ചുവപ്പുരാശി പടര്‍ന്ന ചൊവ്വയുടെ ആകാശത്തിലൂടെ സഞ്ചരിച്ച് ചൊവ്വയുടെ ഉപരിതലത്തില്‍ വിജയകരമായി പെര്‍സിസെവെറന്‍സ് ലാന്‍ഡ് ചെയ്തപ്പോള്‍ നാസയുടെ ശാസ്ത്രകേന്ദ്രത്തില്‍ മാത്രമല്ല ലോകമെങ്ങും ആഹ്‌ളാദം പടര്‍ത്തിയ പ്രഖ്യാപനം നടത്തിയത് ഒരു സ്ത്രീശബ്ദമായിരുന്നു. നാസയുടെ ചരിത്രദൗത്യം ചൊവ്വയിലേക്ക് ഇറങ്ങുമ്പോള്‍ ഇന്ത്യക്കാരെല്ലാം ശ്രദ്ധിച്ചത് പൊട്ടുതൊട്ട ഒരു സുന്ദരിയെയായിരുന്നു. ഗ്രഹത്തിന്റെ പൂര്‍വചരിത്രവും ജീവന്റെ തുടിപ്പുകളും തേടി പെര്‍സെവെറന്‍സ് ചൊവ്വയില്‍ ഇറങ്ങിയതിനു പിന്നാലെ കാലിഫോര്‍ണിയയിലെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയില്‍ ആ പെണ്‍ശബ്ദം മുഴങ്ങി, ‘ടച്ച്ഡൗണ്‍ കണ്‍ഫേംഡ് ‘ പിന്നാലെ ഓഫീസിനുള്ളില്‍ കരഘോഷം മുഴങ്ങി. കസേരകളില്‍ നിന്ന് ചാടിയെഴുന്നേറ്റ നാസ വിദഗ്ധര്‍ പരസ്പരം ആശ്ലേഷിച്ചു. സോഷ്യല്‍ മീഡിയയിലൂടെ ഇതിന്റെ ദൃശ്യങ്ങള്‍ റോക്കറ്റ് വേഗത്തില്‍ പരക്കുന്നതിനിടെ ആ ശബ്ദം വീണ്ടും ആവര്‍ത്തിച്ചു. ‘ പെര്‍സെവറന്‍സ് സുരക്ഷിതമായി ചൊവ്വയില്‍ ഇറങ്ങിയിരിക്കുന്നു. പോയകാലത്തിന്റെ സൂചനകള്‍ തേടിയുള്ള യാത്ര തുടങ്ങുന്നു. ഈ ശബ്ദം ഒരു ഇന്ത്യക്കാരിയുടേതാണ്. പെര്‍സിസെവെറന്‍സ് ദൗത്യത്തിന്റെ പ്രോജക്ട് ലീഡര്‍ ഡോ. സ്വാതി മോഹന്‍ ആയിരുന്നു അത്. കുട്ടിക്കാലത്ത് സ്റ്റാര്‍ ട്രെക് സീരീസ് കണ്ട് പ്രപഞ്ചരഹസ്യങ്ങള്‍ കണ്ടെത്തണമെന്ന് സ്വപ്‌നം കണ്ട പെണ്‍കുട്ടി തന്റെ ദൃഢനിശ്ചയത്തെ പിന്തുടര്‍ന്ന് ശാസ്ത്രജ്ഞയായി നാസയിലെത്തി. ഏഴ് കൊല്ലം മുമ്പാണ് നാസയുടെ ചൊവ്വാ ദൗത്യപദ്ധതിയില്‍ സ്വാതി മോഹന്‍ അംഗമായത്. കല്പന ചൗളയ്ക്കും സുനിത വില്ല്യംസിനും ശേഷം വഹിരാകാശ ദൗത്യങ്ങളില്‍ മറ്റൊരു ഇന്ത്യന്‍ വംശജയുടെ പേര് കൂടി മുഴങ്ങി കേള്‍ക്കുകയാണ്.
ബെംഗളൂരുവിലാണ് ജനിച്ച സ്വാതി ഒരു വയസുള്ളപ്പോള്‍ മാതാപിതാക്കള്‍ക്കൊപ്പം യു.എസിലേയ്ക്ക് കുടിയേറി. ചെറുപ്പത്തില്‍ സ്റ്റാര്‍ ട്രെക് പരമ്പര കണ്ടാണ് സ്വാതി ബഹിരാകാശ രംഗത്തേയ്ക്ക് ആകൃഷ്ടയായത്. ഒന്‍പതാം വയസില്‍ കണ്ട ടിവി പരമ്പര സ്വാതിയ്ക്ക് നാസയിലേയ്ക്കുള്ള ചൂണ്ടുപലകയാകുകയായിരുന്നു. ‘ഞാന്‍ ഇവിടെയെത്തുമെന്ന് അന്ന് ആലോചിച്ചത് ഞാന്‍ ഓര്‍ക്കുന്നുണ്ട്. പ്രപഞ്ചത്തിലെ പുതിയ സുന്ദരമായ സ്ഥലങ്ങള്‍ എനിക്ക് കണ്ടെത്തണം. ‘നാസ വെബ്‌സൈറ്റിലെ ചോദ്യോത്തര പരിപാടിയില്‍ അവര്‍ പറഞ്ഞു. പ്രപഞ്ചത്തില്‍ വളരെയേറെ വിവരങ്ങളുണ്ടെന്നും എന്നാല്‍ നാം ഇതെല്ലാം കണ്ടെത്തി തുടങ്ങുന്നതേയുള്ളൂവെന്നും സ്വാതി പറയുന്നു. അതേസമയം സ്‌കൂളില്‍ പഠിച്ചു കൊണ്ടിരുന്നപ്പോള്‍ ശിശുരോഗവിദഗ്ധയാകാനായിരുന്നു താത്പര്യമെന്ന് സ്വാതി പറയുന്നു. എന്നാല്‍ സ്വാതിയുടെ താത്പര്യം പാടെ ഇല്ലാതാക്കിയത് ഭൗതികശാസ്ത്രത്തിന്റെ ആദ്യ ക്ലാസും അധ്യാപികയുമായിരുന്നു. സ്റ്റാര്‍ ട്രെക് ഉണ്ടാക്കിയ ബഹിരാകാശലോകത്തെ കുറിച്ചുള്ള താത്പര്യത്തെ ഭൗതികശാസ്ത്രപഠനം ഊര്‍ജ്ജിതപ്പെടുത്തി പഠനത്തിന് എന്‍ജിനിയറിംഗ് മേഖല തിരഞ്ഞെടുക്കാമെന്ന് സ്വാതി മോഹന്‍ തീര്‍ച്ചപ്പെടുത്തി.
കോര്‍ണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മെക്കാനിക്കല്‍ ആന്‍ഡ് എയറോസ്‌പേസ് എന്‍ജിനിയറിങ്ങില്‍ ബിരുദം നേടി. തുടര്‍ന്ന് എയറോട്ടിക്‌സില്‍ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും കരസ്ഥമാക്കി. പെര്‍സെവറന്‍സിനു മുന്‍പ് നാസയുട കസീനി, ഗ്രെയില്‍ പദ്ധതികളുടെയും ഭാഗമായിട്ടുണ്ട്. 2013ല്‍ ചൊവ്വ ലക്ഷ്യമാക്കിയുള്ള പദ്ധതികളുടെ ഭാഗമായി പ്രവര്‍ത്തിച്ചു തുടങ്ങിയ ഡോ. സ്വാതി മോഹന്‍ തുടര്‍ന്ന് നേതൃപദവിയിലേയ്ക്ക് എത്തുകയായിരുന്നു. ഉദ്ദേശിച്ച ദിശയിലേയ്ക്കു തന്നെയാണ് പേടകം സഞ്ചരിക്കുന്നതെന്ന് ഉറപ്പാക്കാനായുള്ള ആറ്റിറ്റിയൂഡ് കണ്‍ട്രോള്‍ സംവിധാനത്തിന്റെ ചുമതലയായിരുന്നു സ്വാതിയ്ക്ക്. ചൊവ്വയിലേയ്ക്കുള്ള യാത്രയ്ക്കിടയില്‍ പേടകത്തിന്റെ സോളാര്‍ പാനലുകള്‍ സൂര്യനു നേര്‍ക്കാണെന്നും സിഗ്‌നലുകല്‍ സ്വീകരിക്കേണ്ട ആന്റിനകള്‍ ഭൂമിയ്ക്കു നേര്‍ക്കാണെന്നും ഉറപ്പാക്കേണ്ടി വരും. ലാന്‍ഡിങ് സമയത്തുള്‍പ്പെടെ പേടകത്തിന്റെ ദിശ കൃത്യമായി പരിശോധിച്ച് തെറ്റുണ്ടെങ്കില്‍ തിരുത്തണം. ആറ്റിറ്റിയൂഡ് കണ്‍ട്രോള്‍ സിസ്റ്റം ടെറെയ്ന്‍ റിലേറ്റീവ് നാവിഗേഷന്‍ ‘ എന്ന നൂതന സാങ്കേതികവിദ്യയാണ് പെര്‍സിസെവെറന്‍സിനെ ചൊവ്വയില്‍ കൃത്യസ്ഥലത്ത് ഇറക്കുന്നതില്‍ നിര്‍ണായകമായത്. ഇതു വികസിപ്പിച്ച സംഘത്തിനു നേതൃത്വം നല്‍കിയത് ഡോ. സ്വാതി മോഹന്‍ ആണ്.