കൊവിഡ് 19 മഹാമാരി പ്രതികൂലമായി ബാധിച്ചവയിലൊന്ന് കായിക മേഖലയായിരുന്നു. ഒഴിഞ്ഞ ഗാലറികളെ സാക്ഷിനിര്‍ത്തിയും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുമാണ് പല മത്സരങ്ങളും അരങ്ങേറിയത്. ടോക്കിയോ ഒളിമ്പികസ് അടക്കമുള്ള വിശ്വകായിക മാമാങ്കങ്ങള്‍ മാറ്റിവയ്‌ക്കേണ്ടി വന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് യൂറോപ്യന്‍ ഫുട്‌ബോള്‍ ലീലും ഐ.പി.എല്ലും ഐ.എസ്.എല്ലുമൊക്കെ നടത്താന്‍ സാധിച്ചത് കായിക പ്രേമികള്‍ക്ക് ആശ്വാസമായി. ഫുട്‌ബോള്‍ ലോകത്ത് നിരവധി സംഭവവികാസങ്ങള്‍ക്ക് വേദിയായ വര്‍ഷം കൂടിയാണ് കടന്നു പോയത്. ഫുട്‌ബോള്‍ ഇതിഹാസം മറഡോണയും പൗളോ റോസിയും അടക്കമുള്ള താരങ്ങള്‍ നമ്മേ വിട്ടു പിരിഞ്ഞു. ലോകഫുട്‌ബോളര്‍ പദവിയ്ക്ക് പോളിഷ് സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കി അര്‍ഹനായതും 2020ല്‍ തന്നെ. പാതി വഴിയില്‍ നിന്നു പോകുമായിരുന്ന യൂറോപ്യന്‍ ഫുട്‌ബോള്‍ ലീഗ് പൂര്‍ത്തിയാക്കാനായത് അഭിമാനത്തിന് വക നല്‍കുന്നു. 2020ല്‍ യൂറോപ്യന്‍ ഫുട്‌ബോളില്‍ മികവുതെളിയിച്ച പരിശീലകരെക്കുറിച്ച്.
ഹാന്‍സ് ഡീറ്റര്‍ ഫ്ളിക്ക്
ജര്‍മ്മന്‍ ബുണ്ടസ് ലീഗയും ചാമ്പ്യന്‍സ് ലീഗും നേടി ബയേണ്‍ബ്യൂണിക്ക് 2020ല്‍ തേരോട്ടം നടത്തിയപ്പോള്‍ അതിന്റെ ചാലകശക്തി ഹാന്‍സ് ഡീറ്റര്‍ ഫ്ളിക്ക് എന്ന പരിശീലകനായിരുന്നു. 2014ല്‍ ജര്‍മ്മനി ലോക ചാമ്പ്യനാക്കിയ ജോക്കിം ലേയുടെ സഹപരിശീലകനായിരുന്നു ഫ്ളിക്ക്. റോബര്‍ട്ട് ലെവന്‍ഡോസ്‌കിയെ ഫിഫ ബെസ്റ്റ് പ്ലെയര്‍, യൂറോപ്പിലെ മികച്ച താരം, ഗ്ലോബല്‍ സോക്കര്‍ മികച്ച താരം തുടങ്ങിയ നേട്ടങ്ങളിലേക്കെത്തിച്ചതിന് പിന്നിലും ഫ്ളിക്കിന്റെ പങ്ക് വളരെ വലുതാണ്. 1985 മുതല്‍ അഞ്ച് വര്‍ഷം 104 മത്സരങ്ങളില്‍ ബയേണിന്റെ ജേഴ്‌സിയണിഞ്ഞിട്ടുള്ള ഫ്ളിക്ക് അഞ്ച് ഗോളും നേടിയിട്ടുണ്ട്. 2019ലാണ് അദ്ദേഹത്തെ ബയേണിന്റെ മാനേജരായി നിയമിച്ചത്. ഫ്‌ളിക്കിന് കീഴില്‍ 58 മത്സരങ്ങളില്‍ ബയേണ്‍ 50 ജയം സ്വന്തമാക്കിയിട്ടുണ്ട്. 2020 യുവേഫയുടെ മികച്ച കോച്ചിനുള്ള പുരസ്്കാരവും ഈ അന്‍പത്തിയഞ്ചുകാരനെ തേടിയെത്തി.
യുര്‍ഗന്‍ ക്ലോപ്
ക്ലബ്ബ് ഫുട്ബോളിലെ ഇതിഹാസ പരിശീലകരുടെ പട്ടികയില്‍ സ്ഥാനമുള്ള പരിശീലകനാണ് യുര്‍ഗന്‍ ക്ലോപ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനെ മുപ്പത് വര്‍ഷത്തിന് ശേഷം 2020ല്‍ കിരീടം ചൂടിക്കാന്‍ ക്ലോപിനായി. മാഞ്ചസ്റ്റര്‍ സിറ്റിയുടെ കുത്തകയ്ക്ക് അവസാനമിട്ടാണ് ലിവര്‍പൂളിന്റെ കിരീട നേട്ടം. 2018-19 ചാമ്പ്യന്‍സ് യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂളിനെ കിരീടത്തിലെത്തിക്കാനും ക്ലോപിനായി. മികച്ച യുവതാരങ്ങളെ വാര്‍ത്തെടുക്കുന്നതിനും ഫുട്ബോള്‍ തന്ത്രങ്ങളിലും അദ്ദേഹത്തിന്റെ മികവ് ശ്രദ്ധേയമാണ്. ജര്‍മ്മന്‍ ക്ലബ്ബായ മെയ്ന്‍സിനു വേണ്ടി 12 വര്‍ഷം കളിച്ചതിന് ശേഷം ഇതേ ക്ലബ്ബിനെ പരിശീലിപ്പിച്ചു കൊണ്ടാണ് ക്ലോപിന്റെ കോച്ചിംഗ് കരിയര്‍ ആരംഭിച്ചത്. ഇക്കാലയളവില്‍ അവര്‍ ബുണ്ടസ് ലിഗായിലേക്ക് സ്ഥാനക്കയറ്റം നേടി. 2008ല്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിലേയ്ക്ക് മാറിയ ക്ലോപ്പ് 2011ലും 2012ലും ജര്‍മ്മന്‍ ലീഗ് കിരീടങ്ങളിലേയ്ക്കും ജര്‍മ്മന്‍ കപ്പ്, ജര്‍മ്മന്‍ സൂപ്പര്‍ കപ്പ്, എന്നിവയിലുമായി തുടര്‍ വിജയങ്ങളിലേയ്ക്ക് ക്ലബ്ബിനെ നയിച്ചു. 2013ല്‍ ചാമ്പ്യന്‍സ് ലീഗില്‍ റണ്ണേഴ്‌സപ്പായും ഡോര്‍ട്ട്മുണ്ട് മാറി. 2011ലും 2012ലും ജര്‍മ്മന്‍ ഫുട്‌ബോള്‍ മാനേജര്‍ ഓഫ് ദ് ഇയര്‍ പുരസ്‌കാരം നേടിയ ക്ലോപ്പ് ഡോര്‍ട്ട്മുണ്ടിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ടിച്ച പരിശീലകനാണ്. 2015ല്‍ ഡോര്‍ട്ട്മുണ്ട് വിട്ട അദ്ദേഹം ലിവര്‍പൂളിലെത്തി.
ഗിയാന്‍ ഗാസ്പിരിനി
അടുത്തകാലത്തായി യൂറോപ്യന്‍ ഫുട്‌ബോളില്‍ ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്തിയ ഇറ്റാലിയന്‍ ക്ലബ്ബാണ് അറ്റ്‌ലാന്റ. 2019-20 സീസണില്‍ ഇറ്റാലിയന്‍ സീരി എയില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് യുവേഫ ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടിയിരുന്നു. ഗിയാന്‍ ഗാസ്പിരിനി എന്ന പരിശീലകനാണ് അറ്റ്‌ലാന്റയുടെ കുതിപ്പിന് പിന്നില്‍. 2016മുതല്‍ അദ്ദേഹത്തിന്റെ തന്ത്രങ്ങള്‍ ടീമിന് വലിയ മുന്നേറ്റമാണ് നല്‍കിയിരിക്കുന്നത്. നടപ്പു സീസണില്‍ എട്ടാം സ്ഥാനത്താണ് അറ്റ്ലാന്റെയെങ്കിലും മികച്ച ടീമായി അവര്‍ വളര്‍ന്ന് കഴിഞ്ഞു. യുവന്റസിന്റെ യൂത്ത് ടീമിനെ പരിശീലിപ്പിച്ചുകൊണ്ടാണ് ഗാസ്പിരിനി എ്ന്ന മിഡ്ഫീല്‍ഡര്‍ കോച്ചിംഗ് കരിയര്‍ ആരംഭിക്കുന്നത്. ജിയോണ, പലേര്‍മോ അടക്കമുള്ള ഇറ്റാലിയന്‍ ക്ലബ്ബുകളെ ഗാസ്പിരിനി പരിശീലിപ്പിച്ചിട്ടുണ്ട്.
സ്റ്റിഫാനോ പിയോലി
ഫുട്‌ബോള്‍ ലോകത്ത് ഏറെ പെരുമയുള്ള ക്ലബ്ബാണ് ഇറ്റാലിയന്‍ വമ്പന്‍മാരായ എസി മിലാന്‍. ഏഴ് യുവേഫ ചാമ്പ്യന്‍സ് ലീഗും 18 ഇറ്റാലിയന്‍ സീരി എ കിരീടവും നേടിയിട്ടുള്ള എസി മിലാന് സമീപകാലത്ത് പ്രതാപം മങ്ങിപ്പോയിരുന്നു. സ്റ്റിഫാനോ പിയോലി എന്ന പരിശീലകന്റെ ചുമരിലേറിയാണ് മിലാന്‍ തിരിച്ചു വന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തായെങ്കിലും നിലവിലെ സീണണില്‍ ഒന്നാമതാണ്. 2019 ഒക്ടോബറിലാണ് അദ്ദേഹം ക്ലബ്ബിന്റെ പരിശീലകനാവുന്നത്. അതിന് ശേഷം ക്ലബ്ബിന്റെ നല്ല കാലം തെളിഞ്ഞുവെന്ന് തന്നെ പറയാം. ഫിയോറന്റീന, ലാസിയോ തുടങ്ങി നിരവധി ടീമുകളുടെ കോച്ചായി പിയോലി പ്രവര്‍ത്തിച്ചിട്ടുണ്ട്.
യൂലിയന്‍ നെഗ്ലസ്മാന്‍
യൂറോപ്യന്‍ ഫുട്ബോള്‍ ലോകത്ത് ഏറെ ചര്‍ച്ച ചെയ്യുന്ന പേരാണ് യൂലിയന്‍ നെഗ്ലസ്മാന്റേത്. ലയണല്‍ മെസിയുടെ അതേ പ്രായമുള്ള ലെപ്സിഷിന്റെ പരിശീലകന്‍. ലെപ്സിഷിന്റെ തന്നെ കളിക്കാരന്‍ ഫിലിപ്പ് ഷോണറേക്കാള്‍ ഒരു വയസ് താഴെയുള്ള പരിശീലകന്‍. മധ്യവര്‍ഗ കുടുംബമായിരുന്നിട്ടും അച്ഛന്റെ പെട്ടെന്നുള്ള മരണത്തെ തുടര്‍ന്ന് ഇരുപത്തിയൊന്നാം വയസില്‍ ഫുട്ബോളില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നു നെഗ്ലസ്മാന്. കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെങ്കിലും പ്രൊഫഷണല്‍ ഫുട്ബോളറായി തുടരാനായിരുന്നു നെഗ്ലസ്മാന്റെ തീരുമാനം. എങ്കിലും കാല്‍മുട്ടിനേറ്റ പരിക്ക് തിരിച്ചടിയായി. പിന്നീട് ബിസിനസ് അഡ്മിനിസ്ട്രേഷന്‍ പഠിച്ചു. അതുപേക്ഷിച്ച് സ്പോര്‍ട്സ് സയന്‍സ് പഠിച്ച് ഇരുപത്തിയഞ്ചാം വയസില്‍ ഹൊഫിന്‍ഹേം ക്ലബിന്റെ സഹപരിശീലകനായി. ഇരുപത്തിയെട്ടാം വയസില്‍ മുഖ്യപരിശീലകനും. ബുണ്ടസ് ലിഗയില്‍ ഏറ്റവും പ്രായം കുറഞ്ഞ പരിശീലകന്‍ എന്ന റെക്കോഡ് ഇപ്പോഴും മുപ്പത്തിമൂന്നുകാരനായ നെഗ്ലസ്മാന്റെ പേരിലാണ്. ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ കടന്ന ഏറ്റവും പ്രായം കുറഞ്ഞ പരിശീലകന്‍ എന്ന റെക്കോഡും ഈ ലെപ്സിഷ് ഹീറോ സ്വന്തമാക്കി. ഹൊഫിന്‍ഹേമിന്റെ പരിശീലനകുപ്പായമണിയുമ്പോള്‍ ടീം ലീഗില്‍ തരംതാഴ്ത്തല്‍ ഭീഷണിയിലായിരുന്നു. ടീമിനെ അവിടെ നിന്നു കരയറ്റി തൊട്ടടുത്ത സീസണില്‍ യൂറോപ്പ ലീഗിലും ചാമ്പ്യന്‍സ് ലീഗിലും എത്തിച്ചു.