താളം തെറ്റിയ മനസിന്റെ വിഭ്രമങ്ങള്‍ മുഴുവനായും ക്യാന്‍വാസുകളിലേക്ക് പരന്നൊഴുകിയപ്പോള്‍ അനുപമങ്ങളായ സൃഷ്ടികള്‍ ചരിത്രത്തിന്റെ ചുവരില്‍ ആലേഖനം ചെയ്യപ്പെട്ടു. ‘ കലാസൃഷ്ടിയില്‍ ഞാന്‍ ഹൃദയവും ആത്മാവും പൂര്‍ണമായും സമര്‍പ്പിച്ചു, അതിനിടയ്‌ക്കെവിടെയോ മനസ് നഷ്ടമായി ” ഇങ്ങനെ ലോകത്തോട് വിളിച്ചു പറഞ്ഞ കലാകാരനായിരുന്നു വിന്‍സെന്റ് വാന്‍ഗോഗ്. ഏതൊരു ദസ്തയെവ്‌സ്‌കി കഥാപാത്രത്തെക്കാളും ജ്വരബാധിതനായ അയാള്‍ കേവലം പത്ത് വര്‍ഷം മാത്രമേ കലയില്‍ സജീവമായിരുന്നുള്ളൂ. എന്നാല്‍ വാന്‍ഗോഗിന്റെ ചിത്രങ്ങളില്‍ നിറയെ നിറങ്ങളുടെയും വികാരങ്ങളുടെളുടെയും ആകസ്മിതകളുടെളുടെയും ഘോഷയാത്രയാണ്. ഫാൻ്റസിയുടെയും വിഭാന്ത്രികളുടയും അതിര്‍വരമ്പുകളിലൂടെ സഞ്ചരിച്ച് ക്യാന്‍വാസില്‍ പകര്‍ത്തിയത് വിസ്മയങ്ങളായിരുന്നു. ക്യാന്‍വാസിലെ അത്ഭുതങ്ങളുടെ ആവര്‍ത്തനം തന്നെയയായിരുന്നു അദ്ദേഹത്തിന്റെ ജീവിതവും. പ്രത്യേകിച്ച് മുപ്പത്തിയേഴാമത്തെ വയസില്‍ ഈ ഭൂമുഖത്തു നിന്നുള്ള മടക്കവും.
ജീവിച്ചിരുന്ന കാലത്ത് ദാരിദ്ര്യത്തിലും ഭ്രാന്തമായ ചിന്തകളിലും മാനസികസ്വാസ്ഥ്യങ്ങിലും പെട്ടുഴറി ക്യാന്‍വാസില്‍ മാത്രം അഭയം തേടുകയും എന്നാല്‍ മരണശേഷം എല്ലാ പ്രശസ്തിയും മാടി വിളിക്കുകയും ചെയ്ത അപൂര്‍വ വ്യക്തിയാണ് വിന്‍സെന്റ് വാന്‍ഗോഗ്. 1853ല്‍ ഹോളണ്ടിലെ ഒരു യാഥാസ്ഥിതിക കുടുംബത്തില്‍ ജനിച്ച വാന്‍ഗോഗിന് ചിത്രകലയില്‍ പറയത്തക്ക ഔപചാരിക വിദ്യാഭ്യാസമൊന്നും ലഭിച്ചിട്ടില്ല. എരിയുന്ന തീക്കുണ്ഡം ആത്മാവില്‍ സൂക്ഷിച്ചായിരുന്നു അദ്ദേഹത്തിന്റെ സര്‍ഗ സഞ്ചാരങ്ങള്‍. സഹോദരനും ആര്‍ട്ട് ഡീലറുമായയിരുന്ന തിയോ വന്‍ഗോഗിന് അയച്ച കത്തുകളിലൂടെയാണ് കലയ്ക്കപ്പുറെത്തെ വാന്‍ഗോഗിനെ ലോകമറിയുന്നത്. 1100 ഓളം സ്‌കെച്ചുകളും വരകളും 900ത്തോളം ചിത്രങ്ങളും വാന്‍ഗോഗിന്റെതായിയുണ്ട്. എന്നാല്‍ ജീവിച്ചിരുന്ന കാലത്ത് ഓരേയൊരു ചിത്രം മാത്രമാണ് വിറ്റുപോയിട്ടുള്ളത്. ‘ ഒരു കാലം വരും, എന്റെ ചിത്രങ്ങള്‍ക്ക് ഞാനുപയോഗിച്ച ചായങ്ങളെക്കാള്‍ വിലയുണ്ടെന്നു മനുഷ്യര്‍ തിരിച്ചറിയുന്ന കാലം വരും ‘ കാലത്തിന്റെ കോണില്‍ വാന്‍ഗോഗ് കോറിയിട്ട വാക്കുകള്‍ക്ക് കാവ്യനീതിയുണ്ടായി. നെതര്‍ലന്‍ഡിലെ വാന്‍ഗോഗ് മ്യൂസിയം ചിത്ര-ചരിത്രങ്ങളുടെയും കവിത തുളുമ്പുന്ന കത്തുകളുടെയും പറുദീസയാണ്. വര്‍ഷംതോറും 20 ലക്ഷത്തിലധികം ആളുകളാണ് സന്ദര്‍കരായി എത്തുന്നത്. ഇരുപത്തുയേഴാമത്തെ വയസില്‍ ചിത്രകാരനാവാന്‍ തീരുമാനിച്ച വാന്‍ഗോഗ് റെംബ്രാന്റിനു ശേഷം ലോകം കണ്ട ഏറ്റവും മികച്ച ഈ ഡച്ച് ചിത്രകാരനായിരുന്നു. കൂടാതെ കൊടിയ വിഷാദരോഗത്തിനിരയായിരുന്നു. സെല്‍ഫ് പോട്രെയ്റ്റുകളെ സ്വയം മനസിലാക്കുന്നതു പോലെത്തന്നെ ദുര്‍ഘടമാണെന്ന് സഹോദരിക്കയച്ച കത്തുകളില്‍ പറയുന്നു. ഒരു പക്ഷെ, തന്നിലലയടിച്ചിരുന്നു വികാരങ്ങളെ മുഴുവനും കാന്‍വാസിലേക്കു പകര്‍ത്താനുള്ള ശ്രമങ്ങളായിരുന്നു വാന്‍ഗോഗിന്റെ ചിത്രങ്ങള്‍. തന്നെ പിടികൂടിയിരുന്ന അസ്വാസ്ഥ്യങ്ങളൊക്കെയും അവയില്‍ പ്രതിഫലിച്ചു. താന്‍ കാണുന്നതും അടുപ്പമുള്ളതുമായ സ്ഥലങ്ങള്‍ കാന്‍വാസിലേക്ക് പകര്‍ത്തുന്നത് വാന്‍ഗോഗിന്റെ രീതിയായിരുന്നു. തെക്കു കിഴക്കന്‍ ഫ്രാന്‍സിലെ പുരാതന റോമന്‍ നഗരമായ ആര്‍ലസിലെ പ്ലേസ് ലമാര്‍ട്ടീനിലെ ഒരു വാടകസ്ഥലത്തു നിന്നും വരച്ചെടുത്ത റോണ്‍ നദിയ്ക്കു മുകളിലെ നക്ഷത്രരാത്രി ഇതിന് ഉദാഹരണമാണ്. സന്തോഷം നിറഞ്ഞ അന്തരീക്ഷം എന്നൊക്കെ അതിനെക്കുറിച്ച് അദ്ദേഹം സുഹൃത്തിന് എഴുതിയിട്ടുണ്ട്. ആനന്ദം തരുന്ന വര്‍ണങ്ങള്‍ വാന്‍ഗോഗിനെ ഉത്തേജിപ്പിച്ചിരിക്കാം. ആ നിറങ്ങളില്‍ തന്നെയാണ് അദ്ദേഹം ചിത്രത്തിലും ഊന്നല്‍ കൊടുത്തിരിക്കുന്നത്. ഉന്മാദത്തിന്റെ നിമിഷങ്ങളിലെപ്പോഴോ സ്വന്തം ചെവി മുറിച്ചെടുത്ത് പ്രണയിനിക്ക് സമ്മാനിച്ച ഭ്രാന്തമായ അഭിനിവേശങ്ങളും വാന്‍ഗോഗില്‍ മാത്രമേ കാണാന്‍ സാധിക്കൂ. വാന്‍ഗോഗിന്റെ മഞ്ഞ ഗൃഹത്തില്‍ നിന്നു അഞ്ചു മിനിട്ടു മാത്രം അകലെയായിരുന്നു കാമുകിയുണ്ടായിരുന്നത്. കാതു മുറിച്ചു പൊതിഞ്ഞു അര്‍ദ്ധരാത്രി റേച്ചലിന് സമ്മാനിക്കാന്‍ അസാധാരണ മനോധൈര്യം ഭ്രാന്തെടുത്ത ആ സന്ദര്‍ഭത്തില്‍ വാന്‍ഗോഗിനുണ്ടായിരിക്കണം.
ചെവി അറുക്കലിന് ഒരു വര്‍ഷം തികയുന്ന അന്നു തന്നെ പെയിന്റ് കുടിച്ച് ആത്മഹത്യ ചെയ്യാന്‍ വാന്‍ഗോഗ് ശ്രമിച്ചു. ആ ദാരുണ സംഭവത്തില്‍ നിന്ന് രക്ഷപ്പെട്ടതിന്റെ നിരാശയില്‍ സഹോദരന് ഇങ്ങനെ എഴുതി ‘ഞാന്‍ രോഗം കൊണ്ട് അവശനായി കിടക്കുകയാണ്, പുറത്തു മഞ്ഞുപെയ്തുകൊണ്ടേയിരിക്കുന്നു. രാത്രി എഴുന്നേറ്റ് പുറത്തേക്ക് നോക്കി, മുന്‍പൊരിക്കലും പ്രകൃതി ഇത്ര മനോഹരിയായിട്ടില്ല ‘. പിന്നീട് അരാജകത്വത്തിന്റെ വേലിയേറ്റങ്ങളായിരുന്നു അദ്ദേഹത്തിന്റെ ജീവിതം നിറയെ. ചിത്തഭ്രമവും ആതമഹത്യശ്രമങ്ങളും ഏറി വന്നു. ഗോതമ്പുപാടത്തെ കാക്കകള്‍ എന്ന വിശ്വപ്രസിദ്ധമായ ചിത്രം ക്യാന്‍വാസില്‍ പകര്‍ത്തിയ വര്‍ഷം തന്നെയായിരുന്നു അദ്ദേഹം ഇഹലോകം വെടിഞ്ഞത്. 1890 ജൂലായ് 27ന് വിന്‍സെന്റ് വാന്‍ഗോഗ് തന്റെ നെഞ്ചില്‍ നിറയൊഴിച്ചു. ഒറ്റ നിമിഷം കൊണ്ട് നെഞ്ചില്‍ക്കെട്ടികിടന്ന ചുവന്ന ചായങ്ങള്‍ ഭൂമിയുടെ ക്യാന്‍വാസിലേക്കൊഴുകി. മരിക്കുമ്പോള്‍ മുപ്പത്തിയേഴു വയസുമാത്രമായിരുന്നു പ്രായം. മരണവും വിവാദമായി. അര്‍ലസില്‍ നിന്നു മടങ്ങിയശേഷം വിന്‍സെന്റ് താമസിച്ചിരുന്നത് അവേര്‍സിലായിരുന്നു. അവിടുത്തെ ഒരു കൂട്ടം ആണ്‍കുട്ടികളായിരുന്നു വാന്‍ഗോഗിനെ കൊന്നതെന്നും ആരോപണം ഉയര്‍ന്നിരുന്നു. വാന്‍ഗോഗ് മ്യൂസിയം അത് നിഷേധിച്ചിട്ടുണ്ട്. ‘ഒരു വേള ഗോതമ്പ് പാടങ്ങളില്‍ വച്ച് അതല്ലെങ്കില്‍ മദ്യശാലക്കടുത്തോ, ധാന്യപ്പുരയ്ക്കടുത്തെവിടേയോ വെച്ച് ബോധപൂര്‍വം സ്വയം വെടിവച്ചതാവാമെന്ന് ചരിത്രക്കാരനായ ഇന്‍ഗോ വാള്‍ത്തെറിന്റെ അനുമാനം. ജീവിചരിത്രകാരനായ ഡേവിഡ് സ്വീറ്റ്മാന്‍ എഴുതിയത് ഇങ്ങനെ, ‘ആ വെടിയുണ്ട വാരിയെല്ലില്‍ തട്ടി ദിശ മാറി, പിന്നീട് നട്ടെല്ലില്‍ തറച്ചു നിന്നു പോയിരിക്കാം, അതുകൊണ്ടാവാം ആന്തരാവയവങ്ങള്‍ക്ക് വലിയ കേടുപാടുകള്‍ പറ്റാഞ്ഞത് ‘.
എന്നിരുന്നാലും വിന്‍സെന്റിന് പരസഹായമില്ലാതെ സ്വന്തം വാസസ്ഥലത്തേക്ക് എങ്ങനെ തിരിച്ചു നടക്കാനായി എന്നതും വിചിത്രമാണ്. ശസ്ത്രക്രിയ നടത്താതെ വെടിയുണ്ട പുറത്തെടുക്കാന്‍ കഴിയില്ലായിരുന്നു. വിവരമറിഞ്ഞ് വിന്‍സെന്റിനെ പരിചരിക്കാനെത്തിയ സ്ഥലത്തെ ഡോക്റ്റര്‍മാര്‍ക്കും ആ വൈദഗ്ധ്ദ്യം ഇല്ലായിരുന്നു. പിറ്റേന്ന് പ്രഭാതത്തില്‍ തിയോ തന്റെ സഹോദരന്റടുത്തേക്ക് ഓടിയെത്തി. ഭാഗ്യവശാല്‍ അത്രയും നേരം വാന്‍ഗോഗിന് ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ല. പക്ഷെ കുറച്ച് മണിക്കൂറുകള്‍ക്ക് ശേഷം മുറിവില്‍ അണുബാധ പടരുകയും ആരോഗ്യനില തീരെ വഷളാവുകയും ചെയ്തു. വൈകുന്നേരം വെടിയേറ്റതിന് 29 മണിക്കൂറുകള്‍ക്കു ശേഷം വാന്‍ഗോഗ് മരണമടഞ്ഞു. ‘എന്നിലെ ദുഃഖങ്ങളെല്ലാം എന്നോടൊപ്പം അന്ത്യം വരേയുമുണ്ടാകും ‘ മരിക്കുന്നതിന് മുമ്പ് സഹോദരനോട് വാന്‍ഗോഗ് പറഞ്ഞ വാക്കുകളില്‍ അദ്ദേഹത്തിന്റെ ജീവിതം മുഴുവനുണ്ടായിരുന്നു. ദി ഓള്‍ഡ് മില്‍, സ്‌റ്റേരി നൈറ്റ് ഓവര്‍ റോണ്‍, ഒലീവ് ട്രീസ്, വൈറ്റ് ഹൗസ് അറ്റ് നൈറ്റ്, ഉരുളക്കിഴങ്ങു തിന്നുന്നവര്‍, വ്യൂ ഓഫ് ആര്‍ലെസ് തുടങ്ങി വിസ്മയിപ്പിച്ച ചിത്രങ്ങള്‍ അനവധിയാണ്. വിളഞ്ഞു നില്‍ക്കുന്ന ഗോതമ്പുപാടങ്ങള്‍ക്കു മീതെ അല്ലെങ്കില്‍ സൈപ്രസ് മരങ്ങള്‍ക്ക് മീതെ തിളങ്ങുന്ന ഒരു നക്ഷത്രരാത്രി എനിക്കു വേണം. എന്റെ കാന്‍വാസില്‍ ആ കാഴ്ച തെളിയുന്നത് എനിക്ക് കാണാനാവുന്നുണ്ട്. കൊച്ചു തിളക്കങ്ങള്‍ നിറഞ്ഞ ആ ഇരുണ്ട നീലിമ എന്നെ മാടിവിളിക്കുന്നു. എന്നെയത് വിടാതെ പിന്തുടരുകയാണ്. ഒരു നല്ല പ്രവൃത്തിക്കു തുല്യമാണ് നല്ലൊരു ചിത്രം. ഓര്‍മകള്‍ക്ക് മരണമില്ല, വാന്‍ഗോഗിനും അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്കും.