ഭൂമിക്ക് പുറത്ത് ആവാസയോഗ്യമായ സ്ഥലങ്ങളുണ്ടോ എന്നറിയാനുള്ള മനുഷ്യന്റെ ആകാംഷയ്ക്കും അന്വേഷണങ്ങള്‍ക്കും നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. യൂറി ഗാഗാറിന്‍ ബഹിരാകാശത്ത് എത്തുന്നതിന് മുമ്പ് തന്നെ മനുഷ്യന്‍ ഭാവനയുടെ ലോകത്ത് താമസമുറപ്പിച്ചു കഴിഞ്ഞിരുന്നു. നാസയടക്കമുള്ള ബഹിരാകാശ ഏജന്‍സികള്‍ മനുഷ്യയോഗ്യമായ ഗ്രഹങ്ങളെക്കുറിച്ച് കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുമ്പോള്‍ സ്‌പേസ് എക്്‌സ് പദ്ധതികളുമായി എലോണ്‍ മാക്്‌സിനെ പോലുള്ളവര്‍ അതിന് പുതിയമാനം നല്‍കുന്നു. കൊറോണ അടക്കമുള്ള മഹാമാരികളും പ്രകൃതിക്ഷോഭങ്ങളും മാനവരാശിയുടെ തന്നെ നിലനില്‍പ്പിനു വെല്ലുവിളിയാകുമ്പോള്‍ നാം സ്വയം ചിന്തിക്കേണ്ടിയിരിക്കുന്നു ഭൂമിയെ ഇനിയും ഉപദ്രവിക്കണമോ എന്ന് ? മാലിന്യ കൂമ്പാരമായി മാറിയ ഈ ഭൂമിയില്‍ ആര്‍ക്കും ജീവിക്കാനാവാത്ത ഒരുകാലം അങ്ങു ദൂരേയല്ലെന്നും മനുഷ്യന് ജീവിക്കാന്‍ ഭൂമിയോളം സുന്ദരമായൊരു ഇടമില്ലെന്നും ബോധ്യപ്പെടുത്തി തരുന്ന ചലച്ചിത്രമാണ് ആന്‍ഡ്രു സ്റ്റാന്റ്റണിന്റെ വാള്‍-ഇ. 2805ല്‍ ഇലക്ട്രോണിക് മാലിന്യങ്ങള്‍ കൊണ്ട് നിറഞ്ഞ ഭൂമി വൃത്തിയാക്കാന്‍ നിയോഗിച്ച വാള്‍-ഇ എന്ന റോബോട്ടിന്റെ കഥയാണ് ചിത്രം പറയുന്നത്. വളരെയധികം നിരൂപക പ്രശംസയും വാണിജ്യവിജയവും നേടാന്‍ ഈ ആനിമേഷന്‍ ചിത്രത്തിനായി. 2008 ലെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരവും നെബുല പുരസ്‌കാരവും വാള്‍-ഇ നേടിയിട്ടുണ്ട്.
ഭൂമിയില്‍ ജീവിതം അസാദ്ധ്യമായപ്പോള്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ തങ്ങളുടെ പുതിയ പ്രോജക്റ്റ് ‘ബൈ-എന്‍ ലാര്‍ജ് ‘ എന്ന മള്‍ട്ടി നാഷണല്‍ കമ്പനി മുന്നോട്ടുവച്ചിരിക്കുന്നു. മാലിന്യ സംസ്‌കരണത്തിനുള്ള ‘വാള്‍-ഇ’ ( Waste allocation Load Liftter Earth class) റോബോട്ടുകള്‍. അവ ചവറുകള്‍ വാരിക്കൂട്ടി യന്ത്ര ശരീരത്തിനുള്ളില്‍ അമര്‍ത്തി കട്ടകളാക്കി മാറ്റി അടുക്കി വയ്ക്കും. അഞ്ചു വര്‍ഷം കൊണ്ട് ഭൂമിയെല്ലാം വൃത്തിയാക്കും വരെ സുഖമായി ജീവിക്കാനുള്ള ബഹിരാകാശ ജീവിതപദ്ധതിയും അവതരിപ്പിച്ചിട്ടുണ്ട്. സൗരയൂഥത്തിനപ്പുറം പ്രപഞ്ച കോണില്‍ ഒരിടത്തെ ബഹിരാകാശ കേന്ദ്രത്തിലേയ്ക്ക് മനുഷ്യരെ മാറ്റി പാര്‍പ്പിച്ചിരിക്കയാണ്. അവര്‍ക്കുവേണ്ട എല്ലാ സഹായത്തിനും വിവിധ തരത്തിലുള്ള റോബോട്ടുകളുണ്ട്. ഒന്നും ചെയ്യാതെ അവിടെ ഭക്ഷണം കഴിച്ച് ടെലിവിഷന്‍ കണ്ട് ജീവിക്കുകയാണ് അവര്‍. പക്ഷേ ടണ്‍ കണക്കിന് മാലിന്യങ്ങള്‍ നിറഞ്ഞ ഭൂമി വൃത്തിയാക്കല്‍ കരുതിയതു പോലെ എളുപ്പമായിരുന്നില്ല. തിരിച്ചുപോക്ക് അസാദ്ധ്യമാണെന്ന് മനസിലാക്കി മനുഷ്യവര്‍ഗം ആ ബഹിരാകാശ നിലയത്തില്‍ തന്നെ തലമുറകളായി ജീവിക്കുകയാണ്. 700 വര്‍ഷം യാതൊരു അധ്വാനവുമില്ലാതെ ജീവിച്ചു വന്ന മനുഷ്യരുടെ ശരീരസ്വഭാവമൊക്കെ മാറിക്കഴിഞ്ഞു. പേശികളില്ലാത്ത വെറും മാംസപിണ്ഡങ്ങള്‍. വികാരവും പ്രണയവും വറ്റിയ യന്ത്രങ്ങളായി അവര്‍ മാറിക്കഴിഞ്ഞു. പുതുതലമുറ റോബോട്ടുകള്‍ സ്വയം വികസിച്ച് അവയുടെ നിയന്ത്രണത്തിലായിരിക്കുന്നു മനുഷ്യജീവിതം.
ഭൂമിയില്‍ സോളാര്‍ ഊര്‍ജം കൊണ്ട് പ്രവര്‍ത്തിച്ചിരുന്ന ‘ വാള്‍-ഇ ‘ റോബോട്ടുകളെല്ലാം വര്‍ഷങ്ങള്‍ക്കു മുമ്പേ പ്രവര്‍ത്തനം നിര്‍ത്തിക്കഴിഞ്ഞു. ഇപ്പോഴും ബാക്കിയുള്ള ഒരു വാള്‍-ഇ റോബോട്ട് മാത്രം. വിജനമായ ആ മാലിന്യപ്പറമ്പില്‍ എഴുന്നൂറു വര്‍ഷങ്ങള്‍ക്കുശേഷവും തന്റെ തുരുമ്പിച്ച് ദ്രവിച്ച യന്ത്രകൈകള്‍ കൊണ്ട് ജോലി ചെയ്തുകൊണ്ടിരിക്കുന്നിടത്തു നിന്നാണ് ചിത്രം ആരംഭിക്കുന്നത്. പ്ലാസ്റ്റികും മറ്റു മാലിന്യങ്ങളും തന്റെ ചതുരപ്പെട്ടി ശരീരത്തിനുള്ളിലേയ്ക്ക് വാരിയിട്ട് അമര്‍ത്തി കട്ടകളാക്കി അടുക്കിവെയ്ക്കുകയാണവന്‍ അങ്ങനെ ആ റോബോര്‍ട്ട്. അടുക്കിവെച്ചിരിക്കുന്ന മാലിന്യക്കൂട്ടം ഒരു പത്തുനില കെട്ടിടത്തിന്റെ അത്രവലിപ്പമുണ്ട്.
വര്‍ഷങ്ങളിലൂടെയുള്ള സ്വയം റിപ്പേറിങ്ങിലൂടെയാണ് വാള്‍-ഇ ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. പ്രവര്‍ത്തനം നിലച്ച മറ്റു വാള്‍-ഇ റോബോട്ടുകളുടെ പാര്‍ട്‌സുകളെല്ലാം ശേഖരിച്ച് വച്ചും അവ മാറ്റി ഉപയോഗിച്ചും ഒക്കെയാണ് അവന്‍ അതിജീവിച്ചിരിക്കുന്നത്. ഒരു വലിയ ഇരുമ്പ് ചവറ്റുകുട്ട പൊളിച്ചുനോക്കിയപ്പോള്‍ അതിനുള്ളില്‍ ഒരു വിത്ത് മുളപൊട്ടി രണ്ടില വിരിഞ്ഞിരിക്കുന്നു. അവന്‍ അത് പഴയ ഒരു ബൂട്ടിനുള്ളില്‍ ഇട്ടു വച്ച് സ്വന്തം സ്ഥലത്തേയ്ക്ക് കൊണ്ടുവന്നു. വികൃതമായ ബൈനാക്കുലര്‍ കണ്ണുകളും തേയ്മാനം വന്നു തുരുമ്പിച്ച് ചക്രക്കാലുകളുമായി ഓടിനടന്നു ജോലിചെയ്യുന്നതിനിടയിലേയ്ക്കാണ് ബഹിരാകാശ നിലയത്തില്‍ നിന്നുള്ള പേടകം വന്നിറങ്ങുന്നത്.
ആ പേടകത്തില്‍ നിന്നും വെളുത്തു മിനുത്ത ഒരു പുതുതലമുറ റോബോട്ട് ഈവ പുറത്തിറങ്ങുന്നു. നീലകണ്ണുകളും ഗൗരവ ഭാവവും കരുത്തും പറക്കാനുള്ള കഴിവും ഒക്കെയുണ്ട് അവള്‍ക്ക്. ഭൂമിയില്‍ ജീവന്റെ സാന്നിദ്ധ്യമുണ്ടോ എന്നന്വേഷിക്കാനായി വന്നതാണവള്‍. ഓരോ ഇഞ്ച് സ്ഥലവും അതിവേഗം സ്‌കാന്‍ ചെയ്ത് നീങ്ങുന്നതിനിടയില്‍ വാള്‍-ഇവയെ കണ്ടുമുട്ടുന്നു. നീണ്ട ഏകാന്ത ജീവിതത്തിനു ശേഷം ആദ്യമായി കണ്ട ഒരു സഹജീവിയില്‍ വാള്‍-ഇയ്ക്ക് കൗതുകമുണ്ടാകുന്നു. പക്ഷേ ആദ്യമൊന്നും ഈവ അവനെ പരിഗണിക്കുന്നേ ഇല്ല. ഇടയ്ക്ക് വീശിയടിച്ച പൊടിക്കാറ്റില്‍ കുടുങ്ങിയ ഈവയെ വാള്‍-ഇ രക്ഷിച്ച് തന്റെ സങ്കേതത്തിലെത്തിക്കുന്നു. പഴയ കാസറ്റുകളും സിനിമകളും കണ്ട് മനുഷ്യ പ്രണയഭാവം അനുകരിക്കുന്ന വാള്‍-ഇ ഒരു കാമുകിയോടെന്നപോലെയാണ് ഈവയോട് പെരുമാറുന്നത്. അവന്‍ വിളക്കുകളെല്ലാം കത്തിക്കുന്നു, ഷോകേസുകളിലെ അത്ഭുത വസ്തുക്കള്‍ കാട്ടിക്കൊടുക്കുന്നു, ടെലിവിഷനില്‍ മനുഷ്യരുടെ പ്രണയ സംഗീത സീനുകള്‍ കാണിക്കുന്നു. പതുക്കെ ഇരുവരും അടുപ്പത്തിലാകുന്നു. അതിഥിയ്ക്ക് സമ്മാനമായി നല്‍കുന്നത് അമൂല്യമായി കണ്ടെത്തി സുക്ഷിച്ചുവെച്ച കുഞ്ഞു ചെടിയാണ്. അത് കണ്ടയുടന്‍ പ്രോഗ്രാമിങ്ങിന്റ ഭാഗമായി സ്വന്തം ശരീരത്തിനുള്ളിലേയ്ക്ക് ആ ജൈവവസ്തു ആഗിരണം ചെയ്ത് ഈവ സ്റ്റാന്‍ഡ്‌ബൈയായി. എന്താണ് സംഭവിച്ചതെന്നറിയാതെ വാള്‍-ഇ അവള്‍ക്കു ചുറ്റും പാഞ്ഞു നടക്കുന്നുണ്ട്. തട്ടിയും മുട്ടിയും അവളെ ഉണര്‍ത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ശരീരത്തിനുള്ളില്‍ ജൈവസാന്നിദ്ധ്യത്തെ സൂചിപ്പിക്കുന്ന പച്ച സിഗ്‌നല്‍ ഒഴിച്ച് എല്ലാം നിശ്ചലം. തന്നെ തിരിച്ചു കൊണ്ടു പോവാനുള്ള വാഹനം വരാനുള്ള കാത്തിരിപ്പിലാണ് ഈവ. പ്രതികരണങ്ങളൊന്നുമില്ലാതെ നിശ്ചലമായിപ്പോയ ഈവയെ മഴയിലും വെയിലിലും പൊടിക്കാറ്റിലും ഒക്കെ നിന്നും കുടചൂടിച്ചും പുതപ്പിച്ചും സംരക്ഷിച്ചു കഴിയുകയാണ് വാള്‍-ഇ.ബഹിരാകാശ വാഹനം തിരിച്ചെത്തി തന്നെ മാത്രം ഈ വിജന ഭൂമിയില്‍ തനിച്ചാക്കി പോവുന്നത് വാള്‍-ഇയ്ക്ക് സഹിക്കുന്നില്ല. ബഹിരാകാശ വാഹനത്തിന്റെ പുറത്ത് അവനും പറ്റിപ്പിടിച്ച് കയറിക്കൂടുന്നു. അവസാനം ബഹിരാകാശ നിലയത്തിലെത്തുന്നു.
ഈവയെ റോബോട്ടുകള്‍ കപ്പിത്താനടുത്തേയ്ക്ക് കൊണ്ടു പോകുന്നു. കൂടെത്തന്നെ വാള്‍-ഇയും ഉണ്ട്. ഭൂമിയില്‍ ജീവന്‍ സാദ്ധ്യമാണെന്ന തിരിച്ചറിവ് വന്‍ അത്ഭുതമായി. ഈവയില്‍ നിന്നും ആ കുഞ്ഞു ചെടിപുറത്തെടുത്തപ്പോള്‍ അവള്‍ സജീവയായി. അപ്പോഴാണ് തന്നോടൊപ്പം വാള്‍-ഇ കൂടി ഇവിടെ എത്തിയിട്ടുണ്ടെന്ന് അവള്‍ മനസിലാക്കുന്നത്. പിന്നെ അവനെ ഒളിപ്പിക്കാനും രക്ഷിക്കാനുമുള്ള തത്രപ്പാടിലാണ് ഈവ്. ഒരിക്കലും ജീവന്‍ ഭൂമിയില്‍ സാധ്യമല്ല എന്ന വിധത്തിലാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമി ഉപേക്ഷിക്കുമ്പോള്‍ ബൈ- എന്‍ ലാര്‍ജ് കമ്പനി കമ്പ്യൂട്ടറുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നത്. ഇപ്പോഴത്തെ യന്ത്രസമാന ജീവിതം മടുത്ത മനുഷ്യരുടെ ക്യാപ്റ്റന് മാതൃഭൂമിയിലേയ്ക്ക് തിരിച്ചുപോയി പഴയ ജീവിച്ചു തുടങ്ങണമെന്ന് ആഗ്രഹമുണ്ട്. ബഹിരാകാശ നിലത്തില്‍ ജീവസാന്നിധ്യത്തെളിവായ ആ ചെടി കൊണ്ടുവെച്ചാല്‍ മനുഷ്യര്‍ ഭൂമിയിലേക്ക് തിരിച്ചു പോകുമെന്ന് വാള്‍-ഇയും സംഘവും കണക്കുകൂട്ടുന്നു. ഇതിനുള്ള ശ്രമത്തിനെയുണ്ടായ ബഹളത്തില്‍ യന്ത്രത്തിനുള്ളില്‍ കുരുങ്ങി വാള്‍-ഇ തകര്‍ന്നുപോയി. തന്റെ സുഹൃത്തിനെ നന്നാക്കിയെടുക്കാന്‍ പാട്‌സുകള്‍ക്കായി പരക്കം പായുന്ന ഈവിനെയും കാണാം. തലമുറകള്‍ക്ക് ശേഷം ഭൂമിയില്‍ മനുഷ്യരെല്ലാം തിരിച്ചെത്തി. ഇതിനിടെ വാള്‍-ഇ യുടെ പഴയ താമസസ്ഥലത്ത് സ്‌പെയര്‍പാര്‍ട്ടുകള്‍ തിരയുകയാണ് ഈവ. എല്ലാം നന്നാക്കിയെടുത്ത് വാള്‍-ഇയെ വെയിലത്ത് വെച്ചിരിക്കുകയാണ്. പുതിയ ചിപ്പുകള്‍ മാറ്റിയിട്ടപ്പോള്‍ വാള്‍-ഇ എല്ലാം മറന്നിരിക്കുന്നു. പഴയ പ്രോഗ്രാം പ്രകാരമുള്ള മാലിന്യസംസ്‌കരണ ജോലി നിര്‍വികാരമായി ചെയ്യുകയാണവന്‍. ഈവിനെ തിരിച്ചറിയാനാകുന്നില്ല. എന്നാല്‍ ആ പഴയ ചെടി ഇന്നൊരു മഹാവൃക്ഷമായി വളര്‍ന്നിരിക്കുന്നു. പിന്നീട് ഈവ തന്റെ സുഹൃത്തിനെ തിരിച്ചറിയുന്നതും അവര്‍ രണ്ടു പേരും പന്തലിച്ച വൃക്ഷത്തിന് കീഴെ സന്തോഷമായിരിക്കുന്നതോടെ സിനിമ അവസാനിക്കുന്നു. ഭൂമിയെ നാം നിരന്തരം ചൂഷണം ചെയ്തുകൊണ്ടിരുന്നാല്‍ ഭാവിയില്‍ വരാന്‍ പോകുന്ന അവസ്ഥകളുടെ നേര്‍ചിത്രമാണ് വാള്‍-ഇ അഭ്രപാളിയില്‍ കാണിച്ചു തരുന്നത്. ഭാവനയുടെയും സാങ്കേതികവിദ്യകളുടെയും ലോകത്താണ് ഈ കഥ നടക്കുന്നതെങ്കിലും യാഥാര്‍ത്ഥ്യവുമായി ഇതിന് ഏറെ ബന്ധമുണ്ടെന്ന കാര്യം വിസ്മരിക്കാതിരിക്കാനാവില്ല. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മികച്ച നൂറ് സിനിമകളിലൊന്നായ ബി.ബി.സി തിരഞ്ഞെടുത്തത് വാള്‍-ഇയെ ആണ്.