പഴകിയതും ഉപയോഗശൂന്യവുമായ വസ്തുക്കള്‍ സൂക്ഷിക്കുന്ന അലമാരയിലോ മേശവലിപ്പിനുള്ളിലോ പരതുമ്പോള്‍ ചിലവരികള്‍ കുറിച്ച ഒരുകടലാസ് കഷണം കണ്ണില്‍ പെട്ടെന്നു വരാം. ചിലപ്പോള്‍ ഇനി ഒരിക്കലും കണ്ണില്‍പെടാതെ അവിടെയിരുന്ന് ആ അക്ഷരങ്ങള്‍ മാഞ്ഞു പോകാനും മതി. എങ്കിലും ഓര്‍മയില്‍ മറഞ്ഞുകിടപ്പുണ്ടാവും കത്തുകളിലൂടെ സ്‌നേഹവും പരിഭവും പ്രണയവും സൗഹൃദവും കുസൃതികളും എല്ലാം. മടങ്ങിയും വാക്കുകള്‍ തേഞ്ഞുമുള്ള കത്തുകള്‍ ഇന്നു നമുക്ക് ഒരുപാടു നൊസ്റ്റാള്‍ജിയകള്‍ സമ്മാനിക്കുന്നു. കത്തെഴുതുക എന്ന ശീലം നമ്മുടെയുള്ളില്‍ ആര്‍ദ്രതയാണ്. ഓരോ കത്തുകളിലും തുറന്നിട്ട മനസിനെയും പ്രണയഭാവനകളെയും സൗഹൃദത്തിന്റെ ഒഴുക്കുകളെയും കാണാന്‍ സാധിക്കും. ഒരു ജന്മം മുഴുവന്‍ സൂക്ഷിക്കാനുള്ള സ്‌നേഹത്തിന്റെ പകര്‍ത്തിയെഴുത്തുകളാണ് ഇവ. പ്രണയത്തിന്റെ പ്രവാചകനായ ലെബനീസ് കവി ഖലീല്‍ ജിബ്രാനും പ്രണയിനി മെസിയാദയും ഒരിക്കല്‍ പോലും നേരിട്ടു കണ്ടിട്ടില്ല. അവര്‍ പ്രണയിച്ചത് കത്തുകളിലൂടെയായിരുന്നു. ബഷീറിന്റെ കേശവന്‍ നായര്‍ യൗവനതീഷണവും പ്രേമസുരഭിലവുമായ തന്റെ പ്രണയം സാറാമ്മയ്ക്കു കൈമാറുന്നതും കത്തുകളിലൂടെയാണ്. കാലത്തിന്റെ ഒഴുക്കിനും വിവരസാങ്കേതിക വിദ്യയുടെ പുരോഗതിക്കനുസരിച്ച് ഇമെയിലുകളും വാട്‌സ്ആപ്പും മെസഞ്ചറും ഉള്‍പ്പെടെയുള്ള ആധുനിക സംവിധാനങ്ങള്‍ കത്തുകളുടെ സ്ഥാനത്ത് നമ്മുടെയെല്ലാം ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. എങ്കിലും കത്തുകളും പോസ്റ്റ് ഓഫീസും ഒരു വികാരം തന്നെയാണ്. ചിന്തകളെയും വിശേഷങ്ങളെയും മഷിക്കൂട്ടില്‍ പകര്‍ത്തി അയക്കുന്ന ഓരോ കത്തും കരുതുന്നത് ഓരോ മനസുകളെത്തന്നെയാണ്. കത്തുകളെ പോലെ വിചിത്രം തന്നെയാണ് ലോകത്തെ ചില പോസ്റ്റ് ഓഫീസുകളും.
ലോകത്തിന്റെ നെറുകയില്‍ ഹിക്കിം
സമുദ്രനിരപ്പില്‍ നിന്നും 15,500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഹിക്കിം ലോകത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പോസ്റ്റ് ഓഫീസാണ്. ഹിമാചല്‍ പ്രദേശിലെ ഖാസയില്‍ നിന്നും 23 കിലോമീറ്റര്‍ ദൂരെയാണ് ഹിക്കിം എന്ന ഗ്രാമം. വെള്ളച്ചായം പൂശി സമീപത്ത് വച്ചിരിക്കുന്ന ഒരു പോസ്റ്റ് ബോക്‌സുമായാല്‍ ഹിക്കിം പോസ്റ്റ് ഓഫീസായി. ഇന്റര്‍നെറ്റും ടെലിഫോണും ഇന്നും ഒരാഡംബരം തന്നെയാണ് ഈ ഗ്രാമത്തിന്. വര്‍ഷത്തില്‍ ആറു മാസം മാത്രമേ പോസ്റ്റ് ഓഫീസ് പ്രവര്‍ത്തിക്കുകയുള്ളു. ഹിക്കിമില്‍ നിന്ന് ഖാസയിലേക്ക് കത്തുകള്‍ എത്തിക്കുന്നത് കാല്‍നടയായാണ്. ഇവിടെ ലഭിക്കുന്ന തപാല്‍ ഉരുപ്പടികളുമായി അതിരാവിലെ തന്നെ ജീവനക്കാര്‍ കാസയില്‍ നടന്ന് എത്തും. കാസയില്‍ നിന്ന് റിക്കോംഗ് പിയോ വരെ ബസില്‍ തപാല്‍ ഉരുപ്പടികള്‍ എത്തിക്കും. അവിടെ നിന്ന് ട്രെയിന്‍ മാര്‍ഗം ഷിംലയിലേക്ക്. അവിടെ നിന്നാണ് കത്ത് മറ്റിടങ്ങളിലേക്ക് എത്തുന്നത്.
ഇന്ത്യയിലെ മറ്റൊരു അത്ഭുതമാണ് ജമ്മുകാശ്മീരിലെ ദാല്‍ തടാകത്തിലെ ഒഴുകി നടക്കുന്ന പോസ്റ്റ് ഓഫീസ്. ഫ്‌ലോട്ടിങ് പോസ്റ്റ് ഓഫീസ് എന്നാണിതിനെ വിശേഷിപ്പിക്കുന്നത്. ലോകത്തിലെ ഒഴുകി നടക്കുന്ന ഏക പോസ്റ്റ് ഓഫീസ് ആണിത്. നെഹ്‌റു പാര്‍ക്ക് ഫ്‌ലോട്ടിങ് പോസ്റ്റ് ഓഫീസ് എന്നാണിതിന്റെ പേര്. ദാല്‍ തടാകത്തിലെ ഒഴുകി നടക്കുന്ന ഒരു ഹൗസ് ബോട്ടിലാണ് ഈ പോസ്റ്റ് ഓഫീസുള്ളത്. ഘാട്ട് നമ്പര്‍ 14നും ഘാട്ട് നമ്പര്‍ 15നും ഇടയിലായി സ്ഥിതി ചെയ്യുന്ന ഇത് വിനോദ സഞ്ചാര പ്രചാരണത്തിനു വേണ്ടിയാണ് ഒഴുകുന്ന പോസ്റ്റ് ഓഫീസ് രൂപപ്പെടുത്തിയിരിക്കുന്നത്. പുറത്തെ കാഴ്ചയില്‍ കെട്ടുവള്ളങ്ങളോടു സാമ്യം തോന്നുന്ന ഒന്നാണെങ്കിലും അകത്തു കടന്നാല്‍ പുറമേ കണ്ടതൊന്നുമായിരിക്കില്ല ഇവിടെയുണ്ടാവുക. രണ്ടു ഭാഗങ്ങളാണ് പോസ്റ്റ് ഓഫീസിനുള്ളത്. ഒന്ന് ഔദ്യോഗിക കാര്യങ്ങള്‍ക്കായുള്ള ഭാഗവും അടുത്തത് ഒരു ഫിലാറ്റലി മ്യൂസിയവും.
ഇന്ത്യയ്ക്ക് പുറത്തുള്ള ആദ്യ ഇന്ത്യന്‍ തപാല്‍ ഓഫീസാണ് അന്റാര്‍ട്ടിക്കയിലെ ദക്ഷിണ്‍ ഗംഗോത്രി പോസ്റ്റ് ഓഫീസ്. 1988 ലാണ് അന്റാര്‍ട്ടിക്കയിലെ മൂന്നാമത്തെ ഇന്ത്യന്‍ പര്യവേഷണ സമയത്ത് ദക്ഷിണ്‍ ഗംഗോത്രി ഇന്ത്യയുടെ സയന്റിഫിക് ബേസ് സ്റ്റേഷനില്‍ സ്ഥാപിക്കുന്നത്. 1998ല്‍ ഗോവ പോസ്റ്റ് ഓഫീസ് ഡിപാര്‍ട്‌മെന്റിന്റെ കീഴിലായിരുന്നു ഈ പോസ്റ്റ് ഓഫീസ് 1990 ല്‍ ഈ പോസ്റ്റ് ഓഫീസ് ഡീ കമ്മിഷന്‍ ചെയ്തു. അന്റാര്‍ട്ടിക്കയിലെ ഗവേഷകരുടെ സൗകര്യത്തിനും അവരുടെ ആശയവിനിമയത്തിനും ഒക്കെയായാണ് ഇങ്ങനെയൊരു പോസ്റ്റ് ഓഫീസ് നിര്‍മ്മിച്ചത്. ഇന്നിവിടം ഒരു ചരിത്ര സ്മാരകം മാത്രമാണ്. അന്റാര്‍ട്ടിക്കയിലെത്തുന്ന സഞ്ചാരികള്‍ ഇവിടെ എത്തുകയും ഫോട്ടോ എടുത്തു മടങ്ങുകയും ചെയ്യുന്നു.
തേങ്ങയിലും സന്ദേശം !
തേങ്ങയില്‍ വരികള്‍ എഴുതി അയക്കുന്ന ഒരു പോസ്റ്റ് ഓഫീസുണ്ട് അമേരിക്കയിലെ മോലോകായിലെ ഹൂലേബുവായില്‍. പോസ്റ്റ്-എ-നട്ട് എന്നാണിത് അറിയപ്പെടുന്നത്. സന്ദര്‍ശകര്‍ക്ക് ഇവിടെയെത്തി ഒരു തേങ്ങ തിരഞ്ഞെടുത്ത് അതിനു മുകളില്‍ സന്ദേശങ്ങളെഴുതി അയക്കാം. തേങ്ങയുടെ ഭാരം അനുസരിച്ചാണ് പോസ്റ്റ് ചാര്‍ജ് നിശ്ചയിക്കുന്നത്. 15 മുതല്‍ 20 ഡോളര്‍ വരെ മിക്കപ്പോഴും തേങ്ങ പോസ്റ്റിന് ചാര്‍ജ് വരാറുണ്ട്. അമേരിക്കയില്‍ മാത്രമേ ഈ പോസ്റ്റേജ് സൗകര്യം ലഭ്യമാവുകയുള്ളൂ. ജപ്പാനിലെ പ്രസിദ്ധമായ മത്സ്യബന്ധന ഗ്രാമമാണ് സുസാമി ഇന്നറിയപ്പെടുന്നത് ലോകത്തിലെ ഏറ്റവും ആഴത്തിലുള്ള പോസ്റ്റ് ഓഫീസ് സ്ഥിതി ചെയ്യുന്ന ഇടം എന്നനിലയിലാണ്. കടലില്‍ 33 അടി താഴ്ചയിലാണ് സുസാമി പോസ്റ്റ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. 1999ല്‍ ഇവിടുത്തെ മറൈന്‍ സ്‌പോര്‍ട്‌സ് ഫെസ്റ്റിവലിന്റെ ഭാഗമായാണ് ഈ പോസ്റ്റ് ഓഫീസ് സ്ഥാപിക്കുന്നത്. ഡൈവ് ചെയ്ത് 150 യെന്‍ മുടക്കി മേടിക്കുന്ന പ്ലാസ്റ്റിക് പോസ്റ്റ് കാര്‍ഡ് പോസ്റ്റ് ചെയ്യുകയാണ് സഞ്ചാരികള്‍ ചെയ്യുന്നത്. പിന്നീട് ലോക്കല്‍ ഡൈവിങ് ഷോപ്പിലെ ജീവനക്കാരന്‍ ഇത് എടുക്കും. വിചിത്രമായ പേരുള്ള ഈ പോസ്റ്റ് ഓഫീസ് കേയ്മാന്‍ ഐലന്‍ഡിലെ ഗ്രാന്‍ഡ് കേയ്മാന്‍ ഹെല്ലിലാണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയ്ക്ക് താജ്മഹല്‍ എന്നപോലെ ഫ്രാന്‍സിന്റെ അടയാളമാണ് ഈഫല്‍ ടവര്‍. ലോകത്തില്‍ ഏറ്റവുമധിസം സഞ്ചാരികളെത്തുന്ന ഈഫല്‍ ടവറിനോളം തന്നെ പ്രാധാന്യമുണ്ട് ഇവിടുത്തെ പോസ്റ്റ് ഓഫീസിനും. ടവര്‍ തങ്ങള്‍ സന്ദര്‍ശിച്ചു എന്നതിന്റെ അടയാളമായി സഞ്ചാരികള്‍ പോസ്റ്റ് ഓഫീസിലെത്തി കത്തുകള്‍ പോസ്റ്റ് ചെയ്യാറുണ്ട്. ഈഫല്‍ ടവറിന്റെ സതേണ്‍ വിങ്ങിലാണ് പോസ്റ്റ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. സ്‌കൂബാ ഡൈവര്‍ സ്റ്റാഫ് ആയി ജോലി ചെയ്യുന്ന ലോകത്തിലെ ഏക വെള്ളത്തിനടിയിലെ പോസ്റ്റ് ഓഫീസാണ് ഹവായ് ദ്വീപിലെ റിപ്പബ്ലിക് ഓഫ് വന്യാട്ടു. കത്തയക്കാന്‍ വരുന്നവര്‍ കരയില്‍ നിന്നും പ്രത്യേകം വാട്ടര്‍പ്രൂഫ് പോസ്റ്റ് കാര്‍ഡ് വാങ്ങണം. കടലില്‍ 9 അടി താഴെയാണ് ഈ പോസ്റ്റ് ഓഫീസ് സ്ഥിതി ചെയ്യുന്നത്.