ഭൂമിയിലെ സ്വര്‍ഗമെന്ന് വിശേഷണമുള്ള കാശ്മീരിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നാണ് ദാല്‍ തടാകം. ശിക്കാര വള്ളങ്ങളും ഒഴുകി നീങ്ങുന്ന മാര്‍ക്കറ്റും മഞ്ഞുകാലത്ത് ഐസാകുന്ന വെള്ളവും ഒക്കെ ചേര്‍ന്ന് അതിമനോഹരമാണ് ദാല്‍ തടാകത്തിന്റെ ഓരോ കാഴ്ചയും. കാശ്മീരില്‍ ഏറ്റവുമധികം സഞ്ചാരികള്‍ തേടിയെത്തുന്ന സ്ഥലങ്ങളിലൊന്നായ ദാല്‍ തടാകം ജനുവരിയില്‍ വീണ്ടും തണുത്തുറഞ്ഞു. മുപ്പതുവര്‍ഷത്തിനിടെ ശ്രീനഗറിലും ദാല്‍ തടാക പരിസരത്തും ഏറ്റവും കുറഞ്ഞ താപനിലയായ മൈനസ് എട്ട് ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് ഇത്തവണ രേഖപ്പെടുത്തിയത്. തണുത്തുറഞ്ഞ ദാല്‍ തടാകത്തിന്റെ നിരവധി ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. മഞ്ഞുപാളികള്‍ക്കിടയിലൂടെ നീങ്ങുന്ന ശിക്കാരകളും ചെറുവള്ളങ്ങളും, മഞ്ഞുമൂടിയ നിലയിലുള്ള തടിപാലങ്ങളും, മഞ്ഞിനു മുകളിലൂടെ നടന്നു നീങ്ങാന്‍ ശ്രമിക്കുന്ന പക്ഷികളുമെല്ലാം ചിത്രങ്ങളില്‍ ഉള്‍പ്പെടുന്നു. ബ്രിട്ടീഷുകാരുടെ കാലത്ത് പ്രസിദ്ധമായ ഈ തടാകം സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാകുന്നത് കഴിഞ്ഞ കുറച്ച് പതിറ്റാണ്ടുകള്‍ക്കിടയിലാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹരമായ തടാകങ്ങളിലൊന്ന് എന്ന വിശേഷണവും ദാലിനുണ്ട്.
ശ്രീനഗറിന്റെ രത്‌നം എന്നാണ് സഞ്ചാരികള്‍ കാശ്മീരിലെ ഏറ്റവും വലിയ രണ്ടാമത്തെ തടാകമായ ദാലിനെ വിശേഷിപ്പിക്കുന്നത്. ശ്രീനഗറിന്റെ ഹൃദയഭാഗത്തായാണ് ദാല്‍ സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ശ്രീധര ഗിരിനിരകള്‍ ദാലിനെ പൊതിഞ്ഞുപിടിക്കുന്നു. മഞ്ഞുകാലത്ത് ഇവിടെ എത്തിയാല്‍ തടാകമായിരിക്കില്ല കാണുക. പകരം വെള്ളത്തിന്റെ പാളി മാത്രമായിരിക്കും. ഈ സമയത്ത് തടാകം മുഴുവനും ഒരു ഐസ് പാളിയായി മാറും. ഏകദേശം മൈനസ് 11 ഡിഗ്രിയോളം ഇവിടെ താപനില താഴാറുണ്ട്. ഈ സമയത്ത് മഞ്ഞിലെ വിനോദങ്ങളായ സ്‌കീയിങ്ങ്, സ്‌കേറ്റിങ് തുടങ്ങിയവയിലാണ് സഞ്ചാരികള്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത്.
ദാല്‍ തടാകമെന്നാല്‍ മൂന്ന് തടാകങ്ങളുടെ സംഗമ കേന്ദ്രം കൂടിയാണ്. ഇത് കൂടാതെ രണ്ട് പ്രധാന ഭാഗങ്ങളും ദാല്‍ തടാകത്തിനുണ്ട്. ലോകുത് എന്നും ബോദ് ദാല്‍ എന്നുമാണ് ഇവ അറിയപ്പെടുന്നത്. തടാകവും കൂടിയാണ് ദാല്‍ തടാകം. ബ്രിട്ടീഷുകാര്‍ പണിതതുപോലുള്ള ശിക്കാരബോട്ടുകള്‍ ദാല്‍ തടാകത്തിലൂടെ സഞ്ചരിച്ച് സഞ്ചാരികള്‍ക്ക് നവ്യാനുഭവം സമ്മാനിക്കുന്നു. വിക്ടോറിയന്‍ കാലത്തിലെ നിര്‍മാണരീതിയോട് ഏറെ സാമ്യമുള്ള ചെറിയ ബോട്ടുകളാണ് തടാകത്തില്‍ സര്‍വീസ് നടത്തുന്നത്. തെക്കുഭാഗത്തായി ഗോപാദ്രിയും പടിഞ്ഞാറുഭാഗത്ത് ഹരിപര്‍വതവും സ്ഥിതിചെയ്യുന്നു. സംസ്‌കൃതത്തില്‍ മഹാസരിത് എന്ന് വിളിപ്പേരുള്ള തടാകമായ ദാല്‍ 18 കിലോമീറ്റര്‍ ചുറ്റളവിലാണ് സ്ഥിതി ചെയ്യുന്നത്. തടാകത്തിന്റെ ഏറ്റവും ചെറിയ ജലാശയം നാഗിനാണ്. ബോട്ടിങ്ങിന് പുറമേ മത്സ്യബന്ധനത്തിനായി ഇവിടെയെത്തുന്നവരും ഏറെയാണ് കശ്മീരിന്റെ കിരീടത്തിലെ രത്നം എന്ന പേരിലും ദാല്‍ തടാകം പ്രശസ്തമാണ്. മുഗള്‍ഭരണകാലത്ത് രാജാക്കന്മാര്‍ അവധി ആഘോഷിക്കാനായി സ്ഥിരമായി ദാല്‍ തടാകത്തിലെത്തുമായിരുന്നു. അവര്‍ പണിത കെട്ടിടങ്ങള്‍ ഇന്നും തടാകക്കരയില്‍ സ്ഥിതി ചെയ്യുന്നുണ്ട്. ഫ്ളോട്ടിങ് ഗാര്‍ഡന്‍ അഥവാ ഒഴുകുന്ന പൂന്തോട്ടം തടാകത്തിന്റെ പ്രത്യേകതയാണ്. ജൂലായ് മുതല്‍ ആഗസ്റ്റ് വരെയുള്ള കാലയളവില്‍ പൂന്തോട്ടം വിവിധ ഗണത്തിലുള്ള താമരകള്‍ കൊണ്ട് സമ്പന്നമാകും. റാഡ് എന്നാണ് കശ്മീര്‍ ഭാഷയില്‍ ഫ്ളോട്ടിങ് ഗാര്‍ഡനെ വിളിക്കുക. തടാകക്കാഴ്ചകള്‍ക്കു പുറമേ, ശിക്കാരയിലെ യാത്ര, സൂര്യാസ്തമയം, ഒഴുകുന്ന മാര്‍ക്കറ്റുകള്‍ എന്നിവയെല്ലാം ദാല്‍ തടാകകരയിലെ സുന്ദരകാഴ്ചകളാണ്.
ദാല്‍ തടാകത്തിലെ പ്രസിദ്ധമായ മറ്റൊരു കാഴ്ചയാണ് ഇവിടുത്തെ ഒഴുകി നടക്കുന്ന പോസ്റ്റ് ഓഫീസ്. ഒഴുകി നടക്കുന്ന ഹൗസ് ബോട്ടിലാണ് ഈ പോസ്റ്റ് ഓഫീസുള്ളത്. ഘാട്ട് നമ്പര്‍ 14നും 15നും ഇടയിലായി സ്ഥിതി ചെയ്യുന്ന ഇത് വിനോദ സഞ്ചാര പ്രചാരണത്തിനു വേണ്ടിയാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ദാല്‍ തടാകത്തിലെത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തിലാണ് മുന്‍പ് ഇവിടെ ഉണ്ടായിരുന്ന നെഹ്‌റു പാര്‍ക്ക് പോസ്റ്റ് ഓഫീസിനെ ഫ്‌ലോട്ടിങ് പോസ്റ്റ് ഓഫീസാക്കിയത്. രണ്ടു ഭാഗങ്ങളാണ് പോസ്റ്റ് ഓഫീസിനുള്ളത്. ഔദ്യോഗിക കാര്യങ്ങള്‍ക്കായുള്ള ഭാഗവും അടുത്തത് ഫിലാറ്റലി മ്യൂസിയവും. കാശ്മീരിന്റെ ഓര്‍മ്മയ്ക്കായി എന്തെങ്കിലും വാങ്ങുവാന്‍ തോന്നിപ്പിക്കുന്ന സുവനീര്‍ ഷോപ്പ്, പ്രദേശിക കലാവസ്തുക്കള്‍, കാര്‍ഡുകള്‍ ഒക്കെയും ഇതിനുള്ളില്‍ ലഭിക്കും. ഇത് കൂടാതെ ഇന്റര്‍നെറ്റ് സൗകര്യവും ഇന്റര്‍നാഷണല്‍ കോളുകള്‍ ചെയ്യുവാനുള്ള സൗകര്യവും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാശ്മീരിന്റെ വിനോദ സഞ്ചാര ഭൂപടത്തില്‍ ദാല്‍ തടാകത്തിന് നിര്‍ണായക സ്വാധീനമാണുള്ളത്.