
തിരക്കഥയുടെ മൂല്യവും സ്നേഹത്തിന്റെ ആഴവും കൊണ്ട് വ്യത്യസ്തനായിരുന്നു ജോൺ പോൾ. മലയാള സിനിമയിൽ തിരക്കഥയുടെ ശക്തി സാന്നിധ്യം അറിയിച്ച രചയിതാക്കളിൽ മുമ്പനായിരുന്നു അദ്ദേഹം. രചിച്ച നൂറോളം തിരക്കഥകളിൽ ഭൂരിപക്ഷവും വൻ ഹിറ്റുകളായിരുന്നു. തിരക്കഥയുടെ തമ്പുരാനെന്നു തന്നെ ജോണി നെ വിശേഷിപ്പിക്കാം. നിലവാരമുള്ള തിരക്കഥയിലാണ് സിനിമയുടെ വിജയമെന്ന് മലയാളത്തെ പഠിപ്പിച്ചവയാണ് ജോൺ രചനകൾ. സിനിമയും സൗഹൃദവും പരസ്പരം ഇണങ്ങാത്തിടത്താണ് രണ്ടും ഒരു പോലെ ജോൺ പോൾ അന്ത്യം വരെ കൊണ്ടു നടന്നതെന്നത് സ്വാഭാവിക സത്യം.
എഴുതിയ സിനിമകളേറേയും ഹിറ്റും വൻ ഹിറ്റുമാക്കിയ രചയിതാവ് ജോൺ പോളിനെപ്പോലെ മലയാളത്തിൽ വേറെ ഇല്ല. 1985 ൽ അദ്ദേഹം എഴുതിയ പത്തു സിനിമകൾ മുഴുവനും ഹിറ്റായിരുന്നു. രചനയുടെ ജോൺ കാലം എന്നത് അന്നത്തെപ്പോലെ ഇന്നും മലയാള സിനിമ പഠിക്കുന്ന വർക്കു മനസിലാകും. ചാമരം, അമരം, യാത്ര, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഞാൻ ഞാൻ മാത്രം, ഉത്സവപ്പിറ്റേന്ന്, ഉണ്ണികളേ ഒരു കഥ പറയാം, രചന വിട പറയും മുമ്പേ എന്നിങ്ങനെ മനസിൽ കയറി ഇരിപ്പുറപ്പിച്ച അനവധി സിനിമകൾ. കാമ്പില്ലാത്ത വെട്ടിക്കൂട്ടും തട്ടിക്കൂട്ടും നിറഞ്ഞ മസാല ചേരുവകളൊന്നും ജോൺ സിനിമയ്ക്കില്ലായിരുന്നു. സാധാരണ ജീവിതത്തെ അസാധാരണ കാഴ്ചപ്പാടോടെ സിനിമയിലേക്ക് പകർത്തുകയായിരുന്നു. കാഴ്ചക്കാരുടെ സിനിമകൾ തന്നെയായിരുന്നു അവ. കാണികൾ അവരേയും മറ്റുള്ളവരേയും ഈ സിനിമകളിൽ കണ്ടെത്തി. പ്രേക്ഷകർ തന്നെ കഥാപാത്രങ്ങളായി തീർന്നവ. കാണിയെ കണ്ടിരിക്കുന്ന സിനിമയിൽ നിന്നും മനസ് മാറ്റാതെയുള്ള തിരക്കഥാ പരിചരണമായിരുന്നു ജോണിന്റേത്. ആഴമുള്ള വായനയും ശക്തമായ കാഴ്ചപ്പാടും തീവ്രാനുഭവങ്ങളും കൊണ്ടു കൂടിയാണ് രചനയിലെ ഈ കാതൽ ജോൺ സാധിച്ചെടുത്തത്. ശരാശരിയിൽ താഴ്ന്ന ഒരു സിനിമയും അദ്ദേഹം ചെയ്തില്ല. നിലവാരവും കുലീനവുമുള്ള രചനകൾ എന്നു തന്നെ പറയണം

അക്കാലത്തെ പ്രശസ്തരും മുൻ നിര ക്കാരുമായ സംവിധായകർക്കു വേണ്ടി ജോൺ പോൾ തിരക്കഥയൊരുക്കി. കമ്പം കേറി സിനിമയുടെ ഊടുവഴികളിലൂടെ ഓടിക്കേറി വന്ന പാരമ്പര്യം ഇല്ലാത്ത ഒറ്റയാനാണ് ജോൺപോൾ. അപാര വായനയും ഉന്നതവിദ്യാഭ്യാസവും ഉയർന്ന ഉദ്യോഗവും സംഗീതവാസനയും പത്രപ്രവർത്തനവും സിനിമാ ബന്ധവും ഉള്ളപ്പോൾ തന്നെ സ്വയം മാറി നിന്ന് മറ്റുള്ളവർക്ക് സിനിമയിൽ വഴിയൊരുക്കുന്നതിൽ മുമ്പനും അതിൽ സംതൃപ്തി കണ്ടവനും കൂടിയാണ് ജോൺ. സിനിമയിലെത്താൻ കുതികാല് വെട്ടുകയും എത്തിക്കഴിഞ്ഞാൽ മറ്റുള്ളവരുടെ പാലം വലിക്കുകയും ചെയ്യുന്നവർക്കിടയിൽ ഒന്നാം തരം മനുഷ്യനായിരുന്നു അദ്ദേഹം. അതുകൊണ്ട് സ്നേഹത്താൽ മല പോലെ മനുഷ്യരെ സമ്പാദിച്ചിരുന്ന ജോൺ സിനിമാക്കാർക്ക് വിസ്മയമായിരുന്നു. കാവ്യ മധുരമായി പ്രവാഹം പോലെ സംസാരിക്കുകയും വിടർന്നു ചിരിക്കുകയും ചെയ്തിരുന്ന ജോൺ പോൾ തന്റെ തിരക്കഥകളിലൂടെ ഇവിടെയുണ്ടെന്ന് ഉറച്ചു പ്രഖ്യാപിക്കുന്നതാണ് നമുക്കുളള ആശ്വാസം.