ക്രിസ്തുവിന് അഞ്ഞൂറ് വര്‍ഷം മുമ്പ് ഗ്രീസില്‍ രൂപം കൊണ്ടതാണ് ജനാധിപത്യം. ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ജനങ്ങളുടെ ഭരണമാണ് ജനാധിപത്യമെന്ന് ഗെറ്റിസ്ബര്‍ഗ് പ്രസംഗത്തിലൂടെ എബ്രഹാം ലിങ്കണ്‍ കൃത്യമായ നിര്‍വചനവും നല്‍കി. ജനാധിപത്യം പവിത്രവും വിലപ്പെട്ടതുമാകുന്നത് ചിന്തിക്കാനും കണ്ടെത്താനും അറിയിക്കാനുമുള്ള മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമ്പോഴാണ്. ചിന്താസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും ഇല്ലാത്തയിടത്ത് അതിന് സ്ഥാനമില്ല. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ നിയമനിര്‍മാണസഭകളോട് ഗവണ്‍മെന്റിന് ഉത്തരവാദിത്വമുണ്ടാകണം. നിയമനിര്‍മാണ സഭയില്‍ ഭൂരിപക്ഷം ഉണ്ടായാല്‍ മാത്രമേ എക്സിക്യുട്ടീവായ ഗവണ്‍മെന്റിന് ഭരണത്തില്‍ തുടരാന്‍ സാധിക്കൂ. നിയമനിര്‍മാണ സഭയ്ക്ക് സര്‍ക്കാറില്‍ വിശ്വാസം നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ അല്ലെങ്കില്‍ സര്‍ക്കാറിന് ഭരണത്തില്‍ തുടരാന്‍ ഭൂരിപക്ഷമില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം സര്‍ക്കാറിനെതിരെ പ്രമേയം അവതരിപ്പിക്കുന്നു. ഈ പ്രമേയത്തെയാണ് അവിശ്വാസ പ്രമേയം എന്നു പറയുന്നത്. സര്‍ക്കാറിനെ നിയന്ത്രിക്കാനും ഉത്തരവാദിത്തമുള്ളതാക്കി മാറ്റാനുള്ള നിയമസഭയുടെ സവിശേഷ അധികാരം കൂടിയാണിത്. സര്‍ക്കാരിനെ എതിര്‍ക്കുന്നവരുടെ ഉപാധിയാണ് അവിശ്വാസ പ്രമേയം. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഭൂരിപക്ഷം തെളിയിക്കാനുള്ള അവസരമാണിത്. സഭയില്‍ ഹാജറുള്ള പകുതിയിലധികം അംഗങ്ങള്‍ പിന്തുണച്ചാല്‍ പ്രമേയം പാസാകും. തുടര്‍ന്ന് സര്‍ക്കാര്‍ രാജിവയ്്ക്കും. ഇതുപോലെ വിശ്വാസ പ്രമേയം അവതരിപ്പിച്ച് ഭൂരിപക്ഷം തെളിയിക്കാന്‍ സര്‍ക്കാനിനും അവകാശമുണ്ട്.ഗൗരവമേറിയതും ദൈര്‍ഘ്യമേറിയതുമാണ് അവിശ്വാസ പ്രമേയത്തിന്മേലുള്ള ചര്‍ച്ചയും വോട്ടെടുപ്പും. ഇന്ത്യയില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ കഴിയുന്നത് സംസ്ഥാനങ്ങളില്‍ നിയമനിര്‍മാണ സഭകളിലും പാര്‍ലമെന്റില്‍ ലോക്‌സഭയിലും മാത്രമായിരിക്കും. ഇന്ത്യയില്‍ ഒരു മന്ത്രിയ്ക്കെതിരെ അവിശ്വാസ പ്രമേയം എന്ന സമ്പ്രദായം നിലനില്‍ക്കുന്നില്ല. കൂട്ടുത്തരവാദിത്ത്വത്തിന്മേലുള്ള ഗവണ്‍മന്റായതുകൊണ്ട് തന്നെ മന്ത്രി സഭയ്ക്കെതിരെയുള്ള അവിശ്വാസ പ്രമേയമാണ് നിലനില്‍ക്കുന്നത്. എന്നാല്‍, മുഖ്യമന്ത്രിയ്ക്ക്മേല്‍ അവിശ്വാസ പ്രമേയം പാസായാല്‍ മന്ത്രിസഭ നിലനില്‍ക്കുന്നതല്ല. മറിച്ച സ്പീക്കറിനെതിരെയാണ് അവിശ്വാസം പാസാക്കുകയാണെങ്കില്‍ സ്പീക്കര്‍ മാറിയാല്‍ മതി.
സഭയില്‍ ഏതൊരു അംഗത്തിനും അവിശ്വാസ പ്രമേയം അവതരിപ്പിക്കാം. സ്വാഭാവികമായും പ്രതിപക്ഷമായിരിക്കും അവിശ്വാസ പ്രമേയം അവതരിപ്പിക്കുക. പ്രമേയം അവതരിപ്പിക്കാനുള്ള അനുമതി ലഭിച്ചു കഴിഞ്ഞാല്‍ പ്രമേയത്തിനുമേല്‍ ചര്‍ച്ച നടക്കണം ശേഷം വോട്ടെടുപ്പും. ഒരൊറ്റ വാചകത്തിലാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്. ശേഷം സ്പീക്കര്‍ ഭരണ പക്ഷത്തെയും പ്രതിപക്ഷത്തെയും ചര്‍ച്ചയ്ക്ക് വിളിക്കും. ഓരോരുത്തര്‍ക്കും നിശ്ചിത സമയം അനുവദിച്ച് കിട്ടും. ലോക്സഭാചട്ടം 198 അനുസരിച്ച് സഭ ചേരുന്നതിന് 14 ദിവസം ലോക്സഭാ സെക്രട്ടറി ജനറലിന് രേഖാമൂലം നോട്ടീസ് നല്‍കണം. പ്രമേയത്തിന്മേലുള്ള ചര്‍ച്ച പൂര്‍ത്തിയായാല്‍ അവിശ്വാസ പ്രമേയ വോട്ടെടുപ്പിനായി ശബ്ദവോട്ട്, തലയെണ്ണല്‍, ബാലറ്റ് എന്നിങ്ങനെ സ്പീക്കര്‍ക്ക് ഉചിതമെന്ന തോന്നുന്ന ഏത് മാര്‍ഗവും ചട്ടപ്രകാരം ഉപയോഗിക്കാവുന്നതാണ്.
പത്തൊന്‍പതാം നൂറ്റാണ്ടിനുമുമ്പ് നിരവധി രാഷ്ട്രീയക്കാര്‍ അവിശ്വാസ വോട്ടുകള്‍ക്ക് വിധേയരായിരുന്നു. ലോകത്തെ ആദ്യത്തെ പ്രധാനമന്ത്രിയായ റോബര്‍ട്ട് വാന്‍പോളും അവിശ്വാസ പ്രമേയമായി കണക്കാക്കപ്പെട്ടിരുന്ന വോട്ടെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് 1742ല്‍ ബ്രിട്ടന്റെ ഹൗസ് ഓഫ് കോമണ്‍സില്‍ നിന്നു രാജി വച്ചിട്ടുണ്ട്. 1782ല്‍ അമേരിക്കയുമായുള്ള യുദ്ധസമയത്ത് ലോര്‍ഡ് നോര്‍ത്ത് സര്‍ക്കാരിനെ വിമര്‍ശിച്ച പ്രമേയം അവിശ്വാസ വോട്ടെടുപ്പിലൂടെ സര്‍ക്കാരിനെ താഴെയിറക്കിട്ടുണ്ട്. 1830ല്‍ വെല്ലിംഗ്ടണ്‍ ഡ്യൂക്ക് വോട്ടെടുപ്പിന് തൊട്ടടുത്ത ദിവസം രാജിവച്ചു. 1923ലെ ബ്രിട്ടണിലെ പൊതുതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് 1924ല്‍ സ്റ്റാന്‍ലി ബാല്‍ഡ്വിന്‍ കണ്‍സര്‍വേറ്റീവ് സര്‍ക്കാരിനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം ആധുനിക ജനാധിപത്യ ചരിത്രത്തിലെ ശ്രദ്ധേയമായ ഏടുകളിലൊന്നായിരുന്നു. 1979 മാര്‍ച്ചില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ജെയിംസ് കാലഗന്‍ ഒരു വോട്ട് വ്യത്യാസത്തില്‍ ഹൗസ് ഓഫ് കോമണ്‍സില്‍ വിശ്വാസ വോട്ടെടുപ്പ് പരാജയപ്പെട്ടതിനെത്തുടര്‍ന്ന് രാജിവയ്ക്കാന്‍ നിര്‍ബന്ധിതനായി.
അവിശ്വാസം ഇന്ത്യയില്‍
1963ല്‍ ജവഹര്‍ലാല്‍ നെഹ്റു പ്രധാനമന്ത്രിയായിരുന്ന മൂന്നാം ലോക്സഭയിലാണ് അവിശ്വാസ പ്രമേയം ആദ്യമായി കൊണ്ടുവന്നത്. മുന്‍ കോണ്‍ഗ്രസും പ്രജ സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവുമായ ആചാര്യ ജെ.ബി കൃപലാനിയാണ് പ്രമേയം അവതരിപ്പിച്ചത്. 40 എംപിമാര്‍ മുന്നോട്ടുവച്ച പ്രമേയം 21 മണിക്കൂര്‍ ചര്‍ച്ച ചെയ്യുകയും നാല് ദിവസം നീണ്ടുനില്‍ക്കുകയും ചെയ്തു. പ്രമേയത്തെ നെഹ്റു സര്‍ക്കാര്‍ പരാജയപ്പെടുത്തി. രണ്ടാമത്തെ അവിശ്വാസ പ്രമേയം 1964 ലാണ് നടന്നത്. പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിക്കെതിരെ സ്വതന്ത്ര എം പി എന്‍.സി ചാറ്റര്‍ജി പ്രമേയം അവതരിപ്പിച്ചു. 1964-75 കാലഘട്ടത്തില്‍ ലോക്സഭയില്‍ 15 അവിശ്വാസ പ്രമേയങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്. അതില്‍ മൂന്നെണ്ണം ശാസ്ത്രിക്കെതിരെയായിരുന്നു. ഇന്ദിരാഗാന്ധി 12 അവിശ്വാസ പ്രമേയങ്ങള്‍ നേരിട്ടിട്ടുണ്ട്. 1981നും 1982 നും ഇടയില്‍ മൂന്ന് ആത്മവിശ്വാസ പ്രമേയങ്ങള്‍ അവര്‍ അഭിമുഖീകരിച്ചു.
1979 ല്‍ വൈ ബി ചവാന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നു. ഇത് സര്‍ക്കാരിന്റെ പതനത്തിലേക്ക് നയിച്ച ആദ്യത്തെ അവിശ്വാസ പ്രമേയമായി മാറി. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി 1987ല്‍ അവിശ്വാസ പ്രമേയത്തെ അഭിമുഖീകരിച്ചിരുന്നു. ഭൂരിപക്ഷം കാരണം പരാജയപ്പെടുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പത്താം ലോക്‌സഭാ വേളയില്‍ പി.വി നരസിംഹറാവുവിനെതിരെ ജസ്വന്ത് സിംഗ് അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നു. റാവുവിനെതിരെ വാജ്പേയി അവിശ്വാസ പ്രമേയം കൂടി അവതരിപ്പിച്ചു. റാവു 14 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. 1999 ല്‍ അവിശ്വാസ പ്രമേയങ്ങളില്‍ ഏറ്റവും കൗതുകകരമായത് വാജ്പേയി സര്‍ക്കാരിന് അവിശ്വാസ പ്രമേയം വെറും ഒരു വോട്ടുകള്‍ക്ക് നഷ്ടമായപ്പോള്‍ അദ്ദേഹത്തിന്റെ സര്‍ക്കാരിന്റെ പതനത്തിലേക്ക് നയിച്ചു. അവിശ്വാസ പ്രമേയത്തില്‍ ഇതുവരെ സര്‍ക്കാരുകള്‍ വീണിട്ടില്ല. എന്നാല്‍ വിശ്വാസപ്രമേയം പാസാക്കാന്‍ കഴിയാതെ മൂന്നുസര്‍ക്കാരുകള്‍ക്ക് രാജിവയ്‌ക്കേണ്ടി വന്നിട്ടുണ്ട്. വിശ്വാസപ്രമേയം പാസാകില്ലെന്നുറപ്പായപ്പോള്‍ വോട്ടെടുപ്പിനു പോകാതെ രാജിവച്ച ചരിത്രവുമുണ്ട്. നരേന്ദ്ര മോഡി സര്‍ക്കാരിനെതിരായാണ് അവസാനമായി അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
കേരളത്തില്‍ പതിനാറ് അവിശ്വാസം
പിണറായി സര്‍ക്കാരിനെതിരെ പ്രതിപക്ഷം ആഗസ്റ്റില്‍ കൊണ്ടുവന്നത് കേരളചരിത്രത്തിലെ പതിനാറാമത്തെ അവിശ്വാസ പ്രമേയമായിരുന്നു. ഇതില്‍ ഒരെണ്ണം മാത്രമേ പാസായിട്ടുള്ളൂ. 1964ല്‍ ആര്‍.ശങ്കറിന്റെ കോണ്‍ഗ്രസ് മന്ത്രിസഭയ്‌ക്കെതിരെ പി.കെ കുഞ്ഞാണ് പ്രമേയം അവതരിപ്പിച്ചത്. 1961ല്‍ പട്ടം താണുപിള്ള സര്‍ക്കാരിനെതിരെ സി.ജി ജനാര്‍ദ്ദനന്‍ ആണ് കേരള രാഷ്ട്രീയ ചരിത്രത്തിലെ ആദ്യ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. തൊട്ടടുത്ത വര്‍ഷങ്ങളില്‍ അച്യുതമേനോന്‍ സര്‍ക്കാരിനെതിരെ അവിശ്വാസങ്ങള്‍ കൊണ്ടു വന്നു. 1971ല്‍ സി.ബി.സി വാര്യര്‍, ജോണ്‍ മാഞ്ഞുരാന്‍ എന്നിവര്‍ അവിശ്വാസത്തിന് നോട്ടീസ് നല്‍കി. 1982ല്‍ രാഷ്ട്രീയ ചരിത്രത്തിലെ കൗതുകകരമായ വസ്തുതയുണ്ടായി. കരുണാകരന്‍ സര്‍ക്കാരിനെതിരെ എ.സി ഷണ്‍മുഖദാസ് കൊണ്ടു വന്ന പ്രമേയം വോട്ടിനിട്ടപ്പോള്‍ ഭരണപക്ഷവും പ്രതിപക്ഷവും തുല്യത പാലിച്ചു. 70-70 എന്നായിരുന്നു വോട്ട നില. സ്പീക്കര്‍ എ.സി ജോസിന്റെ കാസ്റ്റിംഗ് വോട്ടിന്റെ സഹായത്താല്‍ മന്ത്രിസഭ അധികാരത്തില്‍ തുടര്‍ന്നു. നാല് വര്‍ഷത്തിന് ശേഷം കരുണാകരനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഏറെ വിവാദങ്ങള്‍ക്ക് വഴിതെളിച്ചു. കേന്ദ്രസര്‍ക്കാര്‍ അനഭിമതരായി പ്രഖ്യാപിച്ച കുവൈറ്റ് പൗരന്‍മാരെ സല്‍ക്കരിച്ചത് സംബന്ധിച്ചായിരുന്നു അത്. 1990കളുടെ തുടക്കം മുതല്‍ ഇതുവരെ മൂന്ന് അവിശ്വാസ പ്രമേയങ്ങള്‍ മാത്രമാണ് വന്നിട്ടുള്ളത്. 2005ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ കോടിയേരി ബാലകൃഷ്ണനാണ് അവിശ്വാസം കൊണ്ടു വന്നത്. കെ.കരുണാകരനാണ് ഏറ്റവും കൂടുതല്‍ അവിശ്വാസ പ്രമേയങ്ങളെ നേരിട്ട വ്യക്തി.