ഇന്ത്യാ-പാക് വിഭജനകാലത്താണ് ധരംപാല്‍ ഗുലാത്തി എന്ന ഇരുപതുകാരന്‍ 1500 രൂപയുമായി കുടുംബത്തോടൊപ്പം ഡല്‍ഹിയില്‍ എത്തുന്നത്. അതില്‍ നിന്ന് 650 രൂപ ചെലവിട്ട് അയാള്‍ ഒരു സെക്കന്‍ഡ് ഹാന്‍ഡ് കുതിരവണ്ടി വാങ്ങി. അതുമായി ഡല്‍ഹിയിലെ നിരത്തുകളില്‍ ആളുകളെ സവാരി ചെയ്യിച്ച് അന്നത്തിനുള്ള വക കണ്ടെത്തി. കതിരവണ്ടിയോടിക്കുമ്പോഴും പിതാവ് ചെയ്തിരുന്ന മസാലക്കച്ചവടം തന്നെയായിരുന്നു അവന്റെ മനസുനിറയെ.വൈകിയില്ല അവന്‍ തന്നെ സ്വപ്‌നത്തിനു പിന്നാലെ സഞ്ചരിക്കാന്‍ തുടങ്ങി. കുതിരവണ്ടി ഓടിച്ചു നടന്നിരുന്ന ധരംപാല്‍ ഗുലാത്തി കോടികള്‍ ആസ്തിയുള്ള ഒരു ബിസിനസ് ടൈക്കൂണ്‍ എന്ന നിലയിലേക്കുള്ള വളര്‍ച്ച ആരെയും അതിശയിപ്പിക്കുന്ന ഒന്നാണ്.
1923 ല്‍ പാകിസ്ഥാനിലെ സിയാല്‍കോട്ടിലാണ് ജനിച്ച ഗുലാത്തി പഠിക്കാന്‍ വളരെ മോശമായിരുന്നതിനാല്‍ അച്ഛന്‍ ചുന്നിലാലയില്‍ നിന്ന് നിത്യവും വഴക്ക് വാങ്ങിക്കൂട്ടുമായിരുന്നു. അഞ്ചാം ക്ലാസ് തോറ്റ ശേഷം ഗുലാത്തി പഠിത്തത്തോട് വിടപറഞ്ഞ് സ്‌കൂളില്‍ നിന്ന് ഇറങ്ങി. പഠിപ്പു നിര്‍ത്തിയ മകനെ അച്ഛന്‍ ഒരിടത്ത് ജോലിക്കു കയറ്റി. ആ പണി പക്ഷെ അവന് ബോധിച്ചില്ല. രണ്ടു ദിവസം പോയി അതും നിര്‍ത്തി. അതോടെ അച്ഛന് മകന്റെ ഭാവിയെപ്പറ്റിയുള്ള ഉത്കണ്ഠ വര്‍ധിച്ചു. അദ്ദേഹം മകന് സിയാല്‍കോട്ടില്‍ ഒരു മസാലക്കട ഇട്ടു കൊടുത്ത് അവിടെ ഇരുത്തി. അവര്‍ തലമുറകളായി മസാല വ്യാപാരികളായിരുന്നു. പഠിക്കാന്‍ പിന്നിലായിരുന്നെങ്കിലും ധരംപാലിന് നല്ല ബിസിനസ് മൈന്‍ഡ് ഉണ്ടായിരുന്നു. കട നല്ല ലാഭത്തില്‍ നടത്താന്‍ അയാള്‍ക്ക് സാധിച്ചു. പഞ്ചാബില്‍ അദ്ദേഹത്തിന്റെ കടയുടെ പേര് മഹാശയന്റെ കട എന്നായിരുന്നു. തന്റെ സവിശേഷ മസാലക്കൂട്ടിനെ എം.ഡി.എച്ച് എന്ന ട്രേഡ്മാര്‍ക്കില്‍ അടയാളപ്പെടുത്തി.
1947ല്‍ ഇന്ത്യാ-പാക് വിഭജനം നടക്കുന്ന സയമത്ത് സിയാല്‍കോട്ടിലെ സമ്പത്തെല്ലാം ഉപേക്ഷിച്ച് ധരംപാലിന്റെ കുടുംബത്തിന് ഇന്ത്യയിലേക്ക് പലായനം ചെയ്യേണ്ടി വന്നു. വിഭജനത്തിന്റെ എല്ലാവിധ സംഘര്‍ഷങ്ങളും നേരിട്ടനുഭവിച്ച അതിന്റെ വേദനകളും മുറിവുകളും ഉള്ളില്‍ പേറിയ ഒരു യൗവനമായിരുന്നു ധരംപാലിന്. രണ്ടണയ്ക്ക് സവാരി നടത്തിയിരുന്ന ആ യുവാവ് ഒടുവില്‍ തന്റെ കുതിരവണ്ടി വിറ്റ് മസാലക്കൂട്ടുകള്‍ നിര്‍മ്മിച്ച് വില്‍ക്കുന്ന ബിസിനസ് തുടങ്ങി. ഡല്‍ഹിയിലെ കീര്‍ത്തി നഗറിലാണ് എം.ഡി.എച്ചിന്റെ ആദ്യത്തെ ഫാക്ടറി തുടങ്ങുന്നത്. ഡല്‍ഹിയിലെ കരോള്‍ ബാഗില്‍ മസാല കടയും ആരംഭിച്ചു. അവിടെ നിന്ന് ഇന്ത്യയിലെ മുന്‍നിര സുഗന്ധ വ്യജ്ഞന കമ്പനിയായി എം.ഡി.എച്ചിന്റെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. 15 ഫാക്ടറികളിലേക്ക് ബിസിനസ് വ്യാപിച്ചു. ഇന്ന് എം.ഡി.എച്ച് ലോകത്തിന്റെവിവിധ കോണുകളില്‍ വ്യാപാരം നടത്തുന്ന ശതകോടികള്‍ അറ്റാദായമുള്ള വന്‍ ബിസിനസ് സ്ഥാപനമാണ്. ഡെഗ്ഗി മിര്‍ച്ച്, ചാറ്റ് മസാല, ചന മസാല എന്നിവയാണ് എം.ഡി.എച്ചിന് ഖ്യാതി വാനോളം ഉയര്‍ത്തിയ മസാലക്കൂട്ടുകള്‍.
ലണ്ടന്‍, ഷാര്‍ജ, അമേരിക്ക, ദക്ഷിണാഫ്രിക്ക, ഹോങ്കോങ്, ന്യൂസിലന്‍ഡ്, സിംഗപ്പൂര്‍ എന്നിങ്ങനെ പലയിടത്തും അവര്‍ക്ക് വില്പനശാലകളുണ്ട്. ആയിരത്തിലധികം വിതരണക്കാരും നാല് ലക്ഷത്തില്‍ പരം ചില്ലറ വില്പനക്കാരും എം.ഡി.എച്ചിന് ഇന്ത്യയില്‍ മാത്രമുണ്ട്. കമ്പനിയുടെ അത്യാധുനിക നിര്‍മ്മാണ ശാലകളില്‍ പ്രതിദിനം 30 ടണ്‍ മസാലപ്പൊടികളാണ് നിര്‍മ്മിച്ച് പാക്ക് ചെയ്യപ്പെടുന്നത്. ദാദാജി എന്ന് ആളുകള്‍ സ്‌നേഹപൂര്‍വം വിളിച്ചിരുന്ന ഇദ്ദേഹം ചുവന്ന തലപ്പാവ് ധരിച്ച് എം.ഡി.എച്ച് പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീട് ഗുലാത്തി ബ്രാന്‍ഡിന്റെ പര്യായമായി മാറി. മാഹാശ്യന്‍ ഡി ഹാട്ടി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരാണ് ചുരുക്കി എം.ഡി.എച്ച് എന്ന് അറിയപ്പെടുന്നത്. പ്രതിവര്‍ഷം 1000 കോടിയാണ് കമ്പനിയുടെ വിറ്റുവരവ്്. തന്റെ ശമ്പളത്തിന്റെ 90 ശതമാനവും അദ്ദേഹം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വച്ചിരിക്കുകയാണ്. മസാല കമ്പനിക്ക് പുറമെ സ്വന്തമായി 300 കിടക്കകള്‍ ഉള്ള ആശുപത്രിയും സ്‌കൂളുകളും മറ്റ് സ്ഥാപനങ്ങളും അദ്ദേഹത്തിനുണ്ട്. അച്ഛന്റെ ഓര്‍മ്മക്കായി മഹാശയ് ചുന്നിലാല്‍ ട്രസ്റ്റിനും രൂപം നല്‍കിയിട്ടുണ്ട്. ബിസിനസ് രംഗത്തെ സംഭാവനകള്‍ പരിഗണിച്ച് 2019ല്‍ അദ്ദേഹത്തെ രാജ്യം പദ്മവിഭൂഷണ്‍ നല്‍കി ആദരിച്ചു. ഡിസംബര്‍ മൂന്നിന് 98-ാം വയസില്‍ ഈ ലോകത്തു നിന്ന് യാത്രയായകുമ്പോഴും തന്റെ മേഖലയില്‍ കര്‍മ്മ നിരതനായിരുന്നു മഹാദേശായ് ധര്‍മ്മപാല്‍ ഗുലാത്തി എന്ന ധരംപാല്‍ ഗുലാത്തി.