നോര്‍വീജിയന്‍ നരവംശശാസ്ത്ര ഗവേഷകനും സഞ്ചാരിയുമായ തോര്‍ ഹെയര്‍ദാല്‍ പസഫിക് മഹാസമുദ്രം മുറിച്ചു കടക്കാന്‍ ഉപയോഗിച്ച വള്ളമാണ് കോണ്‍-ടിക്കി. പോളിനേഷ്യന്‍ ദ്വീപസമൂഹങ്ങളില്‍ വസിക്കുന്ന മനുഷ്യര്‍ തെക്കേ അമേരിക്കയില്‍ നിന്ന് കൊളംബിയന്‍ കാലഘട്ടത്തില്‍ കുടിയേറിപ്പാര്‍ത്തവരാകാം എന്ന് തെളിയിക്കാന്‍ വേണ്ടിയാണ് ഹെയര്‍ദാല്‍ പര്യവേഷണം സംഘടിപ്പിച്ചത്. ആ കാലഘട്ടത്തില്‍ തെക്കേ അമേരിക്കയില്‍ ലഭ്യമായ വസ്തുക്കള്‍ ഉപയോഗിച്ചാണ് ചങ്ങാടം നിര്‍മ്മിച്ചത്. പ്രധാനമായും ബല്‍സാ തടി. മനുഷ്യന്റെ പിറവിയുടെ കാലത്തോളം പഴക്കമുണ്ട് അവന്റെ യാത്രകള്‍ക്കും. കരയും കടലും ആകാശവും വീഥികളൊരുക്കി. ഉയര്‍ച്ചകളും താഴ്ചകളും വീഴ്ചകളും നേട്ടങ്ങളും നഷ്ടങ്ങളും ഓരോ യാത്രയിലും അവന്‍ ചേര്‍ത്തുവച്ചു.
1947ലെ തോര്‍ ഹെയര്‍ദാലും സംഘവും നടത്തിയ ചരിത്ര യാത്രയെ ആധാരമാക്കി ജോക്കിം റോണിംഗ്, എസ്‌പെന്‍ സാന്‍ഡ്ബെര്‍ഗ് എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രമാണ് കോണ്‍-ടിക്കി. 2012ല്‍ പുറത്തിറങ്ങിയ ചിത്രത്തിനായി നോര്‍വേ, ഡെന്‍മാര്‍ക്ക്, ജര്‍മ്മനി, സ്വീഡന്‍, യു.കെ എന്നി രാജ്യങ്ങള്‍ കൈ കോര്‍ത്തു. യഥാര്‍ത്ഥ യാത്ര അതേപടി അനുകരിക്കുന്നതിന് ചിത്രത്തിന്റെ സംവിധായകര്‍ ശ്രമിച്ചിട്ടില്ല. സിനിമയുടെ കാവ്യാത്മക സ്വഭാവത്തിനായി ചില കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയിട്ടുണ്ട്.
പസഫിക് സമുദ്രത്തിലൂടെ നീണ്ട ഒരു യാത്രക്കാണ് കോപ്പുകൂട്ടുന്നതെങ്കിലും സത്യത്തില്‍ തോര്‍ ഹെയര്‍ദാന് ജലഭയം ഉണ്ടായിരുന്നു. അതോടൊപ്പം നീന്താനും അറിയില്ലായിരുന്നു. എങ്കിലും അടക്കാനാവാത്ത തൃഷ്ണയില്‍ ആ കുറവുകള്‍ നീക്കം ചെയ്യപ്പെടുകയായിരുന്നു. തോര്‍ഹെയര്‍ദാലും സംഘവും നടത്തിയ യാത്ര 1947 ഏപ്രില്‍ 18ന് പെറുവില്‍ നിന്ന് ആരംഭിച്ച് ആഗസ്റ്റ് 7ന് പോളിനേഷ്യയില്‍ എത്തുമ്പോള്‍ 101 ദിവസങ്ങളും 4300ലധികം മൈലുകളും താണ്ടിയിരുന്നു. അനുഭവിച്ച കഷ്ടതകളും ജീവിതാനുഭവങ്ങളും വിവരണാതീതവുമായിരുന്നു. ചരിത്രത്താളുകളില്‍ എഴുതപ്പെട്ട ഈ യാത്ര തൊട്ടടുത്തവര്‍ഷം പുസ്തകമാക്കി തോര്‍ തങ്ങളുടെ സമുദ്രാനുഭവങ്ങള്‍ വാക്കുകളില്‍ വരച്ചിട്ടു. കോണ്‍-ടിക്കി എന്നു തന്നെയായിരുന്നു പുസ്തകത്തിന്റെ പേരും.
പെറുവിയന്‍ പുരാണമനുസരിച്ച് സൂര്യദേവനായിരുന്ന വിരക്കോച്ചയുടെ മറുപേരാണ് കോണ്‍-ടിക്കി. തോര്‍ ഹെയര്‍ദാല്‍ തന്റെ മരച്ചങ്ങാടത്തിനും പുസ്തകത്തിനും അതേ പേരുതന്നെയാണ് നല്‍കിയത്. തോറിന്റെയും സംഘത്തിന്റെയും യാത്രക്കു ശേഷം സമുദ്രയാത്രകള്‍ക്ക് പുതിയ മാനം കൈവരുകയുണ്ടായി. മഹത്തായ ആ കീഴടക്കലിന് പിന്‍മുറക്കാരുണ്ടായി. ഇതിഹാസസമാനമായ ആ യാത്ര നിരവധി ഡോക്യുമെന്ററികള്‍ക്കും ചലച്ചിത്രങ്ങള്‍ക്കും ഊര്‍ജം പകര്‍ന്നു.
സ്വതന്ത്രമായ ചലച്ചിത്രാനുഭവത്തിനുവേണ്ടി തോറിന്റെ പുസ്തകത്തിലെ വിവരണങ്ങളില്‍ നിന്നും അല്പം വഴിമാറിയാണ് കോണ്‍-ടിക്കി എന്ന ചലച്ചിത്രം സഞ്ചരിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥ യാത്രയുടെ തീവ്രാനുഭവം തെല്ലും നഷ്ടമാക്കുന്നതുമില്ല. ദീര്‍ഘനാളുകള്‍ നീണ്ട കടല്‍യാത്രയില്‍ അവര്‍ അനുഭവിച്ച ക്ലേശങ്ങള്‍ ധാരാളമായിരുന്നു. വന്‍തിരകളെയും കടല്‍ച്ചൊരുക്കിനെയും ഒരേ സമയം നേരിടേണ്ടിവന്നു. തങ്ങളുടെ സാമ്രാജ്യത്തിലേക്ക് ഒഴുകിയെത്തിയ അന്യകര ജീവികളെ ശത്രുതയോടെ കണ്ട മാംസം തീനികളായ വന്‍സ്രാവുകളെയും അവയുടെ ആക്രമണങ്ങളെയും അവര്‍ എതിരിട്ടു. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് പോളിനേഷ്യന്‍ തീരത്തെ പുറ്റുകളിലിടിച്ച് ആ മരച്ചങ്ങാടം കരയോടൊട്ടി നിന്നു.
തോര്‍ ഹെയര്‍ദാല്‍, എറിക് ഹെസല്‍ബെര്‍ഗ്, ബെന്ഗ്ട്ട് ഡാനിയേല്‍സണ്‍, നട്ട് ഹോഗ്ലണ്ട്, ടോര്‍സ്റ്റെയിന്‍ റാബി, ഹെര്‍മന്‍ വാട്ട്‌സിങ്ങര്‍ എന്നി യാത്രികരെ യഥാക്രമം പാല്‍ സ്വെര്‍ ഹാഗന്‍, ഓഡ് മാഗന്‌സ് വില്ല്യംസണ്‍, ഗുസ്തഫ് സ്‌കാര്‍സ്ഗാര്‍ഡ്, തോബിയാസ് സാന്റില്‍മാന്‍, ജാക്കോബ് ഓഫ്തബ്രോ, ആന്റേഴ്‌സ് ബാസ്‌മോ ക്രിസ്റ്റ്യന്‍സണ്‍ എന്നിവരാണ് ചിത്രത്തില്‍ അവതരിപ്പിച്ചത്. ചിത്രത്തിന്റെ ഭൂരിഭാഗവും മാള്‍ട്ടയിലും തായ്‌ലന്‍ഡിലും മാലദ്വീപിലുമൊക്കെയായിട്ടാണ് ചിത്രീകരിച്ചത്. ഒരേ സമയം നോര്‍വീജിയന്‍ ഭാഷയിലും ഇംഗ്ലീഷിലുമായാണ് സിനിമ ചിത്രീകരിച്ചത്. അതുകൊണ്ടു തന്നെ ഇരുഭാഷകള്‍ക്കുമായി ഒരേ സീനുകള്‍ രണ്ട് തവണ ഒരേ രീതിയില്‍ ചിത്രീകരിക്കേണ്ടതായി വന്നിട്ടുണ്ട്. ഭൂരിഭാഗം സീനുകളും യഥാര്‍ത്ഥ കടലിലാണ് ചിത്രീകരിച്ചിട്ടുള്ളത്.
2012ല്‍ മികച്ച വിദേശഭാഷ ചിത്രത്തിനുള്ള ഓസ്‌കാര്‍ നാമനിര്‍ദ്ദേശവും കോണ്‍- ടിക്കിയ്ക്ക് ലഭിച്ചിരുന്നു. കഥകള്‍ക്കപ്പുറം ഈ സിനിമയൊരു ദൃശ്യവിസ്മയമാണ്. 1950ല്‍ പുറത്തിറങ്ങിയ കോണ്‍-ടിക്കി എന്ന മറ്റൊരു ചിത്രവും ഇതോടൊപ്പം കൂട്ടിവായിക്കണം. ടാന്‍ഗരോര ഉള്‍പ്പെടെയുള്ള നിരവധി ഡോക്യുമെന്ററികളും ഈ കടല്‍യാത്രയുടെ നിരവധി പകര്‍പ്പുകള്‍ ചിത്രീകരിച്ചിട്ടുണ്ട്. നിരവധി സാമുദ്ര പര്യവേക്ഷണ യാത്രകള്‍ക്ക് തോര്‍ ഹെയര്‍ദാലിന്റെയും കൂട്ടരുടെയും യാത്ര കാരണമായിട്ടുണ്ട്. 2006ലെ ടാന്‍ഗരോര പര്യവേക്ഷണയാത്രയില്‍ തോറിന്റെ കൊച്ചുമകനായ ഒലവ് ഹെയര്‍ദാലും അംഗമായിരുന്നു. 1947-ലെ യാത്രക്കു ശേഷം ഒമ്പതിലധികം യാത്രകളാണ് കോണ്‍-ടിക്കി പര്യവേഷണയാത്രയുടെ ചുവടു പിടിച്ച് ഉണ്ടായിട്ടുള്ളത്. തോറും സംഘവും യാത്രക്ക് ഉപയോഗിച്ച യഥാര്‍ത്ഥ ചങ്ങാടം ഇപ്പോള്‍ നോര്‍വേയുടെ തലസ്ഥാനമായ ഓസ്‌ലോയിലെ കോണ്‍-ടിക്കി മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. കോണ്‍-ടിക്കി എന്ന ചിത്രം യഥാര്‍ത്ഥത്തില്‍ മനുഷ്യന് പ്രത്യാശയുടെ പച്ചത്തുരുത്താണ് സമ്മാനിക്കുന്നത്. ജീവിതം ഒരു സമുദ്രത്തിനു സമമാകുമ്പോള്‍ അതിലെ എല്ലാ ദു:ഖത്തിരകളും നമ്മളെ ലവണാംശത്തോടെ ആക്രമിക്കുമ്പോള്‍ പ്രത്യാശ കൈവിടാതെ ലക്ഷ്യത്തിലേക്ക് മുന്നേറുക എന്ന അതിജീവനമന്ത്രം ജപിക്കുന്ന ചിത്രമാണ് കോണ്‍-ടിക്കി.