ബാസ്‌ക്കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയാന്റും മകള്‍ ജിയാനയും
അമേരിക്കയിലെ കലാബസാസ് മലനിരകളിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ ഒരു അച്ഛനും മകളും മരിച്ചു. ബാസ്‌ക്കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയാന്റും മകള്‍ ജിയാനയുമാണ് നമ്മേ വിട്ടു പിരിഞ്ഞത്. കൊവിഡ് 19 മഹാമാരിയുടെ വര്‍ഷമായിരുന്ന 2020ല്‍ നിരവധി നക്ഷത്രങ്ങളാണ് അസ്തമിച്ചത്. അതില്‍ ആദ്യത്തെതായിരുന്നു കോബി ബ്രയാന്റ്. നാം ഹൃദയത്തോട് ഏറെ ചേര്‍ത്തുപിടിച്ചവരെ മഹാമാരിയുടെ സാഹചര്യത്തില്‍ അവസാനമായി ഒരു നോക്ക് കാണാന്‍ സാധിച്ചില്ല എന്നതും വേദനയുടെ ആഴം കൂട്ടുന്നു. ഫുട്‌ബോളിലൂടെ മാനവരാശിയെ ഉന്മാദിപ്പിച്ച ഡീഗോ മറഡോണയും സംഗീതമാന്ത്രികന്‍ എസ്.പി. ബാലസുബ്രഹ്മണ്യവും സംവിധായകന്‍ കിം കി ഡുക്കും മഹാകവി അക്കിത്തവും തുടങ്ങി നിരവധി പ്രതിഭകള്‍ 2020ന്റെ കണ്ണീര്‍ത്തുള്ളികളാണ്. ഈ താരകങ്ങളുടെയെല്ലാം ശരീരങ്ങളെ ഈ ഭൂമിയില്‍ നിന്ന് മാഞ്ഞു പോകുന്നുള്ളൂ, അവര്‍ സൃഷ്ടിച്ച മായിക പ്രപഞ്ചം മനുഷ്യരാശിയുള്ള കാലത്തോളം നിലനില്‍ക്കും.
മറഡോണ; കാന്തപ്പന്തിന്റെ ഉന്മാദം
മൈതാനത്ത് അതിമാനുഷന് മാത്രം സാധ്യമാകുന്ന പ്രവൃത്തികളിലൂടെ ഹൃദയം കീഴടക്കിയ ഡീഗോ അര്‍മാന്‍ഡോ മറഡോണയുടെ വിയോഗമാണ് 2020 ന്റെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്ന്. അസാമാന്യ വേഗവും ഡ്രിബിളിംഗ് പാടവവും പന്തിനെ യഥേഷ്ടം ചൊല്‍പ്പടിക്ക് നിര്‍ത്താനുള്ള കഴിവും കൊണ്ട് കാല്‍പ്പന്ത് ആരാധകരെ ഉന്മാദത്തില്‍ ആറാടിച്ചു. 1976ല്‍ ഫുട്‌ബോളിന്റെ അനന്തവിഹായസിലേക്ക് കാലെടുത്തുവെച്ച മറഡോണ 1997 വരെ ഫുട്‌ബോള്‍ ലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടിരുന്നു. മൂന്നാം പിറന്നാളിന് കസിനായ ബെറ്റോ സരാറ്റെയില്‍ നിന്ന് ലഭിച്ച പന്ത് മറ്റാരും എടുക്കാതിരിക്കാന്‍ ഉടുപ്പിന്റെ ഉള്ളിലാക്കിയാണ് കുഞ്ഞു മറഡോണ കിടന്നുറങ്ങിയത്. മറഡോണ കളിക്കളത്തില്‍ തീര്‍ത്തത് പ്രതിഭയുടെ ലീലാവിലാസങ്ങളായിരുന്നു. പന്ത് കിട്ടുമ്പോഴെല്ലാം വെട്ടിപ്പിടിക്കാനും ആനന്ദിപ്പിക്കാനും ഒരുപോലെ കഴിഞ്ഞു. പന്തുമായി എതിരാളിയെ മറികടക്കുന്നതിന് ഒരു താളമുണ്ടായിരുന്നു. ദാഹിച്ചതെല്ലാം ഗോളുകള്‍ക്ക് വേണ്ടിയായിരുന്നു. പതിനഞ്ചാം വയസില്‍ പ്രൊഫഷണല്‍ ഫുട്‌ബോളിലേക്കെത്തിയ മറഡോണയുടെ പ്രതിഭയും വിവാദവും തുടങ്ങുന്നത് ഒരേ മത്സരത്തിലാണന്നത് യാദൃശ്ചികം.
1978ല്‍ സ്വന്തം നാട്ടില്‍ നന്ന ലോകകപ്പ് ടീമില്‍ മറഡോണയ്ക്ക് ഇടംകിട്ടിയില്ല. 1986ലെ മെക്‌സിക്കോ ലോകകപ്പ് ആയപ്പോഴേയ്ക്കും മറഡോണ അര്‍ജന്റീനയുടെ ക്യാപ്ടനായി അവരോധിക്കപ്പെട്ടിരുന്നു. ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ നേടിയ മറഡോണ കപ്പുമായാണ് ബ്യൂണസ് ഐറിസിലേക്ക് വണ്ടി കയറിയത്. ആ ലോകകപ്പിലാണ് ചിരവൈരികളായ ഇംഗ്ലണ്ടിനെതിരെ ദൈവത്തിന്റെ കൈകൊണ്ട് ഗോള്‍ നേടിയത്. നിമിഷങ്ങള്‍ക്കകം നൂറ്റാണ്ടിന്റെ ഗോളും സ്വന്തമാക്കിയ മറഡോണ മനുഷ്യനില്‍ നിന്ന് അതിമാനുഷ്യനിലേക്ക് നടന്നു കയറി. 1990 ഇറ്റലി ലോകകപ്പിലും മാറഡോണ തന്നെയായിരുന്നു ടീമിന്റെ നായകന്‍. ഫൈനല്‍ വരെ എത്തിയ ടീം പശ്ചിമ ജര്‍മനിയോട് തോറ്റു. രാജ്യത്തിനായി നാലു ലോകകപ്പുകള്‍ കളിച്ച മറഡോണ 21 മത്സരങ്ങളില്‍ നിന്ന് എട്ടു ഗോളുകള്‍ നേടിയിട്ടുണ്ട്. അര്‍ജന്റീനയ്ക്കായി 91 മത്സരങ്ങളില്‍ നിന്ന് 34 തവണ സ്‌കോര്‍ ചെയ്തു. ക്ലബ്ബ് ഫുട്‌ബോളില്‍ ബൊക്ക ജൂനിയേഴ്‌സ്, ബാഴ്‌സിലോണ, നാപ്പോളി, സെവിയ്യ എന്നിവര്‍ക്ക് വേണ്ടി ബൂട്ട് കെട്ടി. ഇറ്റാലിയന്‍ ക്ലബ്ബ് നാപ്പോളിയ്ക്ക് വേണ്ടിയാണ് മറഡോണ ഏറ്റവും കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കിയത്. ഞങ്ങള്‍ക്ക് വീടുകളും സ്‌കൂളുകളും അടിസ്ഥാന സൗകര്യങ്ങളുമൊന്നും എല്ലെങ്കിലും എന്താ, മറഡോണ ഉണ്ടല്ലോ എന്നായിരുന്നു നാപ്പോളി അവരുടെ പക്ഷം. 2010 ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ അര്‍ജന്റീനയുടെ കോച്ചായും കുപ്പായമിട്ടു. നവംബര്‍ 25 ന് അറുപതാം വയസില്‍ മറഡോണ ഭൂമിയില്‍ നിന്ന് മറ്റൊരു ലോകത്തേയ്ക്ക് പന്തു തട്ടാന്‍ യാത്രയായി.
അക്കിത്തം; കാല്പനികതയുടെ അക്ഷരക്കൂട്ട്
ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തിലൂടെ മലയാളത്തിന്റെ കാവ്യലോകത്ത് കാല്പനികതയുടെ വസന്തം തീര്‍ത്ത മൂന്നക്ഷരമാണ് അക്കിത്തം. ആധുനിക മലയാള മഹാകവികളുടെ കൂട്ടത്തില്‍ ആശയങ്ങളുടെ വൈപുല്യം കൊണ്ടും രചനകളുടെ വൈവിധ്യം കൊണ്ടും ആവിഷ്‌കാര ലാളിത്യം കൊണ്ടും ഉന്നതശീര്‍ഷനായി മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി നിലകൊള്ളുന്നു. കഴിഞ്ഞ നൂറ്റാണ്ടില്‍ മലയാളത്തില്‍ ഏറ്റവും വലിയ വിപരീത ലക്ഷണ എഴുതിയതും അദ്ദേഹം തന്നെ.
1926 മാര്‍ച്ച് 18നു പാലക്കാട് ജില്ലയിലെ കുമരനല്ലൂര്‍ അമേറ്റൂര്‍ അക്കിത്തത്ത് മനയില്‍ വാസുദേവന്‍ നമ്പൂതിരിയും ചേകൂര്‍ മനയ്ക്കല്‍ പാര്‍വതി അന്തര്‍ജനത്തിന്റെയും മകനായിട്ടാണ് ജനനം.
ബാല്യത്തില്‍ തന്നെ സംസ്‌കൃതവും സംഗീതവും ജ്യോതിഷവും പഠിച്ചു. എട്ടാമത്തെ വയസുമുതല്‍ കവിത എഴുതി തുടങ്ങിയ അക്കിത്തത്തിന് ചിത്രകല, സംഗീതം എന്നിവയിലൊക്കെയായിരുന്നു താല്‍പ്പര്യം. പൊന്നാന്നിക്കളരിയില്‍ ഇടശേരി, വി.ടി ഭട്ടതിരിപ്പാട്, ഉറൂബ്, നാലപ്പാട്ട് നാരായണമേനോന്‍, ബാലാമണിയമ്മ, എം.ആര്‍.ബി. എന്നിവരുടെ സന്തതസാഹചര്യങ്ങളും ശിഷ്യത്വവും അക്കിത്തത്തിലെ കവിയെ വളര്‍ത്തി. ഇളുമുറക്കാരായ എം.ടി വാസുദേവന്‍ നായരും സി.രാധാകൃഷ്ണനും സാഹിത്യസപര്യയില്‍ കൂട്ടായി. ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള ദേശീയ പ്രസ്ഥാനത്തില്‍ ആകൃഷ്ടനായ അക്കിത്തം വൈകാതെ യോഗക്ഷേമസഭയുടെ സജീവ പ്രവര്‍ത്തകനായി. യോഗക്ഷേമം മാസികയുടെ സഹപത്രാധിപരായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1956 മുതല്‍ കോഴിക്കോട് ആകാശവാണി നിലയത്തില്‍ സ്‌ക്രിപ്റ്റ് എഴുത്തുകാരനായി പ്രവര്‍ത്തിച്ച അദ്ദേഹം 1975ല്‍ തൃശൂര്‍ ആകാശവാണി നിലയത്തില്‍ എഡിറ്ററായി. 1985ല്‍ ആകാശവാണിയില്‍ നിന്ന് വിരമിച്ചു. 2017ല്‍ രാജ്യം പത്മശ്രീ നല്‍കി അക്കിത്തത്തെ ആദരിച്ചു. 2019ല്‍ ജ്ഞാനപീഡം അവാര്‍ഡും ലഭിച്ചു. കവിത, നാടകം, ചെറുകഥ, ഉപന്യാസം, വിവര്‍ത്തനം എന്നി മേഖലകളിലായി 47 പുസ്തകങ്ങള്‍ അക്കിത്തിന്റെതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, ബലിക്കല്ല്, വെണ്ണക്കല്ലിന്റെ കഥ, അമൃതഗാഥിക, ഇടിഞ്ഞുപൊളിഞ്ഞ ലോകം, അന്തിമഹാകാലം, തിരഞ്ഞെടുത്ത കവിതകള്‍, കവിതകള്‍ സമ്പൂര്‍ണം തുടങ്ങിയവയാണ് പ്രധാനകൃതികള്‍. ഒക്ടോബര്‍ 15ന് തൊണ്ണൂറ്റിനാലാം വയസില്‍ അദ്ദേഹം യാത്രയായി.
കിം കി ഡുക്ക്; കൊറിയന്‍ വസന്തം
ചലച്ചിത്രത്തിന് കിം കി ഡുക് എന്ന മാന്ത്രിക സംവിധായകന്‍ നല്‍കിയ നിര്‍വചനം ഹൃദയവും ലെന്‍സും ചേര്‍ത്തു വച്ച് രചിക്കുന്ന കവിത എന്നാണ്. മനുഷ്യകുലത്തിന്റെ ഋതുഭേദങ്ങളെയും വിചാര വികാരങ്ങളെയും ആത്മചേതനകളെയും പ്രകൃതിയോട് സന്നിവേശിപ്പിച്ച് അഭ്രപാളിയില്‍ കൊത്തിയിട്ട കൊറിയന്‍ വസന്തമാണ് കിം കി ഡുക്. സ്പ്രിംഗ്, സമ്മര്‍, വിന്റര്‍, ഫാള്‍…ആന്‍ഡ് സ്പ്രിംഗ്, ത്രീ അയണ്‍, പിയാത്ത, ടൈം, ദി ബോ, സമാരിറ്റന്‍ ഗേള്‍, ഹ്യൂമന്‍, സ്പേസ്, ദ ഐല്‍, വൈല്‍ഡ് ആനിമല്‍ തുടങ്ങിയ ഒരുപിടി ക്ലാസിക് ചിത്രങ്ങളിലൂടെ കിം ചലച്ചിത്ര പ്രേമികളുടെ മനസില്‍ ഇടം പിടിച്ചു. ആഖ്യാന ശൈലിയും അവതരണത്തിലെ വ്യത്യസ്തതയും പ്രമേയങ്ങള്‍ നല്‍കുന്ന പുതുമയും കിമ്മിന്റെ സിനിമകളെ എന്നും വ്യത്യസ്തമാക്കി. ഭാഷക്ക് അപ്പുറത്തേക്ക് ദൃശ്യഭംഗി കൊണ്ടും സംവിധാന മികവുകൊണ്ടും സിനിമയെ നയിച്ച പ്രതിഭാധനനായിരുന്നു അദ്ദേഹം.
1960 ഡിസംബര്‍ 20ന് ദക്ഷിണ കൊറിയയിലെ ക്യോങ്സങ് പ്രവിശ്യയിലെ ബോംഗ്വയിലാണ് കിം കി ഡുക് ജനിച്ചത്. കുട്ടിക്കാലവും കൗമാരവും വേദനകള്‍ നിറഞ്ഞതായിരുന്നു. മീശമുളച്ചു തുടങ്ങിയപ്പോള്‍ ജീവിതം ഉരുക്ക് ഫാക്ടറിയിലേക്ക് പറിച്ചു നടപ്പെട്ടു. തൊഴിലിടം പീഡനത്തിന്റെയും വേദനയുടെയും വേലിയേറ്റക്കാലം കൂടിയായിരുന്നു. 1990ല്‍ പാരിസിലേക്ക് ഫൈന്‍ ആര്‍ട്സ് പഠിക്കാന്‍ തിരിച്ചു. ചിത്രകലയിലെ ജന്മവാസന പുതുക്കിപ്പണിയാന്‍ നവനഗരത്തില്‍ മൂന്നുവര്‍ഷം ഫൈന്‍ ആര്‍ട്സ് പഠനം കഴിഞ്ഞ് മടങ്ങിയത്തെിയ ഡുകിന്റെ ഉള്ളില്‍ ജീവന്‍ തുളുമ്പുന്ന ചിത്രങ്ങളായിരുന്നു.
1995ല്‍ കൊറിയന്‍ ഫിലിം കൗണ്‍സില്‍ നടത്തിയ മത്സരത്തില്‍ അദ്ദേഹത്തിന്റെ തിരക്കഥ ഒന്നാം സമ്മാനം നേടിയത് വഴിത്തിരിവായി. 1996ല്‍ ക്രോക്കോഡില്‍ എന്ന കന്നിച്ചിത്രം കുറഞ്ഞ ചെലവില്‍ പുറത്തിറക്കി. ആ ചിത്രത്തിന് ദക്ഷിണ കൊറിയയിലെ ചലച്ചിത്ര നിരൂപകരില്‍ നിന്ന് മികച്ച പ്രതികരണം ലഭിച്ചു. 2003ല്‍ സ്പ്രിങ,് സമ്മര്‍,ഫാള്‍, വിന്റര്‍, ആന്‍ഡ്…സ്പ്രിങ് എന്ന മാസ്റ്റര്‍പീസിലൂടെ ഡുക് ലോക സിനിമാ ചരിത്രത്തില്‍ തന്റെ പേര് സ്വര്‍ണലിപികളില്‍ കൊത്തിവച്ചു. അമ്പത്തൊമ്പതുകാരനായ കിം കി ഡുക് ലാത്വിയയിലെ ജുര്‍മലയില്‍ വച്ച് ഡിസംബര്‍ 11ന് വിടവാങ്ങി.
എസ്.പി.ബി ; സംഗീതം ഭാവസാന്ദ്രം
ഭാവ സംഗീതത്തിന്റെ വസന്തങ്ങള്‍ സമ്മാനിച്ചുകൊണ്ടാണ് എസ്.പി ബാലസുബ്രഹ്മണ്യം വിടപറഞ്ഞത്. സംഗീതം പഠിക്കാത്ത സംഗീത സാമ്രാട്ടായ അദ്ദേഹം ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, നടന്‍, നിര്‍മ്മാതാവ് എന്നി മേഖലകളിലെല്ലാം തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചു. ആന്ധ്രായിലെ നെല്ലൂരിനടുത്തുള്ള കൊനോട്ടം പേട്ടയെന്ന ഗ്രാമത്തില്‍ ഒരു ബ്രാഹ്മണ കുടുംബത്തില്‍ 1946 ജൂണ്‍ നാലിനാണ് എസ്.പി.ബി എന്ന എസ്. പി ബാലസുബ്രഹ്മണ്യത്തിന്റെ ജനനം. പ്രമുഖ ഹരികഥാ കലാകാരനായിരുന്ന എസ്.പി സമ്പാമൂര്‍ത്തിയും ശകുന്തളാമ്മയുമായിരുന്നു മാതാപിതാക്കള്‍. പിതാവ് തന്നെയായിരുന്നു ആദ്യഗുരു. ഹാര്‍മോണിയവും ഓടക്കുഴലുമൊക്കെ വായിക്കാന്‍ പഠിപ്പിച്ചതും അദ്ദേഹം തന്നെ. ഇളയരാജ, ഗംഗൈ അമരന്‍, അനിരുദ്ധ എന്നിവരോടൊപ്പം സംഗീത ട്രൂപ്പിന്റെ ഭാഗമായിരുന്നു എസ്.പി.ബി ഇതിഹാസ ഗായകനായിരുന്ന പി.ബി ശ്രീനിവാസിന്റെ സഹായത്തോടെയാണ് സിനിമയിലേക്ക് കടന്നുവന്നത്. 1967 ല്‍ റിലീസ് ചെയ്ത ശ്രീശ്രീ മര്യാദരാമണ്ണയാണ് എസ്.പി.ബി പാടിയ ആദ്യ ചിത്രം. സിനിമാ ലോകത്ത് ഏറ്റവും കൂടുതല്‍ പാട്ടുകള്‍ പാടിയ പിന്നണി ഗായകനെന്ന നിലയില്‍ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്‌സിലും അദ്ദേഹം ഇടം നേടിയിട്ടുണ്ട്.
16 ഭാഷകളിലായി 54 വര്‍ഷത്തിനിടെ 40000 ല്‍ പരം ഗാനങ്ങള്‍ പാടിയിട്ടുള്ള എസ്.പി.ബി ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ഗായകന്മാരിലൊരാളാണ്. 2001 ല്‍ പത്മശ്രീ നല്‍കിയും 2011 ല്‍ പത്മഭൂഷന്‍ നല്‍കിയും രാജ്യം അദ്ദേഹത്തെ ആദരിച്ചു. ആറ് തവണ മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം തേടിയെത്തി. അരച്ച സന്ദനം (ചിന്നതമ്പി), കാട്ടുക്കുയില് മനസുക്കുള്ളൈ (ദളപതി), ശങ്കരാ നാദശരീരാ പരാ (ശങ്കരാഭരണം), മണ്ണില്‍ ഇന്ത കാതല്‍ (കേളടി കണ്‍മണി), ഇളയനിലാ പൊഴികിറതേ… (പയനങ്കള്‍ മുടിവതില്ലൈ), ചന്ദിരനൈ തൊട്ടതു യാര്‍, നെഞ്ചേ നെഞ്ചേ (രക്ഷകന്‍), മലരേ മൗനമാ (കര്‍ണാ), കാതല്‍ റോജാവേ (റോജാ), സുന്ദരി കണ്ണാല്‍ ഒരു സെയ്തി (ദളപതി) തുടങ്ങിയ എത്രകേട്ടാലും മതിവരാത്ത നിരവധി ഗാനങ്ങള്‍ സമ്മാനിച്ചു കൊണ്ടാണ് എസ്.പി.ബി നവംബര്‍ 25ന് നമ്മേവിട്ടു പോയത്.
ഇര്‍ഫാന്‍ ഖാന്‍; സ്വഭാവിക അഭിനയത്തിന്റെ പ്രതിഭ
സ്വഭാവിക അഭിനയം കൊണ്ട് ഇന്ത്യന്‍ സിനിമയുടെ മുഖമായ ഇര്‍ഫാന്‍ ഖാന്‍ മീരനായരുടെ സലാം ബോംബെയിലൂടെ 1988ലാണ് അഭിനയരംഗത്തേക്ക് കടന്നു വരുന്നത്. പിന്നീട് നിരവധി ടെലിവിഷന്‍ സീരിയലുകളിലും വേഷമിട്ടു. ഏക് ഡോക്ടര്‍ക്ക് കി മോത്ത് എന്ന ചിത്രം നിരൂപക പ്രശംസ നേടിയെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. 2005 ല്‍ രോഗ് നെ ചിത്രത്തിലൂടെയായിരുന്നു ബോളിവുഡില്‍ ഇര്‍ഫാന്‍ ഖാന്‍ രംഗപ്രവേശനം ചെയ്യുന്നത്. പിന്നീട് ഹാസില്‍, ലൈഫ് ഇന്‍ എ മെട്രോ, ക്രേസി 4, ആജാ നച്ച്ലെ, ഗുണ്ടേ, ഹിന്ദി മീഡിയം, കാര്‍വാന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ പ്രധാന വേഷങ്ങളിലെത്തി. അംഗ്രേസി മീഡിയമായിരുന്നു ഇര്‍ഫാന്‍ ഖാന്റെ അവസാന ചിത്രം. സ്ലംഡോഗ് മില്യനെയര്‍, ഇന്‍ഫെര്‍ണോ, ലൈഫ് ഓഫ് പൈ തുടങ്ങിയ ചിത്രങ്ങളിലൂടെ അന്തരാഷ്ട്ര ചലച്ചിത്ര ലോകത്ത് ഇന്ത്യയുടെ മുഖമായി ഇര്‍ഫാന്‍ മാറി. ആദ്യ ചിത്രമായ സലാം ബോംബെ ഓസ്‌കാര്‍ നോമിനേഷന്‍ നേടിയിരുന്നു. മഖ്ബൂല്‍ (2004), പാന്‍ സിംഗ് തോമര്‍ (2011), ദി ലഞ്ച്‌ബോക്‌സ് (2013), ഹൈദര്‍ (2014), ഗണ്‍ഡേ (2014), പികു (2015) and തല്‍വാര്‍ (2015) ഹിന്ദി മീഡിയം (2017) തുടങ്ങിയവ ഇര്‍ഫാന്റെ ശ്രദ്ധേയ ചിത്രങ്ങളാണ്. മൂന്ന് പതിറ്റാണ്ട് നീണ്ട അഭിനയജീവിതത്തില്‍ ബോളിവുഡ് സിനിമകള്‍ കൂടാതെ ചില ബ്രിട്ടീഷ് പ്രൊഡക്ഷനുകളിലും ഹോളിവുഡ് ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. പാന്‍ സിംഗ് തോമര്‍, ദി ലഞ്ച് ബോക്‌സ്, ഹൈദര്‍, പികുഹിന്ദി മീഡിയം, സ്ലംഡോഗ് മില്യണയര്‍, ജുറാസിക് വേള്‍ഡ്, ദി അമേസിംഗ് സ്‌പൈഡര്‍മാന്‍, ലൈഫ് ഓഫ് പൈ എന്നിവയാണ് കരിയറിലെ പ്രധാന സിനിമകള്‍. പാന്‍ സിംഗ് തോമറിലെ അഭിനയത്തിന് 2013ല്‍ ലഭിച്ച മികച്ച നടനുള്ള ദേശീയ പുരസ്‌കാരമടക്കം അഭിനയജീവിതത്തില്‍ ഒട്ടേറെ അവാര്‍ഡുകള്‍ തേടിയെത്തി. 2011ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ച ഇര്‍ഫാന്‍ അമ്പത്തിനാലാമത്തെ വയസില്‍ ഈ ലോകത്തു നിന്ന് യാത്രയായി.