ഹിരോഷിമയിലെ അണുബോംബ് ആക്രമണത്തിന്റെ അവശേഷിപ്പുകള്‍ അവിടെയുള്ള മനുഷ്യര്‍ ഇന്നും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ബോംബ് വര്‍ഷത്തെ അവിശ്വസനീയമായി അതിജീവിച്ച പാരസോള്‍ വൃക്ഷം ആളുകള്‍ക്ക് ഇന്നും അത്ഭുതമാണ്. അണുപ്രസരത്തിന്റെ കനത്ത ആഘാതത്തിലും ഒരു ‘ഫിനിക്സ് പക്ഷി’യെപ്പോലെയാണ് ആ വൃക്ഷം ഉയിര്‍ത്തെഴുന്നേറ്റത്. ആ വൃക്ഷത്തിന്റെ തടിയില്‍ പല ഭാഗങ്ങളിലായി കാണപ്പെട്ട ആഴമേറിയ മുറിവുകള്‍ ഉണങ്ങാന്‍ വര്‍ഷങ്ങള്‍ വേണ്ടിവന്നു. പക്ഷേ, അടുത്ത വസന്തത്തില്‍ ലോകത്തിന്റെ പ്രതീക്ഷയുടെ പ്രതീകമായി വൃക്ഷത്തിന്റെ ശിഖരങ്ങളില്‍ തളിരുകള്‍ പ്രത്യക്ഷപ്പെട്ടു. ഒന്നര ലക്ഷത്തോളം ജീവനുകള്‍ പൊലിഞ്ഞ ദുരന്തത്തില്‍ ഹിരോഷിമ മുഴുവനായി തകര്‍ന്നു തരിപ്പണമായപ്പോഴും ജീവന്റെ തുടിപ്പ് കണ്ട ഈ വൃക്ഷത്തെ ഫീനിക്‌സ് പക്ഷി എന്ന ഓമനപ്പേരിട്ടാണ് ജപ്പാന്‍കാര്‍ വിളിക്കുന്നത്. ചൈനയില്‍ നിന്ന് ജപ്പാന്‍കാര്‍ കൊണ്ടു വന്ന അലങ്കാര വൃക്ഷമാണിത്. 76 വര്‍ഷം മുമ്പ് അത്യന്തം വിനാശകരമായ അണുബോംബ് വര്‍ഷത്തെ അതിജീവിച്ച ആ വൃക്ഷത്തില്‍ ഇന്ന് നിറയെ പച്ചപ്പാണ്. ആ വൃക്ഷത്തിന് ചുറ്റും കമ്പിവേലി കെട്ടി സൂക്ഷിച്ചിട്ടുണ്ട്. അതുകാണാന്‍ ലോകത്തെങ്ങുനിന്നും വിനോദസഞ്ചാരികളെത്തുന്നു. ഹിരോഷിമ പീസ് മെമ്മോറിയല്‍ മ്യൂസിയത്തിനൊപ്പം ഈ വൃക്ഷവും ഹിരോഷിമയിലെ മനുഷ്യനിര്‍മ്മിത ദുരന്തത്തിന്റെ പ്രതീകമായി നിലകൊള്ളുന്നു.
ഹിരോഷിമ ഇന്നൊരു മായാനഗരമാണ്. ഇവിടത്തെ ഏറ്റവും വലിയ ടൂറിസ്റ്റ് ആകര്‍ഷക കേന്ദ്രമായി ഈ വൃക്ഷം മാറിയിരിക്കുന്നു. അണുബോംബ് ഏല്പിച്ച
ആഴത്തിലുള്ള മുറിവുകളില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ ഒരു ജനതയുടെ ആത്മാവിന്റെ ഭാഗമായി വൃക്ഷം മാറിക്കഴിഞ്ഞു. സമാധാനത്തിന്റെ സന്ദേശവും പ്രതീകവും’ ആയി ജപ്പാന്‍കാര്‍ അതിനെ വാഴ്ത്തുന്നു. വിദേശികളായ ഭരണാധികാരികള്‍ ജപ്പാന്‍ സന്ദര്‍ശിക്കുമ്പോള്‍, ഈ വൃക്ഷത്തിന്റെ ഒരു ഇല നല്‍കി ജപ്പാന്‍ പ്രധാനമന്ത്രി സ്വീകരിക്കാറുണ്ട്. ജപ്പാന്‍ സന്ദര്‍ശിച്ചപ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിമാരായിരുന്ന ഇന്ദിരാഗാന്ധിയും വാജ്‌പേയിയും ഈ വൃക്ഷത്തിന്റെ ഇലകളെ ചുംബിച്ച് ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. അണുബോംബിനെ ഈ വൃക്ഷം എങ്ങനെ അതിജീവിച്ചു എന്നത് ശാസ്ത്രജ്ഞര്‍ക്ക് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമാണ്.
വൃക്ഷത്തില്‍നിന്ന് ഒരു കിലോമീറ്റര്‍ അകലെ നിന്ന ഒരു കെട്ടിടമുണ്ട്. അതിന്റെ പേരാണ് ‘ഹൈപ്പോ സെന്റര്‍, പക്ഷേ, ആറ്റംബോംബ് ആക്രമണത്തില്‍ ഈ കെട്ടിടം പൂര്‍ണമായും തകര്‍ന്നില്ല. ഒരു അസ്ഥികൂടംപോലെ നില്‍ക്കുന്ന ഈ കെട്ടിടം കാണാനും സന്ദര്‍ശകര്‍ എത്തുന്നുണ്ട്. 1915-ല്‍ ചെക്കൊസ്ലൊവാക്യ സ്വദേശിയായ ശില്പി ‘ജാന്‍ ലെറ്റ്‌സല്‍’ ആണ് കെട്ടിടം രൂപകല്പന ചെയ്തത്. അറ്റകുറ്റപ്പണികള്‍ ഒന്നും നടത്താതെ കെട്ടിടം ഇന്നും അതേരൂപത്തില്‍ തന്നെ നിലനിര്‍ത്തിയിട്ടുണ്ട്. ഹിരോഷിമ പീസ് മെമ്മോറിയല്‍ മ്യൂസിയം പാര്‍ക്കാണ് മറ്റൊരു ആകര്‍ഷണകേന്ദ്രം. അണുബോംബ് ആക്രമണത്തിന്റെ, ആരെയും ഞെട്ടിപ്പിക്കുന്ന പ്രത്യാഘാതങ്ങളാണ് 74 വര്‍ഷം മുമ്പുള്ള ബ്ലാക്ക് ആന്‍ഡ് വൈറ്റ്‌ഫോട്ടോയില്‍ അവതരിപ്പിച്ചിരിക്കുന്നത്.