” മേരിക്കുണ്ടൊരു കുഞ്ഞാട് മേനിക്കൊഴുത്തൊരു കുഞ്ഞാട് ” 1830ല്‍ പുറത്തിറങ്ങിയ സാറാ ജോസഫ് ഹേലിന്റെ ഈ വരികള്‍ കുട്ടികള്‍ക്ക് എക്കാലത്തും പ്രിയപ്പെട്ടവയായിരുന്നു. 1877 ഡിസംബര്‍ 6ന് ഈ വരികള്‍ ശാസ്ത്രത്തിന്റെ ചരിത്രത്തില്‍ സ്വര്‍ണ ലിപികളാല്‍ എഴുതി ചേര്‍ത്തു. പ്രപഞ്ചത്തിന്റെ വിസ്മയമാണ് ശബ്ദങ്ങള്‍. മനുഷ്യന്‍ അവ കേട്ട് ആസ്വദിച്ച് നില്‍ക്കാനെ സാധിച്ചിരുന്നുള്ളൂ. അവ സൂക്ഷിച്ച് വയ്ക്കാനോ ആവശ്യമുള്ളപ്പോള്‍ വീണ്ടും കേള്‍ക്കാനോ സാധിക്കുമായിരുന്നില്ല. മെന്‍ലോ പാര്‍ക്കിലെ മാന്ത്രികനായ തോമസ് ആല്‍വ എഡിസണ്‍ ശബ്ദത്തെ സൂക്ഷിച്ച് ആവശ്യമുള്ളപ്പോള്‍ പുന:സൃഷ്ടിക്കാവുന്ന ഒരു യന്ത്രം കണ്ടുപിടിച്ചത്. ഫോണോഗ്രാഫ് എന്ന് അദ്ദേഹം അതിനു പേരും നിര്‍ദേശിച്ചു. ശബ്ദലേഖനം നടത്താന്‍ മുമ്പും നിരവധി ശ്രമങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും 1876 ല്‍ അലക്‌സാണ്ടര്‍ ഗ്രഹാം ബെല്‍ ടെലഫോണ്‍ കണ്ടുപിടിച്ചതോടെയാണ് ശബ്ദത്തിന് രൂപമാറ്റം വരുത്തി ഉപയോഗിക്കാം എന്ന സാധ്യത തെളിഞ്ഞത്. യോണ്‍ സ്‌കോട്ട് 1857 ല്‍ ശബ്ദ ലേഖനം നടത്താന്‍ സാധിക്കുന്ന ഒരു ഉപകരണം കണ്ടെത്തിയെങ്കിലും അതിന് ശബ്ദത്തെ പുന:സൃഷ്ടിക്കാന്‍ കഴിയുമായിരുന്നില്ല. ടെലഗ്രാഫ് മെഷീനിലെ അക്ഷരങ്ങളെ ഒരു പേപ്പറിലേക്ക് പകര്‍ത്തിയെടുക്കുന്നതിനുള്ള പരീക്ഷണത്തിനിടയിലാണ് തോമസ് ആല്‍വ എഡിസന്‍ ഇത്തരത്തില്‍ ശബ്ദത്തെ രേഖപ്പെടുത്തുന്നതിനുള്ള ശ്രമം നടത്തിയത്.
ടെലഫോണ്‍ മൗത്ത് പീസിന്റെ ഡയഫ്രത്തിലുണ്ടാകുന്ന പ്രകമ്പനങ്ങളെ സൂചി ഉപയോഗിച്ച് ഒരു മെഴുക് കടലാസിലോ ഒരു ടിന്‍ ഫോയലിലോ രേഖപ്പെടുത്താമെന്നും അതേ പാടുകളിലൂടെ സൂചി സഞ്ചരിക്കുമ്പോള്‍ ഡയഫ്രത്തില്‍ നിന്നും ആതേ ശബ്ദം ഉണ്ടാക്കാമെന്നും എഡിസണ്‍ കണ്ടെത്തി.
ഇത്തരത്തില്‍ ഒരു യന്ത്രം ഉണ്ടാക്കുന്നതിനുള്ള രേഖാചിത്രം എഡിസണ്‍ തന്റെ മെക്കാനിക്കായ ജോണ്‍ ക്രുവേസിയെ ഏല്‍പ്പിച്ചു. വളരെ വേഗം തന്നെ ജോണ്‍ അത്തരത്തിലൊരു യന്ത്രം നിര്‍മ്മിച്ചു. അതിന്റെ ഡയഫ്രത്തില്‍ എഡിസണ്‍ പ്രസിദ്ധമായ ” മേരിക്കുണ്ടൊരു കുഞ്ഞാട് (മേരി ഹാഡ് എ ലിറ്റില്‍ ലാംമ്പ്) എന്ന കുട്ടിപ്പാട്ട് പാടി. ആ വരികള്‍ ഒരു ടിന്‍ഫോയലില്‍ ആലേഖനം ചെയ്യപ്പെട്ടു. ആ ടിന്‍ഫോയലിലൂടെ യന്ത്രത്തിന്റെ സൂചി ചലിപ്പിച്ചപ്പോള്‍ യന്ത്രം അത്ര വ്യക്തമല്ലാതെ ആ പാട്ട് പാടി. അങ്ങനെ ആദ്യമായി മനുഷ്യശബ്ദം റെക്കോര്‍ഡ് ചെയ്തത് തിരികെ കേള്‍പ്പിക്കുന്നതില്‍ കണ്ടുപിടിത്തങ്ങളുടെ രാജകുമാരന്‍ വിജയിച്ചു. സംസാരിക്കുന്നതിനുള്ള ഒരു ഭാഗവും അതിനോട് ചേര്‍ന്നൊരു ഡയഫ്രവും ഒരു സൂചിയും തിരശ്ചീനമായി ഒരു ഇരുമ്പ് ദണ്ഡില്‍ ഘടിപ്പിച്ചിട്ടുള്ള ലോഹ സിലിണ്ടറും അതിന് മുകളില്‍ ഒരു ടിന്‍ഫോയിലും. ഇത്രയുമാണ് എഡിസണ്‍ നിര്‍മ്മിച്ച ഫോണോഗ്രാഫിന്റെ ശബ്ദലേഖനം നടത്തുന്ന ഭാഗം. ഈ ടിന്‍ഫോയിലിന് മുകളിലുടെ ചലിക്കാവുന്ന പാകത്തില്‍ ഘടിപ്പിച്ചിട്ടുള്ള സൂചിയും ഒരു ഡയഫ്രമും അടങ്ങുന്ന മറുഭാഗത്തു കൂടിയാണ് ശബ്ദം പുറപ്പെടുവിക്കുന്നത്. ഫോണോഗ്രാഫുമായി എഡിസണ്‍ സയന്റിഫിക് അമേരിക്കന്‍ എന്ന മാസികയുടെ ഓഫീസില്‍ പോയി യന്ത്രത്തിന്റെ പ്രവര്‍ത്തനം വിശദീകരിച്ചു. 1877 ഡിസംബര്‍ 22 ന് ഇറങ്ങിയ മാസികയില്‍ ഫോണോഗ്രാഫിനെക്കുറിച്ചുള്ള ലേഖനം പ്രസിദ്ധീകരിച്ചു. ഈ അത്ഭുതയന്ത്രത്തിന് മാധ്യമങ്ങളിലൂടെ നല്ല പ്രചാരണവും ലഭിച്ചു. സ്റ്റനോഗ്രാഫറില്ലാതെ ഓഫീസ് കാര്യങ്ങള്‍ എഴുതിയെടുക്കാമെന്നും മരിച്ചു പോയവരുടെ ശബ്ദം സൂക്ഷിച്ച് വെക്കാമെന്നുമുള്ള പല മേന്മകളും ഫോണോഗ്രാഫ് കൊണ്ടുണ്ടെന്ന് എഡിസണ്‍ പരസ്യപ്പെടുത്തി. ഫോണോഗ്രാഫ് നിര്‍മ്മിക്കുന്നതിനായി ദി എഡിസണ്‍ സ്പീക്കിംഗ് ഫോണോഗ്രാഫ് കമ്പനി എന്നൊരു സ്ഥാപനം തന്നെ ആരംഭിച്ചു.
യന്ത്രം പ്രവര്‍ത്തിപ്പിക്കുന്നതിന് സാങ്കേതിക പരിജ്ഞാനം ആവശ്യമായിരുന്നു. ടിന്‍ഫോയില്‍ പെട്ടെന്ന് കേടുവന്ന് പോകുന്നതുമായിരുന്നു. ഇങ്ങനെയൊക്കയാണെങ്കിലും ഫോണോഗ്രാഫ് വില്‍പനയില്‍ നിന്ന് വലിയ തുക ലാഭമുണ്ടാക്കാനും ആദ്യകാലങ്ങളില്‍ എഡിസണിനു കഴിഞ്ഞു. കണ്ടുപിടുത്തങ്ങളുടെ പെരുമഴ നടക്കുന്ന ഒരു സമയമായിരുന്നു പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം. ശാസ്ത്രവിഷയങ്ങളിലും കണ്ടുപിടുത്തങ്ങളിലും അതീവതാല്‍പര്യമുള്ള എഡിസണ്‍ പക്ഷെ, മൗലികമായ കണ്ടുപിടുത്തങ്ങളെക്കാള്‍ അവ മനുഷ്യര്‍ക്ക് ഉപയോഗപ്രദമാക്കുന്നത് എങ്ങനെ എന്നായിരുന്നു ചിന്തിച്ചത്. എഡിസണിന്റെ ന്യൂ ജെര്‍സിയിലുള്ള കണ്ടുപിടുത്തങ്ങളുടെ ഫാക്ടറിയില്‍ പിറവികൊണ്ട ലോകത്തെ മാറ്റി മറിച്ച കണ്ടുപിടിത്തങ്ങളിലൊന്നായിരുന്നു ഫോണോഗ്രാഫ്. ലോഹം, മെഴുക് എന്നിവയാണ് ആദ്യകാലത്ത് ഉപയോഗിച്ചിരുന്നത്. ലാബില്‍ ഇപ്പോഴും നമുക്ക് നിര്‍മ്മിക്കാവുന്ന ചില മോഡലുകള്‍ കാണാം. കോളാമ്പിയുടെ അകത്തു തുണി തിരുകിക്കയറ്റി വച്ചായിരുന്നു ഒച്ച കൂട്ടുകയും കുറക്കുകയും ചെയ്തിരുന്നത്. ആദ്യകാലത്ത് റെക്കോഡ് ചെയ്ത ശബ്ദങ്ങള്‍ ഇപ്പോഴും ഇവിടെനിന്നു കേള്‍ക്കാന്‍ സാധിക്കും.