ഞ സമയത്തെ ജോലി, മുന്‍പരിചയം ആവശ്യമില്ല എന്നൊക്കെ വിശേഷിപ്പിച്ചു കൊണ്ടുള്ള പരസ്യം കണ്ടപ്പോള്‍ ടൂര്‍ ഗൈഡിന്റെ ഒഴിവാണെന്നാണ് ദെയ്‌ഗോ കരുതിയത്. ഇന്റര്‍വ്യൂവിനു ചെന്നപ്പോഴാണ് അന്ത്യയാത്രയെ സഹായിക്കലാണ് എന്നു മനസിലാകുന്നത്. സ്ഥാപന ഉടമ സസാക്കിക്ക് അവനെ നന്നേ ബോധിച്ചു. ‘പറ്റില്ല എന്നുതോന്നുമ്പോള്‍ ഉപേക്ഷിച്ചോളൂ ‘എന്ന ഉപദേശത്തോടെ ബോസ് അവനെ സഹായിയായി നിയമിക്കുന്നു. ജോലിയുടെ സ്വഭാവം ദെയ്‌ഗോ ഭാര്യയില്‍ നിന്ന് മറച്ചുപിടിച്ചു.
ജോലിയിലെ ആദ്യദിനം ദെയ്‌ഗോക്ക് അത്ര സുഖകരമായ അനുഭവമായിരുന്നില്ല. രണ്ടാഴ്ചയിലേറെ പഴക്കമുള്ള വൃദ്ധയായ സ്ത്രീയുടെ ശരീരമാണ് അയാള്‍ക്ക് ഒരുക്കേണ്ടിവന്നത്. ആസ്വാദ്യകരമായ ഗന്ധമായിരുന്നില്ല ആ വനിതയുടെ പഴക്കം ചെന്ന ശരീരം പുറപ്പെടുവിച്ചിരുന്നത്. ഉള്‍ത്തികട്ടലുകളെ അമര്‍ത്തിവെക്കുവാന്‍ അയാള്‍ക്ക് ഒരുപാട് പരിശ്രമിക്കേണ്ടിവന്നു. തിരികെയുള്ള ബസ് യാത്രയില്‍ സഹയാത്രികര്‍ അയാളുടെ ഉടുപ്പും, ശരീരവും പുറപ്പെടുവിക്കുന്ന അസാധാരണമായ ഗന്ധത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതും പരിഹസിക്കുന്നതും മനംമടുപ്പോടെ ദെയ്‌ഗോക്ക് കേള്‍ക്കേണ്ടിവന്നു. തന്റെ സഹപാഠിയുടെ അമ്മ നടത്തുന്ന സ്വകാര്യ കുളിപ്പുരയില്‍ കയറി ശരീരം ശുചിയാക്കിയിട്ടാണ് അന്ന് ദെയ്‌ഗോ വീട്ടിലേക്ക് മടങ്ങിയത്. ജീവിതം പുരോഗമിക്കവേ ദെയ്‌ഗോ തന്റെ ജോലിയില്‍ അഗ്രഗണ്യനായി മാറിയിരുന്നു. ജീവിതം പറന്നുപോയ ശരീരങ്ങളോട് അയാള്‍ പുലര്‍ത്തിയിരുന്ന ആദരവും, മതിപ്പും മരണപ്പെട്ടവരുടെ കുടംബാംഗങ്ങള്‍ക്ക് തങ്ങളുടെ ജീവിതത്തെ പുനര്‍വിചിന്തനം ചെയ്യാവുന്ന തരത്തിലായിരുന്നു. മരണപ്പെട്ടവരുടെ ശരീത്തോട് ദെയ്‌ഗോ കാണിക്കുന്ന സ്‌നേഹം അവര്‍ ജീവിച്ചിരുന്നപ്പോള്‍ തങ്ങള്‍ക്ക് നല്‍കാനായില്ലല്ലോ എന്നവര്‍ പരിതപിച്ചു. ചിലര്‍ പശ്ചാത്താപ വിവശരായി. മരണത്തിന്റെ മുറിവിനും കണ്ണീരിനുമപ്പുറം ആ ചിന്തകള്‍ അവരെ മുറിവേല്‍പ്പിച്ചു. ദെയ്‌ഗോയുടെ ശുശ്രൂഷകള്‍ അലങ്കരിക്കുന്ന ഓരോ കുടംബങ്ങളിലും ഒരുപാടുപേര്‍ തങ്ങളുടെ ജീവിതത്തെ തിരികെപ്പിടിച്ചു. എന്നാല്‍ ദെയ്‌ഗോയുടെ കുടംബത്തില്‍ കാര്യങ്ങള്‍ നേര്‍വഴിക്കായിരുന്നില്ല നീങ്ങിയത്. ദെയ്‌ഗോയുടെ തൊഴില്‍ തിരിച്ചറിഞ്ഞ ഭാര്യ മിക അയാളെ ഉപേക്ഷിച്ചു. ഒന്നുകില്‍ മറ്റൊരു ജോലി കണ്ടെത്തുകയോ, അല്ലെങ്കില്‍ കുടുംബത്തെ ഉപേക്ഷിക്കുകയോ ചെയ്യുന്നതാണ് ഉചിതമെന്നായിരുന്നു സഹപാഠിയായ യമാഷിതയുടെ അഭിപ്രായം. തന്റെ തീരുമാനം മാറ്റി തിരികെവന്ന ഭാര്യ താന്‍ ഗര്‍ഭിണിയാണെന്നും ജനിക്കാനിരിക്കുന്ന കുട്ടിയെ വിചാരിച്ചെങ്കിലും ദെയ്‌ഗോ മറ്റൊരു ജോലി കണ്ടെത്തണമെന്നും ഉറപ്പിച്ചുപറയുന്നു. വാഗ്വാദങ്ങള്‍ക്കൊടുവില്‍ അവരുടെ ജീവിതം മാറ്റിമറിച്ച ഫോണ്‍കോള്‍ ദെയ്‌ഗോയെ തേടിവന്നു.
യമാഷിതയുടെ മാതാവിന്റെ മരണവാര്‍ത്തയായിരുന്നു അത്. അവരെ ഒരുക്കുന്ന ജോലിയും ദെയ്‌ഗോക്ക് ചെയ്യേണ്ടിവന്നു. തന്റെ മാതാവിന്റെ ശരീരം പരിചരിക്കുന്നത് നേരില്‍ കണ്ട യമാഷിതയും, അവിടെയെത്തിയ മികയും തങ്ങളുടെ അഭിപ്രായം മാറ്റാന്‍ നിര്‍ബന്ധിതരായി. യമാഷിതയും മികയും ദെയ്‌ഗോയുടെ ജോലിയുടെ ആത്മികതയെ അംഗീകരിക്കുകയായിരുന്നു. കുറച്ചുദിവസങ്ങള്‍ക്കകം തന്നെ ഉപേക്ഷിച്ചുപോയ പിതാവിന്റെ മരണവാര്‍ത്തയും അയാള്‍ കേട്ടു. അതിയായ കോപവും, സങ്കടവും തിക്കുമുട്ടിയിരുന്നെങ്കിലും മികയുമൊത്ത് അയാള്‍ പിതാവിനെ കാണുന്നതാനായി യാത്രതിരിച്ചു. ആദ്യകാഴ്ചയില്‍ ദെയ്‌ഗോക്ക് പിതാവിനെ തിരിച്ചറിയാന്‍പോലും കഴിഞ്ഞില്ല. ഗ്രാമത്തിലെ ശവസംസ്‌കാരകര്‍ അശ്രദ്ധമായി കൈകാര്യം ചെയ്ത പിതാവിന്റെ ശരീരം അയാള്‍ അന്ത്യയാത്രക്കായി ഒരുക്കി. കുട്ടിക്കാലത്ത് പരസ്പരം കൈമാറിയിരുന്ന വെള്ളാരംകല്ല് പിതാവില്‍ നിന്നും അയാള്‍ കണ്ടെടുത്തു. ആ ഓര്‍മ ദെയ്‌ഗോയെ മാറ്റിമറിച്ചു. പിതാവിനോടുള്ള എല്ലാ വെറുപ്പും ഒറ്റനിമിഷം കൊണ്ടില്ലാതെയായി. ഏറ്റവും മികച്ച അന്ത്യയാത്രയാണ് ദെയ്‌ഗോ തന്റെ പിതാവിനായി ഒരുക്കിയത്. പിതൃ-പുത്രബന്ധത്തിലെ കയറ്റിറക്കങ്ങളെ ഹൃദയസ്പര്‍ശിയായി. കാണിച്ചുകൊണ്ടാണ് രണ്ടു മണിക്കൂര്‍ നീണ്ട സിനിമ അവസാനിക്കുന്നത് മരണം ഒരു പ്രവേശനകവാടമാണ്. അത് അവസാനമല്ല. ഇഹലോകത്തുനിന്ന് മറ്റൊരു ലോകത്തേക്കുള്ള യാത്രയിലെ പ്രവേശനകവാടം മാത്രമാണെന്ന് സിനിമ കാണിച്ചു തരുന്നു. ഡിപ്പാര്‍ച്ചേഴ്സ് എന്ന ചിത്രം മോണ്‍ട്രിയല്‍ ഫിലിം ഫെസ്റ്റിവലില്‍ പുരസ്‌കാരം നേടുകയും ജപ്പാന്റെ സിനിമാചരിത്രത്തിലാദ്യമായി ഏറ്റവും മികച്ച വിദേശഭാഷാചിത്രത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം നേടുകയും ചെയ്തു. 2009ല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ജാപ്പനീസ് ചിത്രം കൂടിയായിരുന്നു ഡിപ്പാര്‍ച്ചേഴ്‌സ്. മസാഹിറോ മൊട്ടോക്കി, റ്യോക്കോ ഹിറോസൂ, റ്റ്‌സുട്ടോമു യമാസാക്കി എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്.