ആകാശത്തിലെ നീലനിറത്തിനു കാരണമായ രാമന്‍പ്രഭാവം കണ്ടെത്തിയതിലൂടെ സി.വി രാമനും ഹിഗ്‌സ് ബോസോണ്‍ കണത്തില്‍ നിര്‍ണായക സംഭാവന നല്‍കിയ സത്യേന്ദ്രനാഥ് ബോസുമൊക്കെ ഇന്ത്യ ശാസ്ത്രലോകത്തിന് നല്‍കിയ അപൂര്‍വ നക്ഷത്രങ്ങളായിരുന്നു. ഒരു മൂലകത്തെ ഭൂമിക്ക് പുറത്ത് മനുഷ്യന്‍ ആദ്യമായി കണ്ടെത്തുക, അതും നമ്മുടെ ഇന്ത്യയില്‍ വച്ച് നടന്ന നിരീക്ഷണത്തില്‍ ! ശാസ്ത്രലോകത്തെ സവിശേഷ ഏടുകളിലൊന്നായ ആ കണ്ടുപിടുത്തം ഒന്നരനൂറ്റാണ്ട് പിന്നിടുന്നു. നിറമോ മണമോ രുചിയോ ഇല്ലാത്ത രാസമൂലകമാണ് ഹീലിയം. ഗ്രീക്കുഭാഷയിലെ സൂര്യന്‍ എന്നര്‍ത്ഥമുള്ള ഹീലിയോസ് എന്ന വാക്കില്‍നിന്നാണ് ഹീലിയം എന്ന പേരുണ്ടായത്. പീരിയോഡിക് ടേബിളിലെ അറ്റോമിക് നമ്പര്‍ രണ്ടായ ഹീലിയം 152 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആഗസ്റ്റ് 18ന് ഫ്രഞ്ച് ശാസ്ത്രജ്ഞന്‍ പിയേര്‍ ജാന്‍സെന്‍ ആന്ധ്രാപ്രദേശില്‍ വച്ച് നടത്തിയ നിരീക്ഷണത്തിലാണ് കണ്ടെത്തിയത്.
ലോകമെമ്പാടും സാഹസിക യാത്രയടക്കം നടത്തിയാണ് ജ്യോതിശാസ്ത്ര രംഗത്ത് അദ്ദേഹം നിര്‍ണായക സംഭാവനകള്‍ നല്‍കിയത്. പാരീസിലെ ഒരുകര്‍ഷക കുടുംബത്തിലാണ് ജാന്‍സെന്‍ ജനിച്ചത്. ചെറുപ്പത്തില്‍ ഒരപകടത്തില്‍പെട്ടതിനാല്‍ മുടന്തനായിത്തീര്‍ന്നു. അതിനാല്‍ തന്നെ സാധാരണ കുട്ടികളെ പോലെ സ്‌കൂള്‍ വിദ്യാഭ്യാസം നേടാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. എന്നാല്‍ അതുകൊണ്ടൊന്നും തളരാതെ നിരന്തരം പരിശ്രമിച്ചു. ശാസ്ത്രവും ഗണിതവും പഠിച്ചതിനു പുറമെ വാസ്തുവിദ്യയും അദ്ദേഹത്തിന് അറിയാമായിരുന്നു. ജാന്‍സെണിന്റെ സഹോദരന്‍ വാസ്തു ശില്‍പ്പിയാണ്. പെറുവില്‍ കാന്തിക മധ്യരോഖ നിര്‍ണയിക്കാന്‍ പോയത് വിദ്യാഭ്യാസ കാലഘട്ടത്തില്‍ അദ്ദേഹത്തിന് ലഭിച്ച വലിയ അനുഭവ സമ്പത്തായി. തുടര്‍ന്ന് ജാന്‍സെന്‍ സൗരയൂഥ സ്‌പെക്ട്രത്തെക്കുറിച്ച് ഇറ്റലിയിലും സ്വിറ്റ്‌സര്‍ലന്‍ഡിലുമായി തുടര്‍പഠനം നടത്തി.
1868 ആഗസ്റ്റ് 18ന് ഇന്ത്യയില്‍ നിന്നു വീക്ഷിക്കാന്‍ കഴിയുന്ന ഒരു സമ്പൂര്‍ണ സൂര്യഗ്രഹണം നടന്നു. അതു നിരീക്ഷിക്കാനായി ജാന്‍സെന്‍ കാലേകൂട്ടി ഇന്നത്തെ ആന്ധ്രപ്രദേശിലെ ഗുണ്ടൂരിനടുത്ത് സന്നാഹങ്ങളുമായി എത്തിയിരുന്നു. സമ്പൂര്‍ണ സൂര്യഗ്രഹണ സമയത്ത് സൂര്യബിംബം മറയ്ക്കപ്പെട്ടപ്പോള്‍ സൂര്യനു ചുറ്റുമുള്ള ബാഹ്യാവരണമായ കൊറോണ വ്യക്തമായി കാണാന്‍ കഴിഞ്ഞു. അതിന്റെ സ്‌പെക്ട്രം പരിശോധിച്ചപ്പോള്‍ സോഡിയത്തിന്റേതായ പരിചിതമായ രണ്ടു മഞ്ഞരേഖകള്‍ക്കു പുറമേ മറ്റൊന്നുകൂടി കാണാന്‍ കഴിഞ്ഞു. ആ രേഖകള്‍ ഭൂമിയില്‍ പരിചിതമായ ഒരു വാതകത്തിന്റേതുമല്ലായിരുന്നു. മറ്റൊരു കാര്യം കൂടി അദ്ദേഹം ശ്രദ്ധിച്ചു. അത് ഗ്രഹണമില്ലാത്ത സമയത്തു കൂടി ദൃശ്യമാകും വിധം വ്യക്തതയുള്ളതായിരുന്നു. അതിനാല്‍ ഗ്രഹണം കഴിഞ്ഞും നിരീക്ഷണം തുടര്‍ന്നു. പിന്നീട് കുറച്ചു കാലം കഴിഞ്ഞ് ഇതേ സംബന്ധിച്ച് ഒരു ഗവേഷണ പ്രബന്ധം പ്രസിദ്ധീകരണത്തിന് അയച്ചു. ഇതിടെ ഇംഗ്ലീണ്ടിലെ ജോസഫ് ലോക്കിയര്‍ എന്ന മറ്റൊരു ശാസ്ത്രജ്ഞനും സൂര്യന്റെ സ്‌പെക്ട്രത്തില്‍ ഈ മഞ്ഞരേഖ പ്രത്യേകം ശ്രദ്ധിച്ചു. ഒക്ടോബറിലാണ് അദ്ദേഹം ഈ പഠനം നടത്തിയത്. സൂര്യനില്‍ കണ്ട ഈ രേഖ ഭൂമിയില്‍ കണ്ടിട്ടില്ലാത്ത ഒരു മൂലകത്തിന്റെയാണെന്ന ധാരണയില്‍ അതിന് ഹീലിയം എന്ന് പേരും കൊടുത്തു. അദ്ദേഹവും ഒരു ഗവേഷണ പ്രബന്ധം അതേ പ്രസിദ്ധീകരണത്തിനു അയച്ചു. രണ്ടു പ്രബന്ധവും ഒരേ ദിവസം തന്നെ പ്രസാധകര്‍ക്കു ലഭിച്ചു. അതിനാല്‍ സൂര്യനില്‍ ഹീലിയം കണ്ടെത്തിയതിന്റെ ക്രെഡിറ്റ് ജാന്‍സെനും ലോക്കിയറിനും ലഭിച്ചു. 1895 ബ്രിട്ടീഷ് രസതന്ത്രജ്ഞനായ വില്യം റാംസേ ആണ് ഹീലിയത്തെ ആദ്യമായി വേര്‍തിരിച്ചെടുത്തതും ഭൂമിയില്‍ ഇതുണ്ടെന്ന് കണ്ടെത്തിയത്.ക്ലെവീറ്റ് എന്ന ധാതുവില്‍ നിന്നും ധാതു അമ്ലങ്ങള്‍ ഉപയോഗിച്ചാണ് അദ്ദേഹം ഹീലിയം വേര്‍തിരിച്ചത്.
ആര്‍ഗോണ്‍ വേര്‍തിരിക്കാന്‍ നടത്തിയ ശ്രമങ്ങളാണ് അദ്ദേഹത്തെ ഇതിലേക്ക് നയിച്ചത്. ഇതേ വര്‍ഷം തന്നെ സ്വീഡനിലെ രസതന്ത്രജ്ഞരായ തിയോഡോര്‍ ക്ലീവും അബ്രഹാം ലാങ്ലെറ്റും സ്വതന്ത്രമായി ഇതേരീതിയില്‍ തന്നെ ഹീലിയം വേര്‍തിരിക്കുകയും അതിന്റെ ആറ്റോമികഭാരം കൃത്യമായി കണക്കാക്കുകയും ചെയ്തു. 1870ല്‍ ഫ്രാന്‍സില്‍ യുദ്ധം നടക്കുമ്പോള്‍ അള്‍ജീരിയയില്‍ സൂര്യഗ്രഹണം പ്രവചിക്കപ്പെട്ടിരുന്നു. അതു നിരീക്ഷിക്കാനായി ജാന്‍സെണ്‍ പാരീസില്‍ നിന്ന് പുറത്തു കടന്നത് ഒരു കൂറ്റന്‍ ബലൂണിലായിരുന്നു. ജപ്പാന്‍, സിയാം, കരോലിന്‍, സ്‌പെയ്‌നിലെ അല്‍കോസെബ്രെ എന്നിവടങ്ങളില്‍ ഗ്രഹണ നിരീക്ഷണത്തിനായി അദ്ദേഹം യാത്ര ചെയ്തത്. ജ്യോതിശാസ്ത്ര നിരീക്ഷണങ്ങള്‍ക്കായി മൂന്നു മിനുട്ടുകള്‍ക്കകം 180 ചിത്രങ്ങള്‍ എടുക്കാന്‍ കഴിയുന്ന ഒരു ഫോട്ടോഗ്രാഫിക് റിവോള്‍വര്‍ ആദ്യമായി ഉണ്ടാക്കിയത് ജാന്‍സെണ്‍ ആയിരുന്നു. സൂര്യന്റെ ആറായിരത്തിലധികം ചിത്രങ്ങളടങ്ങിയ ഒരു അറ്റ്‌ലസും ജാന്‍സണ്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ബഹുമാനാര്‍ത്ഥം ചൊവ്വയിലെയും ചന്ദ്രനിലെയും ഗര്‍ത്തങ്ങള്‍ക്ക് മുന്നിലുള്ള പൊതുസ്‌ക്വയറിന് പ്ലേസ് ജൂള്‍സ് ജാന്‍സെന്‍ എന്നാണ് പേരിട്ടത്. ഫ്രാന്‍സിലെ സുപ്രധാന ജ്യോതിശാസ്ത്ര പുരസ്‌കാരങ്ങള്‍ക്ക് ജാന്‍സെണിന്റെ പേരാണ്. ഫ്രഞ്ച് ആസ്‌ട്രോണമിക്കല്‍ സൊസൈറ്റിയും പ്രിക്‌സ് ജൂള്‍സ് ജാന്‍സെന്‍ അവാര്‍ഡും ഫ്രഞ്ച് അക്കാദമി ഓഫ് സയന്‍സസിലെ ജാന്‍സെന്‍ മെഡലും. ജോഹാന്‍ പാലിസ കണ്ടെത്തിയ ഗ്രഹം ജാന്‍സെണിന്റെ ഭാര്യ ഹെന്റിയേറ്റയുടെ പേരിലാണ് അറിയപ്പെടുന്നത്.