തുര്‍ക്കിയിലെ കനാക്‌സി ജില്ലയിലെ കുസ്‌കോയ് ഗ്രാമം യുനസ്‌കോയുടെ സാംസ്‌കാരിക പൈതൃക പട്ടികയില്‍ ഇടം പിടിച്ചത് പക്ഷിഭാഷാ പൈതൃകം സംരക്ഷിക്കുന്നതിലാണ്. ലോകത്തിലെ എല്ലാ ജീവിവര്‍ഗങ്ങളും പരസ്പരം ആശയവിനിമയം നടത്തിയാണ് മുന്നോട്ട് പോകുന്നത്. ഹോര്‍മോണുകളും ശബ്ദങ്ങളും വിദ്യുത് തരംഗങ്ങളും ആംഗ്യങ്ങളുമൊക്കെ പലയിനം ജീവികള്‍ ഭാഷയായി ഉപയോഗിക്കുന്നു. മറ്റുള്ളവയില്‍ നിന്നു വ്യത്യസ്തനായി ആശയവിനിമയം നടത്താന്‍ കഴിവും പ്രാപ്തിയുമുള്ള ജീവി സമൂഹമാണ് മനുഷ്യന്‍. മനുഷ്യന് ഇന്ന് കാണുന്ന വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിച്ചതും ഇനിയും മുന്നോട്ട് കുതിക്കാന്‍ ഇന്ധനം നല്‍കുന്നതും അവന്‍ നേടിയെടുത്ത ഭാഷവ്യവഹാര സംസ്‌കാരമാണ്. ഭാഷ പ്രാവീണ്യം നേടിയെടുക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കില്‍ നമ്മള്‍ ഇന്നും ശിലായുഗത്തില്‍ തന്നെ നില്‍ക്കുമായിരുന്നു. ഭൂമിയില്‍ എന്നു ജീവികള്‍ ഉണ്ടായോ അന്നുമുതല്‍ ആശയകൈമാറ്റവും നടന്നു പോന്നിരുന്നു. മാനവരാശിയുടെ പുരോഗതിയുടെ അടിത്തറ തന്നെ ഭാഷയാണ്. ഇന്ന് ലോകത്ത് ഏഴായിരത്തോളം ഭാഷകളുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ ഭൂരിഭാഗവും ഏഷ്യയിലും ആഫ്രിക്കയിലുമായിട്ടാണ്. ലോക ജനസംഖ്യയുടെ പകുതിയോളം സംസാരിക്കുന്ന ഇന്തോ-യൂറോപ്യന്‍ ഭാഷകളും. ഗ്രീസിലെ ഇവിയ ദ്വീപിലെ ആന്റിയ ഗ്രാമത്തില്‍ 1969ല്‍ ഒരു ചെറുവിമാനം തകര്‍ന്നുവീണു. പക്ഷേ വിമാന ദുരന്തത്തിന്റെ പേരിലല്ല ആ സംഭവം ചരിത്രത്തില്‍ ഇടംപിടിച്ചത്. കാണാതായ വൈമാനികരെ തേടിയെത്തിയ രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം കൂടിയ ഗ്രാമവാസികളുടെ ഭാഷ കേട്ടാണ് ലോകം ഞെട്ടിയത്. കാറ്റിന്റെ ദിശനോക്കി കിലോമീറ്ററുകള്‍ക്കപ്പുറം നില്‍ക്കുന്ന ആളുകളോട് അവര്‍ സംവദിക്കുന്നത് ചൂളം മടിച്ചാണ് ! ലോകത്തിലെ അപൂര്‍വവും വംശനാശഭീഷണി നേരിടുന്നതുമായ ഭാഷകളില്‍ ഒന്നാണ് ചൂളമടി ഭാഷ. സംസാര ഭാഷയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വിസില്‍ ഭാഷ വളരെ അപൂര്‍വമാണ്, പക്ഷേ ഇത് ലോകമെമ്പാടുമുള്ള സംസ്‌കാരങ്ങളില്‍ കാണപ്പെടുന്നു. വിവിധ ടോണുകളിലാണ് ഇതില്‍ ആശയങ്ങള്‍ കൈമാറുന്നത് എന്നതിനാല്‍ കേള്‍ക്കാന്‍ ഇമ്പം ഏറെയാണ്. ഇന്ന് ലോകത്ത് 70 ഓളം വിസില്‍ ഭാഷകളുണ്ട്.
ആന്റിയയുടെ ചൂളമടി വിശേഷം
ഈജിയന്‍ കടലിലേക്ക് വീഴുന്ന മലയിടുക്കുകളുടെ മുകളില്‍ സ്ഥിതി ചെയ്യുന്ന ആന്റിയയില്‍ ദീര്‍ഘദൂര ആശയവിനിമയത്തിനാണ് വിസില്‍ ഭാഷ അഥവാ സ്ഫീരിയ ഉപയോഗിച്ചു വരുന്നത്. വിസിലിംഗ് ഭാഷയുടെ ഉത്ഭവത്തെക്കുറിച്ച് കൃത്യമായ ഉത്തരം കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. ശക്തമായ കാറ്റിന്റെ സാന്നിദ്ധ്യമുള്ള ഇവിടെ ഇടയന്മാര്‍ കുന്നിന്‍ പ്രദേശങ്ങളില്‍ നിന്ന് പരസ്പരം കേള്‍ക്കാന്‍ കഴിയുന്ന സാധിക്കുന്ന തരത്തില്‍ വിസിലടിച്ച് ആശയവിനിമയത്തിനുള്ള മാര്‍ഗം കണ്ടെത്തിയിരുന്നു. പിന്നീട് ബൈസന്റൈന്‍ വര്‍ഷങ്ങളില്‍ കുറ്റകൃത്യങ്ങള്‍ പെരുകിയതിനാല്‍ വിസില്‍ ഭാഷ കൊള്ളക്കാരില്‍ നിന്നോ മറ്റു കുറ്റവാളികളില്‍ നിന്നോ സംരക്ഷിക്കാനുള്ള മാര്‍ഗമായി മാറി. വരാനിരിക്കുന്ന അപകടത്തെക്കുറിച്ച് മറ്റുള്ളവരെ അറിയിക്കാന്‍ നാട്ടുകാര്‍ തമ്മില്‍ വിസിലടിച്ചു. ഇത് പിന്നീട് ഭാഷയായി രൂപപ്പെട്ടുവെന്ന് കരുതപ്പെടുന്നു. 2500 വര്‍ഷങ്ങള്‍ക്ക് മുമ്പ് പര്‍വതങ്ങളില്‍ അഭയം തേടിയ പേര്‍ഷ്യന്‍ പട്ടാളക്കാരില്‍ നിന്നാണ് ഭാഷ വന്നതെന്നാണ് മറ്റൊരു അനുമാനം. വിസില്‍ ശബ്ദതരംഗങ്ങള്‍ സംഭാഷണത്തില്‍ നിന്ന് വ്യത്യസ്തമായതിനാല്‍ സന്ദേശങ്ങള്‍ക്ക് തുറന്ന താഴ്വരകളിലൂടെ നാല് കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കും. കഴിഞ്ഞ രണ്ട് സഹസ്രാബ്ദങ്ങളായി ഈ മലയോര ഗ്രാമത്തിലെ ഇടയന്മാരും കൃഷിക്കാരും മാത്രമാണ് സ്ഫീരിയയുടെ രഹസ്യ കുറിപ്പുകള്‍ കേള്‍ക്കാനും മനസിലാക്കാനും കഴിഞ്ഞത്. അവരില്‍ ഓരോരുത്തരും അഭിമാനത്തോടെ തങ്ങളുടെ കുട്ടികള്‍ക്ക് അവ കൈമാറി പോന്നു. 1980 കളില്‍ കുട്ടികളെ പഠിപ്പിച്ചുകൊണ്ട് നാട്ടുകാര്‍ ഈ ഭാഷ സജീവമായി നിലനിര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ വിസില്‍ ഭാഷയുടെയും ആന്റിയ ഗ്രാമത്തിന്റെയും അവസ്ഥ ഇന്ന് പരിതാപകരമാണ്. കേവലം 37 പേര്‍ മാത്രമാണ് അവശേഷിക്കുന്നത്. അതില്‍ ആറുപേര്‍ക്ക് മാത്രമേ സ്ഫീരിയ സംസാരിക്കാന്‍ അറിയൂ. 2016ല്‍ കരിസ്റ്റോസ് മുനിസിപ്പാലിറ്റി ഒരു ഫെസ്റ്റ് സംഘടിപ്പിച്ചത് മാത്രമാണ് വിസിലിംഗ് ഭാഷയ്ക്ക് വേണ്ടി ചെയ്തത്.
കുസ്‌കോയ് പക്ഷി ഗ്രാമം
പക്ഷിഭാഷ ഗ്രാമമായ കനാക്‌സി പ്രവിശ്യയില്‍ 10,000 ആളുകളാണ് വസിക്കുന്നത്. കുന്നും മലയും നിറഞ്ഞ ഈ സ്ഥലത്ത് പരസ്പരം കാണാന്‍ പറ്റാത്ത ദൂരെ നില്‍ക്കുന്ന ആളുകളുമായി പോലും ഈ പക്ഷി ഭാഷയിലൂടെ സംസാരിക്കാന്‍ ഈ ഗ്രാമവാസികള്‍ക്ക് സാധിക്കും. 500 വര്‍ഷം മുമ്പ് ഓട്ടോമന്‍ സാമ്രാജ്യകാലത്തോളം പഴക്കമുണ്ട് ഗ്രാമവാസികളുടെ ഈ പക്ഷി ഭാഷയ്ക്ക്. വിസില്‍ അഥവാ ഉച്ചത്തില്‍ ചൂളമിടുന്നതിലൂടെയാണ് ആശയവിനിമയം നടത്തുന്നത്. എന്നാല്‍ ആധുനിക ആശയവിനിമയ സാങ്കേതിക വിദ്യകളുടെ വളര്‍ച്ച ഈ പാരമ്പര്യത്തിന് കടുത്ത ഭീഷണിയായിരിക്കുകയാണ്. നൂറ്റാണ്ടുകളായി തലമുറകള്‍ കൈമാറിയാണ് ഈ ഭാഷ നില നിന്നുപോന്നത്. ഇന്ന് ഈ ഭാഷയറിയുന്നവര്‍ വിരളമാണ്. പലര്‍ക്കും പ്രായമാവുകയും ചെയ്തു. യുവാക്കള്‍ക്ക് ഈ ഭാഷ പഠിക്കുന്നതിലോ ഭാഷയെ കാലത്തിനനുസരിച്ച് പരിഷ്‌കരിക്കുന്നതിനോ താല്‍പര്യവുമില്ല. വരുന്ന കുറച്ച് തലമുറകള്‍ക്കുള്ളില്‍ തന്നെ ഈ ഭാഷ വിസ്മൃതിയിലേക്ക് മടങ്ങുകയും ചെയ്‌തേക്കും ഭാഷ സംരക്ഷിക്കുന്നതിനായി ഇന്ന് ഗ്രാമവാസികളെ ഈ ഭാഷ പരിശീലിപ്പിക്കുന്നുണ്ട്. 2014 മുതല്‍ തന്നെ പ്രൈമറി സ്‌കൂള്‍ തലത്തില്‍ ഈ പക്ഷി ഭാഷ പഠിപ്പിക്കുന്നുമുണ്ട്.
മേഘാലയിലെ ഖാസി മലനിരകള്‍ക്കിടയില്‍ പന്ത്രണ്ടുഗ്രാമങ്ങളുടെ കൂട്ടമാണ് കാഖര്‍ ഷോംഗ്. ഇവിടെ കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ ചൂളമടിച്ചാണ് പേര് വിളിക്കുന്നത്. കേവലം പേര് മാത്രമല്ല നിത്യജീവിതത്തിലെ എല്ലാ കാര്യവും അവര്‍ക്കു ചൂളമടിച്ച് സംസാരിക്കുവാന്‍ കഴിയും. കാനറി ദ്വീപുകളിലെ സില്‍ബോ ഭാഷയിലെ ലാ ഗൊമേര ദ്വീപിലും വിസില്‍ ഭാഷകള്‍ നിലവിലുണ്ട്. അമേരിക്ക, മെക്‌സിക്കോ, ബൊളീവിയ, കൊളംബിയ, ബ്രസീല്‍, വിയറ്റ്‌നാം, മ്യാന്‍മാര്‍, നേപ്പാള്‍, സ്‌പെയ്ന്‍, ഫ്രാന്‍സ്, ഗ്രീസ്, എത്യോപ്യ, ഘാന, നൈജീരിയ, കാമറൂണ്‍, ന്യൂഗിനിയ എന്നി രാജ്യങ്ങളിലെല്ലാം വിസില്‍ ഭാഷ സംസാരിക്കുന്ന ജനവിഭാഗങ്ങളുണ്ട്. ക്രിസ്തുവിന് മുമ്പ് അഞ്ചാം നൂറ്റാണ്ടില്‍ എത്യോപ്യയിലെ ചില ഗുഹാവാസികള്‍ വിസിലിംഗ് ഭാഷ ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. രണ്ടാം ലോകമഹായുദ്ധസമയത്ത് ആസ്േ്രടലിയന്‍ പട്ടാളം പാപ്പുവ ന്യൂഗിനിയായിലെ വിസിലടിക്കാരായ ഗോത്രക്കാരെ റേഡിയോ സന്ദേശങ്ങള്‍ കൈമാറാന്‍ നിയോഗിച്ചിരുന്നു. സൈബീരിയയിലെ യുപ്പിക്ക് വര്‍ഗക്കാര്‍ കടലില്‍ വേട്ടയ്ക്ക് പോകുമ്പോള്‍ ഇപ്പോഴും ചൂളമടി ഭാഷയാണ് ഉപയോഗിക്കുന്നത്. താവോ മതക്കാര്‍ക്കിടയില്‍ വിസിലടിച്ച് പ്രാര്‍ത്ഥിക്കുന്ന പതിവുണ്ടായിരുന്നതായി ചൈനീസ് രേഖകള്‍ പറയുന്നു. ദക്ഷിണ ചൈനയിലെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വിസിലടി ഭാഷ നിലവിലുണ്ട്.